Sunday, June 12, 2011

മാതാ പിതാ ഗുരു (ആള്‍)ദൈവം!!!


                              മാതാവും പിതാവും ഗുരുവും എല്ലാം ദൈവമായി മാറികൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. നിരക്ഷരരും അത്താഴ പട്ടിണിക്കാരുമായ പാവം നാട്ടിന്‍പുറത്തുകാര്‍ ദൃഷ്ടി ദോഷമാകറ്റാനും വസൂരി മാറാനും വേണ്ടി വാറ്റുചാരായവും നാടന്‍ കഞ്ചാവും വച്ച് വണങ്ങുന്ന കാവിലമ്മയും കുട്ടിചാത്തനുമല്ല, ആണവശാസ്ത്രഞ്ജന്മാര്‍ മുതല്‍ കോര്‍പ്പറേറ്റ് രാജാക്കന്മാര്‍ വരെ ശീതികരിച്ചമുറികളില്‍ ലക്ഷങ്ങളും കോടികളും വച്ച് വണങ്ങുന്ന, ലോകമെമ്പാടും വേരുകളുള്ള ഭക്തി ബിസിനസ്‌ ശ്രിഖലയുടെ അധിപന്മാരായ പുത്തന്‍ തലമുറ ആള്‍ ദൈവങ്ങള്‍...

                          കൊല്ലം ജില്ലയിലെ പറയകടവ് കടപ്പുറത്തെ സുധാമണി എന്ന മുക്കുവ സ്ത്രീ  ഇന്ത്യയിലെ മാത്രമല്ല ലോകമെമ്പാടുമുള്ള ജനകോടികളുടെ അമ്മയായി   മാറിയ അത്ഭുത കഥയാണ്‌  മാതാ അമൃതാനന്തമയിയുടേത്. അമ്മയുടെ കരലാളനം കൊതിച്ചു കാലദേശഭേദമന്യേ  ജനലക്ഷങ്ങള്‍ പ്രവഹിച്ചുകൊണ്ടേ ഇരിക്കുന്നു. യൌവനകാലം മുതല്‍ കെട്ടിപിടിച്ചും ഉമ്മവച്ചും നല്‍കിയിരുന്ന സ്വര്‍ഗീയസുഖവും ദിവ്യാനുഭൂതിയും ഈ പ്രായത്തിലും ഭക്തര്‍ക്ക് നല്കാനാകുന്നു എന്നത് മാത്രമല്ല സുധാമണിയുടെ വിജയ രഹസ്യം. സുനാമി ദുരിതാശ്വാസം അടക്കം കോടികളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത്‌നടത്തി കൈയ്യടി നേടിയാണ്‌ ആ സ്ത്രീയുടെ പ്രസ്ഥാനം ഇന്ന് കാണുന്ന ഉയരങ്ങളില്‍ എത്തിയത്.

                            മരണം പോലും നാടകമാക്കിയ സായി ബാബയുടെ കഥയും വ്യത്യസ്തമല്ല.  അന്തരീക്ഷത്തില്‍ നിന്നും ആമാശയത്തില്‍ നിന്നും സ്വര്‍ണമാലയും  സ്വര്‍ണഗോളവും പുറത്തെടുത്തു  ജനലക്ഷങ്ങളെ പറ്റിച്ചാണ് ബാബ എത്രയും ഉയരത്തില്‍ എത്തിയത്.  ഒന്നൊഴിയാതെ എല്ലാം കള്ളത്തരവും മാജിക്‌ ട്രിക്ക്സും ആണെന്നത് പല തവണ തെളിയിക്കപ്പെട്ടതുമാണ്. എന്നിട്ടും ജനലക്ഷങ്ങള്‍ ബാബയുടെ മാസ്മരിക വലയത്തില്‍ അകപ്പെട്ടു കൊണ്ടേ ഇരുന്നു.   കോടിക്കണക്കിനു രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ബാബ ട്രസ്റ്റ്‌ നടത്തുന്നതായി അറിയുന്നു. സന്തോഷം. ആളുകളെ പറ്റിച്ചു പെട്ടെന്നൊരു ആയിരം കോടി എന്റെ കൈയ്യില്‍ കിട്ടിയാലും അതില്‍ ഒരു നൂറു നൂറ്റമ്പതു കോടിക്കെങ്കിലും ജീവകാരുണ്യമോ   മരണകാരുണ്യമോ നടത്തുന്നതില്‍ എനിക്കും സന്തോഷമേ ഉള്ളു.  

