Wednesday, August 28, 2013

ചന്ദ്രശേഖര്‍ ആസാദും കൂട്ടുകാരും - മന്മഥനാഥ് ഗുപ്ത

        ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ അത്ര ശ്രദ്ധിക്കപ്പെടാതെ പോയ ഏടുകളാണ് ഇന്ത്യന്‍ യുവജന വിപ്ലവ പ്രസ്ഥാനങ്ങളുടെത്. ഗാന്ധിജി നയിച്ച അഹിംസയിലൂന്നിയ സമരമാര്‍ഗങ്ങളുടെ ഭാഗമായതുകൊണ്ട് മാത്രം മഹത്വവല്‍ക്കരിക്കപ്പെട്ട വ്യക്തിത്വങ്ങള്‍ ഒരുപാടുണ്ട് സ്വാതന്ത്ര്യസമര ചരിത്രത്താളുകളില്‍., അപ്പോളൊക്കെയും മറവിയിലേക്കോ തെറ്റിദ്ധാരണയുടെ പുകമറയിലെക്കോ ഒതുങ്ങികൂടാനായിരുന്നു പിറന്ന നാടിന്‍റെ സ്വാതന്ത്ര്യത്തിനായി ജീവന്‍ നല്‍കിയ ധീരരക്തസാക്ഷികളുടെ നിയോഗം.  ഒരു പരിധി വരെയെങ്കിലും അതിനു അപവാദമെന്ന് പറയാനുള്ളത് ഒരു  ഭഗത്സിങ്ങും ഒരു ചന്ദ്രശേഖര്‍ ആസാദും ആയിരിയ്ക്കാം.

       ആസാദിന്‍റെ, ഭഗത് സിങ്ങിന്‍റെ, അവരുടെ സഖാക്കളുടെ, കഥ പറയുന്ന പുസ്തകമാണ് അവര്‍ക്കൊപ്പം വിപ്ലവപ്രസ്ഥാനത്തിന്‍റെ ഭാഗമായിരുന്ന മന്മഥനാഥ് ഗുപ്ത എഴുതിയ "ചന്ദ്രശേഖര്‍ ആസാദും കൂട്ടുകാരും"  എന്ന കൊച്ചു പുസ്തകം. ആസാദിനും ഭഗത് സിങ്ങിനും ഒപ്പം നടത്തിയ സാഹസിക പോരാട്ടങ്ങളുടെ, ത്യാഗോജ്വലമായ സഹനസമരങ്ങളുടെ നേര്‍ വിവരണമാണ് ഈ പുസ്തകം. ഭാഷാപരമായോ സാഹിത്യപരമായോ വലിയ മേന്മകള്‍ ഒന്നും അവകാശപ്പെടാന്‍ ഇല്ലെങ്കിലും സ്വാനുഭവത്തിന്‍റെ തീച്ചൂളയില്‍ നിന്ന് ഒരു  വിപ്ലവകാരിയുടെ തുറന്നെഴുത്തിന്‍റെ  ചൂടും ചൂരും ഈ പുസ്തകത്തിനുണ്ട്.

             ചന്ദ്രശേഖര്‍ ആസാദ് എന്ന പേര് കേള്‍ക്കുമ്പോള്‍ മനസ്സില്‍ ഓടിയെത്തുന്ന ഒരു ചിത്രമുണ്ട്, മുണ്ടുടുത്ത് സിംഹത്തോലില്‍ ഇരുന്നു മീശപിരിച്ചുകൊണ്ടുള്ള ഒരു ചിത്രം. പുസ്തകത്തില്‍ ആസാദിനെ വരച്ചു കാട്ടാന്‍ മന്മഥനാഥ്‌ ഉപയോഗിക്കുന്നതും ആ ചിത്രമാണ്. ഒരേ സമയം ബ്രിട്ടീഷ് സാമ്രാജ്യത്തോടും മരണത്തോടും കൊഞ്ഞനം കാട്ടി നടന്ന ചന്ദ്രശേഖര്‍ ആസാദിന്‍റെ നേര്‍ചിത്രം ഈ പുസ്തകത്തില്‍ കാണാം.

