അങ്ങനെ ഒടുവില്‍ ഞാന്‍ അത് സാധിച്ചു, സന്തോഷ് പണ്ഡിറ്റിന്റെ "കൃഷ്ണനും രാധയും" എന്ന പടം ഞാനങ്ങു കണ്ടു.
തീയേറ്ററില്‍ പോയിട്ടല്ല, ലോകം സന്തോഷിനെ കണ്ടെത്തിയ യൂടുബില്‍ നിന്നും!!!
ഒറ്റയടിക്ക് കാണാന്‍ ഉള്ള ത്രാണി ഇല്ലാത്തോണ്ട് കഷ്ണം കഷ്ണമായി രണ്ടു
മൂന്നു ദിവസം കൊണ്ടാണ് കണ്ടു തീര്‍ത്തത്. (അല്ലെങ്കില്‍ തന്നെ ഈ പവര്‍
കട്ട് കാലത്ത് രണ്ടു മണിക്കൂര്‍ തുടര്‍ച്ചയായി എങ്ങനെ യൂടൂബ് ലോഡ് ആകും
?) സംഭവം ഇപ്പോളല്ല. കണ്ടിട്ട് രണ്ടു മൂന്നു മാസമായി. അന്ന് ഈ പോസ്റ്റ് പകുതി എഴുതി വച്ചതാ. പിന്നെ വേണ്ടെന്നു വച്ചു.
എല്ലാരും സന്തോഷ് പണ്ഡിറ്റ്നെ പറ്റി ചര്‍ച്ച ചെയ്യുന്നു . ഇന്റര്‍വ്യൂ
ചെയ്യുന്നു , ലേഖനം എഴുതുന്നു,ബ്ലോഗ് എഴുതുന്നു , മെസ്സേജ് അയക്കുന്നു ,
ഫോണ്‍ വഴി തെറി വിളിക്കുകയും അത് റെക്കോര്‍ഡ് ചെയ്ത് നാട്ടാരെ കാണിച്ച്
ആളാകുകയും ചെയ്യുന്നു, മുന്‍നിര ചാനലുകള്‍ അയാളെ പ്രൈംടൈമില്
ചര്‍ച്ചകള്‍ക്ക് വിളിക്കുന്നു, ഓണ പരിപാടികളില്‍ അതിഥിയാക്കുന്നു. ഏതൊരു മലയാളിക്കും സുപരിചിതമായ പേരായി സന്തോഷ് പണ്ഡിറ്റ് മാറി.
നമ്മുടെ ചാനലുകളോ? അവര്‍ സന്തോഷിന്റെ വിപണി പണ്ടേ തിരിച്ചറിഞ്ഞു. സിനിമ റിലീസ് ആകുന്നതിന്റെയും മറ്റും വിശദാംശങ്ങള്‍ ആയിരുന്നു ആദ്യം. പിന്നീടാണ് ചാനല്‍ ചര്‍ച്ചകളില്‍ സന്തോഷ് സജീവമാകുന്നത്. ഒരു കൂട്ടം ബുദ്ധിജീവികള്‍ സന്തോഷിനെ മുടിയിഴ കീറി പരിശോധിച്ച് അയാള്‍ക് ഭ്രാന്താണെന്ന് വിധിയെഴുതി. അയാളുടെ മുന്നില്‍ വച്ച് തന്നെ. അതൊക്കെ കേട്ട് അയാള്‍ എന്തൊക്കെയോ വിളിച്ചു പറഞ്ഞു. പിന്നെ നമുക്കും അത് ഹരമായി. അങ്ങനെ അതൊരു സ്ഥിരം കലാപരിപാടിയായി. ഓണക്കാലത്ത് അടക്കം എത്രയോ പരിപാടികളില്‍ ഇത് ആവര്‍ത്തിച്ചു. സന്തോഷ് അപ്പോളും ഉറക്കെ വിളിച്ചു പറഞ്ഞ ഒരു കാര്യമുണ്ട്.
"ആരെയും ഞാന്‍ ഭീഷണിപെടുത്തി ഈ സിനിമ കാണാന്‍ പറഞ്ഞില്ല. എന്നെ വിമര്‍ശിക്കും മുന്‍പ് നിങ്ങള്‍ ഈ സിനിമ കാണൂ."എന്ന്
നിത്യ ജീവിതത്തിലെ സ്ഥിരം പ്രശങ്ങള്‍ ആ സിനിമയില്‍ ഉണ്ട്. അത് മിശ്രവിവാഹത്തിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്, അന്ത:വിശ്വസങ്ങളുടെ പൊള്ളത്തരങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്, മതേതര മൂല്യങ്ങള്‍ കാണിക്കുന്നു, മനുഷ്യന്റെ സാമ്പത്തിക പ്രശ്നങ്ങളും ജീവിതരീതികളും കാണിക്കുന്നു. ഗുണ്ടയായ രാഷ്ട്രീയക്കാരന് ഉണ്ടതില്‍, മൊബൈല്‍ ഫോട്ടോ വച്ച് പെണ്‍കുട്ടിയെ ഭീഷണിപെടുത്തുന്ന പൂവാലന് ഉണ്ട്, കൈക്കൂലിക്കാരായ ഉദ്യോഗസ്ഥര്‍ ഉണ്ട്.
പക്ഷെ എല്ലാം വികൃതമായ അവതരണ രീതി ആണെന്ന് മാത്രം.
