"മകരവിളക്ക് മനുഷ്യനിര്‍മിതമാണോ? " എന്ന മില്യണ്‍ ഡോളര്‍ ചോദ്യം ആദ്യമായി ചോദിച്ചത് ആരെന്നറിയില്ല. ഏറെക്കാലം യുക്തിവാദികളുടെയും കമ്മ്യൂണിസ്റ്റ് ബു.ജികള്‍ ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും ഒക്കെ ഇടയില്‍ മാത്രം ചര്‍ച്ചചെയ്യപെട്ട ഈ ചോദ്യം പൊതുശ്രദ്ധ നേടുന്നത് പീരുമേട് ദുരന്തത്തെതുടര്‍ന്നാണ്. മകരവിളക്ക് അനുബന്ധിച്ചുണ്ടായ അമിതമായ തിരക്കും ആവേശവും ദുരന്തം ക്ഷണിച്ചുവരുത്തി എന്ന തരത്തില്‍ ഉള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് ഇത്തരം ചര്‍ച്ചകള്‍ക്ക് ആക്കംകൂട്ടി.. അതിനിടയിലാണ് എവിടുന്നോ നമ്മുടെ ബഹു:ഹൈക്കോടതി ഇതിനിടയിലേക്ക് ചാടി വീണത്. കാര്യം അയ്യപ്പന്മാരുടെയും വക്കീലന്മാരുടെയും വസ്ത്രത്തിന്റെ നിറം കറുപ്പാണ് എന്ന് പറഞ്ഞിട്ട് എന്താ കാര്യം?, കോടതിക്ക് ശബരിമലയെ പറ്റി ഒരു ചുക്കും അറിയില്ല. പത്രത്തിലും ചാനലിലും ഒക്കെ മകരവിളക്ക് കത്തിനില്കുമ്പോ കോടതിക്കും ഒരു സംശയം. ഇതിലൊക്കെ വല്ല സത്യവും ഉണ്ടോ? ആരോടെങ്കിലും ചോദിക്കണം എന്നുണ്ട്. പീരുമേട് വിഷയവുമായി മുന്നില്‍ എത്തിയ ദേവസ്വം വക്കീലിനോടല്ലാതെ പിന്നെ ആരോടാ ചോദിക്കാന്‍ പറ്റുക? "മകരവിളക്ക് മനുഷ്യനിര്‍മിതമാണോ വക്കീലേ?". പാവം കോടതി ചോദിചു.
മുഖത്തടിച്ച പോലെ ആയിരുന്നു മറുപടി. "മൈ ലോര്‍ഡ്, അതൊക്കെ വിശ്വാസത്തിന്റെ പ്രശ്നം ആണ്. കോടതി അതില്‍ ഇടപെടാതിരിക്കുന്നതാണ് നല്ലത്". പാവം കോടതി ഞെട്ടിപ്പോയി. ഹെന്ത്? തീക്കട്ടയില്‍ ഉറുമ്പരിക്കുന്നോ? കേരളമാകെ അടക്കി വാഴുന്ന നാം ഏത് വിഷയത്തില്‍ ഇടപെടണം എന്ന് തീരുമാനിക്കാന്‍ യെവനാര്? വിശാസത്തിന്റെ പ്രശ്നം ആയാലും അല്ലെങ്കിലും ആവശ്യം വന്നാന്‍ ഇടപെടും എന്നായി കോടതി. അതും പോരാഞ്ഞിട്ട് സര്‍ക്കാരിനോട് കുറെ ചോദ്യങ്ങളും, മകരവിളക്ക് മനുഷ്യന്‍ കത്തിക്കുന്നതാണോ? മകരവിളക്കും മകരജ്യോതിയും തമ്മിലുള്ള വ്യത്യാസം എന്ത്?, പൊന്നമ്പലമേട് ധനസമാഹരണ മാര്‍ഗം ആയി മാറുന്നോ? ഇതൊക്കെ ഒന്ന് അന്വേഷിച്ചു കണ്ടുപിടിചുതാ എന്റെ വിഎസ്സേ...
