Thursday, August 30, 2012

ഞാനും നിങ്ങളും സന്തോഷ്‌ പണ്ഡിറ്റാണ്. . .

                            അങ്ങനെ ഒടുവില്‍ ഞാന്‍ അത് സാധിച്ചു, സന്തോഷ്‌ പണ്ഡിറ്റിന്‍റെ "കൃഷ്ണനും രാധയും" എന്ന പടം ഞാനങ്ങു കണ്ടു. തീയേറ്ററില്‍ പോയിട്ടല്ല, ലോകം സന്തോഷിനെ കണ്ടെത്തിയ യൂടുബില്‍ നിന്നും!!! ഒറ്റയടിക്ക് കാണാന്‍ ഉള്ള ത്രാണി ഇല്ലാത്തോണ്ട്  കഷ്ണം കഷ്ണമായി രണ്ടു മൂന്നു ദിവസം കൊണ്ടാണ് കണ്ടു തീര്‍ത്തത്. (അല്ലെങ്കില്‍ തന്നെ ഈ പവര്‍ കട്ട്‌ കാലത്ത്  രണ്ടു മണിക്കൂര്‍ തുടര്‍ച്ചയായി എങ്ങനെ  യൂടൂബ് ലോഡ് ആകും ?) സംഭവം ഇപ്പോളല്ല. കണ്ടിട്ട് രണ്ടു മൂന്നു മാസമായി. അന്ന് ഈ പോസ്റ്റ്‌ പകുതി എഴുതി വച്ചതാ. പിന്നെ വേണ്ടെന്നു വച്ചു.
          
                          എല്ലാരും സന്തോഷ്‌ പണ്ഡിറ്റ്‌നെ   പറ്റി ചര്‍ച്ച ചെയ്യുന്നു . ഇന്റര്‍വ്യൂ ചെയ്യുന്നു , ലേഖനം എഴുതുന്നു,ബ്ലോഗ്‌ എഴുതുന്നു , മെസ്സേജ് അയക്കുന്നു , ഫോണ്‍ വഴി തെറി വിളിക്കുകയും അത് റെക്കോര്‍ഡ്‌ ചെയ്ത്  നാട്ടാരെ കാണിച്ച് ആളാകുകയും ചെയ്യുന്നു, മുന്‍നിര ചാനലുകള്‍  അയാളെ പ്രൈംടൈമില്‍ ചര്‍ച്ചകള്‍ക്ക് വിളിക്കുന്നു, ഓണ പരിപാടികളില്‍ അതിഥിയാക്കുന്നു. ഏതൊരു മലയാളിക്കും സുപരിചിതമായ പേരായി സന്തോഷ്‌ പണ്ഡിറ്റ്‌ മാറി.
                
              നമ്മുടെ ചാനലുകളോ? അവര്‍ സന്തോഷിന്‍റെ വിപണി പണ്ടേ തിരിച്ചറിഞ്ഞു. സിനിമ റിലീസ് ആകുന്നതിന്റെയും മറ്റും വിശദാംശങ്ങള്‍ ആയിരുന്നു ആദ്യം. പിന്നീടാണ് ചാനല്‍ ചര്‍ച്ചകളില്‍ സന്തോഷ്‌ സജീവമാകുന്നത്. ഒരു കൂട്ടം ബുദ്ധിജീവികള്‍  സന്തോഷിനെ മുടിയിഴ കീറി പരിശോധിച്ച്  അയാള്‍ക് ഭ്രാന്താണെന്ന് വിധിയെഴുതി. അയാളുടെ മുന്നില്‍ വച്ച് തന്നെ. അതൊക്കെ കേട്ട് അയാള്‍ എന്തൊക്കെയോ വിളിച്ചു പറഞ്ഞു. പിന്നെ നമുക്കും അത് ഹരമായി. അങ്ങനെ അതൊരു സ്ഥിരം കലാപരിപാടിയായി. ഓണക്കാലത്ത് അടക്കം എത്രയോ പരിപാടികളില്‍ ഇത് ആവര്‍ത്തിച്ചു. സന്തോഷ്‌ അപ്പോളും ഉറക്കെ വിളിച്ചു പറഞ്ഞ ഒരു കാര്യമുണ്ട്.
"ആരെയും ഞാന്‍ ഭീഷണിപെടുത്തി ഈ സിനിമ കാണാന്‍ പറഞ്ഞില്ല. എന്നെ വിമര്‍ശിക്കും മുന്‍പ് നിങ്ങള്‍ ഈ സിനിമ കാണൂ."എന്ന്
                     