            ഒളിവിലുള്ള വിപ്ലവപ്രവര്‍ത്തനത്തിന്‍റെ ആദ്യഘട്ടങ്ങളില്‍ മറ്റു വിപ്ലവകാരികളില്‍ നിന്നും ഒട്ടും വ്യത്യസ്തനല്ലായിരുന്നു ആസാദ് എന്നാണു മന്മഥനാഥ്‌ അഭിപ്രായപ്പെടുന്നത്. മറ്റു പലരെയും പോലെ പുസ്തകങ്ങള്‍ വായിച്ചോ പ്രഭാഷങ്ങള്‍ ശ്രവിച്ചോ അല്ല, തന്‍റെ ജീവിതാനുഭവങ്ങളില്‍ നിന്നാണ് ആസാദ് വിപ്ലവകാരിയാകുന്നത്, അതിന്‍റെ ആശയങ്ങളിലേക്ക്  അടുക്കുന്നത്. തന്‍റെ തീക്ഷ്ണമായ ജീവിതാനുഭവങ്ങളില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് വിപ്ലവ പ്രസ്ഥാനത്തിന്‍റെയാകെ നേത്രുത്വമായി ആസാദ് വളരുന്നത് നാം കാണും.

            ഭഗത്സിങ്ങും സുഖ്ദേവും യതീന്ദ്രനാഥും യശ്പാലും ബിസ്മില്ലും ആശ്ഫാക്കും ഉള്‍പ്പടെയുള്ള വിപ്ലവകാരികളെ കുറിച്ച് വിശദ്ധമായിത്തന്നെ ഈ പുസ്തകത്തില്‍ വിവരിയ്ക്കുന്നുണ്ട്. വിപ്ലവകാരികളുടെ പ്രവര്‍ത്തന രീതികള്‍, ഒളിവിലുള്ള വിപ്ലവപ്രവര്‍ത്തനം, ഒളിവു ജീവിതത്തിലെ കഷ്ട്ടപ്പാടുകളും അവര്‍ അനുഭവിച്ച പട്ടിണിയും യാതനകളും ഒക്കെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വിപ്ലവകാരി എന്ന നിലയില്‍ നേരിട്ടുള്ള അനുഭവങ്ങളില്‍ നിന്നുള്ള കാര്യങ്ങള്‍ നേരിട്ടും മറ്റു വിവരങ്ങളും വിശദാംശങ്ങളും സഹവിപ്ലവകാരികളുടെയും ചരിത്രകാരന്മാരുടേയും ആഖ്യായികളായും വിവരിയ്ക്കുന്ന രീതിയാണ് പുസ്തകത്തിന്.  

             സൈമണ്‍ കമ്മീഷന് എതിരായ സമരത്തെ കുറിച്ചും ലാലാ ലജ്പത്റായിയുടെ മരണത്തിനു പകരം ചെയ്യാനുറച്ച് സാന്‍റെഴ്സന്‍ വധത്തിനു വിപ്ലവകാരികള്‍ ഒരുങ്ങുന്നതുമെല്ലാം വിശദമായി വിവരിയ്ക്കുന്നുണ്ട്. ഭഗത് സിംഗ് ഉള്‍പ്പടെയുള്ള വിപ്ലവകാരികള്‍ ജയിലില്‍ വച്ച് നടത്തുന്ന നിരാഹാര സമരവും നിരാഹാരത്തെ തുടര്‍ന്ന് രക്തസാക്ഷിത്വം വരിച്ച യതീന്ത്രദാസിന്‍റെ അന്ത്യ ദിനങ്ങളെ കുറിച്ചും വിവരിയ്ക്കുന്നത് ആവേശം ജനിയ്പ്പിയ്ക്കുന്നു.
 
