Monday, September 19, 2011

കരുതിയിരുന്നോളൂ, സമരങ്ങള്‍ കലാപങ്ങളാകുന്ന കാലത്തിനെ !!!!


നിങ്ങള്‍ പറയുന്നു ഞങ്ങള്‍ അക്രമകാരികള്‍ ആണെന്ന്..

എന്തിനെ ആണ് നിങ്ങള്‍ അക്രമം എന്ന് വിളിക്കുന്നത്? 

അനീതിക്കെതിരെ പ്രതിഷേധിക്കുന്നതിനെയാണോ അക്രമം എന്ന് പറയുന്നത്?

അതോ നീതിക്ക് വേണ്ടി ശബ്ധമുയത്തുന്നതിനെയോ?

അങ്ങനെയെങ്കില്‍ ഞങ്ങള്‍ അക്രമകാരികള്‍ തന്നെയാണ്.. ഈ അക്രമം തുടരുകയും ചെയ്യും...
 
അപ്പോള്‍ നിങ്ങള്‍ ആരാണ്?

നിങ്ങള്‍ ചെയ്യുന്ന എന്തിനെയാണ് സമാധാന പ്രവര്‍ത്തനം എന്ന് പറയുന്നത്????


പതിനഞ്ചു മാസത്തിനിടെ 25 രൂപ പെട്രോളിന് വില വര്‍ധിപ്പിക്കുന്നതാണോ സമാധാനപ്രവര്‍ത്തനം? 

അതോ വില നിയന്ത്രണം അപ്പാടെ പെട്രോളിയം കുത്തകകള്‍ക്ക് തീറെഴുതികൊടുക്കുന്നതോ?

സ്പെക്ട്രവും കോമണ്‍വേല്തുമൊക്കെയായി 6 ലക്ഷം കോടിയുടെ അഴിമതി നടത്തിയതോ? 

രാജ്യത്തെ വ്യാപാര രംഗം വിദേശ കുത്തകള്‍ക്ക് മലര്‍ക്കെ തുറന്നിട്ട്‌ കൊടുക്കുന്നതോ?

രാജ്യ സുരക്ഷയെ തന്നെ അപകടത്തിലാക്കും വിധം കരാറുകള്‍ ഒപ്പിടുന്നതോ?

രാജ്യത്തെ പൊള്ളുന്ന വിലക്കയറ്റത്തിലേക്ക് തള്ളിവിടുന്നത് സമാധാന പ്രവര്‍ത്തനമാണോ?

മുക്കിലും മൂലയിലും വര്‍ഗീയ കക്ഷികളും മതമൌലീക വാദികളുമായി കൈ കോര്‍ക്കുന്നതോ?

പാര്‍ലമെന്റ് മുതല്‍ പൊതു നിരത്തുകള്‍ വരെ കുരുതിക്കളമാക്കാന്‍ ഭീകരവാദികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതോ?

അതോ ഓരോ മുപ്പതു മിനുട്ടിലും ഓരോ കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്ന, എഴുപതു ശതമാനം ആളുകളും ഇരുപതു രൂപയില്‍ താഴെ മാത്രം ദിവസ വരുമാനമുള്ള ഒരു രാജ്യത്ത് ഒറ്റ സാമ്പത്തിക വര്‍ഷത്തില്‍ വന്‍ കിട കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് നാല് ലക്ഷം കോടി രൂപ നികുതിയിളവ് കൊടുക്കുന്നതോ? 

അതോ ഇതിനെല്ലാമെതിരെ തെരുവിലിറങ്ങി  മുഷ്ടി ചുരുട്ടി ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുന്ന യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും തല തല്ലിപ്പൊട്ടിക്കുന്നതോ ?

ഇതൊക്കെ സമാധാനപ്രവര്‍ത്തനങ്ങള്‍ ആണെന്നാണോ നിങ്ങള്‍ പറയുന്നത്?
ഞങ്ങള്‍ പറയുന്നു ഇതൊക്കെയാണ് ഏറ്റവും വലിയ അക്രമ പ്രവര്‍ത്തനങ്ങള്‍. . .

നിങ്ങളാണ് ഈ രാജ്യത്തെ ഏറ്റവും വലിയ അക്രമകാരികള്‍ !!!!

അത് തിരിച്ചറിയുന്ന ഒരു തലമുറ ഇവിടെ വളര്‍ന്നു വരുന്നുണ്ട്. . .

നിങ്ങള്‍ അവരുടെ പോരാട്ടങ്ങളെ ചോരയില്‍ മുക്കിക്കോളൂ, അവരെ തുറുങ്കിലടച്ചോളൂ , അവര്‍ തളരുകില്ല.

കാരണം അവര്‍ വലിയ സ്വപ്നങ്ങള്‍ കാണുന്നവരാണ്. . .
വലിയ ലക്ഷ്യങ്ങള്‍ ഉള്ളവരാണ് . . . 
നിങ്ങള്‍ക്കെതിരെ അവര്‍  പ്രതികരിക്കും, കൂടുതല്‍ കരുത്തോടെ, കൂടുതല്‍ ശക്തമായി..

അതിനെ തടയിടാന്‍ നിങ്ങള്‍ക്കാവില്ല. ..
കാരണം  ചോരയൊഴുകുന്ന പോരാട്ട വീഥികളില്‍ അവര്‍ ഒറ്റക്കാവില്ല..

നീതിക്ക് വേണ്ടി, നില നില്‍പ്പിനു വേണ്ടി, തലമുറകള്‍ക്ക് വേണ്ടിയുള്ള ചരിത്രപോരാട്ടത്തില്‍ നിങ്ങളുടെ നിഴലുകള്‍ പോലും അവര്‍ക്കൊപ്പം ചേരും!!!!

കരുതിയിരുന്നോളൂ, സമരങ്ങള്‍ കലാപങ്ങളാകുന്ന കാലത്തിനെ  !!!!

ഈ പെട്രോള്‍ മുതലാളിമാരെ സമ്മതിക്കണം !!

                             കണ്ട സായിപ്പന്മാരുടെയും അറബികളുടെയും ഇടയില്‍ കിടന്നു കടിപിടികൂടി, അങ്ങ് ദുഫായിലെ പാടത്തോ അറബികടലിന്റെ അടിയിലോ നിന്നൊക്കെ കുഴിച്ചെടുത്ത കണകുണയോക്കെ  സംസ്കരിച്ച് പെട്രോളും ഡീസലുമൊക്കെയാക്കി നമുക്ക് എത്തിച്ചു തരുന്ന സാമൂഹ്യ സേവകരാണ് ഇന്നാട്ടിലെ  പെട്രോളിയം കമ്പനി ഉടമകള്‍.
                          
