Sunday, July 14, 2013

നരേന്ദ്രമോഡിയുടെ പട്ടിത്തീട്ടങ്ങള്‍ !!!!

           
             ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപ്പിയുടെ തിരഞ്ഞെടുപ്പ് മുഖ്യപ്രാന്തുമായ നരേന്ദ്രമോഡി ഗുജറാത്ത് കലാപത്തെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ മിക്കതും വിവാദമായിട്ടുണ്ട്.  അതില്‍ ഏറ്റവും ഒടുവിലത്തേതാണ് അന്തര്‍ദേശീയ മാധ്യമ ഏജന്‍സിയായ റോയിട്ടേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ മോഡി ഗുജറാത്ത് കലാപത്തിലെ ഇരകളെ കാറിനടിയില്‍ പെട്ട് ചത്ത പട്ടികളോട് ഉപമിച്ച വിവാദം.

താഴെ പറയും വിധമാണ് മേല്‍ പറഞ്ഞ പരാമര്‍ശത്തിന്‍റെ മലയാളം..

ചോദ്യം ഗുജറാത്ത് കലാപത്തില്‍ സംഭവിച്ചതില്‍ നിങ്ങള്‍ക്ക് കുറ്റബോധം ഉണ്ടോ?

മോഡി:  “ഞാന്‍ പറയാം, ഇന്ത്യയുടെ സുപ്രീം കോടതി നല്ലഒരു കോടതിയായി ആണ് കണക്കാക്കപ്പെടുന്നത്, ആ കോടതി ഒരു അന്വേഷണ കമ്മീഷനെ വച്ചു. ആ റിപ്പോര്‍ട്ട്‌  വന്നു. അതില്‍ എനിയ്ക്ക് ക്ലീന്‍ ചിറ്റ് ലഭിച്ചു. പൂര്‍ണ്ണമായും ക്ലീന്‍ ചിറ്റ്. മറ്റൊരു കാര്യം, നമ്മള്‍ ഒരു കാര്‍ ഓടിയ്ക്കുന്നു, നമ്മള്‍ ആണ് ഡ്രൈവര്‍, പിന്നെ വേറൊരാള്‍ വണ്ടി ഓടിയ്ക്കുന്നു നമ്മള്‍ പുറകില്‍ ഇരിയ്ക്കുന്നു, അപ്പൊ ഒരു പട്ടി കാറിനടിയില്‍ പെട്ടാല്‍ നമുക്ക് കുറ്റബോധം തോന്നില്ലേ? അത് പോലെ  തോന്നി..

 പട്ടിയും പൂച്ചയും ഗുജറാത്തില്‍ ആര്‍എസ്എസ്സുകാര്‍ അരുംകൊല ചെയ്ത സകലമാന പട്ടിതീട്ടങ്ങളും ഒരുപോലാണെന്നും അല്ലേ അതിന്‍റെ പച്ച മലയാളം?

             പറഞ്ഞത് അങ്ങനെയല്ലെന്നും മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും വളച്ച്ഒടിച്ചതാണെന്നുമുള്ള സ്ഥിരം പല്ലവികളുമായി മോഡിഭക്തരും ഓണ്‍ലൈന്‍ തൊഴിലാളികളും ഇറങ്ങി. എന്നാല്‍ അമ്മാതിരി ക്ലീഷേ പരിപാടിയ്ക്കൊന്നും ഭാവി പ്രധാനമന്ത്രി നിന്നില്ല. പുള്ളി വേഗം ട്വിറ്റെര്‍ എടുത്ത് ഒരു പോസ്റ്റ്‌ അങ്ങിട്ടു, "ഞങ്ങളുടെ ആര്‍ഷഭാരതസംസ്കാരത്തില്‍ എല്ലാ ജീവജാലങ്ങളും ഒരുപോലാണെന്നും അതുകൊണ്ടാണ് താന്‍ അങ്ങനെ പറഞ്ഞെതെന്നും" ഒരു കിടിലന്‍ ട്വീറ്റ്.

            വെറുതെ അങ്ങനെ പറയാനും ഒടുവില്‍ തിരുത്താനും മോഡി അത്ര മണ്ടന്‍ ഒന്നുമല്ല.     താന്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന്‍റെ മുന്‍കൂട്ടി തീരുമാനിച്ച രാഷ്ട്രീയ അജണ്ട  മുന്നോട്ടു വയ്ക്കുകയാണ് മോഡി ചെയ്തത്.  വര്‍ഗീയത , ഹിന്ദുത്വം തുടങ്ങിയ ട്രം കാര്‍ഡുകള്‍ ഇറക്കിക്കളിക്കാനുള്ള ബിജെപി തീരുമാനത്തിന്‍റെ ഭാഗമായാണ് മോഡി ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നതെന്ന് വ്യക്തം. ആര്‍എസ്എസ്സിന്‍റെയും സംഘപരിവാരത്തിന്‍റെയും പിന്തുണ നേടിയെടുക്കാനും ഇത് മോഡിയെ സഹായിക്കും. ചുരുക്കത്തില്‍ ശശികല ടീച്ചര്‍ പറയുംപോലെ ഉറങ്ങിക്കിടക്കുന്ന ഹിന്ദുവിനെ മെല്ലെ തഴുകിയുണര്‍ത്തി "ആയിട്ടില്ല മക്കളെ കുറച്ചു കൂടി ഉറങ്ങിക്കോ" എന്ന് പറയുന്ന പരിപാടി. ഒടുക്കം എന്തായി ?   മോഡി പറഞ്ഞതും ഉദ്ദേശിച്ചതും മനസ്സിലാകേണ്ടവര്‍ക്ക് മനസ്സിലാകുകയും ചെയ്തു. മതേതരവാദികളെയും മാധ്യമങ്ങളെയും നിയമങ്ങളെയും  പറ്റിക്കാനും കഴിഞ്ഞു.

            പ്രത്യേക അന്വേഷണഘത്തിന്‍റെ റിപ്പോര്‍ട്ട്‌ മോഡിയ്ക്ക് നല്‍കിയ ആത്മവിശ്വാസവും അഹങ്കാരവും കുറച്ചൊന്നുമല്ല.  ആ ആത്മവിശ്വാസമാണ് മോഡിയെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്.  ഗുജറാത്ത് കലാപത്തിലും ഇസ്രത് ജഹാന്‍ കൊലപാതക കേസിലും അന്വേഷണ ഏജന്‍സികളെ വിലയ്കെടുക്കാനും ആരോപണങ്ങള്‍ തന്നിലേക്ക് നീളുന്നത് തടയാനും മോഡിയ്ക്ക് സാധിച്ചു.

