Saturday, April 14, 2012

ഒരു നോമ്പ് തുറയും കുറെ തറകളും . . .

                  ഹോസ്റ്റല്‍ ജീവിതം ആരുടേയും ജീവിതത്തിലെ മറക്കാനാകാത്ത ഓര്‍മയായിരിക്കും. അത്തരമൊരു സുന്ദര കാലത്തിലെ ഒരു അനുഭവമാണ് പറയുന്നത്. കോളേജ് ഹോസ്റ്റെല്‍ ഒക്കെ ഉപേക്ഷിച്ച് കോളേജില്‍ നിന്നും ദൂരെ ഫാറൂക്ക് കോളേജിനു അടുത്തായി ഒരു വീടൊക്കെ എടുത്താണ് താമസം.

അടുത്തുള്ളതെല്ലാം ഫാറൂക്ക് കോളേജ് അദ്ധ്യാപകരുടെ വീടുകളും ക്വാട്ടേഴ്സ്കളുമാണ്. ആകെ മൊത്തം ശാലീന കുലീനമായൊരു പ്രദേശത്ത് രണ്ടു നില കെട്ടിടത്തില്‍ എട്ടു അലംബന്മാര്‍!!!!!!!!!!!!!!..... ... .. !!!
 എന്നാലും പാതിരാത്രി ഒച്ചയും ബഹളവും ഉണ്ടാക്കി നാട്ടുകാരുടെ ഉറക്കം കെടുത്തും എന്നല്ലാതെ മറ്റു പ്രശ്നം ഒന്നും ഞാങ്ങളായിട്ട് ഉണ്ടാക്കിയിട്ടില്ല കേട്ടോ.

                അതൊരു നോമ്പ് കാലം ആയിരുന്നു. ഞങ്ങളെ സംബന്ധിടത്തോളം നോമ്പ്തുറക്കാലം. ക്ലാസ്സിലെ നല്ലവരായ മുസ്ലിം സുഹൃത്തുക്കള്‍ വീട്ടിലേക്കു ക്ഷണിച്ചു മ്രിഷ്ട്ടാന്ന ഭോജനം ഒരുക്കിത്തരുന്ന നല്ല കാലം. എന്നാല്‍ ആ വര്‍ഷം പരീക്ഷ സമയമായതുകൊണ്ടാണോ അതോ മുന്‍ വര്‍ഷത്തെ ഭീതിതമായ ഓര്‍മ്മകള്‍  കൊണ്ടാണോ എന്നറിയില്ല, അധികം നോമ്പ് തുറ പരിപാടികള്‍ ഒന്നും ഒത്തുകിട്ടിയിരുന്നില്ല. അതിന്‍റെ ഒരു നഷ്ടബോധവും പിന്നെ റൂമിലെ ഏക നോമ്പുകാരനായവന്‍ വീട്ടിലേക്ക് വിളിക്കുന്നത് പോയിട്ട് നോമ്പിന്‍റെ വകയായി ഒരു കപ്പലണ്ടി മിട്ടായിപോലും വാങ്ങി തരാത്തതിന്‍റെ തീരാത്ത കലിപ്പും കൊണ്ടിരിക്കുകയാണ് ഞങ്ങള്‍... ...
.
  
                   സാധാരണ പരീക്ഷാകാലത്ത് വിദ്യാര്‍ഥികളില്‍ വിശപ്പില്ലായ്മ കാണപ്പെടാറുണ്ട് എന്നാണു ശാസ്ത്രം. എന്നാല്‍ ഇവിടെ നേരെ മറിച്ചായിരുന്നു. പരീക്ഷ അടുത്ത ദിവസങ്ങളില്‍ ഒടുക്കത്തെ വിശപ്പാണ്. കൃത്യ സമയത്ത് ഭക്ഷണത്തിനായി ഹോട്ടെലിലേക്ക് ഓടും. പറ്റ് ബുക്ക്‌ നിറഞ്ഞു കവിയുന്നത് കാണുമ്പോള്‍ ഹോട്ടെലുടമ തലയിലെ വിഗ്ഗ് ഊരി വിയര്‍പ്പു തുടയ്ക്കും.