                            പക്ഷെ ഒരു കാര്യം നിങ്ങള്‍ ഓര്‍ക്കണം. ഈ ക്രൂഡോയില്‍ ഒക്കെ പൊന്നും വില കൊടുത്തു വാങ്ങി ആദായ വിലയ്ക്ക്  നമുക്ക് തരുമ്പോ ഇവര്‍ക്ക് വളരെ വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. ഓരോ ലിറ്റര്‍ പെട്രോളിനും രണ്ടും മൂന്നും രൂപ നഷ്ടം സഹിച്ചാണ് ഇപ്പോള്‍ വില്പന എന്ന് നിങ്ങള്‍ പത്രത്തില്‍ വായിക്കാറില്ലേ?  എന്നാല്‍ അവരെ ഒന്ന് സഹായിക്കാന്‍ നിങ്ങള്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ? എന്നാലും അവര്‍ അതൊക്കെ സഹിക്കുന്നു, ക്ഷമിക്കുന്നു..
                      
                         എന്നാല്‍ നിങ്ങള്‍ക്കറിയുമോ എന്ന് എനിക്കറിയില്ല,  പല പെട്രോള്‍ കമ്പനി മുതലാളിമാരുടെയും വീട്ടില്‍ അടുപ്പെരിയുന്നില്ല. അടിക്കടി ഉണ്ടാകുന്ന നഷ്ടങ്ങള്‍ അവരെ വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ആക്കുന്നു. അതേ, ഇന്ത്യ വേദനിക്കുന്ന കോടീശ്വരന്മാരുടെ നാടായി മാറുകയാണ്!!!

                     നമ്മള്‍ ഓരോരുത്തരും പെട്രോള്‍ അടിച്ച് കറങ്ങി അടിക്കുമ്പോള്‍ തനിക്കുണ്ടാകുന്ന വലിയ നഷ്ടങ്ങള്‍ ഓര്‍ത്ത് കടപ്പുറത്തുള്ള തന്റെ കുടിലിന്റെ മുപ്പത്തിനാലാം നിലയിലെ മട്ടുപ്പാവില്‍ ഇരുന്നു കണ്ണീര്‍ വാര്‍ക്കുന്ന ഒരു  പാവം മുതലാളിയുടെ മുഖം എന്റെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി . . .

                     തന്റെ മകന്‍ മുതലാളിക്ക് വീക്കെന്റ് സമ്മാനമായി ഒരു ലംബോര്‍ഗിനി കാര്‍ മാറ്റി രണ്ടു ഫെരാരി കാര്‍ വാങ്ങി നല്കാനാകാത്ത വിഷമത്തില്‍ സ്വന്തം എയര്‍ലൈന്‍സിലെ സുന്ദരിമാരുടെ മടിയില്‍ തല ചായ്ച്ചു കണ്ണീര്‍ വാര്‍ക്കുന്ന അച്ഛന്‍ മുതലാളിയും എന്റെ ദുസ്വപ്നങ്ങളിലെ പതിവുകാരന്‍ ആയിരിക്കുന്നു . . . 

                ഫോണ്‍ ചോരുമോ ചോരുമോ എന്ന പേടിയില്‍ ഇപ്പൊ മൊബൈല്‍ ഉപയോഗിക്കാതെ കോയിന്‍ ബോക്സ്‌ ഉപയോഗിച്ച് ഫോണ്‍ ചെയ്യുന്ന വലിയ മുതലാളിയും അങ്ങേയറ്റം വിഷമത്തില്‍ ആണ്..
                                ഇവരുടെ വേദന കാണാന്‍ ഒരു സര്‍ക്കാര്‍ ഈ രാജ്യത്തുണ്ട് എന്നത് മാത്രമാണ് ഒരു ആശ്വാസം. 
            
           കൈ വളരുന്നോ കാല്‍ വളരുന്നോ എന്ന് നോക്കി കുഞ്ഞിനെ വളര്‍ത്തുന്ന അമ്മമാരേ പോലെ ക്രൂഡോയില്‍ വില കൂടുന്നോ ഡോളര്‍ മൂല്ല്യം കൂടുന്നോ എന്ന് നോക്കി ഇവരെ സ്നേഹിക്കുന്ന ഒരു സര്‍ക്കാര്‍. 

              പെട്ടെന്ന് ഒരു ദിവസം ക്രൂഡോയില്‍ വില കൂടിയപ്പോള്‍, അറബിയുടെ ക്രൂഡോയില്‍ കടയുടെ  മുന്നില്‍ കൈയ്യിലെ  പൈസ തികയാതെ വിഷമിച്ചു നില്‍ക്കുന്ന  മുതലാളിമാര്‍ക്ക് കോടിക്കണക്കിനു രൂപ സബ്സിഡി നല്‍കാന്‍ ദൈവദൂതനെ പോലെ അവതരിച്ച സര്‍ക്കാര്‍!!!!

                രൂപയുടെ മൂല്ല്യം കുറഞ്ഞ് കൈയ്യിലുള്ള പണം തിരിച്ചുള്ള വണ്ടിക്കാശിനു പോലും തികയാതെ നിന്ന മുതലാളിക്കും കോടിക്കണക്കിനു ഡോളേഴ്സ് പുസ്പം പോലെ എറിഞ്ഞു കൊടുക്കാന്‍ മനസ്സുണ്ടായ സര്‍ക്കാര്‍ !!!!!

              ഒടുവില്‍ ഇനിയും ഈ ദുഃഖം സഹിക്കാനാകില്ല എന്ന് പറഞ്ഞു കൊണ്ട് നെഞ്ച് പൊട്ടി കരഞ്ഞ് കൊണ്ട് "എത്ര വേണേല്‍, എങ്ങനെ വേണേല്‍ വില കൂട്ടി വിറ്റോടാ മക്കളേ" എന്ന് പറഞ്ഞു പെട്രോളിന്റെ വില നിയന്ത്രണം അവരെ തന്നെ ഏല്‍പ്പിച്ച സര്‍ക്കാര്‍ !!!!

               പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ സമരം ചെയ്ത യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും  തലയടിച്ചു പൊട്ടിച്ചു ചോര കുടിച്ചു കിരാത നൃത്തമാടുന്ന സര്‍ക്കാര്‍....

            ശ്രീപത്മനാഭന്റെ "ഒന്നര ലച്ചം കോടി"യുടെ  നിധി കണ്ടു അന്താളിച്ചു കുന്തം വിഴുങ്ങി നില്‍ക്കുന്ന പുവര്‍ മലയാളീസേ, നിങ്ങള്‍ക്കറിയുമോ കഴിഞ്ഞ ഒരൊറ്റ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഈ മുതലാളിമാരുടെ കണ്ണീരൊപ്പാന്‍ അവരുടെ നികുതിയിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എഴുതി തള്ളി തിരുകി കൊടുത്തത് "നാല് ലക്ഷം കോടി" രൂപയാണെന്ന്????
                     
