ഇന്ന് എന്റെ പിറന്നാള്‍ ആണ്. അതെ, സുന്ദരവും സുസ്മിതവും ആയ ഈ ഭൂമിയില്‍ ഈയുള്ളവന്‍ പിറന്നു വീണിട്ട് ഇന്നേക്ക് 22 മലയാള വര്ഷം തികയുന്നു. വൃശ്ചിക മാസത്തെ ഒരു തണുത്ത സായാഹ്നത്തില്‍ കൃത്യമായി പറഞ്ഞാല്‍ കൊല്ല വര്ഷം 1164 വൃശ്ചിക മാസം 28നുക്ക് 1988 ഡിസംബര്‍ 13 നു ചൊവ്വാഴ്ച അസ്തമാനാല്‍ പൂര്‍വ്വം 1 നാഴിക 55 വിനാഴികക്ക് തിരുവോണം നക്ഷത്രത്തില്‍ പുരുഷജനനം. വൈകീട്ട് 5.14 നു പട്ടാമ്പിക്ക് അടുത്തുള്ള കൂറ്റനാട് ഒരു സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു ആ സംഭവം. അന്നേ ദിവസം രാത്രി ആലിപ്പഴം വീണതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതിനെ പറ്റി പറയാന്‍ തുടങ്ങിയാല്‍ അത് എന്റെ വ്യക്തിത്വ പ്രഭാവത്തിന്റെ അമിത വര്‍ണന ആയിമാറി എന്റെ ലക്ഷക്കണക്കിന് വായനക്കാരെ ബോറടിപ്പിക്കും. അങ്ങനെ ഒരു സ്വയം പൊക്കല്‍ അല്ല ഞാന്‍ ഉദ്ദേശിക്കുന്നത്.
ഇന്ന് ഉച്ച വരെ ഞാന്‍ കരുതിയിരുന്നത് എന്റെ ജീവിതത്തിന്റെ മൂന്നില്‍ ഒന്ന് ഇന്ന് തീരുന്നു എന്നാണു. ആ വിഷമത്തില്‍ പിറന്നാള്‍ വിശേഷം ആരെയും ഞാന്‍ അറിയിക്കാന്‍ നിന്നില്ല.പണ്ട് എന്നോ ജാതകം മറിച്ചു നോക്കിയപ്പോ ഒരു 66 വര്‍ഷത്തെ ആയുസ്സേ കണ്ടതായി ഓര്‍മയുള്ളൂ. പേടി കാരണം പിന്നെ ഞാന്‍ അത് കൈ കൊണ്ട് തൊട്ടിട്ടില്ല. ഇപ്പോള്‍ നേരത്തെ പറഞ്ഞ പോലത്തെ ജോതിഷഭാഷയില്‍ ഡെയലോഗ് അടിക്കാന്‍ വേണ്ടി എന്റെ പ്രിന്റെഡ് ജാതകം എവിടുന്നോ തപ്പി പൊടിതട്ടി എടുത്തപ്പോ ആണ് സന്തോഷകരമായ ആ കാര്യം ഞാന്‍ ശ്രദ്ധിച്ചത്. ഭാഗ്യവാനായ എനിക്ക് 77 വയസ്സ് തികച്ചും ആയുസ്സ് ഉണ്ട്. അന്ന് നോക്കിയപ്പോ അവസാനത്തെ പേജ് ഞാന്‍ ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു.
ടെലിബ്രാന്‍ഡ് ഷോയില്‍ പറയുന്ന പോലെ wow !!!!
