Saturday, December 17, 2011

കോളേജ് മാഗസിനിലെ അയിലയും നഗ്നതയും ആവിഷ്കാര സ്വാതന്ത്ര്യവും. . .

                     ആവിഷ്കാരസ്വാതന്ത്ര്യം എന്നത് വല്ലാത്തൊരു സംഭവമാണ്, മനുഷ്യാവകാശവും ജനാധിപത്യവും പോലെ തന്നെ ഇതും ലംഘിക്കപ്പെടുമ്പോള്‍ അല്ലെങ്കില്‍ നിഷേധിക്കപ്പെടുമ്പോള്‍ ആണ് വാര്‍ത്തയാകുന്നത്. ഇവിടെയും സംഭവിച്ചിരിക്കുന്നത് അതാണ്‌. മുല്ലപ്പെരിയാറിനെ ആഘോഷമാക്കുന്ന പത്രത്താളുകളില്‍ ഈ വാര്‍ത്തകള്‍ ഏതോ മൂലയില്‍ ഒതുക്കപ്പെട്ടു.


                     നാട്ടികയിലെ വലപ്പാട്  ശ്രീരാമ പോളി ടെക്ക്‌നിക്കില്‍  കോളേജ് മാഗസിനില്‍ തൊടുപുഴയിലെ അധ്യാപകന്റെ  കൈവെട്ടു സംഭവത്തെ പറ്റി  ലേഖനം എഴുതിയ മാഗസിന്‍ എഡിറ്ററെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ മര്‍ദിച്ചത് ഈ ഡിസംബര്‍ 13 നു ആണ്. തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടി താലിബാനിസം നടപ്പിലാക്കിയ തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ ചെയ്തിയെ വിമര്‍ശിച്ചു "അക്രമത്തില്‍ കുരുത്തതുണ്ടോ  ജനാതിപത്യത്തില്‍ വാടുന്നു?" എന്ന പേരില്‍ തന്റെ കോളേജ് മാഗസിനില്‍ ലേഖനം എഴുതിയതിനാണ് സാദിക്ക്‌ സാലിഹ് എന്ന വിദ്യാര്‍ഥിയെ പോപ്പുലര്‍ ഫ്രണ്ട് സംഘം ആക്രമിച്ചത്.. തൊട്ടടുത്ത ദിവസം തന്നെ ഇതിന്റെ പേരില്‍  2 വ്യത്യസ്ത ആക്രമണങ്ങളിലായി മൂന്നു വിദ്യാര്‍ഥികള്‍ കൂടി ആക്രമിക്കപ്പെട്ടു. 
   
            "ഇന്ത്യന്‍ ഭരണഘടനയിലോ ജനാതിപത്യതിലോ വിശ്വാസമര്‍പ്പിക്കാത്ത ഭീകരവാദികള്‍ അവരുടെ കാട്ടുനീതി നടപ്പാക്കി. ഒരു പച്ച മനുഷ്യന്റെ കൈപ്പത്തി വെട്ടിമാറ്റാന്‍ അവര്‍ക്ക് നിഷ്കരുണം കഴിഞ്ഞു. മത നിരപേക്ഷതയിലൂന്നിയുള്ള ജനാധിപത്യ വ്യവസ്ഥയെ തകര്‍ക്കാനുള്ള ഏതൊരു പരിശ്രമത്തെയും നാം എതിര്‍ത്ത് പരാചയപ്പെടുത്തണം"     

    ഇതായിരുന്നു സാദിക്കിന്റെ വരികള്‍. ഇതിന്റെ പേരിലായിരുന്നു തൊടുപുഴ സംഭവം ആവര്‍ത്തിക്കനെന്നവണ്ണം വടിവാളും കോടാലിയുമായി പോപ്പുലര്‍ ഫ്രെണ്ടുകാര്‍ "ജിഹാദി"നിറങ്ങിയത്. രണ്ടു ദിവസങ്ങളിലായി പല സമയത്തായി മൂന്നു ആക്രമങ്ങളും നടത്തിയത് ഒരേ സംഘം തീവ്രവാദികള്‍ ആണെന്നതാണ് രസകരം. ആദ്യ ദിവസം ആക്രമിക്കപ്പെട്ട വിദ്യാര്‍ഥി ഇവരുടെ പേര് അടക്കം പറഞ്ഞിരുന്നു എങ്കിലും അവരെ പിടികൂടാതിരുന്ന പോലീസ്  പിറ്റേന്ന് രണ്ടു തവണ ഇതേ രീതിയില്‍ ആക്രമം നടത്താനുള്ള അവസരം ഒരുക്കിക്കൊടുക്കുകയാണ് ചെയ്തത്.

