Showing posts with label നര്‍മം. Show all posts
Showing posts with label നര്‍മം. Show all posts

Wednesday, February 27, 2013

ഭൂമി കുലുക്കവും ഇല അനക്കവും !!!!


എവിടെ?

എന്ത്?

സ്റ്റേറ്റ് കാര്‍ ?

എനിക്ക് വിശക്കുണൂ !! ഏഴു ദിവസമായി ആഹാരം കഴിച്ചിട്ട് !!!

"മൂന്നാറിലെ എസ്റ്റെസ്റ്റില്‍ വേലക്കാര്‍ ഇല്ലായിരുന്നോ വെച്ച് വിളമ്പി തരാന്‍? "

"ശവത്തില്‍ കുത്തരുത് സഖാവേ .... "

"സഖാവേ എന്നല്ലല്ലോ അന്ന് വിളിച്ചത് ???"

"സാര്‍ എന്ന് വിളിക്കാറുണ്ട്, ഘടകകക്ഷി എന്ന് പറയാറുമുണ്ട് .. എന്താ അതൊരു തെറ്റാ?"

"അല്ലാ, മകനെ കേന്ദ്ര മന്ത്രി ആക്കാനും ആക്കാനും മിച്ചഭൂമി കയ്യേറാനും ഒക്കെ വേണ്ടി ഇവിടുന്നു ഇറങ്ങി പോകുമ്പോ വേറൊരു പേരാണല്ലോ വിളിച്ചത്?

"എന്നാ ഞാനൊരു സത്യം പറയട്ടെ? "

"ആ പറ . . . "

"എനിക്കതൊന്നും ഓര്‍മയില്ല" !!!!

"എനിക്കോര്‍മയുണ്ട്, അഴിമതിക്കാരാ എന്ന് വിളിച്ചില്ലേ?"

"തനിക്കിനിയും മതിയായിട്ടില്ലേ? ദേ  ഇയാളൊരുത്തനാ ഇതൊക്കെ വരുത്തി വച്ചത് ..  ഭൂമി കയ്യേറ്റം തടുക്കും എന്നും പറഞ്ഞെന്നെ പേടിപ്പിച്ചു. സ്വന്തമായി മന്ത്രിസഭ ഉണ്ടാക്കുമ്പോ ഇവിടത്തെ തല്ലിപ്പൊളി പണി കളഞ്ഞിട്ട് എന്‍റെ കൂടെ 
മുഖ്യമന്ത്രി ആകാമെന്നു പറഞ്ഞു. ദേ നോക്കണത് കണ്ടില്ലേ? ഹേ .... 


ഇനി കുറച്ചു ഫ്ലാഷ് ബാക്ക് 


"ഡോ"

"താന്‍ ഇതെവിടെക്കാ നോക്കണേ ? 
താന്‍ എന്താ പൊട്ടന്‍ കളിക്ക്യ?
ഞാന്‍ തന്ന്യാ വിളിച്ചത്"

"ഡോ ഖാദിയുടെ ഷര്‍ട്ടും ഇട്ട് ഒരു ചുവന്ന കൊടിയും കയ്യില്‍ പിടിച്ച് കാറ്റും വെളിച്ചവും കേറാത്ത എകെജി സെന്‍ററില് ഇങ്ങനെ ഞെളിഞ്ഞിരുന്നാ സഖാവാവില്ല". 
നിന്നെ ഇന്ന് ഞാന്‍ ശരിയാക്കി തരാടാ 

"എടാ മോരട്ടു തത്ത്വവാധീ,  പാര്‍ലമെണ്ടീന്ന് വിളിക്കാന്‍ തുടങ്ങിയതല്ലെടോ താന്‍ എന്നെ അവസരവാദീന്നു ? 
ഇത്രയും നാള്‍ ഞാനത് കേട്ടതേ എന്‍റെ ഗതികെടോണ്ടാ,  ഏതു പാര്‍ട്ടിക്കും ജനപിന്തുണ ഉണ്ടായാല്‍ ഏതു ഈര്‍ക്കില്‍ പാര്‍ട്ടീനേയും കയ്യേറ്റക്കാരനെനു  വിളിക്കാം "

"കാലം കുറെ താന്‍ എന്നെ തെറി വിളിച്ചില്ലേ? ആ തെറിയൊക്കെ ഞാനിപ്പോ തന്നെ വിളിച്ചെന്ന് കൂട്ടിക്കൊ. "

"ഡാ"

"എന്ത് ഡാ ന്നാ?"
"വലിച്ചു നിന്‍റെ മുന്നണിയെ ഞാന്‍ താഴെയിടും.. "

"താന്‍ എന്താ വിചാരിച്ചേ?

ജീവിതകാലം മുഴുവന്‍ ഞാന്‍ തന്‍റെ മുന്നണീടെ ചെരുപ്പ് നക്കി ഇവിടെ കഴിയുമെന്നൊ?"