              ഗുജറാത്ത് കലാപത്തിനു ശേഷം വര്‍ഗീയവാദിയെന്നും നരഭോജിയെന്നുമെല്ലാം ചീത്ത പേര് കേള്‍പ്പിച്ച മോഡി ആ ഇമേജ് മാറ്റിയെടുക്കാന്‍ ചില്ലറ പാടൊന്നുമല്ല പെട്ടത്. ആ പെടാപാടിന്‍റെ ഭാഗമായി രണ്ടും കല്‍പ്പിച്ച് ഗുജറാത്ത്  വികസിപ്പിക്കാനിറങ്ങി. വികസനവീരന്‍ എന്ന പേര് കേള്‍പ്പിക്കാന്‍ മള്‍ട്ടിനാഷണല്‍ കമ്പനികളെ തോല്‍പ്പിക്കുന്ന മാര്‍ക്കറ്റിംഗും!!! അതില്‍ പലതും പൊളിഞ്ഞു പാളീസ് ആകുന്നത് ഇപ്പൊ നിത്യ സംഭവം ആയിരിയ്ക്കുന്നു എന്നത് വേറെ കാര്യം!!! ഇങ്ങനെ നേടിയെടുത്ത വികസനനായക പരിവേഷം കൊണ്ട് മാത്രം കാര്യം നടക്കില്ലെന്നു മോഡിയ്ക്കും ബിജെപിയ്ക്കും നന്നായറിയാം. അതിനാലാണ് ഇത്തരം പ്രസ്ഥാവനകളിലൂടെ വര്‍ഗീയത ഇളക്കിവിടാനും അത്തരം വോട്ടു ബാങ്കുകളെ കൈക്കലാക്കാനും മോഡിയും ബിജെപിയും ലക്ഷ്യമിടുന്നത്.

 
                രാജ്യത്ത് ബിജെപ്പി അധികാരത്തില്‍ വരുന്നത് മതതീവ്രവാദത്തിനും വര്‍ഗീയചേരിതിരിവിനും കാരണമാകും എന്ന് തിരിച്ചറിയുന്നവര്‍ പോലും രാജ്യത്തെ പൂര്‍ണമായ തകര്‍ച്ചയിലേക്ക് നയിക്കുന്ന കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ ഇനിയും തുടരരുത് എന്നത് നിലനില്‍പ്പിന്‍റെ പ്രശ്നമായി മനസ്സിലാക്കുന്നു. അഴിമതിയില്‍ മുങ്ങികുളിച്ച വിലക്കയറ്റവും തൊഴിലില്ലായ്മയും പരിഹരിയ്ക്കാന്‍ സാധിക്കാത്ത കഴിവുകെട്ട യുപിഎ ഭരണത്തിനെതിരായ ജനരോക്ഷം രാജ്യമെങ്ങും ഉയരുമ്പോള്‍ ആസന്നമായ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇതിനെല്ലാമുള്ള പ്രതിവിധിയായി മുഖ്യപ്രതിപക്ഷമായ ബിജെപി ഉയര്‍ത്തിക്കാട്ടുന്നത് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ ആണ്!!
 കടുത്ത യുപിഎ വിരുദ്ധ ചിന്താഗതിയിലേക്ക് അല്പം വര്‍ഗീയതയും കൂടി കയറ്റി വിട്ടാല്‍ ജയം എളുപ്പമാണ് എന്ന് അവര്‍ കണക്കുകൂട്ടുന്നു. ഭൂരിപക്ഷ വോട്ടുകള്‍ കൈക്കലാക്കാന്‍ ഉള്ള ഒറ്റമൂലിയാണ് അവര്‍ക്ക് മോഡി..

ലാസ്റ്റ് എഡിഷന്‍ : മോഡിയുടെ ഭാഷയില്‍ അമേന്‍ സിനിമയിലെ ഡയലോഗ് കടമെടുത്തു പറഞ്ഞാല്‍ ജനം വെറും "ഓരോരോ പട്ടിത്തീട്ടങ്ങളാണ്"..   ദേശീയതയുടെ മുഖം മൂടിയിട്ട വര്‍ഗീയതയുടെ ചെന്നായ്ക്കളെ തിരിച്ചറിയാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. കോണ്‍ഗ്രസിന്‍റെ അഴിമതി ഭരണത്തിനു മറുപടി വര്‍ഗീയ മുന്നണിയല്ല, നമുക്ക് വേണ്ടത് ജനപക്ഷത്തു നില്ല്ക്കുന്ന അഴിമതി രഹിത മതേതര ഭരണകൂടമാണ്‌. കോണ്‍ഗ്രസ്‌ വിരുദ്ധ ബിജെപി ഇതര മുന്നണി !!!!

Friday, May 31, 2013

സത്നാമിനിന്നും നീതി അകലെയാണ് !!!!

              സത്നാം സിംഗ് മാൻ. ആ പേര് കേരളം മറന്നു കാണാൻ ഇടയില്ല. ബീഹാറിലെ പുണ്യ കേന്ദ്രം എന്ന്  കരുതപ്പെടുന്ന ഗയയിൽ നിന്നും താളം തെറ്റിയ മനസ്സുമായി നീണ്ട അലച്ചിലിനൊടുവിൽ സത്നാം എത്തിച്ചേർന്നത് ദൈവത്തിന്റെ സ്വന്തം നാടെന്നു ഓമനപ്പേരുള്ള നമ്മുടെ കൊച്ചു കേരളത്തിലാണ്. എന്നാൽ ഉയര്‍ന്ന ചിന്താശേഷിയും മികച്ച അക്കാഡെമിക് നിലവാരവുമുള്ള  സത്നാമിന് മുന്നില്‍ ദൈവത്തിന്റെ സ്വന്തം നാട് ആള്‍ ദൈവങ്ങളുടെ സ്വന്തം നാടായി മാറുകയായിരുന്നു.. 

          ആൾദൈവം മാതാ അമ്രിതാനന്തമയിയുടെ അടുത്തേക്ക് ഓടിയടുത്തു എന്ന കൊടും പാതകത്തിനിടെ സത്നാം കയ്യോടെ പിടികൂടപ്പെട്ടു. അമ്മയെ ആക്രമിക്കാൻ ശ്രമിച്ചെന്ന കുറ്റം ചാർത്തി നിരായുധനും നിരാലംഭനുമായ അന്യസംസ്ഥാനക്കാരൻ  യുവാവിനെ അമ്മ ഭക്തർ കൈകാര്യം ചെയ്തു പോലീസിൽ ഏല്പ്പിച്ചു. എന്നിട്ടും കലിയടങ്ങാതെ അമൃതയുടെ പ്രിയശിഷ്യൻ സ്വാമി അമൃത സ്വരൂപാനന്ത സ്വന്തം ചാനെനിലൂടെ ആക്രോശിച്ചു, സത്നാം ബിസ്മി ചൊല്ലിയെന്നും ഇന്നത്തെ "പ്രത്യേക സാഹചര്യത്തിൽ" അത് നിസാരമായി കാണാൻ ആകില്ലെന്നും".സത്നാം മത തീവ്രവാദിയായി മുദ്ര കുത്തപ്പെടുകയായിരുന്നു. 

             പിന്നീടെല്ലാം പെട്ടെന്നായിരുന്നു. ഹർത്താലിനെ പോലും അവഗണിച്ച് സംസ്ഥാന ആഭ്യന്തര മന്ത്രി അമൃത സന്നിതിയിൽ പാഞ്ഞെത്തി. സാധാരണ ഗതിയിൽ ഒരു പെറ്റിയുമടിച്ചു മണ്ടക്കൊരു കിഴുക്കും കൊടുത്തു വിടുമായിരുന്ന കേരളാ പോലീസ് സട കുടഞ്ഞെണീറ്റു. സത്നാമിന് മേൽ ചാർത്തപ്പെട്ടതു വധശ്രമ കേസ്. ആദ്യം ജയിലിലേക്ക് മാറ്റപ്പെട്ട യുവാവ് നേരം ഇരുട്ടി വെളുത്തപ്പോ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ കക്കൂസ്സിൽ ചുമ്മാ മരിച്ചു കിടക്കുന്നതായിരുന്നു കണ്ടത്... ഇരുമ്പ് ദണ്ട്‌ ഉപയോഗിച്ചുള്ളതടക്കം അൻപതിലേറെ മുറിവുകളായിരുന്നു സതാമിന്റെ ശരീരത്തിൽ !!!

