Tuesday, July 12, 2011

ശ്രീപത്മനാഭ ബമ്പര്‍ ലോട്ടറി അഥവാ കയ്യാല പുറത്തെ തേങ്ങ!!!

                               നമ്മുടെ തിരോന്തരത്തെ ശ്രീപത്മനാഭ ക്ഷേത്രം ലോക ശ്രദ്ധ ആകര്‍ഷിച്ചിട്ട് കുറച്ചു ദിവസമായി.. ഒന്നും രണ്ടുമല്ല ഏതാണ്ട് ഒരു ലക്ഷം കോടിയുടെ മൊതലാണ് പപ്പന്‍ ദൈവത്തിന്റെ  നിലവറയില്‍ ഒളിച്ചു വച്ച നിലയില്‍ കാണപ്പെട്ടത്. ഇമ്മിണി വല്ല്യേ ക്ഷേത്രത്തിന്റെ  നിലവറയില്‍ ഇത്രമാത്രം സ്വത്തുവഹകള്‍ ഉണ്ടാകുമെന്നത് സാക്ഷാല്‍ ശ്രീപത്മനാഭന്‍ പോലും അറിഞ്ഞു കാണാനിടയില്ല. നിധികുംഭത്തിന്റെ പ്രൌഡികണ്ടു കണ്ണ് മഞ്ഞളിച്ച അഖില ലോക മലയാളീസും ഇപ്പൊ പത്മനാഭന്‍ ഫാന്‍സ്‌ ആയിമാറിയിരിക്കുകയാണ്.  കാവി ഉടുത്തു കാശിക്ക് പോയവനും കറുപ്പ് ഉടുത്ത് ശബരിമലക്ക് പോയവനുമൊക്കെ ഇപ്പൊ തിരുവനന്തപുരത്തെക്ക് ടിക്കറ്റ്‌ എടുക്കാന്‍ ഓടുകയാണ്. ഇങ്ങനെ ഭക്തി മൂത്താല്‍ അനന്തപുരിയില്‍ ഖദര്‍ധാരികളെക്കാളും കൂടുതല്‍ കാഷായധാരികള്‍ ആകുമെന്നുറപ്പ്!!! എവിടെ എങ്കിലും തെന്നി വീഴുമ്പോ അയ്യപ്പാ, ഗുരുവായൂരപ്പാ എന്നൊക്കെ വിളിച്ചിരുന്നവര്‍ വരെ അത് മാറ്റി "ശ്രീപത്മനാഭാ" എന്നാക്കി എന്നും കേള്‍ക്കുന്നു. എല്ലാം നിധി കൊണ്ട് വന്ന ഐശ്വര്യം ആണ്.  നിധിയില്‍ തൊട്ടാല്‍ തൊട്ടവനെ തട്ടും എന്നുറപ്പിച്ചാണ് ഫാന്‍സ്‌ നില്‍ക്കുന്നത്. അതിന്റെ ഒരു സാമ്പിള്‍ വെടിക്കെട്ട്‌ പാവം കലാനാഥന്‍ മാസ്റ്ററുടെ നെഞ്ചത്തോട്ട് കാണിക്കുകയും ചെയ്തു.                 

                       എന്തൊക്കെ ബഹളമായിരുന്നു? നിധി അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണം, പാവങ്ങള്‍ക്ക് വിതരണം ചെയ്യണം, ട്രുസ്റ്റുണ്ടാക്കണം, ആരോഗ്യ ഇന്‍ഷൂറന്‍സ് നടപ്പാക്കണം, നഷ്ടത്തിലോടുന്ന അമ്പലങ്ങളിലെ ദൈവങ്ങളെ സഹായിക്കണം...    നിധിയുടെ വലുപ്പം അറിഞ്ഞപാട് അറിയാത്ത പാട് തുടങ്ങിയതാണ്‌ ബൂലോകത്തും ഭൂലോകത്തും അവകാശ തര്‍ക്കങ്ങളും വീതം വെക്കലുകളും. ഒടുവില്‍ എല്ലാത്തിനും തുടക്കമിട്ട കോടതി തന്നെ ഇടപെട്ട് ഏതാണ്ട് ഒക്കെ ഒന്ന് ഹലാലാക്കിയിട്ടുണ്ട്.

                        ഇത്ര മാത്രം സമ്പത്ത് മുന്നില്‍ കാണുമ്പോള്‍ ഉണ്ടാകുന്ന ആദ്യത്തെ ഒരു അന്ധാളിപ്പില്‍ നിന്നും ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിടുണ്ട്. അത് കൊണ്ട് ഇനി കുറച്ചു കൂടി ഗൌരവമായി കാര്യങ്ങളെ കാണേണ്ടിയിരിക്കുന്നു.  ഈ സ്വത്തു എന്ത് ചെയ്യണം എന്ന് തീരുമാനിക്കും മുന്‍പ് സ്വത്തിന്റെ അവകാശതര്‍ക്കം ആദ്യം പരിഹരിക്കേണ്ടിയിരിക്കുന്നു.                                                        
                      
