Sunday, August 19, 2012

ബലാത്സംഗ വീരന്‍ ജൂലിയന്‍ അസ്സഞ്ചെ !!!!

                           നിങ്ങള്‍ക്ക് അറിയുമോ എന്ന് എനിക്കറിയില്ല പാവം അമേരിക്കയെ പറ്റി നമ്മള്‍ ഇത്രകാലം വിശ്വസിച്ചതൊക്കെ തെറ്റായിരുന്നു !! ലോകത്തെ സകല സ്ത്രീപീഡകരെയും പിടികൂടി ഗോണ്ട്വനാമോയില്‍ അടക്കുക എന്ന ചരിത്ര ദൌത്യം ഏറ്റെടുത്തവരാണ് അമേരിക്കന്‍ ഭരണകൂടം !! അതിനു വേണ്ടി ഏതറ്റം വരെയും അവര്‍ പോകും. നിങ്ങള്‍ കണ്ടില്ലേ ബ്രിട്ടനിലെ ഇക്വഡോര്‍ എംബസ്സിയില്‍ പതുങ്ങിയിരിക്കുന്ന ജൂലിയന്‍ അസ്സാഞ്ചെ എന്ന ഭൂലോക സ്ത്രീപീഡകനെ പിടികൂടാന്‍ കച്ചയ്യും കെട്ടി ഇറങ്ങിയിരിക്കുന്നത്? ബ്രിട്ടീഷ് പോലീസിന്‍റെ അറസ്റ്റ് പേടിച്ച് പയ്യന്‍ ഓടിക്കയറിയതാണ് ഇക്വഡോര്‍ എംബസിക്കകത്ത്, അവരാണെങ്കില്‍ കയ്യോടെ അഭയവും കൊടുത്തു.

                                 മര്യാദക്ക് പറഞ്ഞതാ ഇക്വഡോറിനോട്‌ അസ്സഞ്ചിനെ വിട്ടു തരാന്‍.., തന്നില്ല എന്ന് മാത്രമല്ല, "തരാന്‍ സൌകര്യമില്ല" എന്നും പറഞ്ഞു. കേട്ടപാതി ബ്രിട്ടന്‍റെ ഇക്വഡോര്‍ അംബാസിഡാര്‍ പെട്ടിയും കിടക്കയുമെടുത്തു ഞാനെന്‍റെ വീട്ടില്‍ പോവാ എന്നും പറഞ്ഞു പോന്നു കാണും . (അല്ലേല്‍ അവന്മാര്‍ വിളിച്ചു വരുത്തി ഞെട്ടിച്ചാലോ). അതും പോരാഞ്ഞ് വേണ്ടി വന്നാല്‍ എംബസിക്ക് അകത്തു കയറി പിടിക്കും എന്ന് ബ്രിട്ടീഷ് സര്‍ക്കാരും പറഞ്ഞു. പ്രധാനമന്ത്രിയും ഉപപ്രധാന മന്ത്രിയുമൊക്കെ കുടുംബ സമേതം ടൂര്‍ അടിക്കുന്ന സമയം ആയോണ്ട് വിദേശ കാര്യ സെക്രട്ടറി വില്ല്യം ഹേഗ് ആണ് ഈ ഡയലോഗ് ഒക്കെ അടിച്ചത്. അങ്കിള്‍ ബണ്ണിനോടുള്ള കൂറ് കാണിച്ചതാണെന്ന് കൂട്ടിക്കോ. പക്ഷെ അമിതാവേശം ഇപ്പൊ വിനയായ മട്ടാണ്. അന്താരാഷ്‌ട്ര കരാര്‍ അനുസരിച്ച് മറ്റൊരു രാജ്യത്തിന്‍റെ എംബസിക്ക് അകത്തു കയറി അറസ്റ്റ് ചെയ്യാന്‍ പാടില്ല. ഇപ്പൊ ദേ ലാറ്റിന്‍ അമേരിക്കയിലെ അസൂയാലുക്കളായ അയല്‍രാജ്യങ്ങള്‍ ഒക്കെ ഇക്വഡോറിനു പിന്തുണയും കൊടുത്തിരിക്കുന്നു!!! പണി പാളും എന്നുറപ്പ്...

