Friday, March 11, 2011

പ്ലാസ്റ്റിക്‌ കവര്‍ നിന്റെ കൈയ്യില്‍ വച്ചാ മതി

"പ്ലാസ്റ്റിക്‌ കവര്‍ നിന്‍റെ  കൈയ്യില്‍ വച്ചാ മതി.  ദിവസവും നിന്‍റെ  കവര്‍ കൊണ്ട്പോയി കൊണ്ട്പോയി  ഇന്നലെ പറമ്പ് കിളച്ചപ്പോ ആകെയുള്ള  പത്തു സെന്റില്‍ കൈക്കോട്ട് ചെല്ലുന്നിടത്തെല്ലാം  പ്ലാസ്റ്റിക്കാ. എല്ലാം കൂട്ടിയിട്ട് കത്തിക്കാം എന്ന് വച്ചാ അയല്‍പക്കതുള്ളവര്‍ക്കും കൂടി ബുദ്ധിമുട്ട്.  സാധനം എല്ലാം കടലാസില്‍ പൊതിഞ്ഞു ദാ ഈ സഞ്ചിയിലേക്ക് ഇങ്ങു ഇട്ടോ." ഹോ കണ്ണ് നിറഞ്ഞു പോയി ഇന്നലെ ഒരു പലചരക്ക് കടയില്‍ ഈ സംഭാഷണം കേട്ടപ്പോ.!!!

                          ഞാന്‍ വിടുമോ? ബിസ്കറ്റ് പാക്കറ്റ് പ്ലാസ്റ്റിക്‌  കവറില്‍ ഇട്ടു തന്ന കടക്കാരനോട് ഞാനും പറഞ്ഞു, " കവര്‍ വേണ്ട ചേട്ടാ, അതൊരു കടലാസില്‍ പൊതിഞ്ഞു ഇങ്ങു തന്നേക്ക്‌"""!!!

             കടക്കാരന്‍ അടക്കം ആ പരിസരതുള്ളവര്‍ മൊത്തം എന്നെ ഒരു നോട്ടം. 
 ഹോ "ബ്ലോഗ്ഗിങ്ങിനൊപ്പം പ്രചരിക്കുന്നു ഒരു സംസ്കാരം" എന്നൊരു അശരീരി എവിടുന്നോ എന്റെ കാതില്‍ മുഴങ്ങി എന്ന് പറഞ്ഞാ  പോരെ ? 
                
               പ്ലാസ്റ്റിക്‌ മാലിന്യം ഉയര്‍ത്തുന്ന പ്രശ്നങ്ങളെ കുറിച്ചരിയാത്തവര്‍ അല്ല ഈ ബ്ലോഗ്‌ വായിക്കുന്നവര്‍ ആരും തന്നെ. അതിനാല്‍ ഇനി അതിനെ പറ്റി ഘോരഘോരം ഗീര്‍വാണം അടിക്കാനോന്നും ഞാനില്ല. എന്തായാലും ഇതൊരു നല്ല ലക്ഷണം ആണ്. മലയാളിയുടെ മാറുന്ന ശീലം. അങ്ങാടിയിലേക്ക് ഇറങ്ങുമ്പോ കക്ഷത്തില്‍ ഒരു തുണി സഞ്ചിയും കരുതുന്ന സംസ്കാരത്തിന്റെ തിരിച്ചു വരവ്. പ്ലാസ്റ്റിക്‌ മാലിന്യങ്ങല്‍ക്കെതിരെ മലയാളി ജാഗ്രത പുലര്‍ത്തി തുടങ്ങി എന്നതിന്റെ ലക്ഷണം.