                        സ്വത്തുക്കള്‍ ശ്രീപത്മനാഭന്റെ ആണെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. അത് കൊണ്ട് തന്നെ അത് കൈവശപ്പെടുത്താന്‍ പാടില്ലെന്നും അവിടെ തന്നെ സൂക്ഷിക്കണമെന്നുമാണ് വാദം. ശ്രീപത്മനാഭന്റെ എന്ന് പറയുമ്പോള്‍ ദൈവം സ്വര്‍ഗത്തില്‍ നിന്നും ഇറക്കുമതി ചെയ്തിട്ട് നിത്യ ചെലവിനു വേണ്ടി സൂക്ഷിച്ചു വച്ചത് എന്നൊന്നും അര്‍ത്ഥമില്ലെന്ന് കരുതുന്നു. ശ്രീപത്മനാഭന് അര്‍പ്പിക്കപ്പെട്ടത്‌ എന്ന് വേണേല്‍ പറയാം. എന്നാല്‍ ആ വാദം ഉയരുന്നത് ഒരു വലിയ നുണയില്‍ നിന്നുമാണ്.  ദൈവദര്‍ശനം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍  "രാജകുടുംബത്തിന്റെ സ്വത്തുക്കള്‍ മാത്രമല്ല രാജ്യം തന്നെ ശ്രീപത്മനാഭനു സമര്‍പ്പിക്കുകയാണ് എന്നും സ്വയം പത്മനാഭദാസന്‍ ആയി അവിടുത്തേക്ക് വേണ്ടി ഒരു പ്രതിനിധി എന്ന നിലയില്‍ മാത്രം രാജ്യം ഭരിക്കാന്‍ ആണ് തീരുമാനം" എന്ന് അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവ് അരുളി ചെയ്തതിന്റെ പിന്നില്‍ പത്മനാഭ ഭക്തിയല്ല, മറിച്ച് ചാണക്യനെ വെല്ലുന്ന രാജ്യ തന്ത്രമാണ് കാണാനാകുക.വൈദേശിക അക്രമികളും അയല്‍ രാജാക്കന്മാരും പോരാതെ പാളയത്തിലെ പടയുമെല്ലാം ഒറ്റയടിക്ക് നേരിട്ട് സ്വന്തം കിരീടവും സിംഹാസനവും കാത്തു സൂക്ഷിക്കാന്‍ വേണ്ടി ഒരു ചെറുകിട നാട്ടു രാജാവ് കാണിച്ച അതി വെളവ് എന്ന് തന്നെ പറയാം. സ്വത്തുക്കള്‍ എല്ലാം ദൈവത്തിന്റെ ആണെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ പിന്നെ രാജാവ് സേഫ് ആയി. രാജ്യത്തിന്റെ ശത്രുക്കള്‍ അതോടെ ദൈവത്തിന്റെ ശത്രുക്കളാകും. വിവരമില്ലാത്ത ജനങ്ങള്‍ തനിക്കു പിന്നില്‍ ആനി ചേരും. രാജ്യവും സ്വത്തും സംരക്ഷിക്കപ്പെടും. അതായിരുന്നു മൂലം തിരുനാളിനെയും മാര്‍ത്താണ്ട വര്‍മ്മയും നയിച്ച വികാരം എന്നത് മനസ്സിലാക്കാന്‍ സാമാന്യ ബോധം ധാരാളം. 

                         അതായത് ഈ സ്വത്തുക്കള്‍ എല്ലാം രാജ കുടുംബത്തിന്റെ അഥവാ രാജ്യത്തിന്റെ ആണെന്ന് വ്യക്തം. നികുതിയായി പിരിചെടുത്തവയും കാലാ കാലമായി തുടരുന്ന യുദ്ധങ്ങളില്‍ പിടിചെടുത്തവയും എല്ലാം ആണ് ഈ സ്വത്തുക്കളില്‍ മുക്കാലും എന്നതാണ് ലഭ്യമായ രേഖകള്‍. വിദേശ രാജ്യങ്ങളിലെ നാണയങ്ങളും അവിടുന്നുള്ള സ്മാരകങ്ങളും ഉള്ളതിനാല്‍ രാജ്യം വിദേശ കച്ചവടക്കാരുമായി നടത്തിയ കച്ചവടങ്ങളുടെ ലാഭവിഹിതവും ആ സ്വത്തിന്റെ ഭാഗമാണെന്നു കാണാം. അതായത് രാജ്യത്തിന്റെ സ്വത്തു വിറ്റ് കാശാക്കിയതിന്റെ നീക്കിയിരുപ്പ്. ബന്ധം സ്ടാപിക്കുന്നതിന്റെ ഭാഗമായി വിദേശികള്‍ നല്‍കിയ വിലപിടിപ്പുള്ള ഉപഹാരങ്ങളും ഇതിന്റെ ഭാഗമാണ്. ഇത്തരത്തില്‍ വ്യക്തമായും രാജ്യത്തിന്റെ വകയാണ് ഈ സ്വത്തുക്കള്‍ എന്നത് തെളിയിക്കപ്പെടും. 
രാജ്യവും സ്വത്തുക്കളും ശ്രീപത്മനാഭന് സമര്‍പ്പിച്ചു എന്ന അടവ് നയത്തെ തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. സ്വത്തുക്കള്‍ യഥാര്‍ത്ഥത്തില്‍ തിരുവിതാംകൂര്‍ രാജ്യത്തിന്റെ ആണെന്നതം ആ നാട്ടു രാജ്യം ഇന്ത്യ രാജ്യത്തില്‍ ലയിക്കുകയും രാജാക്കന്മാരും കിരീടാവകാശികളും അടുത്തൂണ്‍ പറ്റുന്നുണ്ടെന്നും വസ്തുതയാണ്. നിയമാനുസൃതം രാജ്യത്തെ ജനാധിപത്യ സര്‍ക്കാരില്‍ വന്നു ചേരേണ്ടതാണ് ലയിക്കുന്ന നാട്ടുരാജ്യത്തിന്റെ സ്വത്തു വകകള്‍. ആ സ്ഥിതിക്ക് ഇപ്പോള്‍ കണ്ടെടുത്ത സ്വത്തു വകകള്‍ സര്‍ക്കാരിലേക്ക് കണ്ടു കെട്ടുകയോ എന്ത് ചെയ്യണമെന്നു സര്‍ക്കാര്‍ തീരുമാനിക്കുകയോ ചെയ്യുന്നത് ഒരു സാധാരണ നടപടിക്രമം മാത്രമാണ്. 

