Friday, May 31, 2013

സത്നാമിനിന്നും നീതി അകലെയാണ് !!!!

              സത്നാം സിംഗ് മാൻ. ആ പേര് കേരളം മറന്നു കാണാൻ ഇടയില്ല. ബീഹാറിലെ പുണ്യ കേന്ദ്രം എന്ന്  കരുതപ്പെടുന്ന ഗയയിൽ നിന്നും താളം തെറ്റിയ മനസ്സുമായി നീണ്ട അലച്ചിലിനൊടുവിൽ സത്നാം എത്തിച്ചേർന്നത് ദൈവത്തിന്റെ സ്വന്തം നാടെന്നു ഓമനപ്പേരുള്ള നമ്മുടെ കൊച്ചു കേരളത്തിലാണ്. എന്നാൽ ഉയര്‍ന്ന ചിന്താശേഷിയും മികച്ച അക്കാഡെമിക് നിലവാരവുമുള്ള  സത്നാമിന് മുന്നില്‍ ദൈവത്തിന്റെ സ്വന്തം നാട് ആള്‍ ദൈവങ്ങളുടെ സ്വന്തം നാടായി മാറുകയായിരുന്നു.. 

          ആൾദൈവം മാതാ അമ്രിതാനന്തമയിയുടെ അടുത്തേക്ക് ഓടിയടുത്തു എന്ന കൊടും പാതകത്തിനിടെ സത്നാം കയ്യോടെ പിടികൂടപ്പെട്ടു. അമ്മയെ ആക്രമിക്കാൻ ശ്രമിച്ചെന്ന കുറ്റം ചാർത്തി നിരായുധനും നിരാലംഭനുമായ അന്യസംസ്ഥാനക്കാരൻ  യുവാവിനെ അമ്മ ഭക്തർ കൈകാര്യം ചെയ്തു പോലീസിൽ ഏല്പ്പിച്ചു. എന്നിട്ടും കലിയടങ്ങാതെ അമൃതയുടെ പ്രിയശിഷ്യൻ സ്വാമി അമൃത സ്വരൂപാനന്ത സ്വന്തം ചാനെനിലൂടെ ആക്രോശിച്ചു, സത്നാം ബിസ്മി ചൊല്ലിയെന്നും ഇന്നത്തെ "പ്രത്യേക സാഹചര്യത്തിൽ" അത് നിസാരമായി കാണാൻ ആകില്ലെന്നും".സത്നാം മത തീവ്രവാദിയായി മുദ്ര കുത്തപ്പെടുകയായിരുന്നു. 

             പിന്നീടെല്ലാം പെട്ടെന്നായിരുന്നു. ഹർത്താലിനെ പോലും അവഗണിച്ച് സംസ്ഥാന ആഭ്യന്തര മന്ത്രി അമൃത സന്നിതിയിൽ പാഞ്ഞെത്തി. സാധാരണ ഗതിയിൽ ഒരു പെറ്റിയുമടിച്ചു മണ്ടക്കൊരു കിഴുക്കും കൊടുത്തു വിടുമായിരുന്ന കേരളാ പോലീസ് സട കുടഞ്ഞെണീറ്റു. സത്നാമിന് മേൽ ചാർത്തപ്പെട്ടതു വധശ്രമ കേസ്. ആദ്യം ജയിലിലേക്ക് മാറ്റപ്പെട്ട യുവാവ് നേരം ഇരുട്ടി വെളുത്തപ്പോ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ കക്കൂസ്സിൽ ചുമ്മാ മരിച്ചു കിടക്കുന്നതായിരുന്നു കണ്ടത്... ഇരുമ്പ് ദണ്ട്‌ ഉപയോഗിച്ചുള്ളതടക്കം അൻപതിലേറെ മുറിവുകളായിരുന്നു സതാമിന്റെ ശരീരത്തിൽ !!!

           കൊലപാതകങ്ങൾ ആഘോഷമാക്കുന്ന മുഖ്യധാരാ മാധ്യമ പേനയുന്തികളും ചർച്ചാ തൊഴിലാളികളും കുറ്റകരമായ മൌനം അവലംഭിച്ചു. ഒരു ആൽദൈവ മഠത്തിനു മുന്നില്‍ ഒരു സംസ്ഥാനത്തെ ഭരണ കൂടവും അവിടത്തെ മാധ്യമങ്ങളും നിശബ്ദരാക്കപ്പെട്ടു എന്നത് ഭയപ്പെടുത്തുന്ന യാഥാര്‍ത്യമാണ്. പേരൂര്‍ക്കട പോലീസ്  കോടതിയില്‍ പോലും ഹാജരാക്കാതെ വച്ച സത്നാമിന് മേല്‍ ആഭ്യന്തരമന്ത്രിയുടെ മഠം സന്ദര്‍ശനത്തിനു ശേഷം  വധശ്രമ കേസ് ചാര്‍ജ് ചാര്‍ജ് ചെയ്യപ്പെട്ടത് എങ്ങനെയാണ്?  

