
നബി വചനങ്ങളും ഖുറാന് സൂക്തങ്ങളും ബഹുവര്‍ണ്ണ പോസ്റെരുകളായി തൂങ്ങിആടുന്നു. ഓരോന്നായി വായിച്ചു മുന്നോട്ട് നീങ്ങിയ ഞങ്ങളെ സഹായിക്കാന്‍ താടി നീട്ടി വളര്‍ത്തിയ, നെറ്റിയില്‍ നിസ്കാര തഴമ്പുള്ള,ഇറക്കം കുറഞ്ഞ പാന്റ്സ് ധരിച്ച, ഒരു മധ്യ വയസ്കന് എത്തി. സര്‍വശക്തനും പരമകാരുണികനും ആയ ദൈവം ഭൂമിയിലേക്ക് അയച്ച വിവിധ പ്രവാചകന്മാരുടെ പേരുകള്‍ എഴുതിയ ബോര്‍ഡ് വായ്ച്ചു അവരുടെ കാലവും പ്രവര്‍ത്തന രീതികളും അദ്ദേഹം ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കുമായി വിശദീകരിച്ചു തന്നു. "ഇതില്‍ എല്ലാ പ്രവാചകരും അറബ് രാജ്യങ്ങളില്‍ നിന്നും ആണല്ലോ? ദരിദ്ര രാജ്യമായ ഇന്ത്യയിലേക്ക് വന്ന പ്രവാചകര്‍ ആരൊക്കെ ആണ്?" എന്ന നിര്ധോഷകരമായ ചോദ്യത്തിലൂടെ വേലിയില്‍ കിടന്ന പാമ്പിനെ എടുത്ത് തലയില്‍ വയ്ക്കുന്ന പരിപാടിക്ക് ഞങ്ങള്‍ തുടക്കമിട്ടു. . .
"ലോകത്തിന്റെ പല ദിക്കിലേക്കും അനേകം പ്രവാചകര്‍ വന്നിടുണ്ട്, അതില്‍ ചിലര്‍ ഇന്ത്യയിലും വന്നേക്കാം, എന്നാല്‍ അത് ആരൊക്കെ ആണ് എന്ന് ഖുറാന് പറയുന്നില്ല" എന്ന് അദ്ദേഹം പറഞ്ഞത് ഒരു അല്മാഗതം പോലെ ആണ്. മുപ്പത്തിമുക്കോടി ഹിന്ദു ദൈവങ്ങളില്‍ ആരെങ്ങിലും ഒരാള്‍ പ്രവാചകന് ആണ് എന്ന ഒരു വാചകം ഖുറാന് പറഞ്ഞിരുന്നു എങ്കില്‍ ഇന്ത്യയെ ഒരു ഇസ്ലാം രാഷ്ട്രം ആക്കാന്‍ ഉള്ള സുവര്‍ണ്ണാവസരം നഷ്ടപെടുമായിരുന്നോ? ചോദിച്ചില്ല. ഇഹലോകത്തെയും പരലോകത്തെയും സര്‍വകാര്യങ്ങളും പതിനാലു നൂറ്റാണ്ട് മുന്‍പേ പറഞ്ഞു വച്ച ദൈവീക സര്‍വവിജ്ഞാനകോശം ആയ ഖുറാന് അറബ് സംസ്കാരത്തിന്റെ അതിര്‍വരമ്പുകള്‍ ഭേധിക്കുന്നതില്‍ പരാജയപെട്ടതിന് അദ്ദേഹം എന്ത് പിഴച്ചു ?
ആധുനിക ശാസ്ത്ര ശാഖകള്‍ ഈ അടുത്തകാലത്ത് മാത്രം കണ്ടു പിടിച്ച പല സത്യങ്ങളും 1400 വര്‍ഷം മുന്‍പ് ഖുറാനില്‍ എഴുതിവച്ചിരുന്നു എന്ന ഞെട്ടിക്കുന്ന സത്യം പല പോസ്റ്ററുകള്‍ ചൂണ്ടികാട്ടി അദ്ദേഹം വിശധീകരിച്ച് തന്നു. "എന്നാല്‍ എന്ത് കൊണ്ട് ഇത് ആദ്യമേ പറഞ്ഞില്ല ? പറഞ്ഞിരുന്നെങ്ങില്‍ ഇത്തരം ഗവേഷണങ്ങള്‍ക് ഉപയോഗിച്ച പണവും സമയവും ലാഭിക്കമായിരുന്നില്ല്ലേ?" എന്ന ചോദ്യത്തിനു മറുപടി "ഈ വിഷയങ്ങള്‍ ബാഹ്യലോകം ചര്‍ച്ച ചെയ്യപെടുന്നത് ഇപ്പോള്‍ അല്ലെ? ഏത് കൊണ്ടാണ് ഇപ്പോള്‍ ഇത് ഞങ്ങള്‍ പറയുന്നത് എന്നായിരുന്നു . "ഇത് ഇപ്പൊ എല്ലാം പുറത്ത് വന്നു കഴിഞ്ഞപ്പോ പോസ്റെരുമായി ഇറങ്ങുന്നത് പഴയ ബഷീര്‍ കഥാപാത്രം എട്ടുകാലി മമ്മൂഞ്ഞു "അയിന്റെ ആള് ഞമ്മള് ആണേ" എന്ന് പറഞ്ഞു ആന കുഞ്ഞിന്റെ പിത്രുതം ഏറ്റെടുത്ത പോലെ അല്ലെ?" എന്ന് കൂടി ചോദിക്കണം എന്നുണ്ടായിരുന്നു.
