
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരവുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തില്‍ സൂപ്പര്‍ താര സ്വത്തു വിഷയത്തില്‍ വരും ദിവസങ്ങളില്‍ അഖില ലോക മലയാളീസ് നടത്താനിടയുള്ള അഭിപ്രായ പ്രകടനങ്ങളെ നമുക്കൊന്ന് സങ്കല്പ്പിച്ചു നോക്കാം...
1) സ്വത്തുക്കള്‍ സൂപ്പര്‍ താരങ്ങളുടെതാണ്. കണക്കില്‍ പെട്ടതോ പെടാത്തതോ ആകട്ടെ, അത് അവര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. അത് അവരെ തിരികെ ഏല്‍പ്പിക്കുക
2) സ്വത്തുക്കള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം.അത് പാവങ്ങള്‍ക്ക് വിതരണം ചെയ്യുകയോ ജനോപകാരപ്രദമായ നടപടികള്‍ക്കായി ഉപയോഗിക്കുകയോ ചെയ്യണം( ഇത് പറഞ്ഞവന്റെ വീട് നോക്കി വെക്കാന്‍ ഫാന്‍സുകാര്‍ മറക്കണ്ട)!!!!
3) സ്വത്തുക്കള്‍ സിനിമയുടെതാണ്. അത് സിനിമാപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണം. പുതിയ തീയെറ്റെറുകള്‍ തുറക്കണം. (നിലവില്‍ കുത്തുപാളയെടുത്ത് പൂട്ടിക്കിടക്കുന്നവ കുത്തിതുറന്നാലും മതി)
4) സ്വത്തുക്കള്‍ മലയാള സിനിമയുടെ പൊതു സ്വത്തല്ല. ലാലേട്ടന്റെ സ്വത്തുക്കള്‍ ലാല്‍ ഫാന്‍സ്നും മമ്മൂക്കയുടെ സ്വത്തുക്കള്‍ മമ്മൂക്ക ഫാന്‍സിനും വീതിച്ചു നല്‍കണം. അസോസിയേഷന്‍ന്റെ കഷ്ടതയനുഭവിക്കുന്ന യൂണിറ്റുകള്‍ക്ക് സഹായം നല്കാന് ഇതുപയോഗിക്കാം.
5) സ്വത്തുക്കള്‍ മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമാണ്. അവ ഒരു മ്യൂസിയത്തില്‍ സൂക്ഷിക്കണം. അതില്‍ നിന്നും കിട്ടുന്ന വരുമാനം സൂപ്പറുകളുടെ സൂപ്പര്‍ ഫ്ലോപ്പ് പടമെടുത്ത് പൊട്ടിപ്പാളീസായ നിര്‍മാതാക്കള്‍ക്ക് പെന്ഷന് നല്‍കാം ....
6) ചില താരങ്ങളുടെ മാത്രം കൈയ്യില്‍ സ്വത്തുക്കള്‍ കുമിഞ്ഞു കൂടരുത്. അവ മലയാളത്തിലെ എല്ലാ സിനിമാ താരങ്ങള്‍ക്കും വീതിച്ചു നല്‍കണം...
7)ഇത് കാലങ്ങള്‍ ആയി സിനിമാ പ്രേമികള്‍ കാണിക്കയായി ഇട്ട പണമാണ്. അത് അതെ പോലെ നിലനിര്‍ത്തണം
8)മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളെ പറ്റി എല്ലാരും പറയുന്നു.. ഉഗാണ്ടയിലെ താരങ്ങളെ പറ്റി ഇങ്ങനെ പറയാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ? മലയാളത്തില്‍ സിനിമയില്‍ നിന്നുള്ള വരുമാനം സിനിമസ്വം ബോര്‍ഡ് വഴി സര്‍ക്കാരിന് ലഭിക്കുന്നു. ഉഗാണ്ടയില്‍ സിനിമയില്‍ നിന്നുള്ള വരുമാനം ആര്‍ക്കാണ് ലഭിക്കുന്നത് എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
9) മുഴുവന്‍ സ്വത്തുക്കളും തിലകനെയും അഴീക്കോടിനെയും ഏല്‍പ്പിക്കണം...
10) ഈ സ്വത്തു ഉപയോഗിച്ച് ഏലിയന്‍ സ്റ്റാര്‍ പണ്ഡിറ്റ്ജിയുടെ "കൃഷ്ണനും രാധയും" എന്ന ചിത്രം ഹോളിവുഡില്‍ നിര്‍മിക്കണം
ലാസ്റ്റ് എഡിഷന് : "ഞാനും സൂപ്പര്‍ സ്റ്റാര്‍ ആണ്. എന്റെ വീടും റൈഡ് ചെയ്യണം. എന്റെ വീട് ഒഴിവാക്കിയ ആദായ നികുതി വകുപ്പിനെതിരെ പരാതി നല്‍കും. വയസ്സായ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഇനി ഈ സ്വത്തില്‍ അവകാശമില്ല. മുഴുവന്‍ സ്വത്തുക്കളും എന്നെ ഏല്‍പ്പിച്ച് അവര്‍ എനിക്ക് വഴി മാറിത്തരണം" -- സൂപ്പര്‍സ്റ്റാര്‍ പ്രിഥ്വിരാജപ്പന്‍