                        അങ്ങനെ പരീക്ഷാ വിശപ്പ്‌ പുര നിറഞ്ഞു നില്‍ക്കുന്ന നേരത്താണ് കഥാനായകനായ അയല്‍പ്പക്കത്തെ അടുക്കള കൊതിപ്പിക്കുന്ന മണവുമായി രംഗപ്രവേശനം ചെയ്യുന്നത്. അയലത്തെ അടുക്കളക്ക് ഒരു പ്രത്യേക ആകര്‍ഷണീയതയുണ്ട്. സ്വന്തം വീട്ടിലെ ചിക്കന്‍ ബിരിയാണിയേക്കാള്‍ അടുത്ത വീട്ടിലെ ഉള്ളിചമ്മന്തിയുടെ   മണമായിരിക്കും നാവില്‍ വെള്ളമൂറ്റുന്നത്. അപ്പൊ പിന്നെ ഹോട്ടെല്‍ ഭക്ഷണം മടുത്തിരിക്കുന്ന ഞങ്ങളുടെ കാര്യം പറയാനുണ്ടോ?

                     ബന്ധുക്കളെയും സ്വന്തക്കാരെയും വിളിച്ചുകൂട്ടിയുള്ള നോമ്പ് തുറപരിപാടി ആണോ അതോ സാധാരണ നോമ്പ് തുറ ഒന്ന് കൊഴുപ്പിച്ചതാണോ എന്നറിയില്ല അടുത്ത വീട്ടിലെ അടുക്കളയില്‍ വിഭവങ്ങള്‍ ഏറെയുണ്ട് എന്നുറപ്പ്!!!! സ്വാഭാവികമായും അതെങ്ങനെയെകിലും പങ്കുപറ്റാന്‍ ഉള്ള വഴിയെന്ത് എന്നാ ചിന്ത എല്ലാരുടെയും മനസ്സില്‍ ഒരുമിച്ചുണര്‍ന്നു. ആരും പരസ്പരം ഒന്നും പറഞ്ഞില്ലെങ്കിലും. . .

                      പഠിക്കാനെന്നും പറഞ്ഞു വരാന്തയില്‍ ഇരിപ്പാണ് എന്നതിനാല്‍ ഞങ്ങളും അടുക്കളയും തമ്മില്‍ മൂന്നു മീറ്റര്‍ ദൂരം കഷ്ടിയാണ്‌........ അത് കൊണ്ട് തന്നെ ഞങ്ങള്‍ പറയുന്നതെല്ലാം അവിടെ കേള്‍ക്കും എന്നുറപ്പ്. (ഞങ്ങള്‍ക്ക് വേണ്ടതും അതാണല്ലോ!)

                        നോമ്പ് തുറക്ക് വിളിക്കാത്ത കൂട്ടുകാരനോടുള്ള കലിപ്പ് തീരത്തെ ഇരിക്കുന്നതിനാല്‍ തുടക്കം അതില്‍ തന്നെ ആകട്ടെ എന്ന് കരുതിയാകും , ചാലക്കുടിക്കാരന്‍ സുഹൃത്ത്  ആദ്യത്തെ വെടി പൊട്ടിച്ചു 
"എന്നാലും മച്ചാ അവന്‍ നമ്മളെ നോമ്പ് തുറക്കാന്‍ വിളിചില്ലല്ലോടാ!!" എന്ന ഒരു നിരുപദ്രവകരമായ ആത്മഗതം. (ആത്മഗതം പക്ഷെ അപ്പുറത്തെ കവല വരെ കേട്ടുകാണും എന്നുറപ്പ് !!) 

ഏതു സിക്സ്‌ത് സെന്‍സ് ആണെന്നറിയില്ല, സഹമുറിയന്മാര്‍ എട്ടു പേരും ജാഗരൂകരായി. 


"അതെ, ഇത്ര അടുത്ത വീടായിട്ടും അവന്‍ നമ്മളെ വിളിക്കാത്തത് മോശമായി" ആരോ ഏറ്റുപിടിച്ചു. . . 