ഖുറാന് ദൈവീകം ആണ് എന്നതിന്റെ ഏക തെളിവായി അദ്ദേഹം പറഞ്ഞത് (വെല്ലുവിളിച്ചത് എന്ന് തന്നെ പറയാം) പരിശുദ്ധ ഖുറാനില്‍ ഒരു തെറ്റ് പോലും ഇല്ല എന്ന സ്ഥിരം പല്ലവിയുമായാണ്. ഖുറാന് അടക്കമുള്ള എല്ലാ മത ഗ്രന്ഥങ്ങളെയും വിമര്‍ശിക്കുന്ന കാര്യത്തില്‍ ഞങ്ങള്‍ രണ്ടു പേരുടെയും ഏറ്റവും വലിയ ആശ്രയവും ആത്മവിശ്വാസവും ഈ ഒരു വെല്ലുവിളിയെ നേരിടാന്‍ കഴിയും എന്നത് തന്നെ ആണ്. ഹോസ്റ്റല്‍ മുറികളിലെ പാതിരാ ചര്‍ച്ചകളില്‍ ഇത് പല തവണ ഞങ്ങള്‍ തെളിയിച്ചതും ആണ്. എന്നാലും സുഹൃത്ത് സദസ്സുകളില്‍ പറയും പോലെ ഇവിടെ പറയുന്നതിലെ ഔചിത്യം ഞങ്ങളെ അലട്ടി. ഒടുവില്‍ രണ്ടും കല്പ്പിച്ചു ചോദ്യം എറിഞ്ഞു. സൂര്യന് അസ്തമിക്കുന്നതിനെ പറ്റി സൂറത്ത് 18:86 പ്രകാരം "സൂര്യാസ്തമയ സ്ഥലത്ത് എത്തിയ സുല്‍- ഖുര്നൈന്‍ എന്ന യാത്രക്കാരന് സൂര്യന് ഒരു ചളികുണ്ടിനു അപ്പുറം മറയുന്നതായി കണ്ടു" എന്ന് പറയുന്നതിനെ പറ്റി എന്ത് പറയുന്നു? ഒരു നിമിഷത്തെ നിശബ്ദതയും വിളറിയ ഒരു പുഞ്ചിരിയും ആയിരുന്നു മറുപടി. കലാനാഥന് മാസ്ററെ പോലുള്ളവരുടെ സ്ഥിരം ചോദ്യങ്ങള്‍ പ്രതീക്ഷിച്ചു റെഡിമൈഡ് ഉത്തരം ചുണ്ടിന്റെ അറ്റത്ത് നിര്‍ത്തിയാകണം അദ്ദേഹം അങ്ങനെ ഒരു വെല്ലുവിളി ഉയര്‍ത്തിയത്. അതിനാല്‍ ആകും ഇതിനുള്ള മറുപടി അദേഹത്തിന്റെ കൈയ്യില്‍ ഇല്ലായിരുന്നു, "മുകളിലെ കൌണ്സിലിംഗ് സെന്ററില്‍ പോയാല്‍ നിങ്ങള്‍ക്ക് ഇതിനുള്ള മറുപടി ലഭിക്കും" എന്ന് പറഞ്ഞു അദ്ദേഹം തടി തപ്പി. താടി വച്ച ഒരു പണ്ഡിതനെ വാഗ്വാതത്തില്‍ തോല്‍പ്പിച്ചതിന്റെ അതിയായ അഹങ്കാരം ഞങ്ങളെ മദിച്ചു.