                           നിത്യ ജീവിതത്തിലെ സ്ഥിരം പ്രശങ്ങള്‍ ആ സിനിമയില്‍ ഉണ്ട്. അത് മിശ്രവിവാഹത്തിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്, അന്ത:വിശ്വസങ്ങളുടെ പൊള്ളത്തരങ്ങള്‍  ചര്‍ച്ച ചെയ്യുന്നുണ്ട്, മതേതര മൂല്യങ്ങള്‍ കാണിക്കുന്നു, മനുഷ്യന്റെ സാമ്പത്തിക പ്രശ്നങ്ങളും ജീവിതരീതികളും കാണിക്കുന്നു. ഗുണ്ടയായ രാഷ്ട്രീയക്കാരന്‍ ഉണ്ടതില്‍, മൊബൈല്‍ ഫോട്ടോ വച്ച് പെണ്‍കുട്ടിയെ ഭീഷണിപെടുത്തുന്ന പൂവാലന്‍ ഉണ്ട്, കൈക്കൂലിക്കാരായ ഉദ്യോഗസ്ഥര്‍ ഉണ്ട്. 
പക്ഷെ എല്ലാം വികൃതമായ അവതരണ രീതി ആണെന്ന് മാത്രം.


ചുരുക്കി പറഞ്ഞാല്‍  സന്തോഷിന്‍റെ സിനിമയുടെ കഥക്ക് മലയാളത്തിലെ ഏതൊരു  ഒന്നാം കിട കണ്ണീര്‍ സീരിയലിനേക്കാളും നിലവാരമുണ്ട്. ഇന്ന് പുറത്തിറങ്ങി കൊണ്ടിരിക്കുന്ന പല സൂപ്പര്‍ താര ചിത്രങ്ങളെക്കാളും യുക്തിസഹമാണത്. 
 
 ഇനി വിഷയം സന്തോഷാണ് .

ആള്‍ അത്ര സുന്ദരന്‍ ഒന്നുമല്ല. മെലിഞ്ഞ് ഇരു നിറത്തില്‍ ഒരു ശരാശരി മലയാളിയുടെ ശരീരഘടനയാണ് സന്തോഷിന്.

മലയാള സിനിമയിലെ നായക സങ്കല്‍പ്പമായ ഒത്ത ശരീരവും പാല്‍ പോലെ വെളുത്ത നിറമൊന്നും  അയാള്‍ക്കില്ല.

അദ്ദേഹത്തിന് അഭിനയിക്കാന്‍ അറിയില്ല. (ഇന്നത്തെ സൂപര്‍ താരങ്ങളുടെ അത്ര പോലും)

അദ്ദേഹത്തിന് സിനിമ ഡയലോഗ് പറയാന്‍ ഒട്ടും അറിയില്ല.

സാധാരണ സംഭാഷണത്തില്‍ പോലും ആലങ്കാരികമായി സംസാരിക്കാനും അറിയില്ല.

ഏതൊരു സാധാരണക്കാരന്റെയും പോലെ  നാടന്‍ ഭാഷയില്‍ സംസാരിക്കുന്നതിന്റെ കൂടെ കൃത്രിമ ആവേശം കൂടി ആകുമ്പോള്‍ കൂടുതല്‍ വികൃതമാകുന്നു. അതാണ്‌ നാം സന്തോഷിന്റെ അഭിമുഖങ്ങളിലും ചര്‍ച്ചകളിലും കണ്ടത്...

സിനിമ സംവിധാനം അറിയില്ലെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല്ലല്ലോ? ഒരു സിനിമ സെറ്റ് പോലും കാണാത്ത ആള്‍ തനിച്ചു പടം എടുക്കാനിറങ്ങിയാല്‍ ഇതേ ഉണ്ടാകൂ....



                          ഈ പറഞ്ഞ ഇല്ലായ്മകള്‍ സന്തോഷിന്‍റെത് മാത്രമല്ല, നമ്മളുടെതും കൂടിയാണ്. ഈ പറഞ്ഞ കഴിവുകളൊന്നും സന്തോഷിനെ കളിയാക്കി ചിരിക്കുന്ന, സന്തോഷിനെ തെറി വിളിക്കുന്ന, അതിനായി മാത്രം കൃഷ്ണനും രാധയും കാണാന്‍ പോകുന്ന, സന്തോഷിനെ ഇന്റര്‍വ്യൂ ചെയ്യുന്ന, സന്തോഷിനെ പറ്റി ശാസ്ത്രീയമായി ചര്‍ച്ച നടത്തുന്ന, എന്തിനേറെ പറയുന്നു ? സന്തോഷിനെ പറ്റി ബ്ലോഗ്‌ എഴുതുന്ന നമുക്ക് മിക്കവര്‍ക്കുമില്ല !!!