                          അസ്സഞ്ചെ ആണെങ്കിലോ, ഇത് പരമാവധി മുതലെടുക്കാനുള്ള പരിപാടിയിലാണ്. എംബസ്സിയുടെ ബാല്‍കണിയില്‍ നിന്ന് കൊണ്ട് കക്ഷി ഒരു പത്രസമ്മേളനം വരെ പാസ്സാക്കി. മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ് ഇതെന്നൊക്കെ പറഞ്ഞു കളഞ്ഞു പുള്ളി . നേരത്തെ പറഞ്ഞ കരാര്‍ കാരണം അങ്ങേരു അവിടെ നിന്ന് തുണി പൊക്കി കാണിച്ചാ പോലും ഒന്നും ചെയ്യാനും പറ്റില്ല. അസ്സഞ്ചെ എംബസ്സിയില്‍ നിന്ന് പുറത്തിറങ്ങിയാല്‍ പൊക്കാന്‍ നില്‍ക്കുകയാണ് ബ്രിട്ടീഷ് പോലീസ്. ഇനി ബ്രിട്ടനെ കൊണ്ട് ഒറ്റക്ക് പൊന്തിയില്ലെങ്കില്‍ പൊക്കാന്‍ തങ്ങളും കൂടാം എന്ന് അമേരിക്ക ഉറപ്പും കൊടുത്തിട്ടുണ്ട്. കാരണം ഈ പറയുന്ന നിയമത്തില്‍ തങ്ങള്‍ ഒപ്പ് വച്ചിട്ടില്ല എന്നൊക്കെയാണ് അവര് പറയുന്നത്. അവന്മാര് പറച്ചില്‍ മാത്രമാകില്ല, ചിലപ്പോ ചെയ്തുകളയും. ഹും ആറ്റം ബോംബും പോക്കെറ്റില്‍ ഇട്ടു നടക്കുന്ന ബില്‍ ലാദനെ തട്ടിയിട്ടുണ്ട് അങ്ങ് പാക്കിസ്ഥാനില്‍ കയറി , പിന്നാ ഈ പീക്കിരി പയ്യന്‍ !!!

എന്നാലും ഇവരെല്ലാം ഇങ്ങനെ പുറകെ നടക്കാന്‍ ആരാണീ കൊടും കുറ്റവാളി എന്നല്ലേ? അതാണ്‌ കഥയിലെ ട്വിസ്റ്റ്‌ !!സ്വീഡനിലെ ഒരു പ്രമാദമായ ഒരു ബലാത്സംഗ കേസിലെ പ്രതിയാണിയാള്‍.., നമ്മുടെ നാട്ടില്‍ ഈ വിധുര, സൂര്യനെല്ലി എന്നൊക്കെ പറയുന്ന ഉഡായിപ്പ് പരിപാടിയല്ല. സുഹൃത്തും സഹപ്രവര്‍ത്തകയുമായ രണ്ടു മദാമ്മമാരെ ആണ് കക്ഷി ബലാല്‍സംഗം ചെയ്തത്. ഒരാളെ കോണ്ടം ഇടാതെയും ഒരാളെ കീറിയ കോണ്ടം ഇട്ടിട്ടും!!! ബലാസംഗം ചെയ്യുമ്പോള്‍ കോണ്ടം ഇടുവിപ്പിക്കാന്‍ തങ്ങള്‍ ആവതും ശ്രമിച്ചെന്നും എന്നാല്‍ സുതാര്യതയുടെ വക്താവായ അസ്സഞ്ചെ ലീക്ക് ഉള്ള കോണ്ടം ഇട്ട് തങ്ങളെ പറ്റിച്ചെന്നുമാണ് പരാതി. അങ്ങനെ ലീക്ക് ഉള്ള കോണ്ടം ഇടുന്നത് കൊണ്ടാണത്രേ ഇയാളെ "വിക്കിലീക്സ് സ്ഥാപകന്‍" ""എന്നൊക്കെ വിളിക്കുന്നത്

              അമേരിക്കയില്‍ അസ്സഞ്ചിന്‍റെ പേരില്‍ ഒരു പോക്കെറ്റടി കേസ് പോലുമില്ല. ഓസ്ട്രെലിയകാരനായ അസ്സാഞ്ചിന്‍റെ പേരില്‍ റേപ്പ് കേസ് ഉള്ളത് അങ്ങ് സ്വീഡനിലാണ്. അസ്സഞ്ചെ ഉള്ളത് ബ്രിട്ടനിലും. അഭയം കൊടുത്തത് ഇക്വഡോര്‍ എംബസ്സിയും. പിന്നെ അമേരിക്കക്ക് ഇത് എന്തിന്‍റെ സൂക്കേടാ എന്ന് ചോദിക്കരുത്, അതാണ്‌ ഞാന്‍ ആദ്യമേ പറഞ്ഞത് അമേരിക്കയെ പറ്റി നമ്മള്‍ക്ക് വല്ലാത്ത തെറ്റിധാരണ ആണ് ഉള്ളത് എന്ന്. യേത്?

സ്ത്രീപീഡകര്‍ക്ക് എതിരെ കുരിശു യുദ്ധം പ്രഖ്യാപിച്ച അമേരിക്കയെ നാം പിന്തുണക്കുകയല്ലേ വേണ്ടത്? അസ്സഞ്ചിനു അഭയം കൊടുത്ത ഇക്വഡോറിനെ ചന്തിക്ക് രണ്ടു പെട കൊടുത്ത് അയാളെ ഇങ്ങു പിടിച്ചു കൊണ്ട് വരാന്‍ അമേരിക്കക്ക് വല്ല പാടും ഉണ്ടോ? പിന്നെ ഇക്വഡോറില്‍ രാസായുധം ഉണ്ടെന്നോ മറ്റോ പറഞ്ഞു ഒരു യുദ്ധവും പ്രഖ്യാപിച്ചാല്‍ സംഗതി ക്ലീന്‍ !!!