അടുത്ത സെഷന് "ഖുറാനും ബൈബിളും തമ്മില്‍ ഉള്ള അകലം എന്ത്" എന്ന് വ്യക്തമാക്കുന്നതായിരുന്നു. ഇത്തവണ സുന്ദരനും സുമുഗനും കഷ്ടപ്പെട്ട് താടി വളര്തുന്നവനും ആയ ഒരു ചെറുപ്പക്കാരന് ആണ് ഞങ്ങളുടെ മുന്നില്‍ പൊട്ടി വീണത്. നേരത്തെ കണ്ട താടിക്കാരന് പറഞ്ഞു വിട്ടതാണ് എന്ന് തോന്നുകയേ ഇല്ല. തന്റെ അറിവ് വെളിപ്പെടുത്തുന്നതില്‍ അതിയായ ആനന്ദവും ഉത്സാഹവും അയാള്‍ക് ഉണ്ടായിരുന്നു. ആനയുടെ വാലിലെ രോമം മാത്രം എടുത്ത് കാണിച്ചു കൊണ്ട് ആന മെലിഞ്ഞു പോയി എന്ന് പറയുന്ന പോലെ ആയിരുന്നു പോസ്റെരുകളിലെ ബൈബിള്‍ വിമര്‍ശനം. വിശാലമായ ഒരു അദ്ധ്യായത്തിന്റെ ഉള്ളില്‍ നിന്നും ഒരു വരി മാത്രം അടര്‍ത്തിയെടുത് അത് വികൃതമായി വ്യാക്യാനിക്കുക.എന്നാല്‍ ബൈബിളില്‍ വിമര്ശനാല്മകമായ അറിവ് ധാരാളം ഉള്ള എന്റെ സുഹൃത്തിന്റെ മുന്നില്‍ ആ യുവാവ് വിയര്‍ക്കുന്നത് കാണാന്‍ ഒരു പ്രത്യേക രസം ആയിരന്നു.
ഇത്ര ആയപോളെക്കും കുട്ടികള്‍ അടക്കം സാമാന്യം നല്ല ഒരു കൂട്ടം ശ്രോതാക്കള്‍ ഞങ്ങള്‍ക്ക് ഉണ്ടായി. ബൈബിള്‍ വിമര്ശകന് ആയ വളണ്ടിയരെ സഹായിക്കാന്‍ രണ്ടു മൂന്ന് പേര് കൂടി എത്തുകയും ചെയ്തു. ഞങ്ങള്‍ നടത്തുന്ന അഭിപ്രായപ്രകടങ്ങള്‍ കേള്‍ക്കുന്നതില്‍ നിന്നും ശ്രോതാക്കളെ പിന്തിരിപ്പിക്കാന് വളണ്ടിയര്‍ സുഹൃത്തുക്കള്‍ ശ്രമിക്കുന്നത് കാണാമായിരുന്നു.
ഒടുവില്‍ നേരത്തെ പറഞ്ഞ കൌണ്സിലിംഗ് സെന്റെരിലെക് ഉള്ള വഴി കാണിച്ചു തരാനേ അവര്‍ക്കും സാധിച്ചുള്ളൂ. ഞങ്ങള്‍ അഹങ്കാരത്തിന്റെ ഉത്തുങ്കശ്രിന്ങ്കഗളില്‍ എത്തി.
അടുത്ത സെക്ഷന്‍ "ഖുറാനും ഹിന്ദു മതവും തമ്മില്‍ ഉള്ള അകലം" ആയിരുന്നു.പ്രോടോകോള്‍ പ്രകാരം ഹിന്ദു ആയ ഞാന്‍ ആണല്ലോ ഇതില്‍ തല ഇടേണ്ടത് ? എന്നാല്‍ ഹിന്ദു മതവുമായി എനിക്കുള്ള പരിചയം എന്ന് പറയാവുന്നത് പണ്ട് ടെലിവിഷനില്‍ ജയ് ഹനുമാന് പോലെ ഉള്ള സീരിയലുകള്‍ കണ്ടത് മാത്രം ആണ്. അതിനാല്‍ തന്നെ ആ ഭാഗത്തേക് പോകാതിരിക്കുന്നതാണ് നല്ലത് എന്ന് ഞങ്ങള്‍ക്ക് തോന്നി.
ഇത്ര നേരം വളണ്ടിയര്‍ സുഹ്രത്തുക്കള്‍ കരുതിയത് ഞങള്‍ രണ്ടു ഇസ്ലാം വിമര്സകര് ആണെന്നായിരുന്നു. എല്ലാ മതങ്ങളെയും വിമര്ശിച് ഞങ്ങളുടെ മതനിരപെക്ഷത അവരെ ബോധ്യപെടുത്താന്‍ ഉള്ള ശ്രമം ഞങ്ങളെ എത്തിച്ചത് സൃഷ്ടിവാദവുമായി ബന്ധപെട്ട ചര്‍ച്ചകളിലേക്ക് ആണ്. ആ ചര്‍ച്ച എത്ര നീണ്ടാലും എവിടെയും എത്തില്ല എന്ന് അധികം താമസിയാതെ ഞങ്ങള്‍ക്ക് മനസ്സിലായി. ഞാന്‍ പിടിച്ച മുയലിനു 4 കൊമ്പു എന്ന നിലപാടില്‍ നിന്നും ആ സുഹൃത്തുക്കള്‍ പിന്മാറില്ല എന്നത് തന്നെ പ്രശ്നം.