"ഘടകകക്ഷികളോട് എങ്ങനെ പെരുമാറണം എന്നുള്ളത് ഞാന്‍   തനിക്ക് കാണിച്ചു തരാം. കുറച്ചു ഘടക കക്ഷികളെ ഞാന്‍ എന്റെ കൂടെ കൂട്ടുന്നുണ്ട്. 
എന്നിട്ട് ഞാന്‍ തന്നെ വന്നു വിളിച്ചു കാണിക്കാം "!!!
"ഡോ ഇങ്ങ്ഡു നോക്കടോ ദ ബ്ടെ, 
താനിപ്പോ വിയാരിക്കുന്നുണ്ടാകും മൂര്‍ക്കന്‍ പാമ്പിനെ ആണല്ലോ ഞാന്‍ ഈശ്വരാ പാല് കൊടുത്തു  വളര്‍ത്തീന്നു !!
അതേടാ മൂര്‍ക്കന്‍ പാമ്പിനെ തന്നെയാ താന്‍ പാല് കൊടുത്തു വളര്‍ത്തിയത്."!!!

"എത്ര പേരെ ആണെടോ താന്‍ അഴിമതി കേസില്‍ കുടുക്കിയത്?
അതിന്‍റെ പാപം ഒക്കെ അനുഭവിക്കാതെ ഇവിടുന്നു പോകാന്‍ പറ്റൊടോ?"

"ഞങ്ങള്‍ പോയി കഴിഞ്ഞാ ഉണ്ടല്ലോ താന്‍ പ്രതിപക്ഷത്തിരുന്നു മൂക്കൊണ്ട് ഇക്ഷ ഇഞ്ഞ ഇട്ട ഞ്ഞ ഞഞ്ഞ പിഞ്ഞ ഖ ക്ക ട്ടട്ട വരയ്ക്ക്യോടോ. അത് കാണാന്‍ഞങ്ങള്‍ ഞങ്ങടെ മക്കള്‍  കേന്ദ്ര മന്ത്രീടെ സ്വന്തം കാറില് വരും. ഞങ്ങള്‍ടെ  സ്വന്തം കാറില് വരും. "

"അഹങ്കാരം കൊണ്ട് പറയല്ലെടാ പട്ടീടെ മോനെ ,,,"

ഫാ നിര്‍ത്തെടാ റാസ്ക്കല്‍""

"നീ പോടാ മ മ മ അത്  വേണ്ട മത്തങ്ങാ തലയാ 
ധൈര്യണ്ടെങ്കില്‍ ഇങ്ങട് വാടാ പുറത്തേക്ക്,  ഇങ്ങടെ വാടാ .. . ആഹാ . . . . "

"മത്തങ്ങാ തലയാ കൊല്ലോടാ നിന്നെ " !!!!! 


ലാസ്റ്റ് എഡിഷന്‍ : ഈ സംഭാഷണത്തിനു ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയി 'പാലാ' ബന്ധവും കാണും. അങ്ങനെ തോന്നിയാല്‍ അത് വെറും  'കയ്യേറ്റം'  മാത്രമാണ്.  അതില്‍ വല്ല പരാതിയും ഉള്ളവര്‍ രണ്ടിലയോ മോതിരമോ വാങ്ങി തലയില്‍ വച്ച് ഇങ്ങോട്ട് പോരെ. . .  ഹല്ലാ പിന്നെ !!!!

Monday, December 24, 2012

എന്നാലും എന്റെ നീബ്രൂ, കോപ്പിലെ എടപാടായിപോയി

                എന്നാലും എന്റെ നീബ്രൂ, ഇത് വല്ലാത്ത ചതിയായിപോയി. ഡിസംബര്‍ 21 പോട്ടെ, ലോകം  ഇന്നവസാനിക്കും നാളെ അവസാനിക്കും എന്ന് കരുതി രണ്ടു മൂന്നു ദിവസം കൂടി കാത്തു. രക്ഷയില്ല!!!

                 ഇല്ലാത്ത കാശും കൊടുത്തു ക്യൂ നിന്ന് ഇടിയും വാങ്ങി ആ കോപ്പിലെ പടം കണ്ടിറങ്ങിയപ്പോ  മുതലുള്ള പ്രതീക്ഷയോടുള്ള  കാത്തിരിപ്പാണ് ആവിയായിപോയത് .
അല്ലാ , എനിക്കിതു തന്നെ വരണം, ഉള്ളിലെ യുക്തിവാദി ആയിരം വട്ടം പറഞ്ഞതാ, ഇതെല്ലാം സായിപ്പിന്റെ ഉഡായിപ്പാണെന്നു, കേട്ടില്ല, എന്നിട്ടിപ്പോ എന്തായി? ലോകം അവസാനിക്കുന്നത് പോയിട്ട് ഇന്റെര്‍വെല്‍ പോലും ആയ മട്ടില്ല. ഒരു മെഗാ സീരിയല്‍ പോലെ നീണ്ടു നീണ്ടു പോകുന്നു.