                 കോഴിക്കോട് ഗവര്‍മെന്റ് ആര്‍ട്സ് കോളേജില്‍ മാഗസിന് നേരെ രംഗത്തെത്തിയത് ABVP യാണ്. M.F ഹുസൈന്റെ പ്രശസ്തമായ ചിത്രം ഉള്‍പ്പെടുതിയത്തിനാണ് RSS, സംഘാദികളുടെ കുട്ടിസംഘം പോരിനിറങ്ങിയത്. പുറത്തിറങ്ങിയ മാഗസിനുകള്‍ അഗ്നിക്കിരയാക്കിയാണ് ABVP പ്രതിഷേധം തുടങ്ങിയത്. എന്നാല്‍ വിദ്യാര്‍ഥികളോന്നടങ്കം ഇതിനെതിരെ രംഗത്തെത്തുകയും പത്തു വോട്ടിനു വേണ്ടി നടത്തുന്ന കള്ളനാടകം തിരിച്ചറിയുകയും ചെയ്തതോടെ ആപ്പിലായത് ഹൈന്ദവസംരക്ഷകര്‍ തന്നെയാണ്..
            
                  ഇന്ത്യയുടെ ഭൂപടത്തെ നഗ്നയായ സ്ത്രീരൂപമാക്കി ചിത്രീകരിച്ച M F ഹുസൈന്റെ പെയിന്റിംഗ് പണ്ട് മുതലേ വിവാദമായതാണ്. ഭാരതാംബയെ(?) അപമാനിച്ചെന്നും പറഞ്ഞ് RSS ഉം സംഘപരിവാറും കൂടി ചില്ലറ പുകിലോന്നുമല്ല അതിന്റെ പേരില്‍ ഉണ്ടാക്കിയത്. ഹുസൈന്റെ വീടും  പ്രദര്‍ശനശാലകളും അദ്ദേഹം പോലും പല തവണ ആക്രമിക്കപ്പെടുകയും അദ്ധേഹത്തിന്റെ ജീവന്‍ പോലും അപകടത്തിലാകുന്ന സ്ഥിതിയും ഉണ്ടായി.
               
             ഒടുക്കം ഈ വര്‍ഗീയ ഭ്രാന്തന്മാര്‍ കാരണം രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയ അദ്ധേഹത്തെ പോലൊരു അനുഗ്രഹീത കലാകാരന്‍ ഈ മതേതര രാജ്യത്തെ പൌരത്വം പോലുമുപേക്ഷിച്ച് അറബ് രാജ്യത്ത് ഒരു അഭയാര്‍ഥിയായി കഴിയേണ്ടി വന്നു എന്നത് കടുത്ത നീതികേടായി. ഏതാനും മാസങ്ങള്‍ മുന്‍പ് ഈ ലോകത്തോട് വിട പറയുമ്പോളും ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു വാക്ക് പറഞ്ഞാല്‍ ഇന്ത്യയിലേക്ക് തിരിച്ചെത്താന്‍ ഞാന്‍ തയ്യാറാണെന്ന് അദ്ദേഹം നമ്മോട് കെഞ്ചിയിരുന്നു എന്നോര്‍ക്കണം.
       
                RSS നെ പ്രകോപിപ്പിച്ച ആ ചിത്രം ഇന്ന് ലോകപ്രശസ്തമാണ്. എത്രയോ സ്ഥലത്ത് പ്രദര്‍ശിപ്പിക്കപ്പെടുകയും അച്ചടിക്കപ്പെടുകയും ചെയ്തു കാണും. ഇന്റര്‍നെറ്റില്‍ അടക്കം കോടിക്കണക്കിനു പേര്‍ ആ ചിത്രം കണ്ടതാണ്. ആയിരമോ രണ്ടായിരമോ കോളേജ് വിദ്യാര്‍ഥികള്‍ കൂടി അത് കണ്ടാല്‍ എന്താണ് ഉണ്ടാകാന്‍ പോകുന്നത് എന്ന് ചോദിച്ചാല്‍ അറിയില്ല,,