                         എന്നാല്‍ ആ നമ്മളെയും സന്തോഷിനെയും വേര്‍തിരിക്കുന്ന ഘടകം എന്താണെന്ന് വച്ചാല്‍ ഈ ഇല്ലായ്മകളെ നാം മനസ്സിലാക്കിയിട്ടുണ്ട് എന്നാല്‍  സന്തോഷ്‌ ആകട്ടെ ഇതിനെ കുറിച്ച് ഒട്ടും തന്നെ ബോധവാനല്ല എന്നതുമാണ്‌...


                        നിര്‍ഭാഗ്യവശാല്‍ ആ വ്യത്യാസം തന്നെയാണ് നമ്മെ തെറി വിളിക്കുന്നവരും സന്തോഷിനെ നമ്മളുടെ പണം വാരുന്നവനും ആക്കി മാറ്റുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം!!!


ലാസ്റ്റ് എഡിഷന്‍: "രാത്രി ശുഭരാത്രി" എന്ന പാട്ട് ഇറങ്ങിയപ്പോ മുതല്‍ യൂടൂബ്  വഴി കേട്ടുകൊണ്ടിരിക്കുന്ന തെറികളും കളിയാക്കലുകളും കൂസാതെ അയാള്‍ തന്‍റെ  രണ്ടു പടങ്ങള്‍ പുറത്തിറക്കി. ചാനല്‍ ചര്‍ച്ചകളില്‍ വിഡ്ഢിവേഷം കെട്ടി. നമ്മള്‍ വീണ്ടും വീണ്ടും അയാളെ കണ്ടു കൊണ്ടിരുന്നു. ഇപ്പൊ ഒറ്റ ചോദ്യമേ ബാക്കിയുള്ളൂ , "ഇയാള്‍ക്ക് വട്ടാണോ അതോ നമുക്ക് മുഴുവന്‍ വട്ടാണോ ?"

Sunday, August 19, 2012

ബലാത്സംഗ വീരന്‍ ജൂലിയന്‍ അസ്സഞ്ചെ !!!!

                           നിങ്ങള്‍ക്ക് അറിയുമോ എന്ന് എനിക്കറിയില്ല പാവം അമേരിക്കയെ പറ്റി നമ്മള്‍ ഇത്രകാലം വിശ്വസിച്ചതൊക്കെ തെറ്റായിരുന്നു !! ലോകത്തെ സകല സ്ത്രീപീഡകരെയും പിടികൂടി ഗോണ്ട്വനാമോയില്‍ അടക്കുക എന്ന ചരിത്ര ദൌത്യം ഏറ്റെടുത്തവരാണ് അമേരിക്കന്‍ ഭരണകൂടം !! അതിനു വേണ്ടി ഏതറ്റം വരെയും അവര്‍ പോകും. നിങ്ങള്‍ കണ്ടില്ലേ ബ്രിട്ടനിലെ ഇക്വഡോര്‍ എംബസ്സിയില്‍ പതുങ്ങിയിരിക്കുന്ന ജൂലിയന്‍ അസ്സാഞ്ചെ എന്ന ഭൂലോക സ്ത്രീപീഡകനെ പിടികൂടാന്‍ കച്ചയ്യും കെട്ടി ഇറങ്ങിയിരിക്കുന്നത്? ബ്രിട്ടീഷ് പോലീസിന്‍റെ അറസ്റ്റ് പേടിച്ച് പയ്യന്‍ ഓടിക്കയറിയതാണ് ഇക്വഡോര്‍ എംബസിക്കകത്ത്, അവരാണെങ്കില്‍ കയ്യോടെ അഭയവും കൊടുത്തു.