                                   ഈ ശാന്തിക്കും സമാധാനത്തിനും ഒക്കെ ഇത്രയധികം ചിലവുണ്ട് എന്ന് നമ്മളെ പഠിപ്പിച്ച ഒരു മഹാനാണ് ശ്രീ*2 രവിശങ്കര്‍. അദ്ധേഹത്തിന്റെ ആര്‍ട്ട്‌ ഓഫ് ലിവിംഗ്,(അദ്ദേഹം ജീവിക്കാന്‍ വേണ്ടി നടത്തുന്ന കല) യോഗാ കോഴ്സ്നു വന്‍ തുക നല്‍കി ചേര്‍ന്നാല്‍ ശാന്തിയും സമാധാനവും ബസ്‌ പിടിച്ചു വരുമത്രേ!!! കൈയ്യിലുള്ള പണവും കൊടുത്തിട്ട്  ശുഭ്രവസ്ത്രം ധരിച്ചു അല്പം സ്ത്രൈണഭാവത്തില്‍ കൊഞ്ചി കൊഞ്ചിയുള്ള അങ്ങേരുടെ വര്‍ത്തമാനം കേള്‍ക്കേണ്ടി വരുന്നവന്റെ യോഗം എന്നല്ലാതെ എന്ത് പറയാന്‍?

                                   ഇതെല്ലാം വന്‍കിട സെറ്റപ്പുകള്‍ ആണെങ്കില്‍ വേറെയും ഉണ്ട് ഒരു കൂട്ടര്‍. ചുട്ട കോഴിയെ പറപ്പിക്കുകയും (ചുടാത്ത കോഴിയെ പറപ്പിക്കാന്‍ ഞാനായാലും മതി), ചൂട് വെള്ളത്തിലൂടെ നടക്കുകയും, അതി രാവിലെ തുണിയില്ലാതെ ദര്‍ശനം കൊടുക്കുകയും, പോലീസുകാരെ തോക്ക് ചൂണ്ടി പീഡിപ്പിക്കുകയും(പേടിപ്പിക്കലിനോന്നും ഇപ്പൊ ഡിമാന്റില്ല), സില്‍മ നടിക്ക് പൂജിക്കാന്‍ സ്വന്തം ലിംഗം വരെ കൊടുക്കുകയും, നഗ്ന പൂജ നടത്തിയാതിന്റെ വീഡിയോ വേണ്ടാതീനം കാണിക്കാന്‍ വേണ്ടി സൂക്ഷിക്കുകയും (ഇപ്പൊ ജയിലില്‍ എങ്ങനെ സാധിക്കുന്നോ ആവോ !!!) ചെയ്യുന്ന പ്രാദേശിക ആള്‍ ദൈവങ്ങള്‍.

                           പച്ചവെള്ളത്തില്‍ തുപ്പിയും തൂറിയും രോഗമകറ്റുന്ന, അര അണയുടെ ചരട് ആസനത്തിനു മുകളില്‍ കെട്ടി പേടിയകറ്റുന്ന,  കോഴിമുട്ടയില്‍ ഡയലോഗ് എഴുതി ആരാന്റെ പറമ്പില്‍ കുഴിച്ചിട്ട് അവനിട്ട് പണി കൊടുക്കുന്ന, തങ്ങള്‍മാരും സിദ്ധന്മാരും സൂഫിമാരും പരിഷ്കൃത ലോകത്തെ നോക്കി കൊഞ്ഞനം കാട്ടുന്നു.  