അങ്ങനെ ഒടുവില്‍ കൌണ്സിലിംഗ് കേന്ദ്രത്തിലേക്ക് ഞങ്ങള്‍ എത്തി നോക്കി. നെഞ്ചിനു താഴെ വരെ എത്തുന്ന താടിയും മുട്ടിനു താഴെ മാത്രം എത്തുന്ന പാന്റ്സും ധരിച്ച ഒരു പണ്ഡിതന് ആയിരുന്നു അകത്ത്. പുലിമടയില്‍ കയറി തല വച്ചു കൊടുക്കുന്നത് മണ്ടത്തരം ആണെന്ന ഞങ്ങളുടെ രണ്ടു പേരുടെയും മനസ്സ് പറഞ്ഞു. സത്യം പറഞ്ഞാല്‍ കൈകാലുകള്‍ വെട്ടി മാറ്റപെടുന്ന ഒരു അവസ്ഥയെ പറ്റിയുള്ള ഭയം ഞങളുടെ മനസ്സിന്റെ ഏതോ കോണില്‍ ചിറകടിച്ചു എന്നത് തന്നെ ആകാം കാരണം. മുകളിലെ നിലയില്‍ ഒരുക്കിയ ഇരുണ്ട മുറിയില്‍ ഇരുന്നു വീഡിയോ ഷോ കാണുമ്പോളും ആ ഭയം ഞങ്ങളില്‍ ഉണ്ടായിരുന്നു.അത് കൊണ്ട് തന്നെ അധിക സമയം ഇനി അവിടെ തുടരുന്നതിനെ പറ്റി അകാരണമായ ഭയം ഞങ്ങളെ പിന്തുടര്ന്നു. മാധ്യമങ്ങളും സാമ്രാജ്യത്വ ശക്തികളും അത്തരം ഒരു ഇമേജ് ആണല്ലോ ഈ മതത്തിനു ചാര്‍ത്തികൊടുത്തത്.
അങ്ങനെ ഞങ്ങള്‍ പോകാന്‍ തീരുമാനിച്ചു. അത്ര നേരാന്‍ തര്‍ക്കിച്ചു നിന്ന MSM പ്രവര്‍ത്തകരോട് യാത്ര പറയാന്‍ അവരുടെ അടുതെത്തി.എന്നാല്‍ ഞങ്ങളുടെ പ്രതീക്ഷകള്‍ എല്ലാം തകിടം മറിച്ചു കൊണ്ട് അത്രനേരം നടത്തിയ വാഗ്വതങ്ങള്‍ ഉണ്ടായ ലക്ഷണമേ ഇല്ലാത്ത തരത്തില്‍ അതീവ ഹൃദ്യമായ പെരുമാറ്റം ആണ് അവരില്‍ നിന്നും ഉണ്ടായത്. അവര്‍ക്കൊപ്പം ചായയും ലഘു ഭക്ഷണവും കഴിക്കാന്‍ അവര്‍ ഞങ്ങളെ ക്ഷണിച്ചു. പുറത്ത് കടക്കുമ്പോള്‍ ഞങ്ങള്‍ ഇരുവര്‍ക്കും ഒരു സമ്മാനം ഉള്ളതായി അവര്‍ പറഞ്ഞു. ഭയത്തിന്റെ ചിറകൊടി ഞാന്‍ വ്യക്തമായും കേട്ടു..എന്നാല്‍ സമ്മാനം മറ്റൊന്നും ആയിരുന്നില്ല. നബിനിന്ദയെ പറ്റി എം.എം അക്ബര്‍ എഴുതിയ ഒരു പുസ്തകവും ഒരു സി.ഡി യും കുറച്ചു ലഘുലേഖകളും ആയിരുന്നു അവരുടെ സ്നേഹസമ്മാനം..
വാല്‍കഷ്ണം: അടുത്ത് തന്നെ ഉള്ള സെക്ഷനില്‍ വളണ്ടിയര്‍ പര്‍ദ ധരിച്ച ഒരു സ്ത്രീ ആയിരുന്നു. തന്റെ മേല്‍നോട്ടത്തില്‍ ഉള്ള പോസ്റ്ററുകള്‍ വായിക്കാതെ മുന്നോട്ട് നീങ്ങിയ രണ്ടു പര്‍ദ ദാരികളോട് അവര്‍ പറയുന്നത് കേട്ടു ," ഇദ് വായിച്ചിട്ട് പോയ്ക്കൊളീ , അല്ലെങ്ങില്‍ ആളോള് ഓരോന്ന് ചോയിക്കുമ്പോ ഇങ്ങക്ക് മുണ്ടാട്ടം മുട്ടി പോവും"..