Friday, May 3, 2013

ഒരു മേശവണ്ടിയോടിച്ച കഥ !!!!

       
           ആദ്യത്തെ തവണ  പ്രായപൂർത്തി അയതിന്റെ പിറ്റേന്ന് തന്നെ ഓടിപ്പോയി ബൈക്ക് ലൈസൻസ് എടുത്തെങ്കിലും നാല് ചക്രത്തിന്റെ കാര്യം നീണ്ടു നീണ്ടു പോയി, ഒടുവിൽ ഒരുപാട് വൈകി ഈയടുത്താണ് കാർ ഡ്രൈവിംഗ് പഠിക്കാൻ തുടങ്ങിയത്. 

        പഴയ മോഡൽ ഗ്രിണ്ട്ലേയ്സ് കാർ ആയിരുന്നു കുട്ടിക്കാലത്ത് ഞാൻ ആദ്യം ഓടിച്ച കാർ. അതേതാ ഈ ഗ്രിണ്ട്ലേയ്സ് എന്നാരും സംശയിക്കേണ്ട. ബ്രിട്ടീഷുകാരുടെ കാലത്ത് ഗ്രിണ്ട്ലേയ്സ് ബാങ്കിൽ പ്യൂണ്‍ ആയി ജോലി ചെയ്ത എന്റെ അച്ചാച്ചൻ റിട്ടയർ ചെയ്തു പോരുമ്പോ കൊണ്ട് വന്നതെന്ന് പറയപ്പെടുന്ന ഒരു പഴയ മരമേശയാകുന്നു  ഗ്രിണ്ട്ലേയ്സ് കാർ. (അച്ഛമ്മയുടെ വക പുളു ആണോ എന്നറിയില്ല).  പിന്നീട് സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് ആയിമാറിയെങ്കിലും മരിക്കും വരെ അച്ചാച്ചൻ ബാങ്കിനെ ഗ്രിണ്ട്ലേയ്സ് എന്നാണു പറഞ്ഞുകൊണ്ടിരുന്നത്... 


               മേശ എന്ന് പറയുമ്പോ തറവാട് വീടിന്റെ ഉമ്മറത്ത് പിന്നീട് ടിവി വെക്കാൻ ഉപയോഗിക്കുകയും  അന്നൊക്കെ  റേഡിയോ വെയ്ക്കാനും  ഇസ്തിരിയിടാനും ഉപയോഗിക്കപ്പെട്ടിരുന്നതുമായ മേശ. അതിന്റെ അടിയിൽ ഇരുന്നാണ് ഞാൻ ആദ്യമായി "വളയം പിടിക്കുന്നത്". വളയം എന്ന് പറയുമ്പോ പഴയൊരു സ്റ്റീൽ പാത്രത്തിന്റെ പൊട്ടിപോന്ന വട്ടകഴുത്ത്!! ഒരിക്കൽ താമരശ്ശേരി ചുരം തിരിക്കുന്നതിന്റെ  ആവേശത്തിൽ ആണെന്ന് തോന്നുന്നു അതിന്റെ അറ്റം കൊണ്ടെന്റെ കൈ മുറിയുകയും ചെയ്തു!!!   
        
                       ഞങ്ങടെ നാട് മുഴുവൻ കുന്നും മലയും കയറ്റവും ഇറക്കവും ഒക്കെ ആയോണ്ട്    ഇടയ്ക്കിടെ ഗിയർ മാറ്റേണ്ടി വരും. അതിനും വഴിയുണ്ട്, മേശയുടെ ചവിട്ടു പലകയിൽ കെട്ടിവച്ച പ്ലാസ്റ്റിക്‌ ക്രിക്കറ്റ്‌ ബാറ്റ് നല്ല ഉഗ്രൻ ഗിയർ ആയിരുന്നു. അമ്മയുടെ വീട്ടിലേക്കു പോകാനുള്ള MR ബസ്സിലെ ഡ്രൈവറും എന്റെ വല്ല്യമ്മയുടെ പഴയ ക്ലാസ്സ്മേറ്റും അന്നത്തെ എന്റെ ആരാധനാ പാത്രവുമായിരുന്ന മണികണ്ടൻ ചേട്ടന്റെ സ്വാധീനമാകാം ഗിയർ പൊട്ടി കയ്യിൽ പോരുന്നത് നിത്യ സംഭവം ആയി. പഴയ ബസ്സിന്റെ ഒരു ഗിയർ കൊച്ചിയിലും മറ്റേത് കൊയിലാണ്ടിയിലും ആയിരിക്കുമല്ലോ? 

               ക്ലച്ചും ബ്രേക്കും ആക്സിലറേറ്ററുമൊക്കെ കിടിലൻ ഹവായ് ചപ്പലുകൾ ചരിച്ചു വച്ചിട്ടുണ്ടാകും ചവിട്ടുപലകയിൽ. അതിങ്ങനെ അമർത്തിച്ചവിട്ടിയാൽ വണ്ടി പറപറക്കും.  എന്നാലും ബ്രേക്ക് ഇടയ്ക്കിടെ ചവിട്ടി നോക്കും. വേറൊന്നും കൊണ്ടല്ല, ഒരിക്കൽ അമ്മവീട്ടിൽ പോകും  വഴി MR ബസ്‌ ബ്രേക്ക് പോയി കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ കൂട്ടിയിട്ടതിൽ ഇടിച്ചു നിന്നപ്പോ ഞാനും ഉണ്ടായിരുന്നല്ലോ ഫ്രെണ്ടിൽ തന്നെ!!!    