കേള്‍ക്കുന്നവര്‍ക്ക് ഇവന്‍ ആളൊരു പഴഞ്ചന്‍ ആണെന്ന് തോന്നും പക്ഷെ എനിക്ക് പറയാതിരിക്കാന്‍ ആകില്ല. അത് കൊണ്ട് ഞാന്‍ ഇതാ പറയാന്‍ പോകുന്നു .. "ഈ ജാതകത്തില്‍ ഒക്കെ എനിക്ക് ഭയങ്കര വിശ്വാസം ആണ്". ഇതാ ഈ പോസ്റ്റ് ടൈപ്പ് ചെയ്യുമ്പോ എന്റെ കൈയ്യില്‍ എന്റെ ജാതക കുറിപ്പ് ഉണ്ട്. കണ്ട ഓലയിലും ശീലയിലും എഴുതിയ കാണ കുണ ജാതകം ഒന്നും അല്ല. റേഷന്‍ കാര്‍ഡ്‌ന്റെ വലുപ്പത്തില്‍ ഉള്ള ഒരു പുസ്തകത്തില്‍ വടിവൊത്ത അക്ഷരത്തില്‍ എഴുതിയ നല്ല ഉശിരന്‍ ജാതകം.
ഞാന്‍ മനസ്സിലാക്കിയിടത്തോളം ഈ ലോകത്ത് എല്ലാവരും ജാതക പ്രകാരം അവരുടെ ജീവിതം ജീവിച്ചു തീര്‍ക്കാന്‍ വിധിക്കപെട്ടവര്‍ ആണ്. നമ്മള്‍ ചെയ്യുന്ന സകലമാന തോന്ന്യസങ്ങളും നമ്മുടെ ജീവിതത്തിലെ എല്ലാ തരം പ്രശ്നങ്ങളും നമ്മുടെ തലവര മൂലം ഉണ്ടാകുന്നതാണ്. പടച്ചവന്‍(ഈശ്വരന്‍,കര്‍ത്താവ്) വരച്ച ആ മുടിഞ്ഞ വര മാറ്റി മറക്കാന്‍ ആര്‍ക്കും ആകില്ല.
ഉദാഹരണം : ഈ ലോകത്ത് എത്ര പേര്‍ പട്ടിണി കിടക്കുന്നു? എത്ര പേര്‍ കഷ്ടതകള്‍ അനുഭവിക്കുന്നു? എത്ര കുഞ്ഞുങ്ങള്‍ അനാഥര്‍ ആകുന്നു? ഇവരുടെ ഒക്കെ ജാതകം ഒന്ന് എടുത്ത് പരിശോധിച്ച് നോക്ക്. ഹാ അപ്പൊ കാണാം എല്ലാത്തിന്റെം തലവര കൊങ്കണ്‍ റെയില്‍വേ പോലെ വളഞ്ഞു പുളഞ്ഞു കിടക്കുന്നത്. കണ്ട അലവലാതി പണിക്കന്മാര്‍ ഒന്നും നോക്കിയാ പോര കേട്ടോ. മേല്പത്തൂര്‍ കീഴ്പാടം തിരുമേനിയെ പോലെ ഉള്ള ദിവ്യന്മാര്‍ നോക്കിയ്യാല്‍ അച്ചട്ടാ..
ഹിരോഷിമയിലും നാഗസാക്കിയിലും മറിച്ചു വീണ പാവങ്ങളില്‍ പല സമയത്ത് പല ഗ്രഹനിലയില്‍ പല സ്ഥലത്ത് പല മതത്തില്‍ പിറന്ന എല്ലാതിന്റ്യും തലയില്‍ ഒരൊറ്റ വര ആയിരുന്നു. ഒടുക്കത്തെ വര...ആ നഗരം അപ്പാടെ കത്തി ചാമ്പല്‍ ആയി പോയപ്പോ അവരുടെ ജാതകങ്ങളും കത്തിപ്പോയി. അല്ലെങ്ങില്‍ നിരീശ്വരവാദികളെ,
യുക്തിവാധികളെ ചെറ്റകളെ നിങ്ങളുടെ മുഖതേക്ക് ഞാന്‍ അത് വലിച്ചെറിഞ്ഞെനെ..