              യതീന്ത്രന്‍റെയും ഭഗത്സിങ്ങിന്‍റെയും മറ്റും  രക്തസാക്ഷിത്വം രാജ്യത്ത് ഉണ്ടാക്കിയ യുവാക്കളുടെ സമരോല്‍സ്തുകയും  പ്രതികാരാഗ്നിയും വേണ്ട വിധം ഉപയോഗപ്പെടുത്തുന്നതില്‍ ഉള്‍പ്പടെ ഗാന്ധിജിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും താല്പര്യപെട്ടില്ല. തന്‍റെ നിയന്ത്രണത്തില്‍ കീഴില്‍ മാത്രമായിരിക്കണം എന്ന നിര്‍ബന്ധബുദ്ധി ഗാന്ധിജിയ്ക്ക് ഉണ്ടായിരുന്നു.  അഹിംസയുടെ മാര്‍ഗത്തില്‍ നിന്നും വ്യതിചലിയ്ക്കുന്ന ഒരു നിലപാടും എടുക്കാന്‍ ഗാന്ധി തയ്യാരായിരുന്നില്ലെന്നു മാത്രമല്ല അതിനു തയ്യാരാകുന്നവരെ ഒറ്റപ്പെടുത്താനും ഗാന്ധി തയ്യാറായി.  ഇത്തരം ആരോപണങ്ങള്‍ മുന്‍പ് പലരും ഉന്നയിച്ചിട്ടുണ്ടെങ്കിലും കാര്യകാരണസഹിതം രൂക്ഷമായ ഭാഷയില്‍ ഈ പുസ്തകം ഗാന്ധിയ്ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിയ്ക്കുന്നു. വിപ്ലവകാരികള്‍ക്കെതിരായി കോണ്‍ഗ്രസില്‍ സ്വയം എഴുതിതയ്യാറാക്കിയ പ്രമേയം പാസ്സാക്കാന്‍ പോലും ഗാന്ധി പെടാപാട് പെട്ടെന്നും കോണ്‍ഗ്രസില്‍ തന്നെയുള്ള വലിയൊരു വിഭാഗം അമിത ഗാന്ധിഭക്തി മൂലം മാത്രമാണ്  ഒടുവില്‍ അതിനു തയ്യാറായതെന്നും ഗുപ്ത പറയുന്നു.

       നെഹ്രുവിന്‍റെ സ്വയം വിപ്ലവകാരി ചമയലിനെ കണക്കിന് കളിയാക്കുന്നുണ്ട് ഈ പുസ്തകം. ഗാന്ധിയുടെ നിഴല്‍പറ്റി വിപ്ലവകാരികളെ വിമര്‍ശിക്കുമ്പോഴും പലപ്പോഴും അവര്‍ക്ക് അനുകൂല നിലപാടുകള്‍ എടുക്കാന്‍ നെഹ്‌റു തയ്യാറായതായി ഗുപ്ത പറയുന്നുണ്ട്.  ഇന്ത്യയിലെ ഒരേ ഒരു സോഷ്യലിസ്റ്റും  വിപ്ലവകാരിയും താനാണ് എന്ന് വരുത്തിതീര്‍ക്കായിരുന്നു നെഹ്രുവിന്‍റെ ശ്രമം. സ്വാതന്ത്രസമര ചരിത്രതിലടക്കം  തിരുത്തലുകള്‍ നടത്താന്‍ ഇതിനായി നെഹ്‌റു തയ്യാറായെന്നു തെളിവുകള്‍ സഹിതം ഗുപ്ത ആരോപിക്കുന്നു.

               ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ ചോരതിളപ്പിക്കുന്ന ഒട്ടേറെ അദ്ധ്യായങ്ങള്‍ എഴുതിചേര്‍ത്തു ദേശീയ വിപ്ലവപ്രസ്ഥാനം. ആ പ്രസ്ഥാനത്തില്‍ ഏറ്റവും പ്രശസ്തമായ ഒരു പേരാണ് ചന്ദ്രശേഖര്‍ ആസാദ്. ആസാദിന്‍റെ സഹപ്രവര്‍ത്തകനായിരുന്ന, ആസാദുമായി അടുത്തിടപഴുകയും ചെയ്ത മന്മഥനാഥ്‌ ഗുപ്ത ആസാദിന്‍റെയും മറ്റു വിപ്ലവകാരികളുടേയും ജീവിതത്തിലെ മര്‍മപ്രധാനമായ ചില സംഭവങ്ങള്‍ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്നു ഈ ഗ്രന്ഥത്തില്‍... ..

ഇന്ന് വരെ രക്തസാക്ഷികളുടെ സ്വപനം യാഥാര്‍ത്യമായിട്ടില്ലെന്നും ഉപഭൂഖണ്ഡത്തില്‍ സോഷ്യലിസം നടപ്പാകുമ്പോള്‍ മാത്രമേ അത് സാധ്യമാകൂ എന്നും ഓര്‍മ്മപ്പെടുത്തിയാണ് പുസ്തകം അവസാനിയ്ക്കുന്നത്.