           കൊലപാതകങ്ങൾ ആഘോഷമാക്കുന്ന മുഖ്യധാരാ മാധ്യമ പേനയുന്തികളും ചർച്ചാ തൊഴിലാളികളും കുറ്റകരമായ മൌനം അവലംഭിച്ചു. ഒരു ആൽദൈവ മഠത്തിനു മുന്നില്‍ ഒരു സംസ്ഥാനത്തെ ഭരണ കൂടവും അവിടത്തെ മാധ്യമങ്ങളും നിശബ്ദരാക്കപ്പെട്ടു എന്നത് ഭയപ്പെടുത്തുന്ന യാഥാര്‍ത്യമാണ്. പേരൂര്‍ക്കട പോലീസ്  കോടതിയില്‍ പോലും ഹാജരാക്കാതെ വച്ച സത്നാമിന് മേല്‍ ആഭ്യന്തരമന്ത്രിയുടെ മഠം സന്ദര്‍ശനത്തിനു ശേഷം  വധശ്രമ കേസ് ചാര്‍ജ് ചാര്‍ജ് ചെയ്യപ്പെട്ടത് എങ്ങനെയാണ്?  

                                   ഒട്ടേറെ ദുര്‍മരണങ്ങളുടെ  ഉള്‍പ്പടെ  ദുരൂഹത പേറുന്ന, ലോകമെങ്ങും ഭക്തരും ആശ്രിതരുമുള്ള സംവിധാനത്തിന്റെ ശത്രുതയാണ് സത്നാം നേടിയെടുത്തത്. സട്നാമിന്റെ മരണം ആസൂത്രിതമെന്ന് കരുതാന് അതിനാല്‍ തന്നെ കാരണങ്ങളുണ്ട്. സത്നാമിന്റെ ശരീരീത്തിൽ ഇത്രയേറെ മുറിവുകള്‍ എങ്ങനെയുണ്ടായി? എന്തിനാണ് സ്വാമി അമൃതസ്വരൂപാനന്ത അയാളെ മത തീവ്രവാദിയായി മുദ്രകുത്തിയത്? അമൃതാ മഠത്തിൽ നിന്നും മാനസികാരോഗ്യകേന്ദ്രത്തിലെ കക്കൂസിലേക്കുള്ള യാത്രക്കിടെ എന്താണ് സട്നാമിന് സംഭവിച്ചത്? 

    കേസ് അന്വേഷിച്ചത് അമ്മയുടെ തന്നെ സ്ഥാപനത്തിലെ വിദ്യാര്‍ഥിയുടെ  അമ്മയും കേരളാ പോലീസിലെ കാക്കിക്കുള്ളിലെ കവയിത്രിയുമായ ശ്രീമതി ബി.സന്ധ്യ IPS. പൂക്കടയും ക്ഷണക്കത്തും മാഷാ അള്ളായുമൊക്കെ  തലനാരിഴ കീറി പരിശോധിക്കപ്പെടുന്ന നാട്ടിൽ അമ്രിതനന്തമയി മഠത്തിലേക്ക് തിരിഞ്ഞു പോലും നോക്കാത്ത അന്വേഷണം.. ഈ സംസ്ഥാനത്തെ തന്നെ വിലയ്ക്ക് വാങ്ങാൻ പോന്ന ശേഷിയുള്ള മഠത്തിനും മഠധിപതികൾക്കും മുന്നിൽ ADGP യുടെ അന്വേഷണ റിപ്പോർട്ട്‌ സത്നാമിനെ പോലെ തന്നെ അകാല ചരമം പ്രാപിച്ചു. അതിനിടെ മാനസികാരോഗ്യ കേന്ദ്രത്തിലെ അത്താഴ പട്ടിണിക്കാരയ രണ്ടു ജീവനക്കാര് സസ്പെന്റ് ചെയ്യപ്പെട്ട്. അവിടത്തെ ഭ്രാന്താൻമാരാരും പ്രതി ചേർക്കപ്പെടാത്തത് ആരുടെയോ ഭാഗ്യം...

           കേവലം മനുഷ്യകീടങ്ങളുടെ പോലീസും നിയമവും ഒരു ദൈവത്തെ ചോദ്യം ചെയ്യുമെന്ന് തല്‍കാലം പ്രതീക്ഷിക്കേണ്ട, പക്ഷേ എന്ത് കൊണ്ട് സ്വാമി അമൃതസ്വരൂപാനന്ത ഉള്‍പ്പടെയുള്ളവരെ പോലും ചോദ്യം ചെയ്യാന്‍ ADGP പോലും തയ്യാറായില്ല? മാനസികാരോഗ്യകേന്ദ്രത്തില്‍ അന്ന് രാത്രി വന്നു പോയവര്‍ അല്ലെങ്കില്‍ അവിടെ തന്നെയുള്ള അമ്മഭക്തര്‍ ആരൊക്കെയെന്നു വെറുതെയെങ്കിലും അന്വേഷിക്കാന്‍ പോലീസ് തയ്യാറായോ? അതോ അമ്മ ഫാന്‍സ്‌ തന്ന റിപ്പോര്‍ട്ട് വെള്ളം കൂടാതെ വിഴുങ്ങുകയാണോ പോലീസ് ചെയ്തത്?

         ഇങ്ങനെ സട്നാമിന് നീതി നിഷേധിക്കപ്പെട്ടു. സട്നാമിന്റെ മാതാപിതാക്കൾ ഈയിടെ മുഖ്യമന്ത്രിയെ കാണാൻ എത്തിയിരുന്നു. തങ്ങളുടെ മകന്റെ മരണത്തിനു ഉത്തരവാദികളായവരെ കണ്ടെത്താൻ CBI അന്വേഷണമാണ് അവർ ആവശ്യപ്പെട്ടത്. ആ ആവശ്യം നടത്തികൊടുക്കാൻ സംസ്ഥാനം ബാധ്യസ്ഥരാണ്. ആ ആവശ്യത്തിന്റെ ഗതിയെന്തായി എന്ന് ആർക്കുമറിയില്ല. അത് അന്വേഷിക്കാനും കുറ്റവാളികളെ കണ്ടെത്താനും അവരെ പൊതുജന മധ്യത്തിൽ തുറന്നു കാണിക്കാനും കേരളത്തിലെ ഭരണകൂടവും മാധ്യമങ്ങളും തയ്യാറാകണം. ദൈവത്തിന്റെ സ്വന്തം നാട് ആള്‍ ദൈവങ്ങളുടെ സ്വന്തം നാടായി മാറരുത്. . .

ലാസ്റ്റ് എഡിഷന്‍ :തള്ളയുടെ അനുഗ്രഹം നക്കിയെടുക്കുന്നതില്‍ രാഷ്ട്രീയക്കാരും സിവില്‍ സര്‍വീസും ജുഡീഷ്യറിയും മാധ്യമങ്ങളും ആരും മോശമല്ലെന്നറിയാം, എന്നാലും പൊതുജനകഴുതകള്‍ ശ്രേഷ്ഠഭാഷയില്‍  ഇങ്ങനെ ചിലച്ചുകൊണ്ടിരിക്കട്ടെ രാജാവേ,  ശുഭ്രവസ്ത്രത്തിലും പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലും ഒളിപ്പിച്ചു വച്ച ആള്‍ദൈവ പൊലയാടിമക്കളുടെ  തനിനിറം പുറത്തു വന്നേ തീരൂ!!!!!  