ചുരുക്കി പറഞ്ഞാല്‍ സന്തോഷിന്റെ സിനിമയുടെ കഥക്ക് മലയാളത്തിലെ ഏതൊരു ഒന്നാം കിട കണ്ണീര് സീരിയലിനേക്കാളും നിലവാരമുണ്ട്. ഇന്ന് പുറത്തിറങ്ങി കൊണ്ടിരിക്കുന്ന പല സൂപ്പര്‍ താര ചിത്രങ്ങളെക്കാളും യുക്തിസഹമാണത്.
ഇനി വിഷയം സന്തോഷാണ് .
ആള് അത്ര സുന്ദരന്‍ ഒന്നുമല്ല. മെലിഞ്ഞ് ഇരു നിറത്തില്‍ ഒരു ശരാശരി മലയാളിയുടെ ശരീരഘടനയാണ് സന്തോഷിന്.
മലയാള സിനിമയിലെ നായക സങ്കല്‍പ്പമായ ഒത്ത ശരീരവും പാല് പോലെ വെളുത്ത നിറമൊന്നും അയാള്‍ക്കില്ല.
അദ്ദേഹത്തിന് അഭിനയിക്കാന്‍ അറിയില്ല. (ഇന്നത്തെ സൂപര്‍ താരങ്ങളുടെ അത്ര പോലും)
അദ്ദേഹത്തിന് സിനിമ ഡയലോഗ് പറയാന്‍ ഒട്ടും അറിയില്ല.
സാധാരണ സംഭാഷണത്തില്‍ പോലും ആലങ്കാരികമായി സംസാരിക്കാനും അറിയില്ല.
ഏതൊരു സാധാരണക്കാരന്റെയും പോലെ നാടന്‍ ഭാഷയില്‍ സംസാരിക്കുന്നതിന്റെ കൂടെ കൃത്രിമ ആവേശം കൂടി ആകുമ്പോള്‍ കൂടുതല്‍ വികൃതമാകുന്നു. അതാണ് നാം സന്തോഷിന്റെ അഭിമുഖങ്ങളിലും ചര്‍ച്ചകളിലും കണ്ടത്...
സിനിമ സംവിധാനം അറിയില്ലെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല്ലല്ലോ? ഒരു സിനിമ
സെറ്റ് പോലും കാണാത്ത ആള് തനിച്ചു പടം എടുക്കാനിറങ്ങിയാല്‍ ഇതേ
ഉണ്ടാകൂ....
ഈ പറഞ്ഞ ഇല്ലായ്മകള്‍ സന്തോഷിന്റെത് മാത്രമല്ല, നമ്മളുടെതും കൂടിയാണ്. ഈ പറഞ്ഞ കഴിവുകളൊന്നും സന്തോഷിനെ കളിയാക്കി ചിരിക്കുന്ന, സന്തോഷിനെ തെറി വിളിക്കുന്ന, അതിനായി മാത്രം കൃഷ്ണനും രാധയും കാണാന്‍ പോകുന്ന, സന്തോഷിനെ ഇന്റര്‍വ്യൂ ചെയ്യുന്ന, സന്തോഷിനെ പറ്റി ശാസ്ത്രീയമായി ചര്‍ച്ച നടത്തുന്ന, എന്തിനേറെ പറയുന്നു ? സന്തോഷിനെ പറ്റി ബ്ലോഗ് എഴുതുന്ന നമുക്ക് മിക്കവര്‍ക്കുമില്ല !!!
എന്നാല്‍ ആ നമ്മളെയും സന്തോഷിനെയും വേര്‍തിരിക്കുന്ന ഘടകം എന്താണെന്ന് വച്ചാല്‍ ഈ ഇല്ലായ്മകളെ നാം മനസ്സിലാക്കിയിട്ടുണ്ട് എന്നാല്‍ സന്തോഷ് ആകട്ടെ ഇതിനെ കുറിച്ച് ഒട്ടും തന്നെ ബോധവാനല്ല എന്നതുമാണ്...
നിര്‍ഭാഗ്യവശാല്‍ ആ വ്യത്യാസം തന്നെയാണ് നമ്മെ തെറി വിളിക്കുന്നവരും സന്തോഷിനെ നമ്മളുടെ പണം വാരുന്നവനും ആക്കി മാറ്റുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം!!!
ലാസ്റ്റ് എഡിഷന്: "രാത്രി ശുഭരാത്രി" എന്ന പാട്ട് ഇറങ്ങിയപ്പോ മുതല്‍ യൂടൂബ് വഴി കേട്ടുകൊണ്ടിരിക്കുന്ന തെറികളും കളിയാക്കലുകളും കൂസാതെ അയാള്‍ തന്റെ രണ്ടു പടങ്ങള്‍ പുറത്തിറക്കി. ചാനല്‍ ചര്‍ച്ചകളില്‍ വിഡ്ഢിവേഷം കെട്ടി. നമ്മള് വീണ്ടും വീണ്ടും അയാളെ കണ്ടു കൊണ്ടിരുന്നു. ഇപ്പൊ ഒറ്റ ചോദ്യമേ ബാക്കിയുള്ളൂ , "ഇയാള്‍ക്ക് വട്ടാണോ അതോ നമുക്ക് മുഴുവന്‍ വട്ടാണോ ?"