                                 മര്യാദക്ക് പറഞ്ഞതാ ഇക്വഡോറിനോട്‌ അസ്സഞ്ചിനെ വിട്ടു തരാന്‍.., തന്നില്ല എന്ന് മാത്രമല്ല, "തരാന്‍ സൌകര്യമില്ല" എന്നും പറഞ്ഞു. കേട്ടപാതി ബ്രിട്ടന്‍റെ ഇക്വഡോര്‍ അംബാസിഡാര്‍ പെട്ടിയും കിടക്കയുമെടുത്തു ഞാനെന്‍റെ വീട്ടില്‍ പോവാ എന്നും പറഞ്ഞു പോന്നു കാണും . (അല്ലേല്‍ അവന്മാര്‍ വിളിച്ചു വരുത്തി ഞെട്ടിച്ചാലോ). അതും പോരാഞ്ഞ് വേണ്ടി വന്നാല്‍ എംബസിക്ക് അകത്തു കയറി പിടിക്കും എന്ന് ബ്രിട്ടീഷ് സര്‍ക്കാരും പറഞ്ഞു. പ്രധാനമന്ത്രിയും ഉപപ്രധാന മന്ത്രിയുമൊക്കെ കുടുംബ സമേതം ടൂര്‍ അടിക്കുന്ന സമയം ആയോണ്ട് വിദേശ കാര്യ സെക്രട്ടറി വില്ല്യം ഹേഗ് ആണ് ഈ ഡയലോഗ് ഒക്കെ അടിച്ചത്. അങ്കിള്‍ ബണ്ണിനോടുള്ള കൂറ് കാണിച്ചതാണെന്ന് കൂട്ടിക്കോ. പക്ഷെ അമിതാവേശം ഇപ്പൊ വിനയായ മട്ടാണ്. അന്താരാഷ്‌ട്ര കരാര്‍ അനുസരിച്ച് മറ്റൊരു രാജ്യത്തിന്‍റെ എംബസിക്ക് അകത്തു കയറി അറസ്റ്റ് ചെയ്യാന്‍ പാടില്ല. ഇപ്പൊ ദേ ലാറ്റിന്‍ അമേരിക്കയിലെ അസൂയാലുക്കളായ അയല്‍രാജ്യങ്ങള്‍ ഒക്കെ ഇക്വഡോറിനു പിന്തുണയും കൊടുത്തിരിക്കുന്നു!!! പണി പാളും എന്നുറപ്പ്...

                          അസ്സഞ്ചെ ആണെങ്കിലോ, ഇത് പരമാവധി മുതലെടുക്കാനുള്ള പരിപാടിയിലാണ്. എംബസ്സിയുടെ ബാല്‍കണിയില്‍ നിന്ന് കൊണ്ട് കക്ഷി ഒരു പത്രസമ്മേളനം വരെ പാസ്സാക്കി. മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ് ഇതെന്നൊക്കെ പറഞ്ഞു കളഞ്ഞു പുള്ളി . നേരത്തെ പറഞ്ഞ കരാര്‍ കാരണം അങ്ങേരു അവിടെ നിന്ന് തുണി പൊക്കി കാണിച്ചാ പോലും ഒന്നും ചെയ്യാനും പറ്റില്ല. അസ്സഞ്ചെ എംബസ്സിയില്‍ നിന്ന് പുറത്തിറങ്ങിയാല്‍ പൊക്കാന്‍ നില്‍ക്കുകയാണ് ബ്രിട്ടീഷ് പോലീസ്. ഇനി ബ്രിട്ടനെ കൊണ്ട് ഒറ്റക്ക് പൊന്തിയില്ലെങ്കില്‍ പൊക്കാന്‍ തങ്ങളും കൂടാം എന്ന് അമേരിക്ക ഉറപ്പും കൊടുത്തിട്ടുണ്ട്. കാരണം ഈ പറയുന്ന നിയമത്തില്‍ തങ്ങള്‍ ഒപ്പ് വച്ചിട്ടില്ല എന്നൊക്കെയാണ് അവര് പറയുന്നത്. അവന്മാര് പറച്ചില്‍ മാത്രമാകില്ല, ചിലപ്പോ ചെയ്തുകളയും. ഹും ആറ്റം ബോംബും പോക്കെറ്റില്‍ ഇട്ടു നടക്കുന്ന ബില്‍ ലാദനെ തട്ടിയിട്ടുണ്ട് അങ്ങ് പാക്കിസ്ഥാനില്‍ കയറി , പിന്നാ ഈ പീക്കിരി പയ്യന്‍ !!!