"നമ്മളെ വിളിക്കും എന്ന് തന്നെ ഞാനും കരുതി. ഒന്നുമില്ലേലും ഒരു കുടുംബം പോലെ കഴിയുന്നതല്ലേ?" ഒരുത്തന്‍ ഇപ്പം കരയും എന്ന മട്ടായി...

ഈ പ്രാകുന്ന കൂട്ടുകാരന്‍ ഞങ്ങളെ കൂട്ടാതെ വീട്ടില്‍ പോയെന്നേ കേള്‍ക്കുന്ന ആരും കരുതൂ, പക്ഷെ ആള് മുകളിലെ നിലയില്‍ നോമ്പിന്‍റെ ആലസ്യത്തില്‍ മയങ്ങുകയാണ് എന്ന സത്യം ഞങ്ങക്കല്ലേ അറിയൂ !!!

"അതിന്നു നിന്നെയൊക്കെ വീട്ടില്‍ കേറ്റാന്‍ കൊള്ളുമോടാ? അത്കൊണ്ടാകും വിളിക്കാത്തത്" ആരോ സെല്‍ഫ് ഗോളടിച്ചു !!!!

"വീട്ടില്‍ കേറ്റിയില്ലെങ്കില്‍  വേണ്ട, ഉണ്ടാക്കിയത് കുറച്ചു കൊണ്ട് വന്നു തന്നൂടെ?" ഞാന്‍ ആ ഗോളൊന്നു തടുക്കാന്‍ നോക്കി !!

ഓരോ പറച്ചിലുകളും അങ്ങാടി മുഴുവന്‍ കേള്‍ക്കുന്ന ശബ്ധത്തില്‍ ആയതുകൊണ്ട് കേള്‍ക്കേണ്ടവര്‍ കേള്‍ക്കുന്നുണ്ട് എന്നുറപ്പ്. പക്ഷെ അവിടുന്ന് വെള്ളപ്പുക ഉയരുന്ന ലക്ഷണം മാത്രം കാണുന്ന ലക്ഷണം ഇല്ല  !! 

പണി പാളുകയാണോ? വായില്‍ കപ്പലോടിക്കാന്‍ വെച്ച വെള്ളം തുപ്പിക്കളയെണ്ടി വരുമോ? എല്ലാര്‍ക്കും ഒരേ സമയം സംശയം മൊട്ടിട്ടു !!!

ഇനി പറഞ്ഞത് മനസ്സിലാകാത്തതാകുമോ? അതോ മനസ്സിലായിട്ടും കേട്ടില്ലെന്നു നടിക്കലോ?
പരസ്പരം ഒന്നും പറഞ്ഞില്ലെങ്കിലും എല്ലാരും മുഖത്തോട് മുഖം നോക്കി..

അപ്പോളാണ് പ്രതീക്ഷയുടെ വെള്ളിവെളിച്ചം പോലെ ആ കാഴ്ച എന്റെ കണ്ണില്‍ പെട്ടത്. പാതി തുറന്ന ജനല്‍ പാളികളില്‍ കൂടെ ഞങ്ങളെ നോക്കി ചിരിക്കുന്ന രണ്ടു ജോഡി കുസൃതിക്കണ്ണുകള്‍ !!!!


അയല്‍പ്പക്കത്തെ ഏറ്റവും ഇളയ സന്തതികള്‍ രണ്ടും ഞങ്ങളുടെ സംസാരം കേട്ട് വായ്‌ പൊത്തി ചിരിക്കുകയാണ് !!!


നഷ്ടപെട്ട ഞങ്ങളുടെ പ്രതീക്ഷകള്‍ക്ക് കരുത്തേകാന്‍ ആ കാഴ്ച ധാരാളമായിരുന്നു.

ഇനിയിപ്പോ നാണവും മാനവും നോക്കിയിട്ട് കാര്യമില്ല. (അല്ലെങ്കില്‍ തന്നെ ഇല്ലാത്ത കാര്യത്തെ പറ്റി എന്തിനാ ടെന്‍ഷന്‍ !!). രണ്ടും കല്‍പ്പിച്ചു തന്നെ ഇറങ്ങാന്‍ ഞങ്ങളും തീരുമാനിച്ചു..