                              എന്നാലോ? കേരളമല്ലേ രാജ്യം? മലയാളീസ് അല്ലെ നമ്മള്‍? വിടുമോ? വിഷയം മല്ലൂസ് ഏറ്റെടുത്തു കഴിഞ്ഞു. ഇനി തര്‍ക്കമാകും, അടിയാകും, കല്ലേറാകും, കൈവെട്ടാകും, അവസാനം പവനായി ശവം തന്നെയാകും. ശ്രീപത്മനാഭാനും സ്വത്തുമൊക്കെ അവിടെ തന്നെ കിടക്കും. മലയാളി മലയാളിയുടെ പാട്ടിനു പോകും. 
                           
                      അപ്പൊ ഉടമസ്ഥാവകാശം ഏതാണ്ട് തീരുമാനമായി. ഇനി ഇതെല്ലാം കൂടി എന്ത് ചെയ്യണം എന്ന് ആലോചിക്കാം. ശ്രീപത്മനാഭന് എന്തായാലും സ്വത്തില്‍ താല്പര്യമുണ്ടാകാന്‍ വഴിയില്ല. അതുകൊണ്ട് ഇതെല്ലാം അവിടെത്തന്നെ തിരിച്ചു വയ്ക്കുന്നതില്‍ കാര്യമില്ല. സ്വത്തുക്കള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക തന്നെയാണ് വേണ്ടത്. എന്നിട്ടോ? 
അതാണ്‌ വലിയ ചോദ്യം. ഈ ലക്ഷം കോടി എന്നൊക്കെ മാധ്യമങ്ങള്‍ പടച്ചു വിടുന്നതല്ലാതെ കൃത്യമായ കണക്കുകള്‍ ഒന്നും വ്യക്തമല്ല. എന്തായാലും മൊത്തം മൂല്യം എ.രാജ ഉണ്ടാക്കിയ നഷ്ടത്തെക്കാള്‍ വലുതാണ്‌ എന്നതുറപ്പ്. കിട്ടിയ ഐറ്റംസ്ന്റെ കാലപ്പഴക്കവും കലാമൂല്യവും (!!!) ഒക്കെ കണക്കിലെടുക്കുമ്പോള്‍ സായിപ്പിന് കൊടുത്താല്‍ നല്ലോണം വില പേശി ഇതിന്റെ ഇരട്ടി ലാഭം ഉണ്ടാക്കാം. അവിടെയും രാജ ചെയ്ത പോലെ ആദ്യം വന്നവര്‍ക്ക് ഒന്നിച്ചങ്ങു വിളമ്പി സ്പെക്ട്രത്തില്‍ ചാടാതിരുന്നാ മതിയായിരുന്നു.

                           ഇനി പലരും ആ സ്വത്ത് ഉപയോഗിച്ച് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന അമ്പലങ്ങളെ ഉദ്ധരിക്കണം എന്നും പറയുന്നുണ്ട്. ഉദ്ധാരണശേഷി കുറഞ്ഞു പോയ ദൈവങ്ങള്‍ക്ക്  പണം കൊടുത്ത് ഉദ്ധാരണം ഉണ്ടാക്കേണ്ട ഗതികെടോര്‍ത്ത് അവരോടും ദൈവങ്ങളോടും പരിതപിക്കുകയല്ലാതെ ഒന്നും ചെയ്യാനില്ല. എന്നാലും അവര്‍ക്ക് നല്ല ഉദ്ധാരണം കൊടുക്കണേ എന്ന്  നല്ല ഉദ്ധാരണം ഉള്ള ദേവീ ദേവതകളോട് ഒരു കൂട്ട പ്രാര്‍ത്ഥന നടത്തുന്നതില്‍ തെറ്റില്ല..