Thursday, May 23, 2013

വാർത്തകൾ വിൽപ്പനയ്ക്ക് . . .

                       സത്നാം സിംഗ് മാൻ, ആ പേര് നാം  മറന്നിരിക്കുന്നു.  ആൾദൈവം മാതാ അമ്രിതാനന്തമയിയുടെ നേരെ ഓടിയടുതത്തിനു വധശ്രമ കേസ് ചാർത്തപ്പെട്ട മനോരോഗിയായ ബീഹാറി യുവാവ്. ഒടുവിൽ  ക്രൂരമായ മർദ്ധനത്തിനു  ഇരയായ് മാനസികരോഗ്യ കേന്ദ്രത്തിൽ ദുരൂഹ മരണം. കിട്ടിയപാടെ കൈകാര്യം ചെയ്യുകയും മത തീവ്രവാദിയായി  മുദ്ര കുത്തുകയും ചെയ്ത മഠത്തിലേക്ക് തിരിഞ്ഞു പോലും നോക്കാത്ത  അന്വേഷണ  റിപ്പോർട്ടും മാധ്യമ വാർത്തകളും ആ ചെറുപ്പക്കാരനെ പോലെ അകാല ചരമം പ്രാപിച്ചു.   

                     പിന്നീട് സരബ്ജിത് സിംഗ്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് വർഷങ്ങളോളം പാകിസ്താൻ ജയിലിൽ കഴിയുകയും ഒടുവിൽ സഹ തടവുകാരായ പാകിസ്ഥാൻകാരുടെ കൈകളാൽ കൊല ചെയ്യപ്പെടുകയും ചെയ്ത ഇന്ത്യക്കാരാൻ. അതിർത്തി  ലംന്ഘിച്ചതിനും സ്പോടന കേസില  പ്രതി ചെർക്കപ്പെടുന്നതിനും അപ്പുറത്തേക്ക് ഇരു രാജ്യങ്ങളും തമ്മിലുള്ള വിദ്വേഷത്തിന്റെ ഇരയാക്കപ്പെടുകായിരുന്നു സരബ്ജിത്. എന്നാൽ സരബ്ജിത് കൊലചെയ്യപെടുന്നത് ചരിത്രത്തിൽ ആദ്യമായി ഒരു ജനാതിപത്യ സർക്കാർ പാകിസ്ഥാനിൽ കാലാവധി പൂർത്തിയാക്കുകയും അവിടെ പൊതുതിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടക്കുകയും ചെയ്ത  സാഹചര്യത്തിലാണ്.  പാക്കിസ്താനിൽ ഏറ്റവും എളുപ്പം വിറ്റുപോകുന്ന ചരക്കാണ് ഇൻഡോ-പാക്‌ പ്രശ്നം.   പ്രചരണം കൊഴുപ്പിക്കാൻ അവര്ക്കൊരു സനാവുല്ലയെ വേണമായിരുന്നു, സരബിലൂടെ അതവർ നേടിയെടുത്തു. നമ്മൾ ആ കെണിയിൽ വീണു കൊടുത്തു എന്നതാകും ശരി. 

                         എന്നാൽ ഈ  രാജ്യത്തെ ജനങ്ങളും മാധ്യമങ്ങളും ഭരണകൂടവും എങ്ങനെയാണ് ഈ പ്രശ്നങ്ങളെ നോക്കികണ്ടത് ? ഒരു ജ്യോതിയ്ക്കോ സൌമ്യയ്ക്കോ ലഭിച്ച ഈ മാധ്യമ,ഭരണകൂട,ജന ശ്രദ്ധ നേടിയെടുക്കാൻ അന്ന് സട്നാമിനോ ഇന്ന് സരബിണോ സാധിക്കാതിരുന്നത് എന്തുകൊണ്ട്?
അവിടെയാണ് ജനം വിഡ്ഢികൾ ആക്കപ്പെടുന്നത്. എന്ത്,എവിടെ,എപ്പോൾ, എങ്ങനെ സെൻസെഷനലൈസ് ചെയ്യപ്പെടണം എന്ന് തീരുമാനിക്കുന്നത് ജനമല്ല, മാധ്യമങ്ങളും ഭരണകൂടവുമാണ്. ഭരണകൂടത്തിന്റെ ആശീർവാദത്തോട് കൂടിയുള്ള ജനപിന്തുണയില്ലാതെ ഒരു വിഷയവും എവിടെയും ചര്ച്ച ചെയ്യപ്പെടുന്നില്ല. 

                        ഒരു സരബ്ജിത്തും ജ്യോതിയും ഒക്കെ കൊണ്ടാടപ്പെടുമ്പോൾ കൊണ്ടാടപ്പെടുമ്പോൾ അര്ഹതയുള്ള പല വിഷയങ്ങളും വിസ്മരിയ്ക്കപ്പെടുന്നു. ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ തന്നെ പലരുടെയും താല്പര്യങ്ങലാൽ വെള്ളം ചേർക്കപ്പെടുന്നു. അങ്ങനെ പലതിനും മറയാക്കാൻ,പരിച്ചയാക്കാൻ വാർത്തകൾ സൃഷ്ട്ടിക്കപ്പെടുകയും അകാല ചരമം പ്രാപിക്കപ്പെടുയും ചെയ്യന്നു. നമുക്ക് മുന്നില് എൻഡോസൽഫാനും മുല്ലപ്പെരിയാറും ഇറ്റാലിയൻ നാവികരുമുണ്ട്.

                        ഭരണകൂടത്തിനു ഇത് പയറ്റി തെളിഞ്ഞ തന്ത്രമാണ്.ഈയിടെ  അവസാനിച്ച  പാർലിമെന്റ് സമ്മേളനം അതിന്റ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആണ്. ഈ സമ്മേളനത്തിന്റെ മൂന്നു ആഴ്ച കാലയളവിൽ സഭ സമ്മേളിച്ചത് പത്തു മണിക്കൂർ മാത്രമാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും കുറവ് സമയം!! വിവിധ വിഷയങ്ങൾ ഏറ്റെടുത്തു കൊണ്ടുള്ള പ്രതിപക്ഷ ബഹളം തന്നെ കാരണം.  സഭ നടത്തികൊണ്ട് പോകേണ്ടത് സര്ക്കാരിന്റെ ഉത്തരവാധിത്വമാണ്. അതിനവർ തയ്യാറായില്ലെന്ന് മാത്രമല്ല, പ്രതിപക്ഷത്തെ പ്രൊകൊപിപ്പിച്ചു സഭാന്തരീക്ഷം കലുഷിതമാക്കി നില നിർത്താനാണ് ശ്രമിച്ചത്. സ്വയം ന്യൂനപക്ഷമായി മാറിക്കൊണ്ടിരിക്കുന്ന സര്ക്കാരിന്റെ തന്ത്രപരമായ  ഒളിച്ചോട്ടം. ഇതിനിടയിൽ ചർചപൊലും ചെയ്യാതെ  പാസ്സാക്കപ്പെട്ട ബില്ലുകളെത്ര ? ചർച്ച ചെയ്യപ്പെടാതെ പോയ വിഷയങ്ങളെത്ര? ഒരു മാധ്യമവും അതിന്റെ പുറകെ പോവില്ല, ഒരു പൊതുജന കഴുതയും അത് തിരിച്ചറിയുകയുമില്ല. 