എന്നാലും ഇവരെല്ലാം ഇങ്ങനെ പുറകെ നടക്കാന്‍ ആരാണീ കൊടും കുറ്റവാളി എന്നല്ലേ? അതാണ്‌ കഥയിലെ ട്വിസ്റ്റ്‌ !!സ്വീഡനിലെ ഒരു പ്രമാദമായ ഒരു ബലാത്സംഗ കേസിലെ പ്രതിയാണിയാള്‍.., നമ്മുടെ നാട്ടില്‍ ഈ വിധുര, സൂര്യനെല്ലി എന്നൊക്കെ പറയുന്ന ഉഡായിപ്പ് പരിപാടിയല്ല. സുഹൃത്തും സഹപ്രവര്‍ത്തകയുമായ രണ്ടു മദാമ്മമാരെ ആണ് കക്ഷി ബലാല്‍സംഗം ചെയ്തത്. ഒരാളെ കോണ്ടം ഇടാതെയും ഒരാളെ കീറിയ കോണ്ടം ഇട്ടിട്ടും!!! ബലാസംഗം ചെയ്യുമ്പോള്‍ കോണ്ടം ഇടുവിപ്പിക്കാന്‍ തങ്ങള്‍ ആവതും ശ്രമിച്ചെന്നും എന്നാല്‍ സുതാര്യതയുടെ വക്താവായ അസ്സഞ്ചെ ലീക്ക് ഉള്ള കോണ്ടം ഇട്ട് തങ്ങളെ പറ്റിച്ചെന്നുമാണ് പരാതി. അങ്ങനെ ലീക്ക് ഉള്ള കോണ്ടം ഇടുന്നത് കൊണ്ടാണത്രേ ഇയാളെ "വിക്കിലീക്സ് സ്ഥാപകന്‍" ""എന്നൊക്കെ വിളിക്കുന്നത്

              അമേരിക്കയില്‍ അസ്സഞ്ചിന്‍റെ പേരില്‍ ഒരു പോക്കെറ്റടി കേസ് പോലുമില്ല. ഓസ്ട്രെലിയകാരനായ അസ്സാഞ്ചിന്‍റെ പേരില്‍ റേപ്പ് കേസ് ഉള്ളത് അങ്ങ് സ്വീഡനിലാണ്. അസ്സഞ്ചെ ഉള്ളത് ബ്രിട്ടനിലും. അഭയം കൊടുത്തത് ഇക്വഡോര്‍ എംബസ്സിയും. പിന്നെ അമേരിക്കക്ക് ഇത് എന്തിന്‍റെ സൂക്കേടാ എന്ന് ചോദിക്കരുത്, അതാണ്‌ ഞാന്‍ ആദ്യമേ പറഞ്ഞത് അമേരിക്കയെ പറ്റി നമ്മള്‍ക്ക് വല്ലാത്ത തെറ്റിധാരണ ആണ് ഉള്ളത് എന്ന്. യേത്?

സ്ത്രീപീഡകര്‍ക്ക് എതിരെ കുരിശു യുദ്ധം പ്രഖ്യാപിച്ച അമേരിക്കയെ നാം പിന്തുണക്കുകയല്ലേ വേണ്ടത്? അസ്സഞ്ചിനു അഭയം കൊടുത്ത ഇക്വഡോറിനെ ചന്തിക്ക് രണ്ടു പെട കൊടുത്ത് അയാളെ ഇങ്ങു പിടിച്ചു കൊണ്ട് വരാന്‍ അമേരിക്കക്ക് വല്ല പാടും ഉണ്ടോ? പിന്നെ ഇക്വഡോറില്‍ രാസായുധം ഉണ്ടെന്നോ മറ്റോ പറഞ്ഞു ഒരു യുദ്ധവും പ്രഖ്യാപിച്ചാല്‍ സംഗതി ക്ലീന്‍ !!!