കേട്ടപാതി കേള്‍ക്കാത്തപാതി വിഎസ് പറഞ്ഞു, "നടക്കില്ല കോടതിയേ, മകരവിളക്കൊക്കെ വിശ്വാസത്തിന്റെ ഭാഗമാണ്. അതിന്റെ സത്യം അന്വേഷിച്ചു പോകാന്‍ സര്‍ക്കാരിന് സൌകര്യമില്ല". കണ്ടോ കണ്ടോ ജനാധിപത്യത്തിന്റെ ഒരു പവര്‍? പൊതുവഴിയില്‍ പൊതുയോഗം കൂടാന്‍ പാടില്ല, പൊതുസ്ഥലത്ത് മൂത്രമൊഴിക്കാന്‍ പാടില്ല, ഹെല്‍മെറ്റ് ധരിക്കാതെ വണ്ടിയോടിക്കാന്‍ പാടില്ല എന്നൊക്കെ വെച്ച്കാച്ചുമ്പോ ഓര്‍ക്കണമായിരുന്നു ഇങ്ങനെ കുറെ ആവശ്യങ്ങളും കൊണ്ട് ഞങ്ങടെ മുന്നില്‍ വരേണ്ടി വരും എന്ന് ശുംഭന്മാരെ . . . അങ്ങനെ കോടതിയുടെ കോടതിയുടെ പൊതുതാല്‍പര്യ ത്വരയെ വെട്ടിനിരത്തിക്കളഞ്ഞു മുഖ്യന്‍. ധീരമായ നിലപാട്. മതം മനുഷ്യനെ(വോട്ടറെ) മയക്കുന്ന കറുപ്പാണ് എന്നൊക്കെ സഖാവിനു നന്നായി അറിയാം. മകരവിളക്കില്‍ കൈവയ്ക്കാന്‍ രാഷ്ട്രിയപാര്‍ടികള്‍ ആരും ധൈര്യപ്പെടാത്തതും അതുകൊണ്ട് തന്നെയാണ്. ഇനി അതിന്റെ പുറകെ പോയി വിശ്വാസികളുടെ വോട്ട് നഷ്ടപെടുത്താന്‍ നില്‍കണ്ട എന്ന് കരുതിതന്നെയാണ് മുഖ്യമന്ത്രി അങ്ങനെ പറഞ്ഞത്. അല്ലാതെ സമൂഹത്തെ നൂറ്റാണ്ടുകള്‍ പുറകോട്ടടിക്കുന്ന ഇമ്മാതിരി തട്ടിപ്പുകള്‍ക്ക് കുടപിടിക്കാന്‍ ഒരു സര്‍ക്കാരിനും താല്പര്യം ഉണ്ടാകില്ല. എന്നാല്‍ മകരവിളക്കിന് പുറകിലെ തട്ടിപ്പ് പുറത്തുകൊണ്ട് വന്നിട്ട് വിശ്വാസത്തില്‍ ഇടപെട്ടതിന്റെ പഴി മുഴുവന്‍ ആജന്മശത്രുവായ ജുഡീഷ്യറിയുടെ തലയില്‍ കെട്ടിവച്ചു തടിതപ്പാന്‍ ഉള്ള സുവര്‍ണ്ണാവസരമാണ് നഷ്ടപെട്ടത് എന്ന് പറയാതെ വയ്യ. ശബരിമലയില്‍ നിന്ന് സര്‍ക്കാര്‍ ഗജനാവിനു ലഭിക്കുന്ന കോടികളുടെ വരുമാനത്തേക്കാള്‍ വലുതല്ല ഒരു പ്രത്യയശാസ്ത്രവും പുരോഗമനവാദവും.