"അവനെ മാത്രം പറഞ്ഞിട്ടെന്താ? ഇവിടെ തൊട്ടടുതുള്ളവര്‍ പോലും ഒന്ന് വിളിച്ചു ഒരു കട്ടന്‍ ചായ പോലും തന്നിട്ടില്ല, പിന്നെന്തിനാ അവനോട് ദേഷ്യപ്പെടുന്നത്?!!" ആരോ ഒരു ത്രൂ പാസ്‌ അടിച്ചു

"അതെ, ഒന്നുമില്ലേലും ഒരേ മാവിന്‍റെ തണലില്‍ കഴിയുന്നവരല്ലേ? ഒന്ന് വിളിച്ചു അന്വേഷിക്കാമായിരുന്നു, വല്ലതും വേണോ എന്ന്"!!!

"മാത്രമല്ല, ഈ മണം മുഴുവന്‍ സഹിക്കുന്നത് ഈ പാവങ്ങള്‍ അല്ലെ എന്ന് പോലും ആരും ഓര്‍ത്തില്ല"

"പ്രത്യേകിച്ചും ഇന്ന് ഞായറാഴ്ച, ഒറ്റ ഹോട്ടലും തുറന്നിട്ടില്ല. പഠിക്കുന്ന പിള്ളേരല്ലേ? വിശന്നു വലഞ്ഞു ഇരിക്യാണെന്ന വിചാരം ആര്‍ക്കുമില്ല"
പല്ലിന്റെ ഇടയില്‍ ടൂത്ത്പിക്ക് ഇട്ടു കുത്തികൊണ്ടിരുന്ന കൂട്ടുകാരന്‍റെ അടുത്ത   ആത്മഗതം  !!!!


അയല്‍പ്പക്കത്ത്‌ നിന്നും അടക്കിപ്പിടിച്ച പൊട്ടിച്ചിരികള്‍ ഉയര്‍ന്നു. തൊട്ടുപിന്നാലെ  നേരത്തെ പറഞ്ഞ രണ്ടു ജോഡി കുസൃതിക്കണ്ണുകള്‍ ആരോ പിടിച്ചു മാറ്റിയാലെന്ന പോലെ പുറകോട്ടു മറയുകയും ജനവാതില്‍ വലിച്ചടക്ക്പ്പെടുകയും ചെയ്തു..

ഇനി രക്ഷയില്ല. നോമ്പ്‌ തുറ മോഹം ഗോവിന്ദ!!!


ഇനിയിപ്പോ  അലമ്പാക്കുക തന്നെ.
നെടുമുടി വേണു ചേട്ടനെ മനസ്സില്‍ ധ്യാനിച്ച്‌ കൊണ്ട് എല്ലാരും സമൂഹ മിമിക്രി തുടങ്ങി.

"ഇവിടൊന്നും കിട്ടീല, ഇവിടൊന്നും  തന്നീല്ലാ"!!!
"ഇവിടൊന്നും കിട്ടീല,  ഇവിടൊന്നും  തന്നീല്ലാ"!!!
"ഇവിടൊന്നും കിട്ടീല,  ഇവിടൊന്നും  തന്നീല്ലാ"!!!

ആത്മഗതങ്ങള്‍ അശരീരി പോലെ മുഴങ്ങി ...

റോഡിലൂടെ വല്ല പിച്ചക്കാരും പോയിരുന്നെങ്കില്‍ അവര് പോലും നാണിച്ചുപോയേനെ !!!

അങ്ങനെ പവനായി ശവമായി !!!
ഉള്ള മാനവും പോയി, വായിലെ വെള്ളവും വറ്റി.  
ഇനിയിപ്പോ കവി പറഞ്ഞപോലെ "ഓണമുണ്ട വയറേ ചൂളം പാടിക്കിട" തന്നെ രക്ഷ     !!!

അടുക്കളയുടെ മണത്തെ വെല്ലാന്‍ ഓരോ കുന്തിരിക്കം "പുകയ്ക്കുക" തന്നെ . അത്ര നേരം പഠിച്ചതല്ലേ!!!! ക്ഷീണം മാറ്റാന്‍ ഒന്ന് കിടക്കാമെന്ന് ഞാനും കരുതി.

ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞു കാണും. കാളിംഗ് ബെല്‍   രണ്ടടിച്ചു. പട്ടാപ്പകല്‍ ഈ വീട്ടിലെ കാളിംഗ് ബെല്‍ മുഴങ്ങുകയോ? അതും പ്രൈവറ്റ് ബസ്സിന്‍റെ ഡോര്‍ പോലെ ഇതു നേരവും തുറന്നിരിക്കുന്ന മുന്‍വാതില്‍ ഉള്ളപ്പോ!!!

ആരപ്പാ ഇത് എന്നറിയാന്‍ അഴിഞ്ഞു പോയ ലുങ്കിയും വാരിച്ചുറ്റി ഒരുത്തന്‍ താഴേക്കിറങ്ങി പോയി. പോയതിനേക്കാള്‍ വേഗത്തില്‍ അവന്‍ തലയില്‍ കൈവച്ചു തിരിച്ചോടി വരുന്നതാണ് പിന്നെ കണ്ടത്!!!


"ഓരോന്ന് ഉണ്ടാക്കി വച്ചിട്ടിപ്പോ എന്തായി?  താഴെ പോയി നോക്കിനെടാ"
 അവന്‍ ശബ്ദം പുറത്തുവരാതെ അലറി !!!


എവിടുന്നു ഉണ്ടാക്കിയ അടിയാവോ തിരിച്ചു കിട്ടാന്‍ പോകുന്നത് എന്ന് അല്ഭുതപ്പെട്ടുകൊണ്ട് എല്ലാരും കൂടി താഴേക്ക് ഓടി ചെന്നു. ചെന്നവര്‍ ചെന്നവര്‍ ഒരു  വളിച്ച    ഉപചാര ചിരിചിരിച്ചു കൊണ്ട് നില്‍ക്കുന്നതാണ് പുറകെ ചെന്നവരെല്ലാം കണ്ടത്!!!

കൈയ്യില്‍ ഓരോ വലിയ പാത്രങ്ങളുമായി അയല്‍പ്പക്കത്തെ കുട്ടികള്‍ മുറ്റം നിറഞ്ഞു നില്‍ക്കുന്നു !!!!
മതിലിനു അപ്പുറത്തായി അവരുടെ ഉപ്പയും ഉമ്മയും ഞങ്ങളെ നോക്കി ചിരിക്കുന്നു !!!


"നിങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയതാ, പരീക്ഷ ആയോണ്ട് സമയം മെനക്കെടുത്തണ്ട എന്ന് കരുതിയാ ഇങ്ങോട്ട് കൊണ്ട്  വന്നത്. മുഴുവന്‍ കഴിക്കണം കേട്ടോ. പാത്രങ്ങള്‍ മതിലില്‍ വച്ചാല്‍ മതി, ഞാന്‍ പിന്നെ എടുത്തോളാം" ഉമ്മ പറഞ്ഞു !!!


"ഓ ഇതൊന്നും വേണ്ടായിരുന്നു" ഞാന്‍ ആ വളിച്ച ചിരിയെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചുകൊണ്ട് പറഞ്ഞു..

"ഹേ അതൊന്നും സാരമില്ല, ഞങ്ങടെ ഒരു സന്തോഷത്തിനാ എന്ന് കരുതിയാ മതി" ഉപ്പയും ഉപചാരം വിട്ടില്ല...


"പത്തിരീം കോയിക്കറീം ആണ്, ബിരിയാനീം ണ്ട്" കൂട്ടത്തില്‍ ചെറിയവന്‍ ചിരിച്ചോണ്ട് പറഞ്ഞു.


"ഓ ആയിക്കോട്ടെ" നമ്മള്‍ ഇതെത്ര കണ്ടതാ !!!


പാത്രങ്ങള്‍ ഒക്കെ മെല്ലെ എടുത്തു അകത്തു വച്ച്‌ വാതില്‍ അടച്ചു. എല്ലാരും മുഖത്തോട് മുഖം നോക്കി. 