 ലാസ്റ്റ് എഡിഷൻ: അതെ,  എന്ത്,എവിടെ,എപ്പോൾ, എങ്ങനെ സെൻസെഷനലൈസ് ചെയ്യപ്പെടണം എന്ന് തീരുമാനിക്കുന്നത് ജനമല്ല, മാധ്യമങ്ങളും ഭരണകൂടവുമാണ്. ഭരണകൂടത്തിന്റെ ആശീർവാദത്തോട് കൂടിയുള്ള ജനപിന്തുണയില്ലാതെ ഒരു വിഷയവും എവിടെയും ചര്ച്ച ചെയ്യപ്പെടുന്നില്ല. 

Friday, May 3, 2013

ഒരു മേശവണ്ടിയോടിച്ച കഥ !!!!

       
           ആദ്യത്തെ തവണ  പ്രായപൂർത്തി അയതിന്റെ പിറ്റേന്ന് തന്നെ ഓടിപ്പോയി ബൈക്ക് ലൈസൻസ് എടുത്തെങ്കിലും നാല് ചക്രത്തിന്റെ കാര്യം നീണ്ടു നീണ്ടു പോയി, ഒടുവിൽ ഒരുപാട് വൈകി ഈയടുത്താണ് കാർ ഡ്രൈവിംഗ് പഠിക്കാൻ തുടങ്ങിയത്. 

        പഴയ മോഡൽ ഗ്രിണ്ട്ലേയ്സ് കാർ ആയിരുന്നു കുട്ടിക്കാലത്ത് ഞാൻ ആദ്യം ഓടിച്ച കാർ. അതേതാ ഈ ഗ്രിണ്ട്ലേയ്സ് എന്നാരും സംശയിക്കേണ്ട. ബ്രിട്ടീഷുകാരുടെ കാലത്ത് ഗ്രിണ്ട്ലേയ്സ് ബാങ്കിൽ പ്യൂണ്‍ ആയി ജോലി ചെയ്ത എന്റെ അച്ചാച്ചൻ റിട്ടയർ ചെയ്തു പോരുമ്പോ കൊണ്ട് വന്നതെന്ന് പറയപ്പെടുന്ന ഒരു പഴയ മരമേശയാകുന്നു  ഗ്രിണ്ട്ലേയ്സ് കാർ. (അച്ഛമ്മയുടെ വക പുളു ആണോ എന്നറിയില്ല).  പിന്നീട് സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് ആയിമാറിയെങ്കിലും മരിക്കും വരെ അച്ചാച്ചൻ ബാങ്കിനെ ഗ്രിണ്ട്ലേയ്സ് എന്നാണു പറഞ്ഞുകൊണ്ടിരുന്നത്... 


               മേശ എന്ന് പറയുമ്പോ തറവാട് വീടിന്റെ ഉമ്മറത്ത് പിന്നീട് ടിവി വെക്കാൻ ഉപയോഗിക്കുകയും  അന്നൊക്കെ  റേഡിയോ വെയ്ക്കാനും  ഇസ്തിരിയിടാനും ഉപയോഗിക്കപ്പെട്ടിരുന്നതുമായ മേശ. അതിന്റെ അടിയിൽ ഇരുന്നാണ് ഞാൻ ആദ്യമായി "വളയം പിടിക്കുന്നത്". വളയം എന്ന് പറയുമ്പോ പഴയൊരു സ്റ്റീൽ പാത്രത്തിന്റെ പൊട്ടിപോന്ന വട്ടകഴുത്ത്!! ഒരിക്കൽ താമരശ്ശേരി ചുരം തിരിക്കുന്നതിന്റെ  ആവേശത്തിൽ ആണെന്ന് തോന്നുന്നു അതിന്റെ അറ്റം കൊണ്ടെന്റെ കൈ മുറിയുകയും ചെയ്തു!!!   
        
                       ഞങ്ങടെ നാട് മുഴുവൻ കുന്നും മലയും കയറ്റവും ഇറക്കവും ഒക്കെ ആയോണ്ട്    ഇടയ്ക്കിടെ ഗിയർ മാറ്റേണ്ടി വരും. അതിനും വഴിയുണ്ട്, മേശയുടെ ചവിട്ടു പലകയിൽ കെട്ടിവച്ച പ്ലാസ്റ്റിക്‌ ക്രിക്കറ്റ്‌ ബാറ്റ് നല്ല ഉഗ്രൻ ഗിയർ ആയിരുന്നു. അമ്മയുടെ വീട്ടിലേക്കു പോകാനുള്ള MR ബസ്സിലെ ഡ്രൈവറും എന്റെ വല്ല്യമ്മയുടെ പഴയ ക്ലാസ്സ്മേറ്റും അന്നത്തെ എന്റെ ആരാധനാ പാത്രവുമായിരുന്ന മണികണ്ടൻ ചേട്ടന്റെ സ്വാധീനമാകാം ഗിയർ പൊട്ടി കയ്യിൽ പോരുന്നത് നിത്യ സംഭവം ആയി. പഴയ ബസ്സിന്റെ ഒരു ഗിയർ കൊച്ചിയിലും മറ്റേത് കൊയിലാണ്ടിയിലും ആയിരിക്കുമല്ലോ? 

               ക്ലച്ചും ബ്രേക്കും ആക്സിലറേറ്ററുമൊക്കെ കിടിലൻ ഹവായ് ചപ്പലുകൾ ചരിച്ചു വച്ചിട്ടുണ്ടാകും ചവിട്ടുപലകയിൽ. അതിങ്ങനെ അമർത്തിച്ചവിട്ടിയാൽ വണ്ടി പറപറക്കും.  എന്നാലും ബ്രേക്ക് ഇടയ്ക്കിടെ ചവിട്ടി നോക്കും. വേറൊന്നും കൊണ്ടല്ല, ഒരിക്കൽ അമ്മവീട്ടിൽ പോകും  വഴി MR ബസ്‌ ബ്രേക്ക് പോയി കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ കൂട്ടിയിട്ടതിൽ ഇടിച്ചു നിന്നപ്പോ ഞാനും ഉണ്ടായിരുന്നല്ലോ ഫ്രെണ്ടിൽ തന്നെ!!!    

          വൈപ്പർ പണ്ടേ നമ്മുടെയൊരു വീക്നെസ് ആണ്!!!  കനത്ത മഴയോട് പൊരുതികൊണ്ട് ഡ്രൈവർക്ക് കാഴ്ചയോരുക്കാൻ ഈ കൊച്ചു കമ്പിനെങ്ങനെ കഴിയുന്നു എന്ന് ആശ്ചര്യപെട്ടിട്ടുണ്ടോരുപാട്!!! അതുകൊണ്ട് തന്നെ മേശയുടെ മുകളിൽ നിന്നും പഴയ മീറ്റെർ സ്കേൽ ഒരെണ്ണം  തൂക്കിയിടാൻ മറക്കാറില്ല  . . .

ലാസ്റ്റ് എഡിഷൻ : കാർ ആണെങ്കിലും ബസ്‌ ആണെങ്കിലും പള്ളിപ്പുറം പട്ടാമ്പി റൂട്ടിൽ ആണ് സ്ഥിരമായി ഓടാറ്. ആ റൂട്ടിലെ കുണ്ടും കുഴിയും വളവും തിരിവുമൊക്കെ നമുക്ക് മനപ്പാഠമാണല്ലോ!!! അങ്ങനെ ഓടിച്ചോടിച്ച്‌ ഒരു 4 C യിൽ ഒക്കെ എത്തിയപ്പോളാണ് നമ്മൾ ആ ഡ്രൈവിംഗ് നിർത്തുന്നത്. ഇപ്പൊ എന്തോ  ഒരിക്കൽ കൂടി ആ നാലാം ക്ലാസ്സുകാരൻ ആകാൻ സാധിച്ചിരുന്നെങ്കിൽ എന്ന് വെറുതെ മോഹിക്കുവാൻ ഒരു മോഹം . .  .!!!!!