                         സുധാമണിയും സത്യനാരായണ രാജുവും രവിശങ്കറും എല്ലാം ഓരോ ഐക്കണ്‍ പ്ലയെര്‍മാര്‍ മാത്രമാണ്. ഇവരെ ഓരോരുത്തരെയും നിയന്ത്രിക്കുന്നത്, അല്ലെങ്കില്‍ ഇവരെ  മുന്‍നിര്‍ത്തി ലാഭം കൊയ്യുന്നതും വന്‍കിട കോര്‍പറേറ്റ്കളും മാഫിയാ സംഘങ്ങളുമാണ്.  സ്വാമി ശാശ്വതീകാനന്ത അടക്കം ധ്യാനകേന്ദ്രങ്ങളിലും ആശ്രമങ്ങളിലും നടക്കുന്ന അസ്വാഭാവിക മരണങ്ങളുടെ എണ്ണം മാത്രം കണക്കിലെടുത്താല്‍ കാര്യങ്ങള്‍ വ്യക്തമാകും. കള്ളക്കടത്തിനും  കൂട്ടിക്കൊടുപ്പിനും അധ്യാത്മകതയെക്കാള്‍ നല്ല മറവ് വേറെ കിട്ടാനില്ല.  
കോര്‍പൊറേറ്റ് സംഘങ്ങളുടെ കളികളും കാണാതിരുന്നു കൂടാ. ആള്‍ ദൈവങ്ങളുടെ പേരില്‍ ഉള്ള ട്രസ്റ്റുകളില്‍ മറിയുന്നത് കോടികളുടെ കള്ളപ്പണമാണ്. ഉള്ള വെള്ളപ്പണത്തിനാകട്ടെ ടാക്സ് അടക്കുകയും വേണ്ട. ചാരിറ്റിയുടെ പേരില്‍ സര്‍ക്കാര്‍ മിക്ക ആള്‍ദൈവങ്ങളെയും നികുതിയില്‍ നിന്നും ഒഴിവാക്കിയിടുണ്ട്. (അല്ലെങ്കില്‍ തന്നെ ദൈവത്തിനു എന്ത് നികുതി!!!)   
            
                     ഓരോ ആള്‍ ദൈവത്തിനും ഭക്തന്മാര്‍, ശിഷ്യന്മാര്‍ എന്നൊക്കെ പറഞ്ഞു കുറെ കോടീശ്വരന്മാരും വന്‍കിട രാഷ്ട്രീയക്കാരും ബ്യുറോക്രാറ്റുകളും സിനിമാ താരങ്ങളും കൂട്ടിനുണ്ടാകും. ദൈവത്തിന്റെ കൈ മുത്താനും കാല്‍ കഴുകാനും ഒക്കെ മുന്നില്‍ നില്‍ക്കുന്നത് ഇവരാകും. കള്ളപ്പണത്തിന്റെ മുഖ്യ ഉപഭോക്താക്കള്‍ ഇവര്‍ തന്നെ. ഇന്ത്യക്കാരുടെ കോടികളുടെ കള്ളപ്പണം സ്വിസ്സ് ബാങ്കില്‍ നിന്നും മന്‍മോഹന്‍ജി തിരിച്ച് കൊണ്ട് വരുമ്പോള്‍(!!!) അതില്‍ നല്ലൊരു പങ്ക് ഈ ഭക്തി വ്യവസായത്തിന്റെയാകും എന്നുറപ്പ്...

ലാസ്റ്റ് എഡിഷന്‍: ആത്മീയതക്ക് ഒരു വകുപ്പ് ഉണ്ടാക്കുകയും അതിനൊരു മന്ത്രിയെ നിയമിക്കുകയും കൂടി ചെയ്‌താല്‍ സര്‍ക്കാരിന് കൂടി ഈ തട്ടിപ്പ് വ്യവസായത്തില്‍ പങ്കു ചേരാം..
ദൈവങ്ങള്‍ ജെപിസി യുടെ പരിധിയിലും വരാന്‍ വഴിയില്ലല്ലോ !!!!