(നേര്‍രേഖ ഓണ്‍ലൈന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ചത്...)

Wednesday, August 21, 2013

കോഴിക്കോടന്‍ മീറ്റ്‌, ഒരു ബിരിയാണി ഉണ്ടാക്കിയ കഥ !!!


                 സംഭവബഹുലമായ കോഴിക്കോടന്‍ ഓണ്‍ലൈന്‍ മീറ്റ്‌ ശുഭപര്യവസായിയായി. പരിപാടിയില്‍ ഒരുപാട് ബ്ലോഗ്ഗെര്‍മാരും ഫേസ്ബുക്ക്‌ പുലികളും ആവേശപൂര്‍വ്വം പങ്കെടുത്തതിലും നല്ല അഭിപ്രായം മാത്രം പറഞ്ഞതിലും പെരുത്ത് സന്തോഷം.          

                മര്യാദയ്ക്ക് മഴയും ആസ്വദിച്ചു മൂടിപ്പുതച്ചു കിടന്നുറങ്ങുന്ന ഒരു നട്ടപാതിരായ്ക്കാണ് കോഴിക്കൊടൊരു ഓണ്‍ലൈന്‍ മീറ്റ്‌ നടത്തണമെന്നൊരു പരിപാടിയുമായി ഫൈസല്‍ കൊണ്ടോട്ടിയും ശ്രീജിത്ത്‌ കൊണ്ടോട്ടിയും ഷജീര്‍ മുണ്ടോളിയും അടക്കമുള്ള ഗള്‍ഫ് ബ്ലോഗ്ഗെര്‍മാര്‍ വിളിക്കുന്നത്. മൂന്നു  ബ്ലോഗ്‌ മീറ്റുകളില്‍ മുന്‍പ് പങ്കെടുക്കുകയും കുറ്റം പറയുകയും ചെയ്തിട്ടുണ്ട് എങ്കിലും ഒരു മീറ്റ് നടത്തിപ്പിന്‍റെ എട്ടിന്‍റെ പണി ഏറ്റെടുക്കേണ്ടി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. അതും പാലക്കാട് പട്ടാമ്പിക്കാരന്‍ ആയ ഞാന്‍ ഒരു കോഴിക്കോടന്‍ ഓണ്‍ലൈന്‍ മീറ്റിന്‍റെ സഹസംവിധായകന്‍ ആവുക!!! പക്ഷേ കോയിക്കോട്ടങ്ങാടി  നമ്മുടെ സ്വന്തം അങ്ങാടി ആയതുകൊണ്ട് സസന്തോഷം ഓക്കെ പറഞ്ഞു.

               ബേപ്പൂര്‍ സുല്‍ത്താന്‍റെ സ്വന്തം നാടായ ബേപ്പൂര്‍ ഭാഗത്തായാണ്‌ ആദ്യം മീറ്റ്‌ സ്ഥലം കണ്ടെത്താന്‍ ശ്രമിച്ചത്, മനസ്സിനിണങ്ങിയ സ്ഥലം കിട്ടാതായപ്പോ ആ പരിപാടി ഉപേക്ഷിച്ചു. പിന്നീടാണ് യാത്രാ സൗകര്യം അടക്കം പരിഗണിച്ചു കൊണ്ട്കോഴിക്കോടിന്‍റെ തിരക്കില്‍ നിന്നല്പംമാറി ഫറോക്ക് ചെറുവണ്ണൂര്‍ കോഴിക്കോടന്‍ ഓണ്‍ലൈന്‍ മീറ്റ്‌ വേദിയായി തീരുമാനിച്ചത്.കഴിഞ്ഞ അഞ്ചാറു വര്‍ഷമായി താമസിക്കുന്നതും കുറച്ചധികം കാലം സജീവ എസ്എഫ്ഐ പ്രവര്‍ത്തനം നടത്തിയതുമായ സ്ഥലം ആയതുകൊണ്ട് പട്ടാമ്പിയേക്കാള്‍ പരിചിതമാണ് ഫറോക്ക് എന്നതും ധൈര്യമായി.