             അതുകൊണ്ട് പെട്രോള്‍ വില കൂടട്ടെ. കഴിഞ്ഞ പതിനഞ്ചു മാസത്തില്‍ കൂടിയത് ഇരുപത്തി അഞ്ചു രൂപയാണ്. ഇങ്ങനെ പോയാല്‍ അടുത്ത വര്‍ഷം ആകുംപോളെക്കും വില നൂറു കടക്കും.   എഴുപത് കൂടി നൂറോ ഇരുനൂറോ ആകട്ടെ. അതിനു അനുസൃതമായി അവശ്യ സാധനങ്ങള്‍ക്കും വില കൂടട്ടെ.  അഞ്ചു രൂപ കൂട്ടിയ ശേഷം അഞ്ചു പൈസ ഇളവു കിട്ടുമ്പോ ആഹ്ലാദപ്രകടനങ്ങള്‍ പ്രകമ്പനം കൊള്ളട്ടെ.  ഹര്‍ത്താലും  പണി മുടക്കും പ്രതിഷേധ പ്രകടനവും ഒക്കെ നടത്തുന്നവനോക്കെ മുടിഞ്ഞു പോട്ടെ. . .

ലാസ്റ്റ് എഡിഷന്‍ :  പെട്രോളിന് വില കൂട്ടി സാധാരണക്കാരന്റെ വയറ്റത്തടിച്ചാണെങ്കിലും  പെട്രോള്‍ കമ്പനി ഉടമകളുടെ വീടുകളിലെ പട്ടിണി മാറ്റി, ഇന്നാട്ടിലെ വേദനിക്കുന്ന കോടീശ്വരന്മാരുടെ കണ്ണീരൊപ്പുന്ന UPA സര്‍ക്കാരിന് ആയിരമായിരം അഭിവാദ്യങ്ങള്‍..
കോണ്‍ഗ്രസിന്‌ അഭിമാനിക്കാം തിരഞ്ഞെടുപ്പ് ഫണ്ടിലേക്കും എംപിമാരെ ചാക്കിട്ടു പിടിക്കാനും  കോടികള്‍ ഒഴുക്കുന്ന തങ്ങളുടെ  കോര്‍പ്പറേറ്റ്  യജമാനന്‍മാരോട് നന്ദി കാണിച്ചെന്ന്!!!!

Saturday, September 17, 2011

കണ്ണൂര്‍ മീറ്റ്: ചുവന്ന മണ്ണിലെ ബൂലോക മീറ്റ്


               സംശയം ആയിരുന്നു, പോകണോ പോകണ്ടേ എന്നത്. പോകണം എന്ന് തീരുമാനിച്ചപ്പോ അടുത്ത സംശയം. ഇന്ന് പോണോ അതോ നാളെ പോണോ എന്നായി. നല്ല നേരത്തൊന്നും ഒരു വണ്ടിയുമില്ല. തിരൂര്‍ ഡോക്ടര്‍ പറഞ്ഞ പുലര്‍ച്ചത്തെ വണ്ടിക്ക് കേറണമെങ്കില്‍ ഞാന്‍ തലേന്ന് പോയി റെയില്‍വെ സ്റ്റേഷനില്‍ കിടന്നുറങ്ങേണ്ടി വരും!!  അപ്പോളാണ് വാല്യക്കാരന്റെ വിളി. ശ്രീജിത്ത്‌ കൊണ്ടോട്ടിയെയും വിളിച്ചു. മലബാറിയെയും ഡോക്ടറെയും വിളിച്ചെങ്കിലും കിട്ടിയില്ല. എന്തായാലും തലേന്ന് തന്നെ പോകാന്‍ തീരുമാനമായി. പക്ഷെ അതൊരു ഒന്നൊന്നര പോക്കാകും എന്ന് പ്രതീക്ഷിച്ചതെയില്ല !!! 
          
                 ഒരു ഉച്ച ഉച്ചര ആകുംപോളെക്കും പട്ടാമ്പിയില്‍ നിന്നും ട്രെയിന്‍ കേറി. കാറുമായി നാമൂസ് വരുമെന്ന പരിപാടി ക്യാന്‍സല്‍ ആയെന്നു കേട്ടതോടെ തോന്നി പണി പാളിയെന്ന്. അപ്പോളാണ് ശ്രീജിത്ത്‌ കൊണ്ടോട്ടി കാറുമായി വരുന്നു എന്നറിഞ്ഞത്. അങ്ങനെ കോഴിക്കോടിറങ്ങി മേലോട്ടും നോക്കി നിന്നു.  രണ്ടു മണിക്കൂറായി മേലോട്ടും നോക്കി നില്‍ക്കുന്ന പോന്മാളക്കാരനെയും  ജഡ്ജിയദ്ധേഹം ഷെരിഫ് കൊട്ടാരക്കരയെയും സമാധാനിപ്പിച്ചു നില്‍ക്കുമ്പോളെക്കും കൊണ്ടോട്ടിക്കാര്‍ രണ്ടും എത്തി. പോകുന്നത് ആജന്മശത്രുവായ അഞ്ചരകണ്ടിയുടെ  നാട്ടിലേക്കാണ് എന്നതിനാലാകാം ബോഡി ഗാര്‍ഡായി ആരോഗ്യദൃതരാഷ്ട്രരായ വാല്ല്യക്കാരനെ കൂടെതന്നെ ഇരുത്താന്‍ കൊണ്ടോട്ടി മറക്കാതിരിന്നത്.

                 അങ്ങനെ ആ യാത്ര ആരംഭിച്ചു. കോഴിക്കോട് നഗരം വിട്ട് കണ്ണൂര്‍ പാതയിലേക്ക് പ്രവേശിച്ചു. റോഡ്‌ നിറയെ കുഴിയാണ് എന്ന് കണ്ണൂര്‍കാരന്‍ സുഹൃത്ത്‌ പറഞ്ഞിരുന്നു. എന്നാല്‍ "കുഴികള്‍ക്കപ്പുറം കുറച്ചെങ്കിലും റോഡുണ്ടാകും" എന്ന പ്രതീക്ഷയില്‍ ആണ് ഓരോ കുണ്ടും കയറിയിറങ്ങിയത്. ദേശീയപാതയും കൊള്ളാം സംസ്ഥാന പാതകളും കൊള്ളാം. അറിയാന്‍ മേലാഞ്ഞിട്ടു  ചോദിക്കുവാ, ഈ റോഡിന്‍റെയൊക്കെ  ചുമതല പാക്കിസ്ഥാന്‍കാര്‍ക്കാണോ? ചാടിച്ചാടി ആദ്യം ഒടിയുന്നത് ശ്രീജിത്തേട്ടന്റെ വണ്ടിയുടെ ആക്സില്‍ ആകുമോ അതോ സ്വന്തം തടിയുടെ നട്ടെല്ലാകുമോ എന്നത് മാത്രമായിരുന്നു സംശയം. നാട്ടുകാരുടെ മുഴുവന്‍ വികാരങ്ങളും പ്രതിഫലിപ്പിക്കുന്ന ബോര്‍ഡ്‌ വാല്യക്കാരന്‍ ആണ് കാട്ടിതന്നത് "റോഡുണ്ട് സൂക്ഷിക്കുക"!!! പോരെ പൂരം ?