                         കൈവെട്ടു കഥയിലെയും യാഥാര്‍ത്ഥ്യം മറിച്ചല്ല. അയില മുറിച്ചാല്‍ എത്ര കഷ്നമാണ് എന്ന്  ചോദിച്ചതിന് പടച്ചോനോട് പച്ചത്തെറി കേട്ട മുഹമ്മദിന്റെ കഥ ചോദ്യപേപ്പറില്‍ ഇട്ടതിനാണ് കോതമംഗലത്തെ അദ്യാപകന്റെ
കൈ വെട്ടാന്‍ NDF ഇറങ്ങിയത്‌. പോപ്പുലര്‍ ഫ്രണ്ടിന്റെ ചെയ്തികള്‍  സംസ്ഥാനമൊട്ടാകെ  ഒരുപാട് തവണ ചര്‍ച്ച ചെയ്യപ്പെടുകയും ഇതിനെ അപലപിച്ചുകൊണ്ട് നിലപാടെടുക്കുകയും ചെയ്തതാണ്. സംസ്ഥാനത്തെ സകലമാന പത്രങ്ങളും പ്രാസംഗികരും ആനുകാലികങ്ങളും ഈ വിഷയം എഴുതുകയും പറയുകയും ചെയ്തിട്ടുള്ളതാണ്‌. അവരോടൊന്നും തോന്നാത്ത അസഹിഷ്ണുത ഈ തീവ്രവാദികള്‍ക്ക് ഒരു കോളേജ് മാഗസിനോട് തോന്നിച്ചത് എന്തുകൊണ്ടാകാം എന്നതും അറിയില്ല.

                          അയിലയുടെ പേരില്‍ മുഹമ്മദ്‌ ദൈവത്തോട് തെറി കേട്ടതും ഭാരതംബക്ക് MF.ഹുസൈന്‍  മുല വരച്ചതും ക്യാമ്പസ്‌ എങ്ങനെ നോക്കിക്കാണുന്നു എന്നതല്ല ഇതില്‍ നിന്നും വിലയിരുത്തേണ്ടത്. സര്‍ഗാത്മക, പുരോഗമന ചര്‍ച്ചകള്‍ അന്യമായി കഴിഞ്ഞ കാമ്പസുകളില്‍ അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും എങ്ങനെയാണ് ബലാല്‍കാരം ചെയ്യപ്പെടുന്നതാണ് എന്നതാണ്. ഒരു ചെറു വിമര്‍ശനം പോലും ഉള്‍ക്കൊള്ളാനാകാത്ത ഇക്കൂട്ടര്‍ മതത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന തോന്നിവാസങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണായി  നമ്മുടെ കാമ്പസുകളെ മാറ്റിയെടുക്കുന്നു എന്നതാണ് നാം തിരിച്ചറിയേണ്ടത്... 


ലാസ്റ്റ് എഡിഷന്‍:  നായ് കാഷ്ടത്തിന്റെ രണ്ടു കഷണം തന്നിട്ട് "ഇതില്‍ ഇടത്തേ കഷ്നമാണോ വലത്തേ കഷ്നമാണോ  നല്ലത്?" എന്ന് ചോദിക്കും പോലാണ് RSS ന്റെയും NDF ന്റെയും കാര്യം. രണ്ടും ഒന്നിനൊന്നു മെച്ചം.  കഷ്ടകാലം എന്ന് പറയട്ടെ, ഈ പറഞ്ഞ ആവിഷ്കാര സ്വാതന്ത്ര്യം മിക്കപ്പോളും ഇക്കൂട്ടരുടെ നെഞ്ചത്തോട്ടാണ് പ്രയോഗിക്കപ്പെടാറ്. ഇതൊരു  സ്വാഭാവികതയല്ല മറിച്ച് തങ്ങളുടെ തീവ്രവാദം പരത്താനുള്ള ഉത്തമ ഉപായമായി അവര്‍ ഇതിനെ ഉപയോഗപ്പെടുത്തുന്നു എന്നതാണ് നാം ജാഗ്രത പുലര്‍ത്തേണ്ട വസ്തുത !! 
Related Posts Plugin for WordPress, Blogger...