                                   ഒട്ടേറെ ദുര്‍മരണങ്ങളുടെ  ഉള്‍പ്പടെ  ദുരൂഹത പേറുന്ന, ലോകമെങ്ങും ഭക്തരും ആശ്രിതരുമുള്ള സംവിധാനത്തിന്റെ ശത്രുതയാണ് സത്നാം നേടിയെടുത്തത്. സട്നാമിന്റെ മരണം ആസൂത്രിതമെന്ന് കരുതാന് അതിനാല്‍ തന്നെ കാരണങ്ങളുണ്ട്. സത്നാമിന്റെ ശരീരീത്തിൽ ഇത്രയേറെ മുറിവുകള്‍ എങ്ങനെയുണ്ടായി? എന്തിനാണ് സ്വാമി അമൃതസ്വരൂപാനന്ത അയാളെ മത തീവ്രവാദിയായി മുദ്രകുത്തിയത്? അമൃതാ മഠത്തിൽ നിന്നും മാനസികാരോഗ്യകേന്ദ്രത്തിലെ കക്കൂസിലേക്കുള്ള യാത്രക്കിടെ എന്താണ് സട്നാമിന് സംഭവിച്ചത്? 

    കേസ് അന്വേഷിച്ചത് അമ്മയുടെ തന്നെ സ്ഥാപനത്തിലെ വിദ്യാര്‍ഥിയുടെ  അമ്മയും കേരളാ പോലീസിലെ കാക്കിക്കുള്ളിലെ കവയിത്രിയുമായ ശ്രീമതി ബി.സന്ധ്യ IPS. പൂക്കടയും ക്ഷണക്കത്തും മാഷാ അള്ളായുമൊക്കെ  തലനാരിഴ കീറി പരിശോധിക്കപ്പെടുന്ന നാട്ടിൽ അമ്രിതനന്തമയി മഠത്തിലേക്ക് തിരിഞ്ഞു പോലും നോക്കാത്ത അന്വേഷണം.. ഈ സംസ്ഥാനത്തെ തന്നെ വിലയ്ക്ക് വാങ്ങാൻ പോന്ന ശേഷിയുള്ള മഠത്തിനും മഠധിപതികൾക്കും മുന്നിൽ ADGP യുടെ അന്വേഷണ റിപ്പോർട്ട്‌ സത്നാമിനെ പോലെ തന്നെ അകാല ചരമം പ്രാപിച്ചു. അതിനിടെ മാനസികാരോഗ്യ കേന്ദ്രത്തിലെ അത്താഴ പട്ടിണിക്കാരയ രണ്ടു ജീവനക്കാര് സസ്പെന്റ് ചെയ്യപ്പെട്ട്. അവിടത്തെ ഭ്രാന്താൻമാരാരും പ്രതി ചേർക്കപ്പെടാത്തത് ആരുടെയോ ഭാഗ്യം...

           കേവലം മനുഷ്യകീടങ്ങളുടെ പോലീസും നിയമവും ഒരു ദൈവത്തെ ചോദ്യം ചെയ്യുമെന്ന് തല്‍കാലം പ്രതീക്ഷിക്കേണ്ട, പക്ഷേ എന്ത് കൊണ്ട് സ്വാമി അമൃതസ്വരൂപാനന്ത ഉള്‍പ്പടെയുള്ളവരെ പോലും ചോദ്യം ചെയ്യാന്‍ ADGP പോലും തയ്യാറായില്ല? മാനസികാരോഗ്യകേന്ദ്രത്തില്‍ അന്ന് രാത്രി വന്നു പോയവര്‍ അല്ലെങ്കില്‍ അവിടെ തന്നെയുള്ള അമ്മഭക്തര്‍ ആരൊക്കെയെന്നു വെറുതെയെങ്കിലും അന്വേഷിക്കാന്‍ പോലീസ് തയ്യാറായോ? അതോ അമ്മ ഫാന്‍സ്‌ തന്ന റിപ്പോര്‍ട്ട് വെള്ളം കൂടാതെ വിഴുങ്ങുകയാണോ പോലീസ് ചെയ്തത്?