ലാസ്റ്റ് എഡിഷന്‍ :: അമേരിക്കയും സാമന്ത രാജ്യങ്ങളും ചെയ്ത തൊട്ടിത്തരങ്ങളും തെമ്മാടിത്തരങ്ങളും പുറത്തുകൊണ്ട് വന്ന വിക്കിലീക്സ് പ്രസ്ഥാനത്തിന്‍റെ സ്ഥാപകനാണ് ജൂലിയന്‍ അസ്സഞ്ചെ. അമേരിക്ക പതിനെട്ടടവും പയറ്റിയിട്ടും വിക്കിലീക്സ്നെ തകര്‍ക്കാന്‍ ആയില്ല. ബലാത്സംഗകഥയൊക്കെ തട്ടിപ്പാണെന്നും അസ്സഞ്ചിനെ കുടുക്കാന്‍ പെങ്കൊച്ചുങ്ങളെ ഉപയോഗിച്ച് അമേരിക്ക ഒപ്പിച്ച പത്തൊന്‍പതാം അടവാണിതെന്നുമൊക്കെ പാണന്മാര്‍ പാടി നടക്കുന്നുണ്ട്. തന്നെപറ്റി അപവാദം എഴുതിയ സുപ്രസിദ്ധ നോവലിസ്റ്റ്‌ സാഗര്‍ കോട്ടപ്പുറത്തിനെ പീഡന കേസില്‍ കുടുക്കിയ തഹസില്‍ദാര്‍ ആണോ അമേരിക്ക? അതോ സര്‍വരാജ്യ സ്ത്രീജനങ്ങളുടെ സംരക്ഷകരോ?

Friday, August 10, 2012

സത്നാം സിങ്ങിന്‍റെ കൊലപാതകവും അമ്മേടെ നായന്മാരും

 ആള്‍ ദൈവം അമ്രിതാനന്ദമയിയുടെ അടുത്തേക്ക് ഓടിയടുതത്തിനു പോലീസ് പിടിയിലായ സത്നാം സിംഗ് എന്ന ഗയക്കാരന്‍ യുവാവ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ വച്ച് കൊല്ലപ്പെട്ടത് അധികനാളായില്ല. 

                      തള്ളയുടെ അനുഗ്രഹവും പൂത്ത കാശും കൈനീട്ടി വാങ്ങുന്ന മുഖ്യധാര മാധ്യമ ചെറ്റകള്‍ക്ക് ഇതൊരു വലിയ വാര്‍ത്തയായില്ല എന്നതും സ്വാഭാവികം. ദിവസങ്ങള്‍ നീളുന്ന ചാനല്‍ ചര്‍ച്ചകള്‍ ഉണ്ടായില്ല.  കാരണം സത്നാം ഒരു രാഷ്ട്രീയ നേതാവല്ല. സത്നാമിന് വേണ്ടി ചാനല്‍ ചര്‍ച്ച നടത്താനും തെരുവില്‍ ചോര ചിന്താനും വേണ്ടി ആരുമില്ല. സത്നാം എന്ന ചെറുപ്പകാരന്‍റെ  മരണം അമ്രിതനന്ദമായി മഠവുമായി  ബന്ധപെട്ട അനവധി ദുരൂഹതകളില്‍  ഒന്ന് മാത്രമായി അവസാനിക്കും എന്ന് കരുതേണ്ടിയിരിക്കുന്നു ...........

                   ദര്‍ശന പുണ്യം തേടുന്ന അനേകം ഭക്തര്‍ക്ക് ഇടയില്‍ നിന്നും സുധാമണിയുടെ അടുത്തേക്ക് ഓടി അടുത്തതിനാണ് സത്നാമിനെ പിടികൂടിയത്.  അമ്മക്ക് ചുറ്റും ഒരു പ്രഭാവലയം കണ്ടതിനാലാണ് താന്‍ അടുത്തേക്ക് ഓടിയതെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്.പ്രാഥമിക അന്വേഷണത്തില്‍ തന്നെ കക്ഷിക് മാനസിക വിഭ്രാന്തി ഉള്ളതായി മനസിലായി.എന്നാല്‍ അക്കാര്യം പോലീസ് കോടതിയില്‍ ബോധിപ്പിച്ചില്ല. സാധാരണ നിലയ്ക്ക് മണ്ടയ്ക്ക് ഒരു കിഴുക്കും കൊടുത്ത് പെറ്റി അടിച്ചു വിടുന്ന കേരള പോലീസ് സടകുടഞ്ഞെണീറ്റു. വധശ്രമ കേസാണ് സത്നമിന്റെ പേരില്‍ ചാര്‍ത്തപെട്ടത്. ഭീകരനായ സത്നാം ആര്‍ക്കും ഒരു പോറല്‍ പോലും എല്പ്പിച്ചില്ല എന്നതൊന്നും ആരും കണക്കിലെടുത്തില്ല. 

              പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കും അവിടെ നിന്ന് മാനസിക ആരോഗ്യ കേന്ദ്രത്തിലേക്കും മാറ്റപെട്ട യുവാവ്‌ രാത്രിയില്‍ ചുമ്മാ മരിച്ചു കിടക്കുന്ന നിലയിലാണത്രെ  കാണപ്പെട്ടത്.!!!! ദേഹമാസകലം ക്രൂരമായ മര്‍ദനമേറ്റതു മൂലമാണ് മരണം സംഭവിച്ചത് എന്നും പിന്നീട് അറിയാനായി. കിട്ടിയപാടെ ഭക്ത ശിരോമണികളും പോലീസ് ഏമാന്മാരും നല്ലത് പോലെ കൈകാര്യം ചെയ്തു എന്നുറപ്പ്!!!  അവനെ ആര് കൊന്നെന്നോ എങ്ങനെ മരിച്ചെന്നോ ഒരുത്തനും അന്വേഷിച്ചില്ല. അമ്മച്ചി ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞു ഹര്‍ത്താല്‍ ദിനത്തില്‍ പോലും പാഞ്ഞെത്തിയ ആഭ്യന്തര മന്ത്രി അടക്കം ഒരുത്തനും സത്നാമിനെ തിരിഞ്ഞു നോക്കിയില്ല. നിയമ സഭയില്‍ നിന്നും ആരും ഇറങ്ങിപ്പോക്ക് നടത്തിയില്ല. ഹര്‍ത്താല്‍ പ്രഖ്യാപിച്ചില്ല. 
  
                 സത്നാമിനെ അന്വേഷിചു  എത്തിയ ബന്ധുക്കള്‍ക്ക് വണ്ടിക്കൂലിയും കൊടുത്ത് നാട്ടിലേക്ക് വച്ച്പിടിച്ചുകൊള്ളന്‍ പറഞ്ഞു നമ്മുടെ മുഖ്യന്‍, ദോഷം പറയരുതല്ലോ ഒരു അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. 



            സത്നാമിന്റെ മരണത്തിനു കാരണക്കാര്‍ ആരുമാകാം. സത്നാമിനെ കൊണ്ടുപോയ പോലീസുകാര്‍, ജയില്‍ അധികൃതര്‍, മാനസിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍, അങ്ങനെ ഏതെങ്കിലും അമ്മ ഭക്തര്‍. അതുമെന്തിനു?  ലവളു തന്നെ തീറ്റ കൊടുത്തു വളര്‍ത്തുന്ന ഗുണ്ടാ സംഘം തന്നെ പോരെ? അമൃത ആശുപത്രിക്ക് ഉള്ളില്‍ വച്ച് നഴ്സിംഗ്  സംഘടനാ നേതാക്കളുടെ കൈയ്യും കാലും തല്ലിയൊടിച്ചു അതേ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തു കഴിവ് തെളിയിച്ചവര്‍!!!! സത്നാം പിടിയിലായ ഉടന്‍ അയാളില്‍ ഭീകര ബന്ധം ആരോപിക്കുകയും മാനസിക രോഗി എന്ന പരിഗണന പോലും ലഭിക്കാത്ത വിധം അയാളില്‍ വധശ്രമ കുറ്റം ചാര്‍ജ് ചെയ്യാന്‍ ചരട് വലിക്കുകയും ചെയ്ത ട്രസ്റ്റ്‌ ഭാരവാഹികള്‍ ഉള്‍പ്പടെ ആരും !!! 
  
                 സത്നാമിന് എങ്ങനെ നീതി കിട്ടുമെന്നാണ് നാം പ്രതീക്ഷിക്കേണ്ടത്?  അമ്മച്ചിയോടുള്ള ആരാധന മൂത്ത് കൈയ്യില്‍ കിട്ടിയ ഭ്രാന്തനെ തല്ലികൊല്ലാന്‍ കൂട്ട് നിന്ന കേരള പോലീസാണോ നീതി നടപ്പാക്കുക?
അതോ 'അമ്മ'ക്ക് നേരെ ആക്രമണം ഉണ്ടായെന്നറിഞ്ഞ ഉടന്‍ ഹര്‍ത്താല്  പോലും നോക്കാതെ അങ്ങോട്ടോടിയ തിരുവഞ്ചൂരിന്‍റെ ആഭ്യന്തര മന്ത്രാലയമോ/     അതോ അവരോടുള്ള അടങ്ങാത്ത പ്രേമം മൂത്ത് അവരുടെ കാലു കഴുകിയ വെള്ളം കുടിക്കുന്ന സംസ്ഥാനത്തെ മോസ്റ്റ്‌ എലിജിബിള്‍ 'നിരീശ്വരവാദി' ആയ എ കെ ആന്റണിയുടെ കോണ്‍ഗ്രസ്‌ സര്‍ക്കാരോ?