Friday, April 19, 2013

ജീവൻ നില നിർത്താൻ ഒരു കൈ സഹായം . . .


സഹായ അഭ്യർഥനാ പോസ്റ്റുകൾ സാധാരണ അവഗണിക്കുകയോ വായിച്ച് വിടുകയോ ആണ് ചെയ്യാറ്. മനുഷ്യന്റെ നിസ്സഹായാവസ്ഥയിൽ പരിതപിക്കാരുമുണ്ട്. ഇതൊക്കെ സത്യം തന്നെയാണോ എന്ന് സംശയിക്കാറുമുണ്ട്. പക്ഷേ ആശുപത്രി വരാന്തയിൽ ഒറ്റപ്പെട്ടു പോകുന്നവരുടെ നിസ്സഹായാവസ്ഥക്ക് സ്വയം സാക്ഷിയാകുന്ന കഴിഞ്ഞ ദിവസം വരെ...

എറണാങ്കുളം ലൂർദ് ആശുപത്രിയിൽ ICU വിൽ കഴിയുന്ന വിനോദ് എന്ന ചെറുപ്പക്കാരനും അയാളുടെ ചുരുക്കം ബന്ധുക്കളും നമ്മുടെ സഹായംഅർഹിക്കുന്നുണ്ട്.

കേബിൾ ജോലിക്കാരൻ ആയ വിനോദ് ആഴമുള്ള കുഴിയിലേക്ക് വീഴുകയായിരുന്നു. നട്ടെല്ലിനും കഴുത്തിനും ഗുരുതരമായ പരിക്കേറ്റു. ആരാലും ശ്രദ്ധിക്കപ്പെടാതെ പോയതിനാൽ ഒരു രാത്രി മുഴുവൻ ആ അവസ്ഥയിൽ കിടന്നുപോയി. ഇത് പരിക്ക് കൂടുതൽ ഗുരുതരമാക്കി.

നിർധന കുടുംബത്തിന് നാട്ടുകാരുടെയും സുഹൃത്തുക്കളും തുണയായി. മൂന്ന് ശസ്ത്രക്രിയകളിലൂടെ ജീവൻ തിരിച്ചു പിടിച്ചു. ഇപ്പോൾ കഴുത്തിന് താഴേക്ക്‌ തളർന്നുപോയ അവസ്ഥയിൽ രണ്ടു മാസത്തോളമായി അത്യാസന്ന വിഭാഗത്തിൽ ചികിത്സയിലാണ് വിനോദ് .., വെൻടിലേറ്ററിലൂടെയല്ലാതെ ശ്വസിക്കാൻ സാധിക്കില്ല. ഇനി മറ്റൊന്നും ചെയ്യാനില്ലാത്ത ഈ അവസ്ഥയിൽ കുടുംബത്തിന്റെ ഏക അത്താണിയായ യുവാവിന്റെ ജീവൻ നിലനിർത്താൻ ഉള്ള മാർഗമാണ് കണ്ടെത്തേണ്ടത്‌.

ആശുപത്രിയിലെ വെൻടിലേറ്ററിൽ ഏറെ നാൾ തുടരാനുള്ള സാമ്പത്തിക ചിലവ് താങ്ങാൻ ഈ കുടുംബത്തിനു സാധിക്കില്ല.ഒരു മൊബൈൽ വെൻടിലേറ്റർ വാങ്ങി വിനോദ്നെ വീട്ടിലേക്ക് മാറ്റാനാണ് ഇവർ ശ്രമിക്കുന്നത്. അതിനു സാധിച്ചാൽ പതിയെ പതിയെ എങ്കിലും ജീവിതത്തിലേക്ക് തിരിച്ചു വരാൻ വിനോദന് നു കഴിയുമെന്നു ഇവർക്കുറപ്പുണ്ട്.

"മൊബൈൽ വെൻടിലേറ്റർ വാങ്ങുന്നതിന് ഏതാണ്ട് രണ്ടര ലക്ഷത്തോളം ചിലവുണ്ട്. വെൻടിലേറ്റർ വാടകയ്ക്ക് എടുക്കാൻ പോലും മാസം മുപ്പതിനായിരം രൂപ വേണം. നമ്മളാൽ ആകുന്ന സഹായം ഈ കുടുംബത്തിനു നൽകാനായാൽ മാത്രമേ ഇത് സാധ്യമാകൂ."

ഇനിയും അസ്തമിക്കാത്ത പ്രതീക്ഷകളുമായി ആശുപത്രി വരാന്തയിൽ പ്രാർഥനയോടെ കാത്തിരിക്കുന്ന വിനോദ്ന്റെ ഭാര്യ ബിൻസിക്ക് ഒറ്റ ആഗ്രഹമേയുള്ളൂ, "ഈ അവശേഷിക്കുന്ന ഒരിറ്റു ജീവനോടെ ആണെകിൽ പോലും വിനോദിനെ തിരിച്ചുകിട്ടിയാൽ മതി. നാല് വയസ്സായ കൃഷ്ണപ്രിയയെയും ഒന്നര വയസ്സുകാരൻ സൂര്യയെയും കൊണ്ട് ജീവിതത്തെ നേരിടാൻ ബിൻസി തയ്യാറാണ്, ഇല്ലെങ്കിൽ . . . "

ഈ കുടുംബത്തിനു ഒരു കൈത്താങ്ങ്‌ നൽകാൻ സാധിക്കുന്നവർ അത് ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു ....

വിനോദ്നെ സഹായിക്കാൻ പഞ്ചായത്ത്‌ അംഗം കെ കെ ശിവന്റെ നേതൃത്വത്തിൽ രൂപീകരിച്ച സമിതിയുടെ അക്കൗണ്ട്‌ നമ്പർ : IFSC CODE FDRL 0001291
(ഫെഡറൽ ബാങ്ക് കുറുപ്പംപടി ശാഖ)

വിനോദ്ന്റെ സഹോദരി ഭർത്താവ് സുരേഷ് : 9961533200
എറണാങ്കുളം ലൂർദ് ഹോസ്പിടൽ : 04844123456, lourdeshospital@vsnl.com
വിനോദ്നെ ചികിത്സിക്കുന്ന ഡോക്ടർ : ബിജു C.J

Tuesday, March 26, 2013

"ഹും ങ്ങളൊക്കെ എവടത്തെ മുസ്ലീമാ?


"ഇങ്ങള് മുസ്ലീമാ?"

"അതേ"

"ഹും ങ്ങളൊക്കെ എവടത്തെ മുസ്ലീമാ? ങ്ങക്ക് നാണല്ല്യേ മുസ്ലീമായിട്ടു ങ്ങനോക്കെ നടക്കാൻ?"

ചോദിക്കുന്നത് ഒരു എട്ടു വയസ്സുകാരനാണ്. ബാർസലോണയിൽ മെസ്സിയുടെ പത്താം നമ്പർ കുപ്പായമിട്ട്, കൂട്ടുകാരന്റെ തോളിൽ കയ്യിട്ട്, തീക്ഷ്ണമായ ഒരു നോട്ടത്തോടെ !!!!