                         ഒരു അഭിപ്രായം ഉള്ളത്  ഇപ്പോള്‍ കണ്ടെടുത്ത സ്വത്തുക്കള്‍ കിട്ടിയ സ്ഥലത്ത് തന്നെ തിരിച്ചു വക്കുകയും അതിനു അവിടെത്തന്നെ മതിയായ സുരക്ഷ  ഉറപ്പു വരുത്തുകയുമാണ്. ഒറ്റ നോട്ടത്തില്‍ തികച്ചും നിരുപദ്രവകരമായ നിര്‍ദേശം!!! പക്ഷെ അതിനു പിന്നിലെ വികാരം അത്ര നല്ലതല്ല. കാരണം  സ്വത്ത് ദേവന്റെതാണ് എന്നതും അതിനാല്‍ തന്നെ അത് ഹിന്ദു മതക്കാര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ് എന്ന വാദം ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. അത്തരം താല്പര്യങ്ങള്‍ ആണ് സ്വത്തിനെ തൊട്ടു നോക്കാതെ തിരികെ വക്കണം എന്ന് പറയുന്നവരെ നയിക്കുന്നത്.   ഈ സ്വത്തിന്റെ അവകാശം ഹിന്ദുക്കള്‍ക്ക് മാത്രമാണെന്ന് പോലും പറഞ്ഞു കളഞ്ഞ വര്‍ഗീയ മുഖങ്ങളെ നാം കണ്ടതാണ്.  വികസന പ്രവര്‍ത്തനങ്ങള്‍ ആയാലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ആയാലും അത് മതം നോക്കി മാത്രമേ നടത്താവൂ എന്ന് പറഞ്ഞവനെയൊക്കെ എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞാല്‍ കൂടിപോകും.  സ്വത്തുക്കള്‍ ദേവന്റെതായത് എങ്ങനെയെന്നു നമ്മള്‍ തിരിച്ചറിഞ്ഞ സ്ഥിതിക്ക് എന്തായാലും ആ വാദത്തിനു നിലനില്‍പ്പില്ല.  പിന്നെ തിരുവിതാംകൂര്‍ രാജ്യം സ്ത്രീകളുടെ മുലക്ക് വരെ നികുതി ചുമത്തി ജനങ്ങളെ പിഴിയുമ്പോള്‍ ഉണ്ടാകാതിരുന്ന സമുദായ സ്നേഹം ഇപ്പോളും ഉണ്ടാകെണ്ടാതില്ല.  

                     പിന്നെ ഒരു നിര്‍ദേശം സ്വത്തുക്കള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു ഒരു ട്രസ്റ്റിനെ ഏല്‍പ്പിക്കുകയും ആ ട്രസ്റ്റ്‌ന്റെ അഭിമുഖ്യത്തില്‍ ജനോപകാരപ്രദമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വേണമെന്നാണ്. തികച്ചും സ്വാഗതാര്‍ഹമായ ഒരു നിര്‍ദേശം ആണ് അതെന്നു പറയേണ്ടിയിരിക്കുന്നു. പ്രത്യേകിച്ചും ഇത്ര വലിയൊരു തുക ഉപയോഗിച്ച് പണം ഇല്ലാത്തതിന്റെ മാത്രം പേരില്‍ നടത്താനാകാത്ത ഒരു പാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുമെന്നുറപ്പ്. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്, ജീവന്‍ രക്ഷ മരുന്നുകള്‍ക്ക് സബ്സിഡി, കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാ സഹായം, തുടങ്ങി ഒട്ടേറെ നല്ല പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിക്കും. ഓസിനു കിട്ടിയ മോതലാണെന്ന് കരുതി ഡെമോക്രസിയും ബ്യൂറോക്രസിയും  കൂടി കയ്യിട്ടുവാരി അലമ്പാക്കാതിരുന്നാല്‍ ലോക രാജ്യങ്ങള്‍ക്ക് തന്നെ മാതൃകയാക്കാവുന്ന പദ്ധതികള്‍ ആയിരിക്കും അതെല്ലാം. സാമ്പത്തികമാന്ദ്യത്തിന്റെയൊക്കെ ഈ കാലത്ത് ഒരു അന്യ സംസ്ഥാന ലോട്ടറി അടിച്ചെന്നു കൂട്ടിയാല്‍ മതി..
                           