         ഇങ്ങനെ സട്നാമിന് നീതി നിഷേധിക്കപ്പെട്ടു. സട്നാമിന്റെ മാതാപിതാക്കൾ ഈയിടെ മുഖ്യമന്ത്രിയെ കാണാൻ എത്തിയിരുന്നു. തങ്ങളുടെ മകന്റെ മരണത്തിനു ഉത്തരവാദികളായവരെ കണ്ടെത്താൻ CBI അന്വേഷണമാണ് അവർ ആവശ്യപ്പെട്ടത്. ആ ആവശ്യം നടത്തികൊടുക്കാൻ സംസ്ഥാനം ബാധ്യസ്ഥരാണ്. ആ ആവശ്യത്തിന്റെ ഗതിയെന്തായി എന്ന് ആർക്കുമറിയില്ല. അത് അന്വേഷിക്കാനും കുറ്റവാളികളെ കണ്ടെത്താനും അവരെ പൊതുജന മധ്യത്തിൽ തുറന്നു കാണിക്കാനും കേരളത്തിലെ ഭരണകൂടവും മാധ്യമങ്ങളും തയ്യാറാകണം. ദൈവത്തിന്റെ സ്വന്തം നാട് ആള്‍ ദൈവങ്ങളുടെ സ്വന്തം നാടായി മാറരുത്. . .

ലാസ്റ്റ് എഡിഷന്‍ :തള്ളയുടെ അനുഗ്രഹം നക്കിയെടുക്കുന്നതില്‍ രാഷ്ട്രീയക്കാരും സിവില്‍ സര്‍വീസും ജുഡീഷ്യറിയും മാധ്യമങ്ങളും ആരും മോശമല്ലെന്നറിയാം, എന്നാലും പൊതുജനകഴുതകള്‍ ശ്രേഷ്ഠഭാഷയില്‍  ഇങ്ങനെ ചിലച്ചുകൊണ്ടിരിക്കട്ടെ രാജാവേ,  ശുഭ്രവസ്ത്രത്തിലും പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലും ഒളിപ്പിച്ചു വച്ച ആള്‍ദൈവ പൊലയാടിമക്കളുടെ  തനിനിറം പുറത്തു വന്നേ തീരൂ!!!!!  

Thursday, May 23, 2013

വാർത്തകൾ വിൽപ്പനയ്ക്ക് . . .

                       സത്നാം സിംഗ് മാൻ, ആ പേര് നാം  മറന്നിരിക്കുന്നു.  ആൾദൈവം മാതാ അമ്രിതാനന്തമയിയുടെ നേരെ ഓടിയടുതത്തിനു വധശ്രമ കേസ് ചാർത്തപ്പെട്ട മനോരോഗിയായ ബീഹാറി യുവാവ്. ഒടുവിൽ  ക്രൂരമായ മർദ്ധനത്തിനു  ഇരയായ് മാനസികരോഗ്യ കേന്ദ്രത്തിൽ ദുരൂഹ മരണം. കിട്ടിയപാടെ കൈകാര്യം ചെയ്യുകയും മത തീവ്രവാദിയായി  മുദ്ര കുത്തുകയും ചെയ്ത മഠത്തിലേക്ക് തിരിഞ്ഞു പോലും നോക്കാത്ത  അന്വേഷണ  റിപ്പോർട്ടും മാധ്യമ വാർത്തകളും ആ ചെറുപ്പക്കാരനെ പോലെ അകാല ചരമം പ്രാപിച്ചു.   