                ഷെരിഫ് സാറിന്റെ ജഡ്ജി കഥകള്‍ രസകരമായിരുന്നു. ശ്രീജിത്ത്‌ കൊണ്ടോട്ടിയോട് പെണ്ണ് കാണാന്‍ പോകുമ്പോള്‍ പെണ്ണിന് ഉണ്ടെന്നു ഉറപ്പുവരുത്തേണ്ട A-F യോഗ്യതകളെ പറ്റി വിശദമായി തന്നെ വിധി പ്രസ്താവിച്ചു. ഇന്ത്യന്‍ കോഫീ ഹൌസിന്റെ രുചിഭേദം മുതല്‍ വരെ വിക്കിലീക്സ് വെളിപ്പെടുത്തല്‍ വരെ ഇടതു പക്ഷ വിമര്‍ശനത്തിനായി ഉപയോഗപ്പെടുത്തുന്ന പോന്മാളക്കാരന്‍ അഞ്ചരകണ്ടിക്ക് ഭീഷണിയാകുമെന്നുറപ്പ്.(തമാശയാണേ!!) ബൂലോകത്തെയും ഭൂലോകത്തെയും സകലമാന വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു.  പയ്യോളിയില്‍ നിന്ന് കിടിലന്‍ ഒരു ലഘു ഭക്ഷണവും (ചായും കടിയും അല്ല പിന്നെ!!) കഴിച്ച ശേഷം പോന്മാളക്കാരന്‍ സാരഥ്യം ഏറ്റെടുത്തു. ബാങ്കിലെ അക്കൗണ്ട്‌സ് പരിശോധിക്കുന്ന കൃത്യതയോടെ കുണ്ടിനും കുഴിക്കും പ്രതിപക്ഷ ബഹുമാനം നല്‍കി പൊന്മള ഞങ്ങളെ മുന്നോട്ട് നയിച്ചു. മദ്യത്തിന്റെ സ്വന്തം നാടായ മാഹിയിലൂടെ ഉള്ള യാത്ര മറക്കാനാകില്ല. ഏതാനും കിലോമീറ്ററെ ദൂരമുള്ളൂ, പറഞ്ഞിട്ടെന്താ? റോഡിനു ഇടതും വലതുമായി ഒരു നൂറ്റമ്പതു മദ്യ ഷാപ്പുകള്‍ എങ്കിലും ഉണ്ട്. ഒറ്റ ഒന്നിലും പേരിനു പോലും ഒരു ക്യൂ  ഇല്ല. കണ്ടു കണ്ടു കൈ വിറക്കുന്നുണ്ടോ എന്ന് വരെ സംശയമായി. മയ്യഴി പുഴയുടെ തീരത്ത് അല്‍പ നേരം ചിലവഴിക്കാനും മറന്നില്ല. കേന്ദ്ര ഭരണ പ്രദേശത്ത് മൂത്രശങ്ക തീര്‍ക്കാനുള്ള ഭാഗ്യവും ലഭിച്ചു.
 
                    എന്തായാലും രസകരമായിരുന്നു ആ യാത്ര.  ഒരു പത്തു പതിനഞ്ചു തവണ എങ്കിലും വഴി തെറ്റി. അതെങ്ങനാ?  വഴി ചോദിക്കുന്നവരും കൊള്ളാം, വഴി പറഞ്ഞു തരുന്നവരും കൊള്ളാം!! ഒരു തവണ വഴി ചോദിക്കും, പിന്നെ കുറേ നേരം ആ വഴി പറഞ്ഞു തന്നവന്റെ ജാതകവും ജീവചരിത്രവും രാഷ്ട്രീയവും ഒക്കെ ചര്‍ച്ച ചെയ്യും. ഒടുവില്‍ ഒരു തീരുമാനം ആകുംപോളെക്കും വഴി തെറ്റിയെന്നു തിരിച്ചറിയും. അങ്ങനെ അടുത്ത ആളെ തിരയും. അങ്ങനെ മണി എട്ടായി, ഒന്‍പതായി,  ഒടുവില്‍ തപ്പി തപ്പി മാടായിപാറയോക്കെ കടന്നു മുന്നോട്ടു പോയി. അടയാളം പറയാന്‍ പോലും പറ്റാത്ത റോഡില്‍  ചെ ഗുവേരയുടെ അമ്പലം കണ്ടു (അമ്പലത്തിനു മുന്നില്‍ ചെ ഗുവേരയുടെ മുഖമുള്ള ബോര്‍ഡ്‌,അത് എനിക്കങ്ങു സുഖിച്ചു!!! ).  ഒടുവില്‍ നല്ലവനായ ഒരു ഓട്ടോക്കാരന്‍ "എന്റെ പുറകെ പോന്നോളൂ, ഞാന്‍ എത്തിച്ചു തരാം" എന്ന് പറഞ്ഞു. എന്നാല്‍ കുറേ ദൂരം അയാള്‍ക്ക് പുറകെ ഓടിയ ശേഷം ദുഷ്ടന്മാരായ ഞങ്ങള്‍ അയാളെയും സംശയിച്ചു. വീണ്ടും വഴിയില്‍ ഇറങ്ങി ചോദിച്ച്, അതും പോരാഞ്ഞ് ബിജു കൊട്ടിലയോട് ബൈക്ക് എടുത്തു വരാനും പറഞ്ഞ് ഗസ്റ്റ് ഹൌസ് റോഡില്‍ എത്തിയപ്പോള്‍ പാവം ഓട്ടോക്കാരന്‍ അവിടെ ഞങ്ങളെ കാത്തു നില്‍ക്കുന്നു!!!!