                      എന്ന് കരുതി കിട്ടിയ സ്വത്തുക്കള്‍ മുഴുവന്‍ വിറ്റു കാശാക്കണം എന്ന് കരുതുന്നതും ശരിയല്ല. കാരണം ഈ ലക്ഷം കോടി എന്നൊക്കെ പറയുന്നുണ്ട് എങ്കിലും ഇതൊന്നും  ആയിരത്തിന്റെയും അഞ്ഞൂറിന്റെയും ഗാന്ധിത്തലകള്‍ അല്ല എന്നതും സത്യമാണ്.  സ്വര്‍ണനാണയങ്ങള്‍ മുതല്‍ ചെമ്പും തകിടും മുത്തും മാണിക്യവും വിഗ്രഹവും ആഭരണങ്ങളും എല്ലാം ഈ നിധിയുടെ ഭാഗമാണ്.   ഇതിന്റെയൊക്കെ ചരിത്ര പശ്ചാത്തലം കൂടെ നാം കണക്കിലെടുക്കണം. അങ്ങനെയാകുമ്പോള്‍ ഇതിന്റെ വിപണി മൂല്ല്യം മാത്രമല്ല കൂടുന്നത്, പുരാവസ്തു വിഭാഗത്തില്‍പെടുന്ന ഇവയുടെ സാംസ്കാരികമായും ചരിത്രപരമായുമുള്ള മൂല്യം അതിനേക്കാള്‍ കൂടുതലാണ്.  അതിനാല്‍ അത്തരം വസ്തുക്കള്‍ സൂക്ഷിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നത്തിനും ഉള്ള സൌകര്യങ്ങളും ഉറപ്പു വരുത്തേണ്ടതുണ്ട്. ഇതിനു വേണ്ടി ഒരു മ്യുസിയം നിര്‍മിക്കുകയും ചരിത്രത്തിന്റെ ഈ ശേഷിപ്പുകളെ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താനും നമുക്ക് സാധിക്കണം. ചരിത്ര മൂല്യമുള്ള വസ്തുക്കളെ അങ്ങനെയും വിപണി മൂല്യമുള്ള വസ്തുക്കളെ അങ്ങനെയും ഉപയോഗപ്പെടുത്താന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 

                       
                         ഇത്രയും വായിച്ചപ്പോ നിങ്ങള്‍ക്കുണ്ടായ ആ ഒരു ആശയകുഴപ്പം ഉണ്ടല്ലോ? അതിന്റെ ഇരട്ടിയാണ് ഇത് എഴുതുമ്പോ എനിക്കുണ്ടായതെന്നു പ്രത്യേകം പറയേണ്ടല്ലോ?. ഒന്നാമത് ഇത്ര വലിയ ഒരു തുകയൊക്കെ കേട്ടപ്പോ ഉണ്ടാകുന്ന കണ്ണ് മഞ്ഞളിപ്പില്‍ നിന്നാണ് ഈ ആശയ കുഴപ്പം ഉടലെടുക്കുന്നത്. അതോ ഇനി ശ്രീ പത്മനാഭന്‍ കണ്ടറിഞ്ഞു പണി തരുന്നതാണോ ആവോ !!!! എന്തായാലും സ്വത്തുക്കള്‍ അളന്നു തിട്ടപ്പെടുത്താന്‍ ഹര്‍ജി കൊടുത്ത് അഡ്വക്കേറ്റ് സുന്ദര്‍ രാജിന്റെ കയ്യില്‍ നിന്നൊക്കെ കാര്യങ്ങള്‍ കൈവിട്ട് പോയി. എന്തായാലും ഇത്ര കുഴഞ്ഞു മറിഞ്ഞ സ്ഥിതിക് ഇതില്‍ നീതി ഉറപ്പാക്കണം എങ്കില്‍ കോടതികള്‍ ഇടപെടുക തന്നെ വേണം. അതും കണ്ട ശുംഭന്മാര്‍ ഒന്നും പോര. ബാബറി മസ്ജിദ് പോലുള്ള ഇത്തരം തര്‍ക്ക വിഷയങ്ങളില്‍ വിധി പറഞ്ഞ് ചരിത്രം സൃഷ്‌ടിച്ച അലഹബാദ് ഹൈക്കോടതി തന്നെ വേണം. അതാകുമ്പോ ഇപ്പൊ കേസ് കൊടുത്ത സുന്ദരന്‍ വക്കീലിന്റെ കുട്ടീടെ കുട്ടീടെ കുട്ടി ഒക്കെ ആകുംപോളെക്കും ഒരു ഒന്നൊന്നര വിധിവരും. അതാകുമ്പോ നാട്ടുകാര്‍ക്കൊക്കെ  തൃപ്തിയാകും വിധത്തില്‍ ആ സ്വത്ത് അങ്ങ് വീതം വച്ചോളും. നായര്‍ക്കും നസ്രാണിക്കും എന്ന് വേണ്ട ഈ ബ്ലോഗ്‌ എഴുതിയ വകയില്‍ എനിക്കും കമന്റ്‌ എഴുതിയാല്‍ അവര്‍ക്കും ഒക്കെ കിട്ടും ഓരോ പങ്ക്. ആ സമയം നമുക്ക് ബാക്കി നിധികള്‍ എവിടൊക്കെ ആണ് ഉള്ളത് എന്ന് തപ്പാന്‍ തുടങ്ങാം... 
 
ലാസ്റ്റ് എഡിഷന്‍ : ഒരു എസ്എംഎസ് തമാശ- 
ശബരിമല അയ്യപ്പന് ഒരു ഫോണ്‍ കാള്‍ വന്നു ...

ഹലോ ആരാ ?
ഞാനാ പത്മനാഭന്‍
എന്താ അളിയാ?
എന്റെ എല്ലാം പോയളിയാ...
എന്തേലും ഉണ്ടേല്‍ വേഗം മാറ്റിക്കോ .... 

32 comments:

 1. ഇതിലും വലിയ നിധി കിട്ടിയാലും ശ്രീ പദ്മനാഭനു ഒരു പ്രയോജനവുമില്ല..നാട്ടുകാര്‍ക്കു ഉണ്ടാകുമോ എന്നു കാത്തിരുന്നു കാണാം..