                     പിന്നീട് സരബ്ജിത് സിംഗ്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് വർഷങ്ങളോളം പാകിസ്താൻ ജയിലിൽ കഴിയുകയും ഒടുവിൽ സഹ തടവുകാരായ പാകിസ്ഥാൻകാരുടെ കൈകളാൽ കൊല ചെയ്യപ്പെടുകയും ചെയ്ത ഇന്ത്യക്കാരാൻ. അതിർത്തി  ലംന്ഘിച്ചതിനും സ്പോടന കേസില  പ്രതി ചെർക്കപ്പെടുന്നതിനും അപ്പുറത്തേക്ക് ഇരു രാജ്യങ്ങളും തമ്മിലുള്ള വിദ്വേഷത്തിന്റെ ഇരയാക്കപ്പെടുകായിരുന്നു സരബ്ജിത്. എന്നാൽ സരബ്ജിത് കൊലചെയ്യപെടുന്നത് ചരിത്രത്തിൽ ആദ്യമായി ഒരു ജനാതിപത്യ സർക്കാർ പാകിസ്ഥാനിൽ കാലാവധി പൂർത്തിയാക്കുകയും അവിടെ പൊതുതിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടക്കുകയും ചെയ്ത  സാഹചര്യത്തിലാണ്.  പാക്കിസ്താനിൽ ഏറ്റവും എളുപ്പം വിറ്റുപോകുന്ന ചരക്കാണ് ഇൻഡോ-പാക്‌ പ്രശ്നം.   പ്രചരണം കൊഴുപ്പിക്കാൻ അവര്ക്കൊരു സനാവുല്ലയെ വേണമായിരുന്നു, സരബിലൂടെ അതവർ നേടിയെടുത്തു. നമ്മൾ ആ കെണിയിൽ വീണു കൊടുത്തു എന്നതാകും ശരി. 

                         എന്നാൽ ഈ  രാജ്യത്തെ ജനങ്ങളും മാധ്യമങ്ങളും ഭരണകൂടവും എങ്ങനെയാണ് ഈ പ്രശ്നങ്ങളെ നോക്കികണ്ടത് ? ഒരു ജ്യോതിയ്ക്കോ സൌമ്യയ്ക്കോ ലഭിച്ച ഈ മാധ്യമ,ഭരണകൂട,ജന ശ്രദ്ധ നേടിയെടുക്കാൻ അന്ന് സട്നാമിനോ ഇന്ന് സരബിണോ സാധിക്കാതിരുന്നത് എന്തുകൊണ്ട്?
അവിടെയാണ് ജനം വിഡ്ഢികൾ ആക്കപ്പെടുന്നത്. എന്ത്,എവിടെ,എപ്പോൾ, എങ്ങനെ സെൻസെഷനലൈസ് ചെയ്യപ്പെടണം എന്ന് തീരുമാനിക്കുന്നത് ജനമല്ല, മാധ്യമങ്ങളും ഭരണകൂടവുമാണ്. ഭരണകൂടത്തിന്റെ ആശീർവാദത്തോട് കൂടിയുള്ള ജനപിന്തുണയില്ലാതെ ഒരു വിഷയവും എവിടെയും ചര്ച്ച ചെയ്യപ്പെടുന്നില്ല. 

                        ഒരു സരബ്ജിത്തും ജ്യോതിയും ഒക്കെ കൊണ്ടാടപ്പെടുമ്പോൾ കൊണ്ടാടപ്പെടുമ്പോൾ അര്ഹതയുള്ള പല വിഷയങ്ങളും വിസ്മരിയ്ക്കപ്പെടുന്നു. ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ തന്നെ പലരുടെയും താല്പര്യങ്ങലാൽ വെള്ളം ചേർക്കപ്പെടുന്നു. അങ്ങനെ പലതിനും മറയാക്കാൻ,പരിച്ചയാക്കാൻ വാർത്തകൾ സൃഷ്ട്ടിക്കപ്പെടുകയും അകാല ചരമം പ്രാപിക്കപ്പെടുയും ചെയ്യന്നു. നമുക്ക് മുന്നില് എൻഡോസൽഫാനും മുല്ലപ്പെരിയാറും ഇറ്റാലിയൻ നാവികരുമുണ്ട്.

                        ഭരണകൂടത്തിനു ഇത് പയറ്റി തെളിഞ്ഞ തന്ത്രമാണ്.ഈയിടെ  അവസാനിച്ച  പാർലിമെന്റ് സമ്മേളനം അതിന്റ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആണ്. ഈ സമ്മേളനത്തിന്റെ മൂന്നു ആഴ്ച കാലയളവിൽ സഭ സമ്മേളിച്ചത് പത്തു മണിക്കൂർ മാത്രമാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും കുറവ് സമയം!! വിവിധ വിഷയങ്ങൾ ഏറ്റെടുത്തു കൊണ്ടുള്ള പ്രതിപക്ഷ ബഹളം തന്നെ കാരണം.  സഭ നടത്തികൊണ്ട് പോകേണ്ടത് സര്ക്കാരിന്റെ ഉത്തരവാധിത്വമാണ്. അതിനവർ തയ്യാറായില്ലെന്ന് മാത്രമല്ല, പ്രതിപക്ഷത്തെ പ്രൊകൊപിപ്പിച്ചു സഭാന്തരീക്ഷം കലുഷിതമാക്കി നില നിർത്താനാണ് ശ്രമിച്ചത്. സ്വയം ന്യൂനപക്ഷമായി മാറിക്കൊണ്ടിരിക്കുന്ന സര്ക്കാരിന്റെ തന്ത്രപരമായ  ഒളിച്ചോട്ടം. ഇതിനിടയിൽ ചർചപൊലും ചെയ്യാതെ  പാസ്സാക്കപ്പെട്ട ബില്ലുകളെത്ര ? ചർച്ച ചെയ്യപ്പെടാതെ പോയ വിഷയങ്ങളെത്ര? ഒരു മാധ്യമവും അതിന്റെ പുറകെ പോവില്ല, ഒരു പൊതുജന കഴുതയും അത് തിരിച്ചറിയുകയുമില്ല. 