             അങ്ങനെ പ്രവാസവും ബ്ലോഗ്ഗ്‌ എഴുത്തും അവസാനിപ്പിച്ച് നാട്ടില്‍ ബിസിനെസ്സ് നടത്താന്‍  തിരിഞ്ഞു കളിക്കുന്ന ബ്ലോഗ്ഗര്‍ തിരിച്ചിലാനെ പിടികൂടി. പിന്നെ   ഹാള്‍ ബുക്ക്‌ ചെയ്യാനും ഭക്ഷണം ഏര്‍പ്പാടാക്കാനും ഹോട്ടലുകള്‍ അന്വേഷിക്കാനും വാര്‍ത്ത കൊടുക്കാനും മീറ്റിന്‍റെ പെരുമ്പറ കൊട്ടുംപോലുള്ള തിരിച്ചിലാന്‍റെ പുള്‍സര്‍ ബൈക്കില്‍ ഞങ്ങള്‍ നാട്ടിലാകെ മണ്ടി നടന്നു. മീറ്റ്‌ ഹാളും കോയിബിരിയാണിയും ബ്ലോഗ്‌ മാഹാത്മ്യം വിളമ്പി ചുളു വിലയ്ക്ക് അടിച്ചെടുത്തതോടെ പിന്നീടെല്ലാം പെട്ടെന്നായി.  ബ്ലോഗ്ഗും ഫേസ്ബുക്കും വഴി പരസ്യം കൊടുത്തും ഐഎസ്ഡി വിളിച്ചും ആളെകൂട്ടാന്‍ ദുഫായിക്കാരും കച്ചകെട്ടി ഇറങ്ങിയതോടെ മീറ്റിനു കൊടികേറി.

                   ഓണ്‍ലൈന്‍ മീറ്റ്‌ എന്ന് പേരിട്ടത് ബ്ലോഗ്ഗിനു പുറത്ത് ഫേസ്ബുക്കിലും ട്വിട്ടെരിലും ബ്ലോഗ്‌ എഴുതുന്നവരെ കൂടി ഉള്‍ക്കൊള്ളിക്കാന്‍ വേണ്ടിയാണ്. അതേതായാലും ഒരു പരിധി വരെ ഏറ്റു. ഒരു പ
രിധി വരെ മാത്രം. ബ്ലോഗ്ഗില്‍ എഴുതുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നവര്‍ തമ്മിലുള്ള ബന്ധം  ഫേസ്ബുക്കില്‍ ലൈക്ക് അടിച്ച് അര്‍മാദിക്കുന്നവരില്‍ തുലോം കാണ്മാനില്ല എന്ന് പറഞ്ഞെ പറ്റൂ.  പരസ്പരം കാണാനും സൗഹൃദം പങ്കുവെക്കാനും ഉള്ള സുവര്‍ണ്ണാവസരത്തെ ബ്ലോഗ്‌ ഇതര ഫേസ്ബുക്ക്‌ ഗ്രൂപ്പുകള്‍ തീരെ അവഗണിച്ചു എന്നതാണ് അനുഭവം.