  ReplyDelete
 2. പോസ്റ്റ്‌ ഗംഭീരമായിട്ടുണ്ട് ജിതിന്‍. ഈ ധനം ഒരു പ്രത്യേക മതത്തിന്റെയോ, ജാതിയുടെയോ അല്ല. പൊതുസ്വത്ത് തന്നെയാണ്. ജനോപകാരപ്രദമായ കാര്യങ്ങള്‍ക്കായി വിനിയോഗിക്കണം എന്നാണ് എന്റെ അഭിപ്രായം.

  ReplyDelete
 3. ബാബറി മസ്ജിദ് പോലുള്ള ഇത്തരം തര്‍ക്ക വിഷയങ്ങളില്‍ വിധി പറഞ്ഞ് ചരിത്രം സൃഷ്‌ടിച്ച അലഹബാദ് ഹൈക്കോടതി തന്നെ വേണം. അതാകുമ്പോ ഇപ്പൊ കേസ് കൊടുത്ത സുന്ദരന്‍ വക്കീലിന്റെ കുട്ടീടെ കുട്ടീടെ കുട്ടി ഒക്കെ ആകുംപോളെക്കും ഒരു ഒന്നൊന്നര വിധിവരും. അതാകുമ്പോ നാട്ടുകാര്‍ക്കൊക്കെ തൃപ്തിയാകും.... super...

  ReplyDelete
 4. പാവം പത്മനാഭന്‍
  അങ്ങേര് ഇനി എന്തൊക്കെ കാണണം

  ReplyDelete
 5. പോസ്റ്റ്‌ വളരെ ഗമ്ഭീര്മായിരിക്കുന്നു. ജനസേവനങ്ങല്‍ക്കുപയോഗിക്കുകയോ, ക്ഷേത്രത്തിന്റെ തന്നെയെന്നോ അതോ മറ്റു വിധികളോ എന്തെങ്കിലുമാകട്ടെ. 75000 കോടി കടമുള്ള കേരള സംസ്ഥാനം ഒരു ലക്ഷം കോടി മൂല്യം മതിക്കുന്ന സ്വത്തുക്കളെ സംരക്ഷിക്കാന്‍ വീണ്ടും കടം വാങ്ങേണ്ടി വരുമോ എന്നതാണ് ഒരു സംശയം.

  ReplyDelete
 6. ജിധിൻ... തങ്കളുടെ ബ്ലോഗ് അര മണിക്കൂറിലേറെ ഓടിച്ചു വായിച്ചു. ഇതു താങ്കളുടേതു തന്നെയാണോ എന്നു സംശയിച്ചു പോയി.... ഏവ്സം... സ്പ്ലെൻഡിഡ് എന്നൊക്കെ പറഞ്ഞു പോവും..അല്ല...പറഞ്ഞിരിക്കു​ന്നു... എഴുത്തു തുടരുക..... അഭിനന്ദനങ്ങൾ.....താങ്കൾ അർഹിക്കുന്ന അത്ര ഞാൻ പറാഞ്ഞില്ല് എന്നേ എനിക്കു പറയാനുള്ളൂ......

  ReplyDelete
 7. ethu padmanabhante swathalla keralathile dharidra narayananmare pizhinjoottiya thiruvithankoor rajakkanmarudeum ettuveetil pillamarudeyum swattanu . pillamare konnu kulamuthiyathum kayamkulam rajavine kaikariyam cheythathum marannupokaruth . englishkare pedichu olichu vecha swth ennu parayanam

  ReplyDelete
 8. “കാവി ഉടുത്തു കാശിക്ക് പോയവനും കറുപ്പ് ഉടുത്ത് ശബരിമലക്ക് പോയവനുമൊക്കെ ഇപ്പൊ തിരുവനന്തപുരത്തെക്ക് ടിക്കറ്റ്‌ എടുക്കാന്‍ ഓടുകയാണ്“

  ദൈവമേ ഇനി കൊന്തയിട്ടോനും വെളുപ്പുടുത്തൊനും കൂടെ കൂടിയാൽ ജക പൊക
  പത്രക്കാരൊക്കെ കേസരിയുടെ തലമുറേലുള്ളതല്ലിയോ
  അപ്പോ പിന്നെ
  സത്യ സന്ധതയെപ്പറ്റി പറയണോ

  ReplyDelete
 9. പോസ്റ്റ്‌ നല്ലത്.

  പക്ഷെ ആശയത്തോട് പൂര്‍ണ യോജിക്കുക വയ്യ

  ReplyDelete
 10. കലക്കി അളിയാ...
  ആശംസകള്‍..

  ReplyDelete
 11. നല്ല തകര്‍പ്പന്‍ പോസ്റ്റ്.വാചകങ്ങള്‍ക്കൊക്കെ നല്ല മൂര്‍ച്ചയും...