                  അങ്ങനെ ഞങ്ങളും മീറ്റിനെത്തി. റെജിചേട്ടനും മേല്‍പ്പത്തൂരാനും ഒക്കെ കൂടി ഒരു മീഡിയ സെന്റര്‍ തന്നെ കൊണ്ട് നടക്കുന്നുണ്ട്. ബ്ലോഗ്‌ ഹെല്‍പ് ആണ് സംഭവം.വീണ്ടും ആരുടെയെങ്കിലും ഫോളോവേര്‍സിനെ കാണാതായികാണും !!! ആ വഴിക്ക് അധികം പോയില്ല. ബ്ലോഗൊക്കെ എന്നാ ഉണ്ടായത് ? ബ്ലോഗ്ഗെര്‍മാര്‍ അതിനു മുന്‍പും ഉണ്ടായിരുന്നു.  ഇത്രയധികം ബ്ലോഗ്ഗെര്‍മാര്‍ ജീവനോടെ മുന്നില്‍ നില്‍ക്കുമ്പോള്‍ ബ്ലോഗ്ഗിനെ ആര് നോക്കാന്‍ ? അങ്ങെനെ പരിച്ചയപെടല്‍ ആരംഭിച്ചു. അപരിചിതത്വം ഒന്നും ആരിലും കണ്ടില്ല. മാടായി കുന്നില്‍ എല്ലാരും പരിചിതര്‍ തന്നെ. കുമാരേട്ടനും ബിജു കൊട്ടിലയും കൊട്ടിലയുടെ കൊട്ടിലക്കാരായ സുഹൃത്തുക്കളും ചേര്‍ന്ന് ഞങ്ങളെ നല്ലോണം സല്‍കരിച്ചു!!!
               
                നെയ്ച്ചോറും ചിക്കന്‍ കറിയും വയറു നിറച്ചു അകത്താക്കിയ ശേഷം ഗാനമേള ആരംഭിച്ചു. കൊട്ടില കവിതാലാപനത്തില്‍ നിന്നും തുടങ്ങി നാടന്‍ പാട്ടിലെത്തി. ഉമേഷ്‌ പീലിക്കോടും കൊട്ടില സുഹൃത്തുക്കളും കൂടെ കൂടിയതോടെ പരിപാടി കൊഴുത്തു. വട്ടത്തില്‍ ഇരുന്നു തുടങ്ങിയ പരിപാടി അവസാനം ചവിട്ടു നാടകത്തില്‍ ആണ് അവസാനിച്ചത്‌.  കൊട്ടിലയുടെ സുഹൃത്ത് അനൂപേട്ടനെ മറക്കാനാകില്ല. (എന്നെ കണ്ടാല്‍ ഇരുപത്തി ആറ് വയസ്സെങ്കിലും പറയും എന്ന് ആദ്യമായി പറഞ്ഞ ഒരാളെ മറക്കുന്നതെങ്ങിനെ!!!!) തേങ്ങ ചിരകളും പച്ചക്കറി അരിയലും ഒക്കെ കഴിഞ്ഞു മൂന്നു മണിയായപ്പോ ഞാന്‍ മെല്ലെ ഒന്ന് സൈഡായി. പുലര്‍ച്ചെ അഞ്ചു മണിക്ക് ഗസ്റ്റ് ഹൌസില്‍ വേറേതോ ഗസ്റ്റുകള്‍ വന്ന തിരക്കില്‍ ഉണര്‍ന്നു നോക്കിയപ്പോ ദെ കിടക്കുന്നു പിന്നേം പച്ചക്കറി!!. വീട്ടിലെ ഓണസദ്യക്ക് ഉപ്പ് നോക്കാന്‍ പോലും അമ്മയെ സഹായിക്കാതിരുന്ന എനിക്ക് ഇത് തന്നെ വരണം!!
           
                  രാവിലെ കുളത്തില്‍ പോകാതിരുന്നത് നഷ്ടമായി. (സര്‍ക്കാര്‍ വെള്ളത്തില്‍ കുളിക്കാന്‍ വേണ്ടിയാ, അല്ലാതെ കുളത്തിലെ തണുപ്പ് പേടിച്ചിട്ടൊന്നുമല്ല!!). അങ്ങനെ രാവിലെ ഇന്ത്യന്‍ കോഫീ ഹൌസില്‍ നിന്നും ഫുഡ്‌ അടിച്ച ശേഷം ഒന്‍പതു മണിയോടെ ഞങ്ങളും മീറ്റ്‌ ഹാളില്‍ എത്തി. ഒരു വണ്ടി നിറയെ സുഹൃത്തുക്കളുമായി (ബോഡി ഗാര്‍ഡ്സ്) എത്തിയ അകംപാടത്തിന്റെ മുന്നിലാണ് ചെന്നിറങ്ങിയത്. അധികം പരിചയമില്ലെങ്കിലും തൊപ്പി കണ്ടതോടെ എനിക്ക് ആളെ പിടികിട്ടി. അകത്തു ചെന്നപ്പോള്‍ രേജിസ്ട്രെഷന്‍ തിരക്ക്. ഒരൊറ്റ ഗാന്ധിയില്‍ ഇതെങ്ങനെ മുതലാകുമോ ആവോ!!! പക്ഷെ ഹാള്‍ മിക്കവാറും കാലിയാണ്. നിറയുമായിരിക്കും എന്ന പ്രതീക്ഷയില്‍ തന്നെയാണ് കുമാരേട്ടന്‍. വിശാലമായ ഹാളില്‍ സംഘാടകരുടെ പ്രതീക്ഷ പോലെ കസേരകള്‍ നിരന്നു കിടക്കുന്നു. ആളുണ്ടെന്നു തോന്നിപ്പിക്കാന്‍ കസേരകള്‍ ഒളിപ്പിച്ചു വെയ്ക്കുന്നതിന്റെ സാധ്യതകളെ കുറിച്ചാണ് സ്വാഭാവികമായും എന്റെ സംഘടനാ മനസ്സ് ചിന്തിച്ചത്!!!!
 