സാധാരണ ഇങ്ങനെ ഭക്ഷണം കൈയ്യില്‍ കിട്ടിയാല്‍ കൂട്ടത്തല്ല് കൂടി പിടിച്ചു പറിച്ചു തിന്നാറാണ് പതിവ്. ഇന്ന് പക്ഷെ ആര്‍ക്കും ആ ആവേശം കാണുന്നില്ല.


"എന്താന്നറിയില്ല, തൊണ്ടയില്‍ ആരോ പിടിച്ച പോലെ, അങ്ങോട്ട് ഇറങ്ങുന്നില്ല" ഒരു പത്തിരി കഷ്ണം കയ്യില്‍ പിടിച്ചുകൊണ്ട് വീണ്ടും ആത്മഗതം !!!  

പിന്നെയൊരു കൂട്ട ചിരി ആയിരുന്നു. പൊട്ടിച്ചിരിച്ചും പരസ്പരം കളിയാക്കിയും ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നോമ്പ് തുറ ഞങ്ങള്‍ ആഘോഷമാക്കി  . .


ലാസ്റ്റ് എഡിഷന്‍ : കഴിച്ചു കഴിഞ്ഞ് പാത്രം തിരികെ കൊടുക്കുന്നതിനെ പറ്റി ആലോചിച്ചപ്പോ ഒരു സംശയം. ഭക്ഷണം നമുക്ക് വേണ്ടി ഉണ്ടാക്കിയതല്ലെന്നും ഇവിടുന്നു വിളിച്ചു പറഞ്ഞ ആത്മഗതങ്ങള്‍ കേട്ടിട്ട് സഹികെട്ട് തന്നതാണെന്നും ഉറപ്പ്. പക്ഷേ, നമ്മളെ അങ്ങോട്ട് വിളിക്കാതെ ഭക്ഷണം ഇവിടെ കൊണ്ട് വന്നു തന്നതും പാത്രം വീട്ടിലേക്ക് കൊണ്ട് വരാന്‍ പറയാതെ മതിലില്‍ വച്ചാ മതി എന്ന് പറഞ്ഞതും നമ്മുടെ പഠനം മുടക്കണ്ട എന്ന് കരുതി തന്നെ ആകുമല്ലേ?

ഇമ്മാതിരി അലമ്പന്മാരെ വീട്ടില്‍ കയറ്റാന്‍ ഉള്ള പേടി . .  ഹേയ് അതൊന്നും ആകില്ല അല്ലെ?????? 

29 comments:

 1. ഇമ്മാതിരി അലമ്പന്മാരെ വീട്ടില്‍ കയറ്റാന്‍ ഉള്ള പേടി . . ഹേയ് അതൊന്നും ആകില്ല അല്ലെ??????

  ഹേയ്..., ആകില്ല അതൊറപ്പല്ലേ... :))

  ReplyDelete
 2. കിട്ടാനുള്ളതൊക്കെ കിട്ടി ഇല്ലിയോ?? ഇനി വീട്ടില്‍ കേറ്റിയാല്‍ എന്നാ ഇല്ലേല്‍ എന്നാ? കൊള്ളാട കൊച്ചനെ

  ReplyDelete
 3. mere samne vale khidki mei...gud read..:)

  ReplyDelete
 4. സുപ്പര്‍ നന്നായിട്ടുണ്ട്

  ReplyDelete
 5. ഹേയ്.. അങ്ങനെ ആകുമോ??? ആവാതിരിക്കാന്‍ സാധ്യതയില്ല.. തറവാടിത്തം തറകളോട് പാടില്ല എന്നാണല്ലോ...

  ReplyDelete
 6. ഈ അടുത്ത കാലത്ത് വായിച്ച നാല്ലൊരു പോസ്റ്റ്‌...വളരെ ഇഷ്ടായി..ചെറു ചിരിയോടെയാണ്‌ വായിച്ചത്...എഴുത്തിന്റെ ശൈലിയിലെ മാറ്റം നന്നായിട്ടുണ്ട്...നര്‍മ്മം നന്നായി വഴങ്ങുന്നു..തുടര്‍ന്നും രസകരമായ ഇത്തരം അനുഭവങ്ങള്‍ എഴുതുക.. ആശംസകള്‍...മനസ്സ് നിറഞ്ഞു ..നല്ല പത്തിരിയും കോഴിക്കറിയും കഴിച്ചത് പോലെ...