http://www.youtube.com/watch?v=QFjga9vsY5M

                പക്ഷേ ഏറെ ആവേശം ജനിപ്പിച്ച മറ്റൊരു കാര്യം ബ്ലോഗ്ഗിനെയും ഓണ്‍ലൈന്‍ എഴുത്തിനെയും പറ്റി അറിയാനും ഈ കൂട്ടായ്മയുടെ ഭാഗമാകാനും വേണ്ടി എത്തിയ ഒരു വലിയ എണ്ണം ആളുകളാണ്. അതും മീറ്റിന്‍റെ രണ്ടു ദിവസം മുന്‍പ് മാത്രമാണ് ഓണ്‍ലൈന്‍ ലോകത്തിനു പുറത്ത് പത്രമാധ്യമങ്ങളിലൂടെ ഈ പരിപാടിയുടെ അറിയിപ്പുകള്‍ വന്നത് എന്നതുകൂടി കണക്കില്‍ എടുക്കുമ്പോള്‍. ദേശാഭിമാനിയുടെയും മാതൃഭൂമിയുടെയും ചെറിയ കോളം വാര്‍ത്തകണ്ട് ഏറെ ആകാംഷയോടെ  സംഘാടകരെ വിളിച്ചവര്‍ ഒരുപാടാണ്‌. ഓണ്‍ലൈന്‍ എഴുത്തിനെ അടുത്തറിയാന്‍ മീറ്റിനു എത്തിയവരില്‍ കോളേജ് വിദ്യാര്‍ഥികള്‍ മുതല്‍ റിട്ടയെര്‍ഡ് സര്‍ക്കാര്‍ ജീവനക്കാര്‍ വരെ ഉണ്ടായിരുന്നു. ഈ മീറ്റ് സഫലമായതും അവരുടെ പങ്കാളിത്തത്താല്‍ ആണ്. പ്രിന്‍റ് മീഡിയ വഴിയും കോഴിക്കോട് കേന്ദ്രീകരിച്ചു മറ്റു വഴികളിലൂടെയും കൂടുതല്‍ പ്രചാരണം കൊടുക്കാന്‍ സാധിക്കാത്തതില്‍ ഏറെ വിഷമം തോന്നിയത് മീറ്റിനു തലേ ദിവസം രാത്രി പന്ത്രണ്ടിനോട് അടുത്ത് പരസ്യം കണ്ട ഒരാള്‍ ഒട്ടൊരു അങ്കലാപ്പോടെ വിളിച്ചപ്പോളാണ്, റെജിസ്സ്ട്രഷന്‍ സമയം കഴിഞ്ഞോ എന്നാണു വൈകി വിളിച്ചതിലുള്ള ക്ഷമാപണത്തോടൊപ്പം അദ്ദേഹം ചോദിച്ചത്!!!

            ഒരുപാട് പ്രതികൂലഘടകങ്ങള്‍ ഉള്ളതിനാലാകാം പല ബ്ലോഗ്ഗെര്‍മാര്‍ക്കും പരിപാടിയില്‍ എത്തിച്ചേരാന്‍ കടുത്ത ബുദ്ധിമുട്ട് നേരിട്ടത്. തുറന്ന മനസ്സോടെ പറയട്ടെ, ആ ഘടകങ്ങള്‍ക്കൊക്കെ അപ്പുറത്തേക്ക് ഓണ്‍ലൈന്‍ എഴുത്തുകാരുടെ വിശാലമായ കൂട്ടായ്മയ്ക്ക് കളമൊരുക്കാന്‍ അടുത്ത മീറ്റ്‌ ആകുംപോളെക്കുംനമുക്ക്സാധിക്കും എന്ന് എനിക്കുറപ്പാണ്. ചില്ലറ സൌന്ദര്യപിണക്കങ്ങള്‍  ഇന്നും ശൈശവദശ പിന്നിടാത്ത ഈ-എഴുത്തിനെ അപഹാസ്യമാക്കുംവിധം മാറ്റരുത് എന്ന അപേക്ഷയെയുള്ളൂ.

               ഒരുപാട് തിരക്കുകള്‍ക്ക് ഇടയില്‍ നിന്നും ഇത്രയും ദൂരം യാത്ര ചെയ്ത്  മീറ്റിന് എത്തിയ ജയന്‍ ഡോക്ടര്‍ക്കും സജിം മാഷിനും ഷെരീഫ് ഇക്കയ്ക്കും അതുപോലെ പലര്‍ക്കും നന്ദി പറയാതെ വയ്യ. ബ്ലോഗ്‌ ശില്പശാല വിജയകരമാക്കിയ സാബു കൊട്ടോട്ടി, വിശക്കുന്ന വയറുകളെ മാജിക് കാട്ടി മയക്കിയ മജീഷ്യന്‍ പ്രദീപ്‌ ഹുടിനോ,  മീറ്റ്‌ ഉത്ഘാടനം ചെയ്ത ശ്രീ വി ആര്‍ സുധീഷ്‌ ഏവര്‍ക്കും നന്ദി. പുസ്തകം പ്രകാശനം ചെയ്ത ബ്ലോഗ്ഗര്‍ ശിവകാമിയ്ക്ക് അഭിനന്ദനങ്ങളും.  അതുപോലെ നാട്ടിലെത്താന്‍ കാത്തിരിക്കുംപോളും അങ്ങ് ദൂരെ ഇരുന്ന് മീറ്റിനു വേണ്ടി എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വവും നിര്‍ദേശങ്ങളും നല്‍കിയ നാട്ടിലെത്തിയ ഉടന്‍ ഓടിയെത്തി സംഘാടനത്തിന് നേതൃത്വം നല്‍കിയ ബ്ലോഗ്ഗെര്‍മാര്‍ ശ്രീജിത്ത്‌ കൊണ്ടോട്ടി, ഫൈസല്‍ കൊണ്ടോട്ടി, ഇസ്മയില്‍ ചെമ്മാട്, ഷജീര്‍ മുണ്ടോളി, ഇംതിയാസ് ആചാര്യന്‍, റഷീദ് പുന്നശ്ശേരി,ഫൈസല്‍ ബാബു, പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കിലും ഗംഭീരമായ മീറ്റ്‌ ലോഗോ ഡിസൈന്‍ ചെയ്ത് മീറ്റിന്‍റെ ഭാഗമായ ബിജു കൊട്ടില, മീറ്റ്‌ "മ" റേഡിയോ വഴി തത്സമയം സംപ്രേക്ഷണം ചെയ്ത ദേവന്‍ തൊടുപുഴ.. അങ്ങനെ ഓരോരുത്തരും ആണ് ഈ മീറ്റ്‌ സാധ്യമാക്കിയത്.