അപമാനിക്കപ്പെടുന്ന സ്ത്രീത്വത്തിന്റെ, അതിനെ നിർവികാരതയോടെ മാത്രം നോക്കികാണുന്ന സമൂഹത്തിന്റെ ,കഥ പറയുന്ന കലാജാഥയുമായി പട്ടാമ്പി ഗവ: സംസ്കൃത കോളേജിൽ എത്തിയ ഞങ്ങളുടെ കൂട്ടത്തിലെ കലാകാരിയോടാണ് ചോദ്യം....

മലപ്പുറവും കോഴിക്കൊടും വയനാടും പിന്നിട്ട് പാലക്കാട്‌ എത്തിയ ഞങ്ങള്ക്ക് ആദ്യമായി ആയിരുന്നു ഇങ്ങനെ ഒരു അനുഭവം.

 അതും എന്റെ നാടായ പട്ടാമ്പിയിൽ വച്ചായത് എനിക്കും വല്ലാത്ത ആഘാതമായി..
പക്ഷെ ആ ചോദ്യം പട്ടാമ്പിയുടേത് മാത്രമല്ലെന്ന് എനിക്കുറപ്പാണ് ...

ഈ കൊച്ച് കുഞ്ഞിന്റെ മനസ്സിൽ ഇത്രയും വിഷം കുത്തി വച്ചത് ആരാണ് ?
ആ നിമിഷം മുതൽ എന്റെ മനസ്സിലെ ചോദ്യം അതായിരുന്നു
ലാസ്റ്റ് എഡിഷൻ: അതിനുത്തരമാണോ എന്നറിയില്ല....
രാത്രി, മുസ്ല്യാരുടെ എട്ടുകട്ട ടോർച്ചിന്റെ വെളിച്ചത്തിൽ വരിവരിയായി വീട്ടിലേക്ക് മടങ്ങുന്ന പെൻഗ്വിൻ കൂട്ടങ്ങളും മുട്ടമുറികല്യാണത്തിൻറെ നോവുണങ്ങാത്ത കൊച്ചു മെസ്സിമാരും !!!!
ഈ നാടും, ഈ കൊച്ചു കുഞ്ഞുങ്ങളും എങ്ങോട്ടാണ് ?

Thursday, March 14, 2013

മാനം പോയി യുവര്‍ ഓണര്‍ !!!!!!


                    അങ്ങനെ അവരങ്ങ് പോയി.. ഇറ്റാലിയന്‍ നാവികര്‍......  കോണ്‍സ്റ്റബിള്‍ കുട്ടന്‍പിള്ളയ്ക്ക് സമന്‍സും കൊണ്ട് ചെല്ലാനാകുന്നതിലും ദൂരെക്ക്. എന്തൊക്കെ ബഹളമായിരുന്നു? കപ്പല്‍ പിടിച്ചെടുക്കുന്നു,നഷ്ടപരിഹാരം ആവശ്യപ്പെടുന്നു, നീ  കേസ് എടുക്ക്, വേണ്ട ഞാന്‍ കേസ് എടുക്കാം, നീയാരാടേ കേസ് എടുക്കാന്‍, പുതിയ കോടതി വേണോ ? പഴയ കോടതി മതിയോ? എന്നിട്ടിപ്പോ എന്തായി ?

                  കടല്‍ കൊല എന്ന് ഓമനപേരിട്ടു വിളിക്കുന്ന ഈ കേസില്‍ തുടക്കം മുതല്‍ നമുക്ക് പാളിയിട്ടുണ്ട്. കപ്പലില്‍ നിന്നുള്ള വെടിയേറ്റ്‌ മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട കേസ് ചുമത്തി കപ്പലിലെ 2 നാവികരെ  ചുമ്മാ പിടികൂടിയത് ആദ്യത്തെ തെറ്റ്. അറസ്റ്റ് ചെയ്യേണ്ടതും നടപടി എടുക്കേണ്ടതും കപ്പലിലെ ക്യാപ്റ്റനെയും  കപ്പല്‍ കമ്പനി അധികൃതരെയും ആയിരുന്നു. അത് ചെയ്യാതെ കമ്പനിയുടെയും ഇറ്റാലിയന്‍ അധികൃതരുടെയും വാക്ക് വിശ്വസിച്ച് രണ്ട് നാവികരെ അറസ്റ്റ് ചെയ്തു കേസ് ലഘൂകരിച്ചത് രണ്ടാമത്തെ തെറ്റ്.

                 സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ തലകുത്തി നിന്ന് വാദിച്ചാലും സുപ്രീം കോടതിയില്‍ പോയിട്ട് സാദാ മുന്‍സിഫ്‌ കോടതിയില്‍ പോലും  ആ നാവികര്‍ക്ക് എതിരായ കുറ്റം തെളിയിക്കാന്‍ ആകുമായിരുന്നില്ല എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.  വെടി വച്ചത് സല്ലുവും മസ്സിയുമാണെന്ന് (ഞങ്ങള്‍ അങ്ങനെയാ !!!) തെളിയിക്കുന്ന എന്തെങ്കിലും നമ്മുടെല്‍  ഉണ്ടെന്നു തോന്നുന്നില്ല. തെളിവുകളില്ല, സാക്ഷികളില്ല എന്തിന് കേസ് എടുക്കാനുള്ള അധികാരം ഉണ്ടെന്നുപോലും ഉറപ്പില്ല !!! പിന്നെങ്ങനെ ആ കേസ് കരയ്ക്കടുക്കും?

                     ഈ പറയുന്ന നാവികര്‍ തന്നെയാണ് കൊല നടത്തിയത് എങ്ങനെ ഉറപ്പിക്കാന്‍? പ്രശ്നം പെട്ടെന്ന് ഒതുക്കിതീര്‍ക്കാമെന്ന ഉറപ്പില്‍ കപ്പല്‍ അധികൃതര്‍ നമുക്കിട്ടു തന്ന ഡമ്മികളായിക്കൂടേ ഈ രണ്ടു നാവികര്‍? 
ഇറ്റാലിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ തിരക്കിട്ട് എത്തിച്ചേര്‍ന്നതും സര്‍ക്കാരുമായി ചര്‍ച്ചകള്‍ ആരംഭിച്ചതും ആ ഉറപ്പു പാലിക്കാന്‍ ആയിക്കൂടെ?

              രാജ്യാന്തര നയതന്ത്രബന്ധവും അന്താരാഷ്‌ട്ര നിയമങ്ങളുടെ നൂലാമാലകളും ഒക്കെ കണക്കിലെടുത്താല്‍ കപ്പലുടമകളില്‍ നിന്നും മതിയായ നഷ്ടപരിഹാരം വാങ്ങിച്ചെടുക്കുന്നതിലും  പ്രതികള്‍ക്കെതിരായ നിയമനടപടികളോട് അവരെ സഹകരിപ്പിക്കുന്നതിനും വേണ്ടി നമ്മുടെ കയ്യില്‍ ഉണ്ടായിരുന്ന തുരുപ്പു ചീട്ടായിരുന്നു Encrica Lexie എന്ന ചരക്ക് കപ്പല്‍.  കപ്പല്‍ വിട്ടുകൊടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ഇവിടെ ഗംഭീര ചര്‍ച്ചകളും നടന്നിരുന്നു. ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ ഇവിടെ ക്യാമ്പ്‌ ചെയ്ത് അതിനു വേണ്ടിയുള്ള ശ്രമങ്ങളും നടത്തി.