Sunday, June 5, 2011

ബാബാ രാംദേവ്: അങ്ങനെ പവനായി ശവമായി

                       എന്തൊക്കെ ബഹളമായിരുന്നു? എയര്‍ കണ്ടിഷന്‍ സ്റ്റേജ്, ആയിരം കക്കൂസ്, അറുപതു ഡോക്ടര്‍മാര്‍, സ്വന്തം വിമാനം, സ്വന്തം ദ്വീപ്‌, പതിനൊന്നു ലക്ഷത്തിന്റെ പ്രീപൈഡ് യോഗ, അങ്ങനെ പവനായി ശവമായി ! ! ! ! !
ഇന്നാട്ടിലെ കള്ളപ്പണക്കാരെയും അഴിമതിക്കാരെയും തൂക്കിക്കൊല്ലാന്‍ കള്ളപ്പണത്തിന്റെയും അഴിമതിയുടെയും ഹോള്‍ സെയില്‍ ഡീലര്‍മാരായ UPA യുടെ മുന്നില്‍ എസിയില്‍ നിരാഹാരം കിടന്ന ബാബാ രാംദേവിന്റെ  കച്ചോടം പൂട്ടി.   


                    ഒരു രാജ്യത്തെ ജനാതിപത്യ സംവിധാനത്തെ ( അതെത്ര ദുഷിച്ച് ചീഞ്ഞളിഞ്ഞു പണ്ടാരമടങ്ങിയതോ  ആകട്ടെ) വെറും പ്രശസ്തിക്കോ രാഷ്ട്രീയ സാമ്പത്തിക നേട്ടങ്ങള്‍ക്കോ വേണ്ടി ഒരു വ്യക്തി, അതും സ്വയം ഒരു കള്ളനാണയം ആണെന്ന് തെളിയിക്കപ്പെട്ട ഒരു വ്യക്തി, ഉമ്മാക്കി കാണിച്ചു വെല്ലുവിളിക്കുകയും  അത് കേട്ട പാതി കേള്‍ക്കാത്ത പാതി "ഭരണകൂടം നിയന്ത്രിക്കുന്ന ചില രാഷ്ട്രീയ എമ്പോക്കികള്‍ മേല്‍മുണ്ടഴിച്ചു തോളത്തിട്ടു ഓച്ചാനിച്ച്‌ നില്‍ക്കുകയും ചെയ്ത കാഴചകള്‍ ആണ് നാം കണ്ടത്.  ഒരു നാലാം കിട ആള്‍ ദൈവം(!!) മുണ്ട് പൊക്കികാണിച്ചാല്‍ അടിയറവ് പറയുന്നതാണോ ഇന്നാട്ടിലെ ജനാധിപത്യം?  നാട്ടിലെ കള്ളപ്പണത്തിനെതിരെ സമരം ചെയ്യാന്‍ സ്വന്തം വിമാനത്തില്‍ ഇറങ്ങി ശീതീകരിച്ച സത്യാഗ്രഹ വേദിയിലെക്ക്  അവതരിക്കാന്‍ വന്നവന്റെ കാലു നക്കി കെഞ്ചാനും ദയവിനായി യാചിക്കാനും പോയത് കേന്ദ്ര മന്ത്രിമാര്‍ നാല് !!!! 
                 
                       ഒടുവില്‍ വളരെ വൈകി നാട്ടപാതിരാക്ക് ഉദിച്ച വിവേകം അയാളെ അറസ്റ്റ് ചെയ്ത് പുലിവാല് പിടിക്കുന്നതിലും എത്തി. അത് കൊണ്ടിപ്പോ എന്തായി? ഇപ്പോള്‍ കള്ളപ്പണവും അഴിമതിയും ഒന്നുമല്ല, അറസ്റ്റുമായി ബന്ധപ്പെട്ട ജനാധിപത്യ ധ്വംസനവും  മതബോധ അവഹെളനവുമാണ്  ചര്‍ച്ച ചെയ്യപ്പെടുന്നത്.   വ്യക്തമായ രാഷ്ട്രീയ കുതന്ത്രങ്ങളും ഗൂഡാലോച്ചനകളും ഈ നിരാഹാര സമരത്തിന്‌ പുറകിലുണ്ട് എന്നത്  ഇതില്‍ നിന്നൊക്കെ  തന്നെ പകല്‍ പോലെ വ്യക്തമാണ്. 