                 ആദ്യം തന്നെ തിരൂര്‍ ഡോക്ടറെയും സജിം മാഷെയും കണ്ട്  തിരൂരെ പോലെ അവൈലബിള്‍ പിബി കൂടി. തിക്കൊടിക്കാരനെ പെട്ടെന്ന് കണ്ടപ്പോ മനസിലായില്ല. ഇനിയൊട്ടു മറക്കുകയുമില്ല.  തിരൂരില്‍ "ചെറുതല്ലേ എന്ന് കരുതിയാണ് പത്രക്കാരനെ പരിചയപ്പെടാതിരുന്നത്" എന്ന് കമന്റ്‌ ഇട്ട ഷാനവാസ് സാര്‍ ഇത്തവണ അടുത്തേക്ക് വിളിച്ചു പരിചയം പുതുക്കി. ആഹാ അപ്പൊ ഹോര്‍ലിക്ക്സ് ഏല്‍ക്കുന്നുണ്ട് !!!!  വെള്ളയും വെള്ളയും ഒക്കെ ഇട്ടു മാന്യനായി നടക്കുന്ന നൌഷാദ് വടക്കേലിനെ കണ്ടപ്പോ വള്ളിക്കുന്ന് ബ്ലോഗിലെ കമന്റ്‌ യുദ്ധം ആണ് ഓര്‍ത്തത്‌. കണ്ട് സംസാരിച്ചപ്പോ എനിക്ക് ആളെ പെരുത്തിഷ്ടമായി. അപ്പോളേക്കും ക്ലാരയെ തേടി കാമുകന്‍ മഹേഷ്‌ വിജയനുമെത്തി. ഇങ്ങേര്‍ക്ക് ഈ നടപ്പ് തന്നെയേ വിധിച്ചിട്ടുള്ളൂ. എന്തായാലും കുറേ ക്ലാര കഥകള്‍ കേള്‍ക്കാമല്ലോ,അത് മതി.  മുക്താറിക്കയെ കണ്ടു. യാതൊരു അപരിചിതത്വവുമില്ല. പിന്നെ  . .   മതി മതി ആളെ പേരെടുത്തു പറയല്‍. രണ്ടു ദിവസം കണ്ണാടി നോക്കാതിരുന്നാല്‍ എന്നെ തന്നെ മറന്നു പോകുന്ന അസുഗമുള്ള ആളാ ഞാന്‍. അത് കൊണ്ട് ഇനിയും പറയാന്‍ തുടങ്ങിയാല്‍ ആരെ എങ്കിലും വിട്ടു പോകും.അത് വേണ്ട.

                 ഷെരിഫ് സാറിന്റെ കാര്‍മികത്വത്തില്‍ പരിചയപ്പെടുത്തലുകള്‍ ആരംഭിച്ചു. എന്റെ പരിപാടി ആദ്യമേ കഴിഞ്ഞത് കൊണ്ട് കുറച്ചു കഴിഞ്ഞപ്പോ എണീറ്റു. ഒന്ന് കറങ്ങി വരാമെന്ന് കരുതി. കറങ്ങി തിരിഞ്ഞു നടക്കുന്നവരെ കൂടി പരിചയപ്പെട്ടു. അപ്പോളാണ് ഷിജു കൊട്ടില ഓടിക്കിതച്ചു വരുന്നത് കണ്ടത്. മാടായിപാറയില്‍ നിന്നും ഭക്ഷണവും കൊണ്ടുള്ള വരവാണ്!! ദുഷ്ടാ ഇതാണല്ലേ ഭക്ഷണം എടുക്കാന്‍ കൂടെ വരണം, പത്ത് മണിക്ക് എന്തായാലും ഹാളില്‍ എത്തിക്കാം എന്ന് പറഞ്ഞത്? ബ്ലോഗനാര്‍കാവിലമ്മയാ എന്നെകൊണ്ട് ആ പരിപാടിയില്‍ നിന്നും ഊരാന്‍   തോന്നിപ്പിച്ചത്. എന്തായാലും കൊട്ടില ചേട്ടന് മീറ്റിന്റെ നല്ല ഭാഗം കുറേ മിസ്സായി. മര്യാദക്ക് അടങ്ങി ഒതുങ്ങി ഇരിക്കാതെ അവിടേം ഇവിടേം കറങ്ങിയ എനിക്കും ബിലാത്തിയുടെ മാജിക്കും നാമൂസിന്റെ തൌദാരവും അടക്കം കുറേ പരിപാടികള്‍ മിസ്സായി.

                             നാമൂസിനെ പറ്റി പറയാതെ വയ്യ. ഇയാള്‍ക്ക് കുറച്ചു വട്ടുണ്ടോ എന്നെനിക്ക് സത്യമായിട്ടും സംശയം ഉണ്ട്. ഫേസ്ബുക്ക്‌ കൂട്ടായ്മ കോഴിക്കോട് നടത്തിയ ഇറോം ഷര്‍മിള ഐക്യധാര്‍ട്യ പരിപാടിയില്‍ പങ്കെടുക്കാനാണ് നാമൂസ് ഗള്‍ഫില്‍ നിന്നെത്തിയത് എന്നാണു പറഞ്ഞത്. കണ്ണൂര്‍ മീറ്റിനു മുന്‍പ് തിരിച്ചു പോകുമെന്നൊക്കെ പറഞ്ഞിരുന്നു. എനിക്ക് പക്ഷെ അന്നേ തോന്നിയതാ നാമൂസ് പോകില്ലെന്ന്. അത് തന്നെ സംഭവിച്ചു.
                   പിന്നെ ഒരാളുണ്ട്. ഓണ ലീവിന് നാട്ടില്‍ വന്നിട്ട് മര്യാദക്ക് ഓണം  കൂടാതെ, പന്ത്രണ്ട് പെണ്ണ് കാണലുകള്‍ മാറ്റി വച്ചിട്ട് കണ്ണൂരിലേക്ക് മീറ്റാന്‍ വന്ന ശ്രീജിത്ത്‌ കൊണ്ടോട്ടി. തന്റെ കമന്റുകളുമായി ബൂലോകത്ത് പുര നിറഞ്ഞു നില്‍ക്കുന്ന കൊണ്ടോട്ടിയെ മോസ്റ്റ്‌ എലിജിബിള്‍ ബാച്ചിലര്‍ (എനിക്ക് കല്യാണ പ്രായം ആകുംവരെ മാത്രം) ആയി പ്രക്യാപിക്കണം എന്ന് ഞാന്‍ പറയുന്നത് നയാ പൈസ ചിലവില്ലാതെ എന്നെ കോഴിക്കോട് നിന്നും കണ്ണൂര്‍ വരെ എത്തിച്ചതിന്റെ സ്നേഹം ആണെന്ന് കരുതരുത്.
                  വാല്യക്കാരനോട് എനിക്ക് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്. വാല്യക്കാരന്‍ ഇല്ലായിരുന്നെങ്കില്‍ മീറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ ആള്‍ ഞാനായേനെ എന്നാണു എനിക്ക് തോന്നുന്നത്. വാല്യക്കാരന്‍ നീണാള്‍ വാഴട്ടെ!!!