                 കപ്പല്‍ തീരം വിട്ടുപോയാല്‍ എല്ലാരും കൂടി അതിനെ ചേസ്‌ ചെയ്ത് പിടിക്കും എന്ന സ്ഥിതിയായി. കപ്പലിവിടെ കിടന്നിരുന്നെങ്കില്‍ നാവികര്‍ വോട്ട് ചെയ്യാനല്ല, മൂത്രമൊഴിക്കാന്‍ പോലും എങ്ങും പൊകുമായിരുന്നില്ല. . എന്നാല്‍ പിണറായി വിജയനും പ്രകാശ്‌ കാരാട്ടും കൂടി തലയില്‍ മുണ്ടിട്ടുപോയി ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊന്നതിന്‍റെ പിറ്റേന്ന് വൈകീട്ട് കപ്പലങ്ങു പൊയി. വിപ്ലവകാരി വധകേസ് അന്വേഷണത്തിന്‍റെ  തിരക്കിലായിരുന്ന  പ്രതികരണതൊഴിലാളികള്‍ അറിഞ്ഞതുപോലുമില്ല!!!അതോടെ പകുതി യുദ്ധം ഇറ്റലി ജയിച്ചു.

.                 പിന്നീടങ്ങോട്ട് ഇറ്റലിയുടെ നയതന്ത്ര സാമര്‍ത്യവും ഇന്ത്യയുടെ നട്ടെല്ലില്ലായ്മയും തമ്മിലുള്ള മത്സരമായിരുന്നു. ആദ്യം ക്രിസ്ത്മസ്നും പിന്നീട്  വോട്ട് ചെയ്യാനും നാവികര്‍ക്ക് രാജ്യം വിടാന്‍ അനുമതി നല്‍കിയ സുപ്രീം കോടതിയുടെ നിലപാട് അസംബന്ധം എന്നേ പറയാനാകൂ. എന്നാല്‍ അത്തരത്തില്‍ വിധി പറയുന്നതിലേക്ക് കോടതിയെ എത്തിച്ച വസ്തുതകളും പരിശോധിക്കണം. കേന്ദ്ര സര്‍ക്കാരിന് വേണ്ടി പ്രോസിക്യൂഷന്‍ ശക്തമായി ഈ ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നെങ്കില്‍ ഒരുപക്ഷെ നാവികര്‍ക്ക് കോടതി ജാമ്യം അനുവധിക്കില്ലായിരുന്നു. അതിനു കേന്ദ്രം തയ്യാരായില്ല. അതിനുള്ള കാരണം ഇറ്റാലിയന്‍ അധികൃതരുമായി കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കിയ നയതന്ത്ര ധാരണയാണ്.  ആ ധാരണയാണ് അതി ദാരുണമായി അട്ടിമറിക്കപ്പെട്ടത്. (ചോറ് ഇവിടെയും കൂറ് അവിടെയുമുള്ളവര്‍ രാജ്യഭരണത്തെ നിയന്ത്രിക്കുമ്പോള്‍ അത് സ്വാഭാവികം മാത്രം.)  ഒരു രാജ്യം മറ്റൊരു രാജ്യത്തെ വഞ്ചിച്ചു!!! 

                ഈ രാജ്യത്തിനും അതിന്‍റെ നീതിന്യായ പീഠത്തിനും തീര്‍ത്താല്‍  തീരാത്ത നാണക്കേടായി മാറി ആ തോല്‍വി.  രാജ്യാന്തര സമൂഹത്തിനു മുന്നില്‍ ഇതിലും വലിയൊരു മാനക്കേട്‌ ഈ രാജ്യത്തിനു വരാനുണ്ടോ? ഒരു രാജ്യത്തോടും അതിലെ പരമോന്നത നീതി പീഠത്തോടും മറ്റൊരു രാജ്യം ഇത്ര വലിയ വിശ്വാസ വഞ്ചന കാണിച്ചിട്ട് ഇതുവരെ മറ്റൊരു രാജ്യവും പ്രതികരിച്ചു കാണാത്തത് എന്താണ്?

                 ഈ രാജ്യത്തിന്‍റെ അഭിമാനവും സ്വന്തം ഇമേജും സംരക്ഷിക്കാന്‍ ശ്രീമാന്‍ മന്‍മോഹന്‍ സിങ്ങിനുള്ള അവസാന അവസരമാണിത്. നട്ടെല്ല് എന്ന സാധനം മദാമ്മയും മക്കളും പുഴുങ്ങിതിന്നിട്ടില്ല എന്ന് പ്രധാനമന്ത്രിക്ക് സ്വയമെങ്കിലും വിശ്വസിക്കാന്‍ ഇതില്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ സാധിക്കേണ്ടതുണ്ട്. അത് വെറും പാര്‍ളിമെണ്ടിലെ വാചക കസര്‍ത്ത് മാത്രമാകരുത്.  അന്താരാഷ്‌ട്ര സമൂഹത്തിന്‍റെ അനുകൂല നിലപാട് നേടിയെടുക്കാന്‍ സര്‍ക്കാരിന് സാധിക്കനം. ഐക്യരാഷ്ട്ര സഭയിലും മറ്റു വേദികളിലും ഈ വിഷയം ഉയര്‍ത്തികൊണ്ട് വരാന്‍ നമുക്ക് സാധിക്കണം. അങ്ങനെയേ ഈ നാണക്കേടിന് മറുപടി നല്‍കാന്‍ നമുക്ക് സാധിക്കൂ.

           അതിനൊന്നും സര്‍ക്കാരിന് സാധിച്ചില്ലെങ്കില്‍ അതിന്‍റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടത് കോണ്‍ഗ്രസ്‌ തന്നെയാകും. വരുന്ന തിരഞ്ഞെടുപ്പില്‍ ഇതൊരു ദേശീയതാ പ്രശ്നമായി ഉയര്‍ത്തികൊണ്ട് വരാന്‍ ബിജെപി ഒട്ടും മടിക്കില്ലെന്നുറപ്പ്. രാജ്യത്തെ ഇത്രവലിയ നാണക്കെടിലേക്ക് തള്ളി വിട്ടിട്ട്  കയ്യുംകെട്ടി നോക്കി നിന്നാല്‍ സ്വാഭാവികമായും അത് ജനങ്ങളെ സ്വാധീനിക്കുകയും, സര്‍ക്കാരിന്‍റെ പാവകൂത്തിനു നിന്നുകൊടുക്കുന്ന "പരമോന്നത" നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം  നഷ്ടപ്പെടുത്തുകയും  ചെയ്യും.

ലാസ്റ്റ് എഡിഷന്‍ : "നമ്മളെ ഒരുമാതിരി ആസ്സാക്കിയിട്ട് നാവികരെ കൊണ്ട്പോയ  ഇറ്റാലിയന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തി രണ്ടെണ്ണം പൊട്ടിക്കുകയാണ് ആദ്യം വേണ്ടത്. അവന്‍റെ അമ്മേടെ,.... അല്ലാ, അവന്‍റെ അമ്മേടെ ഏടത്തി ഒന്നുമല്ലല്ലോ അവിടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇത്ര താല്പര്യമെടുത്ത് പിള്ളേരെ കൊണ്ടുപോയി വോട്ട് ചെയ്യിക്കാന്‍?"

ലഡ്ഡു പൊട്ടിയത് മോഡിജിയുടെ മനസ്സിലാണ്. തിരഞ്ഞെടുപ്പിങ്ങു വന്നോട്ടെ, ഈ വകുപ്പില്‍ ബിജെപ്പി ഒരു കലക്ക് കലക്കും...
Related Posts Plugin for WordPress, Blogger...