                       ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റത്തിനു തടയിടാന്‍ അഴിമതി വിരുദ്ധ സമരം തന്നെയാണ് പോംവഴി എന്ന് RSS നു വ്യക്തമാണ്. സ്വയം കളങ്കിതരായ ബിജെപ്പിയുടെ അഴിമതി വിരുദ്ധ സമരത്തിന്റെ കാപട്യം ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നും ജന പിന്തുണ അതിനു ലഭിക്കില്ല എന്നുമുള്ള RSS തിരിച്ചറിവിന്റെ ഉല്‍പ്പന്നമാണ്‌ ബാബാ  രാംദേവ്. അണ്ണാ ഹസാരെക്ക് ലഭിച്ച പിന്തുണ തന്നെയാണ് ഇത്തരമൊരു ഒറ്റമൂലിയിലേക്ക് RSS നെ നയിച്ചത്. എന്നാല്‍ പ്രതീക്ഷിച്ച ജനപിന്തുണ ലഭിച്ചില്ലെന്ന് മാത്രമല്ല, ഇതിനു പിന്നിലെ കാപട്യം ജനം തിരിച്ചറിയുക കൂടി ചെയ്തതോടെ ആത്മീയ ഗുരുജി ഗോള്‍വള്‍ക്കരിന്റെ ചരമ ദിനത്തില്‍ തന്നെ അയാളെ അവര്‍ കുരുതി കൊടുത്തു. എന്നാല്‍ ഈ തോല്‍വി പെട്ടെന്നങ്ങ് അംഗീകരിക്കാന്‍ ബി ജെ പി സമ്മതിക്കാനിടയില്ല. ബാബയോട് കാണിച്ചത് ഹിന്ദുത്വതോടുള്ള അവഹേളനം ആണെന്നൊക്കെ പറഞ്ഞു ബി ജെ പി രംഗതെത്തിയിടുന്ദ്. ഇതിന്റെ പേരില്‍ ഇനി എന്തൊക്കെ രാഷ്ട്രീയ മുതലെടുപ്പുകലാണ് അവര്‍ നടത്തുക എന്നത് കണ്ടു തന്നെ അറിയാം. എന്തായാലും കുറെ കാലമായി  വികസനം വികസനം എന്ന് മാത്രം പറഞ്ഞു കേട്ടിരുന്ന ബിജെപ്പികാരുടെ വായില്‍ നിന്നും ദേശീയത, ഹിന്ദുത്വം എന്നൊക്കെ വീണ്ടും കേട്ട് തുടങ്ങിയപ്പോള്‍ ഒരു നൊസ്റ്റാള്‍ജിക്ക് ഫീലിംഗ് വരുന്നുണ്ട്.. വികസനത്തിന്റെ ആട്ടിന്‍ തോലിട്ട വര്‍ഗീയതയുടെ ചെന്നായ് മുഖം അറിയാതെ പുറത്തു വന്നു...

                        ഇത്തരം വസ്തുതകള്‍ ഒക്കെ അറിയാമായിരുന്നുട്ടും കുറ്റകരമായ അനാസ്ഥയാണ് ഇക്കാര്യത്തില്‍ UPA നേതൃത്വം കാണിച്ചത്.  ഇത്തരം അരാഷ്ട്രീയ പേക്കൂത്തുകല്‍ക്കെതിരെ   ധീരമായ നിലപാട് എടുകേണ്ടത്തിനു പകരം "അച്ഛന്‍ പത്തായതിലുമില്ല" എന്ന് പറഞ്ഞു കരഞ്ഞു കൊണ്ട്  ഒരു അണ്ണാ ഹസാരെക്ക് കീഴടങ്ങിയ പോലെ വീണ്ടും ഒരു കീഴടങ്ങലിന് അവര്‍ തയ്യാറാകുന്ന അറ്റം വരെ എത്തി. ആള് പെഴയാണ് എങ്കിലും ബാബ ഉയര്‍ത്തുന്ന ഓരോ ആരോപണവും തങ്ങളുടെ നെഞ്ചിലേക്കാണ് എന്നുള്ള തിരിച്ചറിവാണ് ഇക്കാര്യത്തില്‍ പ്രതിരോധാത്മകമായ നിലപാട് എടുക്കാന്‍ കോണ്‍ഗ്രസിനെ നിര്‍ബന്ധിതരാക്കിയത്. കോടികളുടെ കള്ളപ്പണം കോടികളുടെ കള്ളപ്പണം എന്ന് പറഞ്ഞു കേള്‍ക്കുമ്പോളൊക്കെ ഓരോ കോണ്‍ഗ്രസ്‌ നേതാവും സ്വന്തം പോക്കെറ്റാണ് ആദ്യം തപ്പി നോക്കിയത്. "മടിയില്‍ കിഴിയുള്ളവന് വഴിയില്‍ ഭയമുണ്ടാകുക" സ്വാഭാവികം!! 