  ReplyDelete
 7. വാദിച്ചു നേടി .... എന്നു പറയാം.... :)

  ReplyDelete
 8. തകര്‍ത്തു ട്ടാ
  വായിക്കാന്‍ രസമുള്ള എഴുത്ത്
  ഞങ്ങളൊക്കെ പറയുന്ന ഒരു ഭാഷ പോലെ തോന്നി

  ReplyDelete
 9. നോമ്പു തുറ അസ്സലായിട്ടുണ്ട്. ആദ്യമായണിവിടെ. ആശംസകള്‍ നേരുന്നു.

  ReplyDelete
 10. മാനം പോയാലെന്താ വയര് നിറച്ചു കിട്ടിയില്ലേ :-) ആ പിള്ളാര്‍ക്ക് പിന്നീട് കടല മിടായിയോ മറ്റോ വാങ്ങിക്കൊടുതായിരുന്നോ !!

  ReplyDelete
  Replies
  1. ആ വീട്ടിലെ ഇളയ മകള്‍ക്ക് ഞാന്‍ പോസ്റ്റിന്‍റെ ലിങ്ക് അയച്ചു കൊടുത്തിട്ടുണ്ട്. വായിച്ചു നോക്കിയിട്ട് അഭിപ്രായം പറയാം എന്ന് പറഞ്ഞതാ, പിന്നൊന്നും കണ്ടില്ല. ആളെ വിട്ട് അടിപ്പിക്കാന്‍ ഉള്ള പരിപാടി ആണോ എന്നറിയില്ല

   Delete
 11. നിനക്ക് 'പ്രതിക്രിയാവാതക' പോസ്റ്റുകള്‍ മാത്രമല്ല നമ്മര്‍മ്മവും ഉഷാര്‍ ആയി വഴങ്ങും അല്ലെ ജിതിനെ. ഇത് കലക്കീ ഡാ.. രസകരമായി അവതരിപ്പിച്ചു. നോമ്പ് കാലത്ത്‌ നാട്ടില്‍ ആയാലും ഇവിടെ ആയാലും നോമ്പ്‌ തുറക്കാന്‍ അധികവും നമ്മളും പോകാറുണ്ട്. വിളിച്ചിട്ട് തന്നെയാണെ.. :-) ഈ സംഭവം നടക്കുന്നത് ഞാന്‍ അന്ന് വന്നിരുന്ന ഹോസ്റ്റെലില്‍ ആയിരുന്നോ?

  ReplyDelete
  Replies
  1. അല്ല. ഇത് അതിനു മുന്‍പ് ഒരു 3 വര്‍ഷം താമസിച്ച ഹോസ്റ്റല്‍ ആണ്.
   ഫാറൂക്ക് കോളേജ്ന്‍റെ പുറകില്‍. അന്ന് പ്രതിക്രിയ വാദം ഇത്രക്ക് ആയിട്ടില്ല. അരാജക വാദത്തിന്റെ കാലം ആയിരുന്നു

   Delete
 12. അലമ്പന്മാർ...!! :) :)

  ReplyDelete
 13. മൂണ് മീറ്റര് മാത്രം വ്യൂത്യാസത്തില്‍ ഒരു അടുക്കള
  പിന്നെ എട്ട് പാവങ്ങളും .......

  അയലത്തെ അടുക്കളക്ക് ഒരു പ്രത്യേക ആകര്‍ഷണീയതയുണ്ട്. സ്വന്തം വീട്ടിലെ ചിക്കന്‍ ബിരിയാണിയേക്കാള്‍ അടുത്ത വീട്ടിലെ ഉള്ളിചമ്മന്തിയുടെ മണമായിരിക്കും നാവില്‍ വെള്ളമൂറ്റുന്നത്. അപ്പൊ പിന്നെ ഹോട്ടെല്‍ ഭക്ഷണം മടുത്തിരിക്കുന്ന ഞങ്ങളുടെ കാര്യം പറയാനുണ്ടോ?..........