അതൊക്കെ അവിടെ നില്‍ക്കട്ടെ, വക്കീലും മുഖ്യനും ഒക്കെ പറഞ്ഞ പോലെ ശരിക്കും ഈ മകരവിളക്ക് ജനകോടികളുടെ വിശ്വാസ സാധനം ആണോ? മകരവിളക്കിന് പുറകിലെ തട്ടിപ്പുകള്‍ പുറത്തുവന്നപ്പോള്‍ മഹാതന്ത്രിയും ചെറുമകന്‍ തന്ത്രി രാഹുല്‍ ഈശ്വരനും തുടങ്ങി പത്തും നൂറും തവണ മകരവിളക്ക് കണ്ട നാട്ടിന്‍പുറത്തെ ഗുരുസ്വാമികള്‍ വരെ പറഞ്ഞില്ലേ മകരവിളക്ക് തട്ടിപ്പാണ് എന്ന കാര്യം ഞങ്ങള്‍ക്ക് പണ്ടേ അറിയാമായിരുന്നു എന്ന് ? പിന്നെ ആരാണ് സുഹൃത്തേ നിങ്ങള്‍ പറയുന്ന ഈ വിശ്വാസികള്‍? യാഥാര്‍ത്ഥ്യം അഗീകരിക്കുന്നതില്‍ തന്ത്രിമാരും ഭക്തരും വരെ കാണിക്കുന്ന ആര്‍ജവം എന്തെ ഭരണകൂടവും പുരോഗമന യുവജനപ്രസ്ഥാനങ്ങളും കാണിക്കാന്‍ ഭയപ്പെടുന്നു? ഇനിയും സമയമുണ്ട്. കുഞ്ഞാലിക്കുട്ടി വിഷയവും പലജാതി സ്പെക്ട്രും കഥകളും ഒക്കെ ആഘോഷിച്ചു കഴിഞ്ഞിട്ട് മെല്ലെ മതി. അടുത്ത മകരവിളക്ക് കത്തിക്കല്‍ മുഹൂര്‍ത്തത്തിനു മുന്‍ബ് എങ്കിലും ഇതില്‍ ഒരു നിലപാട് എടുക്കൂ. സര്‍ക്കാരിന് പേടി ആണെങ്ങില്‍ വേണ്ട. റിട്ടയര്‍ ചെയ്തു കുഴിയിലേക് കാലും നീട്ടി ഇരിക്കുന്ന ഒരു ജഡ്ജിയെ ജീപ്പില്‍ കയറ്റി ആ പൊന്നമ്പലമേട്ടില്‍ കൊണ്ടുപോയി ഒരു ജഡീഷ്യല്‍ അന്വേഷണം എങ്കിലും നടത്തി ഇതിനു പിന്നിലെ സത്യാവസ്ഥ ഒന്ന് പുറത്തു കൊണ്ട് വരൂ. സാധിക്കും എങ്കില്‍ അന്നേ ദിവസം നാട്ടിലെ പ്രക്ഷുബ്ധ യുവത്വം ഒരു പൊന്നമ്പലമേട് ജാഥ കൂടി നടത്തിയാല്‍ ജോറായി . . .
സ്വാമിയെ ശരണമയ്യപ്പ . . . .
സ്വാമിയെ ശരണമയ്യപ്പ . . . .
വിളക്ക് കത്തിക്കുന്ന ദേവസ്വം ബോര്‍ഡിന്‍റെ തലപ്പത്ത് 3 വര്ഷം ഇരുന്ന മന്ത്രി ജി സുധാകരന്‍ തന്നെ പറഞ്ഞിടുന്ദ് ഇത് തട്ടിപ്പാണ് എന്നത്. അതിനു പുറമേ എന്ത് തെളിവ് വേണം ഈ പ്രശ്നത്തില്‍ ?
ReplyDeleteഭാവുകങ്ങള്‍...
ReplyDeleteഎല്ലാ മത പുരോഹിതരും വിശ്വാഷികളെ ചൂഷണം ഇതും വിശ്വാസിയെ കബളിപ്പിക്കുന്ന ഒരു ഏര്‍ പാട്
ReplyDeleteഎന്തൊക്കെയായാലും ? ശരി അയ്യപ്പന്റെയും മാളികപുറത്തമ്മയുടെയും കല്യാണം ഉടന്‍ നടത്തുക
ReplyDelete