                 മറ്റൊന്ന് നമ്മുടെ പ്രതീക്ഷയ്ക്കും അപ്പുറത്ത് ഈ മീറ്റിനു ലഭിച്ച മാധ്യമ പിന്തുണയാണ്. റിപ്പോര്ട്ടര്‍, മനോരമ, പ്രാദേശിക ചാനല്‍ KCL തുടങ്ങിയ ചാനലുകള്‍, വാര്‍ത്ത പ്രസിദ്ധീകരിച്ച ദേശാഭിമാനി, മാതൃഭൂമി, മനോരമ, കൌമുദി അടക്കമുള്ള പത്രങ്ങള്‍, ഇവരും ഈ മാദ്ധ്യമത്തെ ജനങ്ങളില്‍ എത്തിച്ചു.  മീറ്റ്‌ വാര്‍ത്ത അത്യധികം പ്രാധാന്യത്തോടെ സംപ്രേക്ഷണം ചെയ്ത മാതൃഭൂമി ചാനലിന് പ്രത്യേക നന്ദി.


ലാസ്റ്റ് എഡിഷന്‍:  ഈറ്റിനുള്ള കോഴിയെ പിടിക്കാന്‍ ഓടുന്ന തിരക്കിനിടയില്‍ അധികമാരെയും പരിചയപ്പെടാനും  സംസാരിക്കാനും സാധിച്ചില്ല എന്ന വിഷമം ബാക്കിയുണ്ട്.  പിന്നെ മീറ്റിനും ഗ്രൂപ്പിനും ബിരിയാണിക്കും അപ്പുറത്തേക്ക് ഒരു നിമിഷം മാത്രം ഓര്‍മയുണ്ട്, ഓണ്‍ലൈന്‍ എഴുത്തിനെ പറ്റിയറിയാന്‍ വന്ന് ആദ്യാവസാനം ആവേശപൂര്‍വ്വം പങ്കെടുത്ത് പോകാന്‍ നേരം "ഇങ്ങനെ ഒരു ലോകം ഇവിടെ ഉണ്ടെന്ന് അറിയാന്‍ ഏറെ വൈകി, ഒരു അടുത്ത ബന്ധു വീട്ടിലെ കല്ല്യാണത്തില്‍ പങ്കെടുക്കും പോലെ, ഇത്ര അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്ന ആളുകള്‍!!! പങ്കെടുക്കാന്‍ സാധിച്ചതില്‍ വല്ലാത്ത സന്തോഷം" എന്ന് പറഞ്ഞ് പ്രായാധിക്യത്തിന്‍റെ ചുളിവ് വീണ ആ കൈകള്‍ എന്‍റെ കൈകള്‍ കൂട്ടി പിടിച്ച ആ നിമിഷം!!! അത് മാത്രം മതി ഈ കൂട്ടായ്മയുടെ ലോകം ഇവിടെ അവസാനിക്കില്ല എന്ന് ഉറപ്പിക്കാന്‍. . 
Related Posts Plugin for WordPress, Blogger...