               മീറ്റിലെ പ്രധാന ഇനമാണല്ലോ ഈറ്റ്. സദ്യ കണ്ടാല്‍ വിളമ്പാതെ വിടുന്ന ശീലം നമുക്ക് പണ്ടേയില്ല. അതിപ്പോ സ്വന്തം കല്യാണസദ്യ ആയാലും ഒരു റൌണ്ട് എങ്കിലും വിളംബിയിട്ടെ ബാക്കി ഡയലോഗ് ഉള്ളൂ. അങ്ങനെ മീറ്റിന്റെ ഓണസദ്യ സഹബ്ലോഗ്ഗെര്‍മാക്ക് വലിച്ചു വാരി വിളമ്പി. അവിയല്‍ എടുത്തു കുടുങ്ങി എന്ന് പറഞ്ഞാല്‍ പോരെ? കമന്റ്‌ കിട്ടാനുള്ള ആക്രാന്തം പോലെ ആണ് ഓരോരുത്തര്‍ക്ക് അവിയല്‍ കാണുമ്പോള്‍ !!! കമന്റ്‌ ഇടാനുള്ള മടിയൊന്നും വിളമ്പുന്നതില്‍ കാണിച്ചില്ല. പത്രക്കാരന് കമന്റ്‌ ഇടുന്നവര്‍ക്ക് കറികള്‍ കുറച്ചധികം കൊടുക്കാനും മറന്നില്ല. ഒറ്റ റൌണ്ടില്‍ പരിപാടി തീര്‍ന്നു.എന്നാലും രെജിസ്സ്ട്രെഷന്‍ ഫോമും ഇലയും ഒന്ന് എണ്ണി തുല്യത ഉറപ്പാക്കുന്നത് നന്നാകും.

               ഈറ്റ് കഴിഞ്ഞതോടെ നാമൂസിനും തിക്കൊടിക്കാരനും കൊണ്ടോട്ടിക്കും വാല്ല്യക്കാരനുമോപ്പം അല്പം ശുദ്ധവായു ശ്വസിക്കാനിറങ്ങി. ഉച്ചക്ക് ശേഷം ബ്ലോഗ്‌ പഠിപ്പീരാണ്. ബൂലോക പുലിയായ നമുക്കെന്തു പഠിക്കാന്‍ !!! അപ്പോളേക്കും എല്ലാരും വീട് പറ്റാനുള്ള തിരക്കില്‍ ആയിരുന്നു. ഞാനും യാത്ര പറയാനൊരുങ്ങി. ഷാനവാസ് സാറിനോടും കെപിഎസ്സിനോടും ഉപചാരം പറഞ്ഞു. മേല്‍പ്പത്തൂരാനെ കെട്ടിപിടിച്ചു കരഞ്ഞു(ചുമ്മാ കിടക്കട്ടെ).
നാമൂസിനു നല്ല നമസ്കാരം പറഞ്ഞു. നാട്ടിലേക്ക് എത്താന്‍ ട്രെയിന്‍ ആണ് സുഖപ്രദം എന്നതിനാല്‍ കണ്ണൂരിന്റെ റോഡുകള്‍ ഒരിക്കല്‍ കൂടി ആസ്വദിക്കാന്‍ കൊണ്ടോട്ടി ആന്‍ഡ്‌ കമ്പനിയെ അനുഗ്രഹിച്ചു കൊണ്ട് രണ്ടു പഞ്ചാര ഡോക്ടര്‍മാര്‍ക്കൊപ്പം റെയില്‍വേ സ്റ്റെഷനിലെക്ക് യാത്രയായി..

                  ഇങ്ങനെ ഒരു മീറ്റ്സം ഒരുക്കി തന്ന സംഘാടകരോട് നന്ദി പറയാതിരിക്കാന്‍ ആകില്ല. കുമാരേട്ടനും കൊട്ടിലയും വിധു ചോപ്രയും ബിന്‍സി ചേച്ചിയും അടക്കം മീറ്റുമായി സഹകരിച്ച എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു. അഞ്ചരകണ്ടിയുടെ വിമര്‍ശനം ഒക്കെ കാരണവര്‍ കോംപ്ലെക്സ്  ആയി കണ്ടാല്‍ മതി. ആള്‍ക്കൂട്ടത്തിലെ വേറിട്ട ശബ്ദമായി ശ്രദ്ധിക്കപ്പെടാനുള്ള കെപിഎസ് എന്ത് തറ വേലയും കാണിക്കും എന്നതിന് എന്‍ഡോസള്‍ഫാന്‍ വിഷയം തന്നെ ധാരാളം.  പ്രാതിനിത്യം കുറഞ്ഞു പോയി എന്നതൊഴിച്ചാല്‍ ഈ മീറ്റ് വന്‍ വിജയമായിരുന്നു എന്നാണു എന്റെ അഭിപ്രായം. അതിനു സംഘാടകര്‍ കുറ്റക്കാരല്ല. വരാമെന്ന് പറഞ്ഞിട്ട് പറ്റിച്ചവരോട് ബ്ലോഗനാര്‍കാവിലമ്മ ചോദിച്ചോളും.

ലാസ്റ്റ് എഡിഷന്‍ : ഈ ഉച്ചക്ക് ശേഷമുള്ള പരിപാടിക്ക് കുറച്ചു കൂടി പബ്ലിസിറ്റി ആകാമായിരുന്നു എന്നാണു തോന്നുന്നത്. കുറച്ചു കോളേജ് വിദ്യാര്‍ഥിനികള്‍ കൂട്ടമായി വന്നില്ലായിരുന്നെങ്കില്‍ ആ പരിപാടി ആകെ പാളിയേനെ. ഇനിയുള്ള ബ്ലോഗ്‌ മീറ്റുകളില്‍ ഇത്തരം പഠന ക്ലാസുകള്‍ നിര്‍ബന്ധമായും നടത്തുകയും അതിനു കോളേജുകളും ലൈബ്രറികളും സാംസ്കാരിക വേദികളും കേന്ദ്രീകരിച്ചു കൊണ്ട് നല്ല രീതിയില്‍ പ്രചാരണം നല്‍കി നടത്തുകയും ചെയ്യാന്‍ നമ്മള്‍ ശ്രമിക്കണം. രാവിലെ ബ്ലോഗ്‌ മീറ്റും ഉച്ചക്ക് ശേഷം, (അല്ലെങ്കില്‍ മീറ്റിനു സമാന്തരമായി) പരിപാടി നടക്കുന്ന നാട്ടില്‍ ഉള്ളവര്‍ക്ക് അടക്കം ബ്ലോഗിനെ പറ്റി അറിയാനും പഠിക്കാനും അവസരമൊരുക്കുന്ന ഒരു ശില്പശാല കൂടി നടത്തുവാന്‍ സാധിച്ചാല്‍ നല്ലത്. കാരണം അപ്പോള്‍ ബ്ലോഗ്‌ മീറ്റുകള്‍ കൂടുതല്‍ ജനകീയമാവുകയും തുടരെ തുടരെ ഉണ്ടാകുന്ന മീറ്റുകള്‍ ബ്ലോഗ്‌ മീറ്റുകളുടെ തന്നെ പ്രസക്തി ഇല്ലാതാക്കുകയും ചെയ്യുന്ന അവസ്ഥയില്‍ മാറ്റം വരികയും ചെയ്യും. മീറ്റുകള്‍ ജനകീയമാകുമ്പോള്‍ ബ്ലോഗ്‌ ലോകത്തിനു പുറത്തുള്ള,  ചെറുപ്പക്കാരും എഴുത്തിന്റെയും വായനയുടെയും അസുഖമുള്ളവരും ഒക്കെ അടങ്ങുന്ന നല്ലൊരു കൂട്ടായ്മയെ മീറ്റിന്റെ സംഘാടനത്തിലും പ്രാതിനിധ്യതിലും  ഉറപ്പു വരുത്താനും സാധിക്കും. ഈ കൂട്ടായ്മയില്‍ നിന്ന് നല്ല ബ്ലോഗ്ഗെര്‍മാരും നല്ല ബ്ലോഗ്‌ വായനക്കാരും ഉയര്‍ന്നു വരികയും ചെയ്യും. എഴുത്തിന്റെ വഴി നമുക്കും സാധ്യമാക്കിയ,  ഇന്നും ശൈശവത്തില്‍ നില്‍ക്കുന്ന ബൂലോകത്തിന്, നമുക്ക് നല്‍കാവുന്ന ഏറ്റവും വലിയ ഗുരു ദക്ഷിണയാകുമത് . .