ലാസ്റ്റ് എഡിഷന്‍ :: അമേരിക്കയും സാമന്ത രാജ്യങ്ങളും ചെയ്ത തൊട്ടിത്തരങ്ങളും തെമ്മാടിത്തരങ്ങളും പുറത്തുകൊണ്ട് വന്ന വിക്കിലീക്സ് പ്രസ്ഥാനത്തിന്‍റെ സ്ഥാപകനാണ് ജൂലിയന്‍ അസ്സഞ്ചെ. അമേരിക്ക പതിനെട്ടടവും പയറ്റിയിട്ടും വിക്കിലീക്സ്നെ തകര്‍ക്കാന്‍ ആയില്ല. ബലാത്സംഗകഥയൊക്കെ തട്ടിപ്പാണെന്നും അസ്സഞ്ചിനെ കുടുക്കാന്‍ പെങ്കൊച്ചുങ്ങളെ ഉപയോഗിച്ച് അമേരിക്ക ഒപ്പിച്ച പത്തൊന്‍പതാം അടവാണിതെന്നുമൊക്കെ പാണന്മാര്‍ പാടി നടക്കുന്നുണ്ട്. തന്നെപറ്റി അപവാദം എഴുതിയ സുപ്രസിദ്ധ നോവലിസ്റ്റ്‌ സാഗര്‍ കോട്ടപ്പുറത്തിനെ പീഡന കേസില്‍ കുടുക്കിയ തഹസില്‍ദാര്‍ ആണോ അമേരിക്ക? അതോ സര്‍വരാജ്യ സ്ത്രീജനങ്ങളുടെ സംരക്ഷകരോ?

8 comments:

  1. അപ്പൊ ലതാണു ഈ അമേരിക്ക...
    ഒരു സംശയം, കേരളത്തിൽ "കുട്ടി" ലീക്സ് തുടങ്ങാത്തതെന്താ?

    ReplyDelete
  2. അപ്പ ...അങ്ങിനെയാണ് കാര്യങ്ങളുടെ കിടപ്പ് !!

    അമേരിക്ക നിനച്ചാല്‍ അവരത് നടത്തും. അപ്പോള്‍ മറ്റു ലോക രാഷ്ട്രങ്ങള്‍ കണ്ണും പൂട്ടിയിരിക്കും. ഇത് നാം പലയാവര്‍ത്തി കണ്ടതാണല്ലോ. എല്ലാം നടന്നു കഴിഞ്ഞാല്‍ അവരുടെ മര്‍ക്കട മുഷ്ട്ടി ശരിയല്ല.. അവര് വല്യേട്ടന്‍ കളിക്കയാണ് എന്നൊക്കെ വിവിധ രാഷ്ട്രങ്ങള്‍ പ്രസ്താവന യുദ്ധം നടത്തും. അതെല്ലാം കേട്ട് ഒരു ചെറു പുഞ്ചിരിയോടെ അവര്‍ പറയും ............എത്ര കുളം കണ്ടതാ ന്ന് !!

    ReplyDelete
  3. അമേരിക്ക നിങ്ങളെക്കണ്ടില്ലെങ്കില്‍ ഞാന്‍ വീണ്ടുംവരും

    ReplyDelete
  4. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു

    ReplyDelete
  5. നീ ഞങ്ങളുടെ വെള്ളം കലക്കി
    നിന്നെ ഞങ്ങള്‍ തിന്നാന്‍ പോകയാണ്

    അതെങ്ങിനെ ഞാന്‍ കലക്കും?
    ഞാന്‍ പുഴയില്‍ താഴെയും നിങ്ങള്‍ മേലെയും അല്ലേ?

    അതൊന്നും ഞങ്ങള്‍ക്കറിയില്ല
    നീ വെള്ളം കലക്കി

    ReplyDelete
  6. വരും നാളുകളില്‍ നമ്മള്‍ക്ക് കേള്‍ക്കാം, അമേരികന്‍ കമാന്‍ഡോകള്‍ ബ്രിട്ടണിലെ ഇക്വഡോര്‍ എംബസിയില്‍ കയറി ലീക്സിനെ അറസ്റ്റ്‌ ചെയ്തു. ഒപ്പെരെഷന് പേര് 'സ്റ്റോപ്പ്‌ ലീക്സ്‌' എന്നായിരുന്നു. അങ്ങ് വെള്ളകൊട്ടാരതിലിരുന്നു ഒഫാമ എല്ലാം നിയന്ത്രിച്ചു എന്നൊക്കെ.

    ReplyDelete
  7. അതിരിക്കട്ടെ, ഈ ഇക്വഡോര്‍ എന്ന് പറഞ്ഞ ഏതാണ്ട് എവിടെ ആയിട്ട് വരും?

    ReplyDelete
  8. രസകരമായി എഴുതി... ചിരിപ്പിച്ചു

    ReplyDelete

Related Posts Plugin for WordPress, Blogger...