 ലാസ്റ്റ് എഡിഷൻ: അതെ,  എന്ത്,എവിടെ,എപ്പോൾ, എങ്ങനെ സെൻസെഷനലൈസ് ചെയ്യപ്പെടണം എന്ന് തീരുമാനിക്കുന്നത് ജനമല്ല, മാധ്യമങ്ങളും ഭരണകൂടവുമാണ്. ഭരണകൂടത്തിന്റെ ആശീർവാദത്തോട് കൂടിയുള്ള ജനപിന്തുണയില്ലാതെ ഒരു വിഷയവും എവിടെയും ചര്ച്ച ചെയ്യപ്പെടുന്നില്ല. 

Friday, May 3, 2013

ഒരു മേശവണ്ടിയോടിച്ച കഥ !!!!

       
           ആദ്യത്തെ തവണ  പ്രായപൂർത്തി അയതിന്റെ പിറ്റേന്ന് തന്നെ ഓടിപ്പോയി ബൈക്ക് ലൈസൻസ് എടുത്തെങ്കിലും നാല് ചക്രത്തിന്റെ കാര്യം നീണ്ടു നീണ്ടു പോയി, ഒടുവിൽ ഒരുപാട് വൈകി ഈയടുത്താണ് കാർ ഡ്രൈവിംഗ് പഠിക്കാൻ തുടങ്ങിയത്. 

        പഴയ മോഡൽ ഗ്രിണ്ട്ലേയ്സ് കാർ ആയിരുന്നു കുട്ടിക്കാലത്ത് ഞാൻ ആദ്യം ഓടിച്ച കാർ. അതേതാ ഈ ഗ്രിണ്ട്ലേയ്സ് എന്നാരും സംശയിക്കേണ്ട. ബ്രിട്ടീഷുകാരുടെ കാലത്ത് ഗ്രിണ്ട്ലേയ്സ് ബാങ്കിൽ പ്യൂണ്‍ ആയി ജോലി ചെയ്ത എന്റെ അച്ചാച്ചൻ റിട്ടയർ ചെയ്തു പോരുമ്പോ കൊണ്ട് വന്നതെന്ന് പറയപ്പെടുന്ന ഒരു പഴയ മരമേശയാകുന്നു  ഗ്രിണ്ട്ലേയ്സ് കാർ. (അച്ഛമ്മയുടെ വക പുളു ആണോ എന്നറിയില്ല).  പിന്നീട് സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് ആയിമാറിയെങ്കിലും മരിക്കും വരെ അച്ചാച്ചൻ ബാങ്കിനെ ഗ്രിണ്ട്ലേയ്സ് എന്നാണു പറഞ്ഞുകൊണ്ടിരുന്നത്... 


               മേശ എന്ന് പറയുമ്പോ തറവാട് വീടിന്റെ ഉമ്മറത്ത് പിന്നീട് ടിവി വെക്കാൻ ഉപയോഗിക്കുകയും  അന്നൊക്കെ  റേഡിയോ വെയ്ക്കാനും  ഇസ്തിരിയിടാനും ഉപയോഗിക്കപ്പെട്ടിരുന്നതുമായ മേശ. അതിന്റെ അടിയിൽ ഇരുന്നാണ് ഞാൻ ആദ്യമായി "വളയം പിടിക്കുന്നത്". വളയം എന്ന് പറയുമ്പോ പഴയൊരു സ്റ്റീൽ പാത്രത്തിന്റെ പൊട്ടിപോന്ന വട്ടകഴുത്ത്!! ഒരിക്കൽ താമരശ്ശേരി ചുരം തിരിക്കുന്നതിന്റെ  ആവേശത്തിൽ ആണെന്ന് തോന്നുന്നു അതിന്റെ അറ്റം കൊണ്ടെന്റെ കൈ മുറിയുകയും ചെയ്തു!!!   
        