                      അമ്രിതാനന്ദമയി ട്രസ്റ്റ്‌ എന്ന പ്രസ്ഥാനത്തിന്‍റെ സ്വാധീനം എത്രത്തോളമാണ് എന്നത് ഈ മരണത്തിനു മുന്‍പേ അറിയാവുന്നതാണ്. അമ്രിതാനന്ദമയി നേരിട്ട് ഓര്‍ഡര്‍ ഇട്ട് സത്നാമിനെ  കൊന്നു എന്നൊന്നും ആരും പറഞ്ഞില്ല. ഭക്തിയുടെ മറവില്‍ മയി നടത്തുന്ന, അല്ലെങ്കില്‍ ഭക്തിയുടെയും മയിയുടെയും മറവില്‍ ട്രസ്റ്റ്‌ നടത്തുന്ന കോടികളുടെ കള്ളപ്പണ - കള്ളക്കടത്ത് ബിസിനെസ്സ്ന്റെ കാണാകഥകള്‍ പുറത്തു വരാത്തോളം കാലം ഒരാളും ഇതൊന്നും വിശ്വസിക്കുകയുമില്ല.  സര്‍ക്കാര്‍ തലത്തില്‍ മാത്രമല്ല, സാമൂഹിക സാംസ്കാരിക രംഗത്ത് ഇവരുടെ ആരാധകരും ഭക്തരും പിടിയാളുകളും ഉണ്ടെന്നുറപ്പ്. ആ സാഹചര്യത്തില്‍  ഈ അന്വേഷണം പ്രഹസനം മാത്രമാകും എന്ന കാര്യത്തില്‍ സംശയം വേണ്ട 

                 എന്തായാലും കേരളത്തില്‍ വച്ച് കേരള പോലീസിന്‍റെ കയ്യില്‍ വച്ച് ഒരു അന്യസംസ്ഥാനകാരനും അഭ്യസ്തവിധ്യനുമായ യുവാവ് ഒരു കൂട്ടം ആള്‍ദൈവ ലോബിയുടെ കരങ്ങളാല്‍ കൊല്ലെപ്പെട്ടെങ്കില്‍ അതിന്‍റെ പുറകിലുള്ളവരെ പുറത്തു കൊണ്ട് വരിക തന്നെ വേണം. സത്നാമിന്റെ മരണത്തിനു കാരണക്കാര്‍ ആയവരെയും അതിനുള്ള സാഹചര്യം ഒരുക്കിയവരെയും നിയമത്തിനു മുന്നില്‍ കൊണ്ട് വരണം. ഇതുപോലത്തെ തട്ടിപ്പുകാരുടെ ആത്മീയ മുഖം മൂടി വലിച്ചു കീറണം.!

ലാസ്റ്റ് എഡിഷന്‍ ; എന്തായാലും കേരളാ പോലീസ് ഒരു ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്.   സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്താന്‍  സത്നാമിനെ ഭീകരവാദിയായും തീവ്രവാധിയായും ചിത്രീകരിച്ചു ചാനല്‍ പ്രസ്താവന നടത്തിയ അമ്മയുടെ പ്രിയപുത്രന്‍ സ്വാമി അമൃത സ്വരൂപാനന്ത പുരിയെ ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറാകുമോ ! പല ചോദ്യങ്ങള്‍ക്കും ഉള്ള ഉത്തരം തരാന്‍ അയാള്‍ക് സാധിക്കും എന്നുറപ്പ് !!!  എങ്ങാനും  IG ശ്രീലേഖ IPS ന്‍റെ  അന്വേഷണം കാര്യത്തോട് അടുത്താല്‍  പോലീസും പത്രക്കാരും ചാനല്‍ ബു.ജികളും  എല്ലാം അമ്രിതാനന്തമയി അമ്മേടെ നായന്മാര്‍ ആയി   അത്താഴപട്ടിണിക്കാരായ കുറച്ചു പോലീസുകാരെയും ജീവനക്കാരെയും സസ്പെന്‍റ് ചെയ്തു  അന്വേഷണ റിപ്പോര്‍ട്ട്‌ അടുപ്പില്‍ കളയാതിരുന്നാല്‍  ഭാഗ്യം . . . 
Related Posts Plugin for WordPress, Blogger...