വാല്യക്കാരന്‍ സ്പോണ്‍സര്‍ ചെയ്ത മീറ്റ് ചിത്രങ്ങളിലൂടെ .....


ബ്ലോഗ്‌ മീറ്റില്‍ നിന്നും ചൂടുള്ള വാര്‍ത്തകളുമായി പത്രക്കാരന്‍ (ഞാന്‍ തന്നെ)


              ഞാനാ ഇവിടുത്തെ വാല്യക്കാരന്‍.. എന്റെ കണ്ണ് വെട്ടിച്ചു അകത്തു കേറാമെന്നു കരുതണ്ടാ...


എന്റെ നമ്പര്‍ എപ്പോ വരും ? സജിം മാഷ്‌ പ്രസന്ഗിക്കാന്‍ മുട്ടി ഇരിക്കുന്നു. കൂടെ പാവം ഞാനും


           ഞങ്ങളുടെ വഴി രണ്ടാണ് എങ്കിലും ലക്‌ഷ്യം ഒന്നാണ് !!! കൂട്ടി മുട്ടുമോ ആവോ !!!


ആട് പാമ്പേ ആടാട് പാമ്പേ ....കൊട്ടില നയിക്കുന്ന ഗാനളേമ  !!!


ഇത് തിളപ്പിച്ചതിനു ശേഷമാണോ ഉപ്പ് ഇട്ടതു? പൊന്മല സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ സ്റ്റൈലില്‍
     ഇതിന്റെ കോപ്പി വേണ്ടവര്‍ പൈസ ക്ലാസ്സ്‌ ടീച്ചറെ ഏല്‍പ്പിക്കണം!!!

Thursday, September 8, 2011

"ദൈവം ഉണ്ടോ"? ചോദ്യം നിങ്ങളോടാണ്‌ !!

അലങ്കരിച്ച സ്റ്റേജില്‍ മതപുരോഹിതരും യുക്തിവാദികളും നിരന്നിരുന്നു ...

താടി വളര്‍ത്തിയ ഉസ്താദ് കാല്‍ പാദത്തിനു മുകളില്‍ മുറിച്ചു മാറ്റപ്പെട്ട തന്റെ പാന്റ്സ് മാറ്റാത്തത് പണമില്ലാഞ്ഞിട്ടാകാന്‍ വഴിയില്ല. കാരണം അദ്ധേഹത്തിന്റെ കയ്യില്‍ കെട്ടിയിരിക്കുന്നത് ലക്ഷങ്ങള്‍ വിലയുള്ള ഫോറിന്‍ വാച്ചാണ്..

ശുഭ്രവസ്ത്രധാരിയായ പുരോഹിതന്‍ നിറമുള്ള ഉടുപ്പിടാത്തതും പണമില്ലാഞ്ഞിട്ടാകാന്‍ വഴിയില്ല. കാരണം അദ്ധേഹത്തിന്റെ കൈയ്യിലിരിക്കുന്നത് എസ് ക്ലാസ്സ്‌ ബെന്‍സിന്റെ താക്കോലാണ്...

രുദ്രാക്ഷ മാലയിട്ട സ്വാമി നഗ്നത മറയ്ക്കാത്ത കാഷായവസ്ത്രം ധരിച്ചതും പണമില്ലാഞ്ഞിട്ടാകാന്‍ വഴിയില്ല. കാരണം ഈ പരിപാടി നടക്കുന്ന എയര്‍ കണ്ടിഷന്‍ ഹാള്‍ സ്പോണ്‍സര്‍ ചെയ്തത് അദ്ധേഹത്തിന്റെ ആശ്രമമാണ്!!!

വേദഗ്രന്ഥങ്ങളുടെ ഉള്ളടക്കത്തെ വേണ്ടും വിധം വളച്ചൊടിച്ച് തങ്ങളുടെ ദൈവത്തിന്റെ അസ്തിത്വവും അപ്രമാധിത്വവും തെളിയിക്കാനുള്ള വ്യഗ്രതയില്‍ ആയിരുന്നു ഓരോ പുരോഹിതനും ..
കൂട്ടത്തില്‍ അപരന്റെ ദൈവത്തെക്കാള്‍ തന്റെ ദൈവത്തിനുള്ള മേന്മകള്‍ ഉയര്‍ത്തിക്കാട്ടാനും മറന്നില്ല....

വേദഗ്രന്ഥങ്ങളുടെ ഉള്ളടക്കത്തെയും സൂക്തങ്ങളുടെ പിശകുകളെയും വൈരുധ്യങ്ങളെയും ചരിത്രപരവും ശാസ്ത്രീയവുമായ തെളിവുകളും ചൂണ്ടിക്കാട്ടി യുക്തിവാദികളും കളം നിറഞ്ഞു ....


രണ്ടിലൊന്ന് അറിഞ്ഞിട്ടു തന്നെ കാര്യം എന്ന മട്ടില്‍ പൊതു ജനവും സദസ്സില്‍ കുത്തിയിരിപാണ്...

"ദൈവം ഉണ്ടോ" എന്നതായിരുന്നു ചര്‍ച്ചാ വിഷയം ...

മനുഷ്യന്‍ "ഉണ്ടോ" എന്നത് ആരും ചോദിച്ചില്ല!!!!

ഞാനൊന്ന് പറയട്ടെ? മനുഷ്യന്‍ ഉണ്ടിട്ടില്ല, അവനു വിശക്കുന്നുണ്ട് !!!!

അവന്‍ തിരിഞ്ഞു നടന്നു . . .

ഭക്ഷണം തേടി . . .

കാരണം അവന്റെ കുഞ്ഞും വിശന്നു കരയുന്നുണ്ട് . . .


ലാസ്റ്റ് എഡിഷന്‍ :Related Posts Plugin for WordPress, Blogger...