  ReplyDelete
 12. അപ്പോള്‍ ഇനി തിരോന്തോരതെക്ക് വച്ച് പിടിക്കാം അല്ലെ..തൂത്തു വാരിയപ്പോള്‍ പൊഴിഞ്ഞു വീണ പൊട്ടും പൊടിയും എങ്കിലും കിട്ടുമായിരിക്കും..പോസ്റ്റ്‌ കലക്കന്‍..പത്രക്കാരാ..ആശംസകള്‍..

  ReplyDelete
 13. നല്ല പോസ്റ്റ്....ഞാന്‍ പറയട്ടെ..പത്മനാഭന്‍ വന്ന വഴിയിലൂടെ "കാസര്‍കോട്ടെ അനന്തപുരം അമ്പലം മുതല്‍ തിരുവനന്തപുരം വരെ "ഒരു നാല് വരി പാത പണിയുക എന്തേ ഭക്ത ജനങ്ങള്‍ക്ക്‌ ആശ്വാസം ബാക്കി ജനങ്ങള്‍ക്കും അല്ലെ

  ReplyDelete
 14. സ്വത്തുക്കള്‍ ഭഗവന്റെതാണ്. സര്‍ക്കാരോ അന്യ ജാതിക്കാരോ തൊടാന്‍ പാടില്ല. എന്നാലോ? സ്വത്തിനു സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ ഗജനാവില്‍ നിന്നും പണം വേണം താനും.
  ഇനി അതും പോരാഞ്ഞ് കാവലിനു വരുന്ന പോലീസുകാരന്‍ നായര്‍ ആയാല്‍ പോര, നായരാണെന്ന് ഉറക്കെ പറയാന്‍ ധൈര്യമുള്ളവര്‍ ആകണമെന്നും പണിക്കരമ്മാവന്‍ പറയാനിടയുണ്ട്...
  അമ്മാവോ അതങ്ങ് പള്ളീല്‍ പോയി പറഞ്ഞാ മതി. .

  ReplyDelete
 15. പത്രക്കാരാ.............. നല്ല വീക്ഷണങ്ങൾ...... അഭിപ്രായങ്ങൾ തുറന്ന് പറയുന്നതിൽ വിജയിച്ചിരിക്കുന്നു..

  നമുക്ക് ഒരു പത്രം തുടങ്ങിയാലോ???.... ചുമ്മാ

  ReplyDelete
 16. @ജാബിര്‍ മലബാരി ബൂലോകത്തുനിന്നും ക്യാമറാമാന്‍ ജാബിറിനൊപ്പം ജിതിന്‍, പത്രക്കാരന്‍

  ReplyDelete
 17. Oru nampumsakathinte ellavareyum santhoshippichu jeevikkanulla thuara allathe vere onnum ithil kaanaanilla. I knew you'll be more than happy to share the 50 percentage of this ancestrial given with Kasab and his Jihadhiyan Family. Wish you all the best to satsfy all your people together.

  ReplyDelete
 18. ആ എസ് എം എസ്സാണ് താരം. കലക്കി. എന്നാലും ഞാനെന്റെ പഴയ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നു.നിധിശേഖരം പൊതുജനത്തിനുകൂടി അവകാശപ്പെട്ടതാനെന്നിരിക്കെ (അല്ലേ?) ഇതിന്‍റെ സംരക്ഷണച്ചുമതല പൌരസമൂഹത്തെ ഏല്‍പ്പിക്കണം. അതായത് ബാബാ രാംദേവിനെ! അണ്ണാ ഹസാരെയേ എനിക്ക് തീരെ വിശ്വാസമില്ല. വേറൊന്നുംകൊണ്ടല്ല. ആള്‍ കാഴ്ചയില്‍ പരമശുദ്ധനും പഞ്ചപ്പാവവുമാണ്. ഇത്രേം വല്യ രഹസ്യങ്ങളൊന്നും സൂക്ഷിക്കാനുള്ള ത്വാക്കത് അദ്ദേഹത്തിനില്ല. രാംദേവാവുമ്പോള്‍ കോടികള്‍ കൈകാര്യം ചെയ്തു തഴക്കവും പഴക്കവുമുണ്ട്, വേണ്ടിവന്നാല്‍ സായുധസൈന്യത്തെ വളരെപ്പെട്ടെന്നു സജ്ജീകരിക്കാനും റെഡി. ഉരുപ്പടികള്‍ ഹരിദ്വാറിലെ സ്വാഭിമാന്‍ ട്രസ്ടിലോ അയര്‍ലന്റിലെ സ്വന്തം ദ്വീപിലോ സുരക്ഷിതമായി സൂക്ഷിക്കുകയും ആവാം. ബാബ പറഞ്ഞിട്ടൊന്നുമല്ല, ഇതെന്‍റെയൊരു പ്രപോസല്‍ മാത്രം.

  ReplyDelete
 19. പോസ്റ്റിലെ ആശയങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു ജിതിന്‍... പോസ്റ്റും ആ ലാസ്റ്റ് എഡിഷനും കലക്കിട്ടോ :))

  ReplyDelete
 20. നല്ല ലേഖനം.
  സ്വത്ത് രാജ്യത്തിന്റേതാണ്. ഒരു സംശയവുമില്ല, മറ്റു ക്ഷേത്രങ്ങൾക്കൊന്നും കൊടുക്കുന്നത് ശരിയല്ല. ട്രസ്റ്റ് ഉണ്ടാക്കി ജീവകാരുണ്യം നടത്തുന്നത്, രാജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നല്ല കാര്യമെങ്കിലും ഈ പാവം രാജ്യത്തിന് തങ്ങാനാവാത്ത കുഴപ്പങ്ങൾ ക്ഷണിച്ചു വരുത്തും. തത്ക്കാലം സർക്കാർ നിധി സംരക്ഷിക്കട്ടെ.