ലോകത്തെ സകല ജൂതന്മാര്‍ക്കും ഒരേ വര ആണ് അവിടുന്ന് വരച്ചത്. അവന്മാര്‍ ഇങ്ങനെ തെണ്ടി തിരിഞ്ഞു നടക്കുന്നവര്‍ ആയതു കൊണ്ട് എല്ലാത്തിനേം പിടി കൂടി തട്ടിക്കളയാന്‍ ദൈവം അയച്ച ദൂതന്‍ ആണ് ശ്രീ ശ്രീ ഹിറ്റ്‌ലര്‍!!!!
ആണവകരാര്‍, ആസിയാന്‍ കരാര്‍, വിക്കിലീക്സ്, സ്പെക്ട്രും, ഇതൊക്കെ നമ്മുടെ ജാതകത്തില്‍ ഉള്ളതാ മക്കളെ...ഇപ്പൊ ധാ പെട്രോള്‍ന്റെയും അരിയുടെയും വില പിന്നേം കൂടി. അതിനു കാരണം ആഗോളവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും ഒന്നും അല്ല. നിന്റെ ഒക്കെ ജാതകത്തില്‍ ഇന്ന ഇന്ന പ്രായത്തില്‍ ഇത്ര ഇത്ര രൂപ കൊടുത്താലേ ഇന്ന ഇന്ന സാധനങ്ങള്‍ കിട്ടു എന്ന് എഴുതി വച്ചിടുണ്ട്. ഇതിനെതിരെ കൊടി പിടിചിട്ടോ മുദ്രാവാക്യം വിളിചിട്ടോ ഒന്നും ഒരു കാര്യവും ഇല്ല. ആകെ ഉള്ളത് ഒരു വഴിയാ. ഇതിനു ശാസ്ത്രവിധി പ്രകാരം ഉള്ള പരിഹാരക്രിയകള്‍ ചെയ്യുക. ഏത് ശാസ്ത്രം ? ജൂതിഷ ശാസ്ത്രം.
ഇനി ഇപ്പൊ പണിക്കന്മാരെ കിട്ടാത്ത പ്രശ്നവും ഇല്ല,ഏതോ യുണിവേര്സിടി ജൂതിഷം പഠന വിഷയം ആക്കാന്‍ പോകുന്നുണ്ട്. അത് കൂടി കഴിഞ്ഞാല്‍ വല്ല BA malayalam കഴിഞ്ഞവനെ കണ്ടാല്‍ തന്നെ വേണ്ട ക്രിയകള്‍ നടത്തി തരും, ഏത്?
ഞാന്‍ ജനിക്കും മുന്‍പ് എഴുതിയതാകാന്‍ വഴി ഇല്ലാത്തതിനാല്‍ ഈ സാധനത്തിനു ഒരു 21 വര്‍ഷത്തെ പഴക്കം കാണും. ഗൂഗിള്‍ എര്‍ത്ത് ഒന്നും പ്രചാരത്തില്‍ ഇല്ലാത്ത അക്കാലത് എന്റെ ജനന സമയത്തെ ഗ്രഹനില കൃത്യമായി കണക്ക് കൂട്ടി ഈ ജാതകം എഴുതി എന്റെ മുത്തശ്ശനെ ഏല്പിച്ചു ചില്ലറ വാങ്ങിച്ചു പോക്കറ്റില്‍ ഇട്ട മഹാനായ ആ പണിക്കരെ ഞാന്‍ മനസ്സാല്‍ സ്തുതിക്കുന്നു. എന്റെ ജീവചരിത്രം എനിക്ക് മുന്പേ എഴുതിയ അങ്ങേരോട് എനിക്ക് ഒന്നേ ചോദിക്കാന്‍ ഉള്ളു... "പ്ലൂട്ടോ ഒരു ഗ്രഹം ആയിരുന്ന കാലത്താണ് അങ്ങ് ഇത് രചിച്ചത്. ഇനി ഇപ്പൊ പ്ലൂട്ടോ അതി ധാരുണമായി പുറതാക്കപെട്ടപ്പോ എന്റെ ആയുസ്സില്‍ വല്ല ഏറ്റ കുറച്ചിലും? ? ഹേ അങ്ങനെ വരാന്‍ വഴിയില്ല അല്ലെ ?...