                           പക്ഷെ പ്ലാസ്റ്റിക്‌ ബാഗ്‌ വേണ്ടെന്നു പറയാന്‍ കോഴിക്കോട്ടെ ആ നാട്ടിന്‍പുറത്തുകാരന്‍ കാണിച്ച ആര്‍ജവം കാണിക്കാന്‍ സാക്ഷരസംസ്കാരിക കേരളത്തില്‍ എത്രപേര്‍ തയ്യാറാകും എന്നത് കൂടി പരിശോധികെണ്ടിയിരിക്കുന്നു.    കടയില്‍ പോയി സാധനം വാങ്ങുമ്പോള്‍ "എനിക്ക് പ്ലാസ്റ്റിക്‌ കവര്‍ വേണ്ട" എന്ന് പറയാന്‍ ഉള്ള ഉറച്ച തീരുമാനം നമ്മുടെ പ്രിയപ്പെട്ട ഭൂമിയോടും അന്തരീക്ഷത്തോടും നമ്മള്‍ കാണിക്കുന്ന ചേതമില്ലാത്ത ഒരു ഉപകാരമാകും. പക്ഷെ അതെത്ര വലിയ നന്മയാണെന്ന് ഒന്നോര്‍ത്തു നോക്കു.

                    ഓരോ വ്യക്തിയും ഇത്തരത്തില്‍ നിലപാട് എടുക്കുമ്പോള്‍ സ്വാഭാവികമായും പ്ലാസ്റ്റിക്‌ ഉത്പന്നങ്ങള്‍ കുറയുകയും പരിസ്ഥിതിക്ക് കോട്ടം വരുത്താത്ത രീതിയില്‍ ബദല്‍ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തുകയും ചെയ്യും. ഒരു തുണി സഞ്ചി കൈയ്യില്‍ കരുതുന്നതിന്റെ ബുദ്ധിമുട്ടാണോ നിങ്ങളെ അലട്ടുന്നത്? ഈ പ്ലാസ്റ്റിക്‌ കവറുകള്‍ ഉണ്ടാക്കുന്ന ബാധ്യത വച്ച് നോക്കുമ്പോള്‍ അതെത്രയോ ചെറുതാണ്!!!!

ലാസ്റ്റ് എഡിഷന്‍: ഓര്‍മിക്കൂ ഇന്ന് പ്ലാസ്റ്റിക്‌ ബാഗ്‌ നിരസിച്ച്   അരസികനാകുന്ന നിങ്ങള്‍ വരും തലമുറയുടെ ഹീറോ ആകും.!!!
പ്ലാസ്റ്റിക്‌ മാലിന്യ വിമുക്ത കേരളത്തിനായി ഒരു ചെറിയ കാല്‍വെപ്പ്‌ . .

4 comments:

  1. നല്ല ശ്രമം സുഹൃത്തേ.
    അതുപോലെ തന്നെ യാത്രയില്‍ ഒരു കുപ്പി വെള്ളവും വീട്ടില്‍ നിന്ന് കരുതുക.

    ReplyDelete
  2. പത്രക്കാരന്‍ പറഞ്ഞതിനോട് പടാര്‍ ബ്ലോഗ്‌ നൂറു ശതമാനവും യോജിക്കുന്നു...

    ReplyDelete
  3. ഞാനും യോജിക്കുന്നു.,
    പ്ലാസ്റ്റിക്കിനെ ഉപേക്ഷിക്കൂ..ഭൂമിയെ രക്ഷിക്കൂ..,
    എല്ലാ പ്രവർത്തനങ്ങൾക്കും അഭിനന്ദനങ്ങൾ

    ReplyDelete
  4. പത്രക്കാരന്‍ വളരെ നന്നാകുന്നു....ഭൂലോകത്ത് വൈകി വന്നവനാണ് എന്ന് തോന്നില്ല....വളരെ നല്ല വിഷയം, നല്ല അവതരണം.....സിപി ഐഎമ്മിനു എതിരിലുള്ള വാര്‍ത്തകള്‍ മാത്രം കണ്ടെത്തി പോസ്റ്റി വിലസുന്നവര്‍ക്ക് മാത്രകയാണിത്....ചെറിയോന്‍ പറഞ്ഞാലും ചെവിയില്‍ കേക്കണം എന്ന് നമ്മുടെ നാട്ടില്‍ ഒരു ചൊല്ലുണ്ട്.... അഭിനന്ദനങ്ങള്‍.....

    ReplyDelete

Related Posts Plugin for WordPress, Blogger...