  ReplyDelete
 21. ഇത്രയും കാലം കേടുകൂടാതിരുന്ന നിധിയുടെ ഇനിയത്തെ അവസ്ഥയെന്താകുമെന്ന് കാത്തിരുന്നു കാണാം.

  ReplyDelete
 22. “എവിടെ എങ്കിലും തെന്നി വീഴുമ്പോ അയ്യപ്പാ, ഗുരുവായൂരപ്പാ എന്നൊക്കെ വിളിച്ചിരുന്നവര്‍ വരെ അത് മാറ്റി "ശ്രീപത്മനാഭാ" എന്നാക്കി എന്നും കേള്‍ക്കുന്നു.”

  :)

  ReplyDelete
 23. പത്രക്കാരാ ഇത് പൊതു സ്വത്തു തന്നെ.. ജന നന്മയ്ക്ക് വേണ്ടി ഉപയോഗിക്കണം.

  ReplyDelete
 24. പോസ്റ്റ്‌ വായിച്ചു..

  ReplyDelete
 25. hahahahahahahaha.....enikkum venam orennam.....

  ReplyDelete
 26. Jithin, Have you ever made any offerings or contributions to any temples? Or you ask your parents if they have done so with intention of taking them back later. Be it one rupee or one lakh crore rupees.The kings and their successors are well aware of these treasures much before you came to know about it jithin. There are lot of wealth and treasures in many temples and churches in this country. you may not know that even today 99% of the world wealth is in the hands of 1% people. So think over your attack over the Great Marthanda Varma. ...Mini Suresh

  ReplyDelete
 27. please read my post related to this subject

  http://anilphil.blogspot.com/2011/07/blog-post_08.html

  ReplyDelete
 28. ഒരു പിരമിഡില്‍ നിന്നും അതിനുള്ളിലുണ്ടായിരുന്ന മമ്മി യുള്‍പെടെ യുള്ള നിധികളിലില്‍ നിന്നും ഈജിപ്ത്യന്‍ ഗവര്‍ന്മെന്റ് കാശുണ്ടാക്കുന്നതിന്റെ ഒരു ചെറിയ വിവരം.

  പിരമിഡ് നില്‍ക്കുന്ന സ്ഥലത്ത് കേറാന്‍ - 60 പൌണ്ട് . ( ഒരു ഈജിപ്ത്യന്‍ പൌണ്ട് 8 ഇന്ത്യന്‍ രൂപ )
  ഏറ്റവും വലിയ പിര്മിടിനുള്ളില്‍ കേറാന്‍ - 100 , ലൈറ്റ് & ഷോ കാണാന്‍ 75 , പിരമിടിനു ഉള്ളിലുള്ള മൂസിയത്തില്‍ കേറാന്‍ ഒരു 50 , നിധികള്‍ സൂക്ഷിച്ചിരിക്കുന്ന മൂസിയത്തില്‍ കേറാന്‍ - 60 , അതിനുള്ളിലെ മമ്മിയെ കാണാന്‍ വേറെ -100 , അങ്ങനെ മിനിമം 450 പൌണ്ട് , ഇന്ത്യന്‍ രൂപ ഏകദേശം 3600 , മൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണത്തിന്റെ മാര്‍ക്കറ്റ്‌ വിലെയെക്കാളും പണം അവര്‍ ടൂറിസത്തിലൂടെ ഉണ്ടാക്കി , ഇനിയും അനേകവര്‍ഷതെക്കുള്ള വരുമാന മാര്‍ഗവും കൂടിയാണത്,
  നമ്മുക്ക് ഈ നിധി സൂക്ഷിക്കാം , ആ മൂസിയം കാണാന്‍ വരുന്ന ഇനത്തില്‍ നല്ല വരുമാനം പ്രതീക്ഷിക്കാം,

  ReplyDelete
 29. നല്ല ലേഖനം.
  സ്വത്ത് രാജ്യത്തിന്റേതാണ്. ഒരു സംശയവുമില്ല, മറ്റു ക്ഷേത്രങ്ങൾക്കൊന്നും കൊടുക്കുന്നത് ശരിയല്ല. ട്രസ്റ്റ് ഉണ്ടാക്കി ജീവകാരുണ്യം നടത്തുന്നത്, രാജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നല്ല കാര്യമെങ്കിലും ഈ പാവം രാജ്യത്തിന് തങ്ങാനാവാത്ത കുഴപ്പങ്ങൾ ക്ഷണിച്ചു വരുത്തും. തത്ക്കാലം സർക്കാർ നിധി സംരക്ഷിക്കട്ടെ.

  ReplyDelete

Related Posts Plugin for WordPress, Blogger...