  നര്മ്മം എഴുതാന്‍ നല്ല കഴിവുണ്ടല്ലോ
  നന്നായിരിക്കുന്നു എഴുത്ത്
  ആശംസകള്‍

  ReplyDelete
 14. ഹ അഹ ... തകര്‍പ്പന്‍ നോമ്പ് തുറ ...
  പോസ്റ്റ്‌ നന്നായിട്ടുണ്ട്. ആ രംഗങ്ങള്‍ ആയിക്കുംപോള്‍ മനസ്സില്‍ കാണുന്നുണ്ടായിരുന്നു.

  ReplyDelete
 15. അങ്ങനെയും ഒരു അലമ്പ് നോമ്പ്തുറ ...

  ReplyDelete
 16. ഈ ഫേസ്ബുക്ക് പ്ലാറ്റ്ഫോമിന്റെ പരസ്യം മാറ്റി സ്വന്തം ബ്ലോഗിന്റെ ഒരു പേജ് ഉണ്ടാക്കി ഇവിടെ ഇടൂ അലമ്പന്‍ പത്രക്കാരാ..

  ReplyDelete
 17. ഹ ഹ.. ചിരിച്ചിരിച്ച് ബയ്യാണ്്ടായി...
  ഗമണ്ടനായിട്ടുണ്ട്...

  പിന്നെ പരീക്ഷയായതോണ്ടന്നും അല്ല... വീട്ടില്‍ കയറ്റാന്‍ ഒക്കില്ല എന്ന ബോധ്യം ലതുകള്‍ക്ക് കൃത്യമായുണ്ട്..

  ഹെന്തായാലും ഓള്‍ ദ ബെസ്റ്റിട്ടാ...

  ReplyDelete
 18. ഇമ്മാതിരി അലമ്പന്മാരെ വീട്ടില്‍ കയറ്റാന്‍ ഉള്ള പേടി . .
  ഹേയ് അതൊന്നും ആകില്ല :)

  ReplyDelete
 19. പത്രക്കാരാ . . . അടിപൊളിയായി എഴുതി . . . 'അരിവാള്‍' മാറ്റി പിടിച്ചപ്പോള്‍ വായിക്കാന്‍ ഒരു സുഖമുണ്ട് . . . ഇനി ഈ ലൈനില്‍ ഒരു 'കൈ' നോക്കിയാലോ :)

  ReplyDelete
  Replies
  1. ഈ ലൈന്‍ ഓക്കേ. പക്ഷേ "കൈ" നോട്ടത്തില്‍ എനിക്ക് വിശ്വാസമില്ല ഭായ്

   Delete
 20. പഴയ കാലം ഓര്മ്മ വന്നു...... കൊളേജ് ലൈഫ് വീണ്ഠും ഓാര്മ്മ വന്നു...

  ReplyDelete
 21. rasakaram thanne...... blogil puthiya post...... NEW GENERATION CINEMA ENNAAL....... vayikkane........

  ReplyDelete
 22. കോളേജ്‌ഹോസ്റ്റല്‍ ജീവിതത്തിലെ ഒരു നുറുങ്ങ്, നര്‍മ്മരസം ചേര്‍ത്തു അവതരിപ്പിച്ചു. നന്നായിട്ടുണ്ട്, ആശംസകള്‍

  ReplyDelete
 23. ഇത് നോമ്പുതുറ അല്ല തറ തന്നെ

  ReplyDelete
 24. കൂതറ തുറ

  രസിച്ച് വായിച്ചു

  ReplyDelete
 25. mimicry part was super :D :D

  ReplyDelete
 26. ഇതൊരു നോമ്പ് തറ ആയിപ്പോയല്ലോ പത്രക്കാരാ.. ഹോ.. ചിരിച്ചു ചിരിച്ചു ഒരു വിധമായി.. വീട്ടില്‍ കേറ്റാന്‍ കൊള്ളില്ല എന്ന് ആ വീടുകാര്‍ക്ക് മാത്രമല്ല നാടുകാര്‍ക്കും അറിയമായിരുക്കും അല്ലെ?

  ReplyDelete

Related Posts Plugin for WordPress, Blogger...
There was an error in this gadget