                           ഇതിനിടയില്‍ ആരും ശ്രദ്ധിക്കാത്ത മറ്റൊരു കൂട്ടരുണ്ട്. ജനാധിപത്യത്തിന്റെ നാലാം തൂണോ എന്നോ മറ്റോ പറയുന്ന മാധ്യമപ്രവര്‍ത്തകര്‍. ഈ പറയുന്ന അഴിമതിക്കും കള്ളപ്പണത്തിനും എതിരെ ഇന്നാട്ടിലെ ജനാധിപത്യപാര്‍ട്ടികള്‍ നടത്തുന്ന സമരങ്ങള്‍ക്ക് നേരെ കണ്ണടക്കുകയും ഇതുപോലത്തെ വാല്‍ നക്ഷത്രങ്ങളെ പെരുപ്പിച്ചു കാട്ടി മഹത്വവല്ക്കാരിക്കികയും ചെയ്ത മാധ്യമങ്ങള്‍ തന്നെയാണ് ഈ സമരത്തെയും വെള്ളമൊഴിച്ച് വളര്‍ത്തിയത്‌. അണ്ണാ ഹസാരെ സമരത്തില്‍ നിന്നും വ്യത്യസ്തമായി ചില മാധ്യമങ്ങള്‍ ഒരുപരിധി വരെ എങ്കിലും ഈ സമരത്തിന്‌ പിന്നിലെ വസ്തുതകള്‍ക്ക് പുറകെ പോയെങ്കിലും ഓ ബി വാനുകളുമായി രാംലീലയിലെ ആട്ടം കാണാന്‍ അവരും മത്സരിച്ചു.  
                             പിന്നെ താടി വച്ചവനെയും കാഷായമിട്ടവനെയും മത്സരിച്ചു ദൈവമാക്കുന്ന നമ്മള്‍ പൊതു ജനവും ചാനലു മാറ്റിയും ഫേസ് ബുക്കില്‍ ലൈക്ക് അടിച്ചും കമന്റ്‌ ഇട്ടും നമ്മുടെ പങ്ക് ഭംഗിയാക്കി. അങ്ങനെ മറ്റെതിനെയും പോലെ രാംലീല മഹാമഹം നമ്മളും ആഘോഷിച്ചു. 


 ലാസ്റ്റ് എഡിഷന്‍:  എല്ലാം കഴിഞ്ഞു. കോടികളുടെ സമരപന്തലും ആയിരം കക്കൂസുകളും വിജനമായി. പോലീസ് പിടിക്കാന്‍ വന്നപ്പോ സ്റ്റേജില്‍ നിന്നും യോഗ അഭ്യാസം പോലെ താഴേക്ക് ചാടിയത് ഓര്‍മയുണ്ട്. പിന്നെ ബാബ എവിടെ പോയോ ആവോ? എന്തായാലും ചങ്കരന്‍ ഇപ്പോളും തെങ്ങിന്‍മേല്‍ തന്നെ, കള്ളപ്പണം ഇപ്പോഴും സ്വിസ്സ് ബാങ്കില്‍ തന്നെ.. 
Related Posts Plugin for WordPress, Blogger...