                       ഞങ്ങടെ നാട് മുഴുവൻ കുന്നും മലയും കയറ്റവും ഇറക്കവും ഒക്കെ ആയോണ്ട്    ഇടയ്ക്കിടെ ഗിയർ മാറ്റേണ്ടി വരും. അതിനും വഴിയുണ്ട്, മേശയുടെ ചവിട്ടു പലകയിൽ കെട്ടിവച്ച പ്ലാസ്റ്റിക്‌ ക്രിക്കറ്റ്‌ ബാറ്റ് നല്ല ഉഗ്രൻ ഗിയർ ആയിരുന്നു. അമ്മയുടെ വീട്ടിലേക്കു പോകാനുള്ള MR ബസ്സിലെ ഡ്രൈവറും എന്റെ വല്ല്യമ്മയുടെ പഴയ ക്ലാസ്സ്മേറ്റും അന്നത്തെ എന്റെ ആരാധനാ പാത്രവുമായിരുന്ന മണികണ്ടൻ ചേട്ടന്റെ സ്വാധീനമാകാം ഗിയർ പൊട്ടി കയ്യിൽ പോരുന്നത് നിത്യ സംഭവം ആയി. പഴയ ബസ്സിന്റെ ഒരു ഗിയർ കൊച്ചിയിലും മറ്റേത് കൊയിലാണ്ടിയിലും ആയിരിക്കുമല്ലോ? 

               ക്ലച്ചും ബ്രേക്കും ആക്സിലറേറ്ററുമൊക്കെ കിടിലൻ ഹവായ് ചപ്പലുകൾ ചരിച്ചു വച്ചിട്ടുണ്ടാകും ചവിട്ടുപലകയിൽ. അതിങ്ങനെ അമർത്തിച്ചവിട്ടിയാൽ വണ്ടി പറപറക്കും.  എന്നാലും ബ്രേക്ക് ഇടയ്ക്കിടെ ചവിട്ടി നോക്കും. വേറൊന്നും കൊണ്ടല്ല, ഒരിക്കൽ അമ്മവീട്ടിൽ പോകും  വഴി MR ബസ്‌ ബ്രേക്ക് പോയി കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ കൂട്ടിയിട്ടതിൽ ഇടിച്ചു നിന്നപ്പോ ഞാനും ഉണ്ടായിരുന്നല്ലോ ഫ്രെണ്ടിൽ തന്നെ!!!    

          വൈപ്പർ പണ്ടേ നമ്മുടെയൊരു വീക്നെസ് ആണ്!!!  കനത്ത മഴയോട് പൊരുതികൊണ്ട് ഡ്രൈവർക്ക് കാഴ്ചയോരുക്കാൻ ഈ കൊച്ചു കമ്പിനെങ്ങനെ കഴിയുന്നു എന്ന് ആശ്ചര്യപെട്ടിട്ടുണ്ടോരുപാട്!!! അതുകൊണ്ട് തന്നെ മേശയുടെ മുകളിൽ നിന്നും പഴയ മീറ്റെർ സ്കേൽ ഒരെണ്ണം  തൂക്കിയിടാൻ മറക്കാറില്ല  . . .

ലാസ്റ്റ് എഡിഷൻ : കാർ ആണെങ്കിലും ബസ്‌ ആണെങ്കിലും പള്ളിപ്പുറം പട്ടാമ്പി റൂട്ടിൽ ആണ് സ്ഥിരമായി ഓടാറ്. ആ റൂട്ടിലെ കുണ്ടും കുഴിയും വളവും തിരിവുമൊക്കെ നമുക്ക് മനപ്പാഠമാണല്ലോ!!! അങ്ങനെ ഓടിച്ചോടിച്ച്‌ ഒരു 4 C യിൽ ഒക്കെ എത്തിയപ്പോളാണ് നമ്മൾ ആ ഡ്രൈവിംഗ് നിർത്തുന്നത്. ഇപ്പൊ എന്തോ  ഒരിക്കൽ കൂടി ആ നാലാം ക്ലാസ്സുകാരൻ ആകാൻ സാധിച്ചിരുന്നെങ്കിൽ എന്ന് വെറുതെ മോഹിക്കുവാൻ ഒരു മോഹം . .  .!!!!!
Related Posts Plugin for WordPress, Blogger...