          വൈപ്പർ പണ്ടേ നമ്മുടെയൊരു വീക്നെസ് ആണ്!!!  കനത്ത മഴയോട് പൊരുതികൊണ്ട് ഡ്രൈവർക്ക് കാഴ്ചയോരുക്കാൻ ഈ കൊച്ചു കമ്പിനെങ്ങനെ കഴിയുന്നു എന്ന് ആശ്ചര്യപെട്ടിട്ടുണ്ടോരുപാട്!!! അതുകൊണ്ട് തന്നെ മേശയുടെ മുകളിൽ നിന്നും പഴയ മീറ്റെർ സ്കേൽ ഒരെണ്ണം  തൂക്കിയിടാൻ മറക്കാറില്ല  . . .

ലാസ്റ്റ് എഡിഷൻ : കാർ ആണെങ്കിലും ബസ്‌ ആണെങ്കിലും പള്ളിപ്പുറം പട്ടാമ്പി റൂട്ടിൽ ആണ് സ്ഥിരമായി ഓടാറ്. ആ റൂട്ടിലെ കുണ്ടും കുഴിയും വളവും തിരിവുമൊക്കെ നമുക്ക് മനപ്പാഠമാണല്ലോ!!! അങ്ങനെ ഓടിച്ചോടിച്ച്‌ ഒരു 4 C യിൽ ഒക്കെ എത്തിയപ്പോളാണ് നമ്മൾ ആ ഡ്രൈവിംഗ് നിർത്തുന്നത്. ഇപ്പൊ എന്തോ  ഒരിക്കൽ കൂടി ആ നാലാം ക്ലാസ്സുകാരൻ ആകാൻ സാധിച്ചിരുന്നെങ്കിൽ എന്ന് വെറുതെ മോഹിക്കുവാൻ ഒരു മോഹം . .  .!!!!!

15 comments:

 1. അതൊക്കെ പോട്ടെ...
  ലൈസന്‍സുണ്ടായിരുന്നോ ഗ്രീന്‍ഡ്ലേസ് വണ്ടിയോടിയ്ക്കാന്‍..??

  ReplyDelete
 2. അന്നത്തെ പരിചയം ഇപ്പോൾ തുണയായിട്ടുണ്ടാകും അല്ലെ..
  ഒരു റ്റെന്റൻസി എല്ലാറ്റിനും നല്ലതാണ് .

  ReplyDelete
 3. കൊള്ളാം
  വണ്ടിക്കു ഇന്ഷുർ ഉണ്ടായിരുന്നില്ലേ ? മേശ വണ്ടിക്കു

  ReplyDelete
 4. കഥാനായകനായ മേശയാണ് ചിത്രത്തിൽ

  ReplyDelete
 5. @ Ajith, ഇടശ്ശേരിക്കാരന്(വെടിവട്ടം) :
  രണ്ടും ഇല്ല, പകരം വണ്ടിയിന്മേൽ PRESS എന്ന് എഴുതി വച്ചിരുന്നു !!!

  ReplyDelete
 6. വൈപ്പർ പണ്ടേ നമ്മുടെയൊരു വീക്നെസ് ആണ്!!! കനത്ത മഴയോട് പൊരുതികൊണ്ട് ഡ്രൈവർക്ക് കാഴ്ചയോരുക്കാൻ ഈ കൊച്ചു കമ്പിനെങ്ങനെ കഴിയുന്നു എന്ന് ആശ്ചര്യപെട്ടിട്ടുണ്ടോരുപാട്!!! ഇതെനിക്ക് വളരെ ഇഷ്ടപ്പെട്ടു കുട്ടിക്കാലത്ത് ഞാനും ഇതിന്റെ "ഗുട്ടൻസ് " പിടികിട്ടാനായി കുറെ ആലോചിച്ചിട്ടുണ്ട്....

  ReplyDelete
 7. ആ വൈപ്പറിന്റെ കാര്യം ഞാനും കുറെ ചിന്തിച്ചതായിരുന്നു. മേശവണ്ടി നന്നായി :)

  ReplyDelete
 8. സുഖമുള്ളഓര്‍മ്മകള്‍ !! നന്നായിരിക്കുന്നു ...
  (ആദ്യത്തെ തവണ പ്രായപൂർത്തി അയതിന്റെ) അക്ഷര തെറ്റ് :)

  ReplyDelete
 9. കൊള്ളാം, ഓർമകളിലെ വണ്ടിയോട്ടവും വണ്ടി വീഴ്ചയും ഇനിയും വരട്ടെ

  ReplyDelete
 10. mesha vandi ishttayee ttttooooo....


  ReplyDelete
 11. വിവരണങ്ങള്‍ രസകരമായി അനുഭവിച്ചു...
  പള്ളിപ്പുറം പട്ടാമ്പി റോഡിലെ മനോഹരമായ കാഴച്ചകള്‍ പോലെ..

  ReplyDelete
 12. ഇത്തരമൊരു വണ്ടിയോടിക്കാത്തവരായി ആരുണ്ടാവും.., ഇപ്പോഴത്തെ കുട്ടികൾക്കിതൊക്കെ അന്യമാകുന്നുവോ..

  ReplyDelete
 13. കൊള്ളാം കേട്ടൊ ഭായ് ഈ നാലാം ക്ലാസ്
  സമയത്തെ വണ്ടിയോടിക്കൽ സ്മരണകൾ...

  ReplyDelete
 14. കാന്തം പുറകില്‍ വെച്ചുകെട്ടി കാര്‍ ഓടിക്കുന്ന ഒരു പതിവ് എനിക്കും ഉണ്ടായിരുന്നു.. ആ നല്ല ഓര്‍മകളിലേക്ക് കൊണ്ട് പോയി.. :)

  ReplyDelete

Related Posts Plugin for WordPress, Blogger...