           എന്തൊക്കെ ബഹളമായിരുന്നു? 2012 സിനിമ, മായന്മാരുടെ കലണ്ടര്‍, നീബ്രു ഗ്രഹം, ജ്യോതിഷ പ്രവചനം, ലോകാവസാനം, ഒലക്കേടെ മൂട്  !!!

             2012ല്‍ എല്ലാം കൂടി പണ്ടാരമടങ്ങും എന്ന് വിച്ചാരിച്ച്
 എത്ര ക്ലാസുകള്‍ ഞാന്‍ കട്ടാക്കി?,
എത്ര പരീക്ഷകള്‍ എഴുതാതിരുന്നു ?
എത്രയെത്ര പ്രണയാഭ്യര്‍ഥനകള്‍ ഞാന്‍ തട്ടിയെറിഞ്ഞു ?(അതും നല്ല കിളി പോലത്തെ കൊച്ചുങ്ങള്‍ ),
അഞ്ചക്ക ശമ്പളമുള്ള  എത്രയെത്ര ജോലികള്‍ വേണ്ടെന്നു വച്ചു?,
അവസാനം പവനായി ശവമായി!!!

വണ്ടിയുടെ ഇന്‍ഷുറന്‍സ്  അടച്ചില്ല,
ലൈസന്‍സ് പുതുക്കിയില്ല,
ബാങ്ക് ലോണിന്റെ തവണ അടച്ചില്ല,
സിം കാര്‍ഡ്‌ ലൈഫ് ടൈം ആക്കിയില്ല,
ആന്‍ന്ട്രോയിഡ് ഉള്ള മോവീല് വാങ്ങിയില്ല,
ജിമ്മില്‍ പോയില്ല(കത്തി ചാമ്പലാകാന്‍ പോകുമ്പോ എന്തിനാ 6 പായ്ക്ക്?),
എന്തിനേറെ പറയുന്നു, പല്ലിന്റെ റൂട്ട് കനാല്‍ പോലും ചെയ്തില്ല!!!

            ഇനി എനിക്കൊന്നും നോക്കാനില്ല. ലോകം അവസാനിക്കുകയോ അവസാനിക്കാതെ ഇരിക്കുകയോ ചെയ്യട്ടെ, ഞാനെന്റെ പാട് നോക്കാന്‍ പോവാ. രണ്ടിലൊന്ന് അറിഞ്ഞിട്ടു തന്നെ കാര്യം. ഹല്ല പിന്നെ !!!

ലാസ്റ്റ് എഡിഷന്‍ : പണ്ടേ തിലകന്‍ ചേട്ടന്‍ പറഞ്ഞതാ "കലണ്ടര്‍ മനോരമ തന്നെ" എന്ന്. കേട്ടില്ല . അവന്മാരുടെ ഒരു കലണ്ടെറും കോപ്പും. ഇപ്പൊ ഒരുത്തനെയും കാണുന്നില്ലല്ലോ ? മായന്മാര്‍ ആണത്രേ, മായന്മാര്‍!! ആരോ അറിഞ്ഞിട്ട  പേരാ, അക്ഷരം മാറിപോയോ എന്ന സംശയമേ ഉള്ളൂ !!! 

Saturday, April 14, 2012

ഒരു നോമ്പ് തുറയും കുറെ തറകളും . . .

                  ഹോസ്റ്റല്‍ ജീവിതം ആരുടേയും ജീവിതത്തിലെ മറക്കാനാകാത്ത ഓര്‍മയായിരിക്കും. അത്തരമൊരു സുന്ദര കാലത്തിലെ ഒരു അനുഭവമാണ് പറയുന്നത്. കോളേജ് ഹോസ്റ്റെല്‍ ഒക്കെ ഉപേക്ഷിച്ച് കോളേജില്‍ നിന്നും ദൂരെ ഫാറൂക്ക് കോളേജിനു അടുത്തായി ഒരു വീടൊക്കെ എടുത്താണ് താമസം.

അടുത്തുള്ളതെല്ലാം ഫാറൂക്ക് കോളേജ് അദ്ധ്യാപകരുടെ വീടുകളും ക്വാട്ടേഴ്സ്കളുമാണ്. ആകെ മൊത്തം ശാലീന കുലീനമായൊരു പ്രദേശത്ത് രണ്ടു നില കെട്ടിടത്തില്‍ എട്ടു അലംബന്മാര്‍!!!!!!!!!!!!!!..... ... .. !!!
 എന്നാലും പാതിരാത്രി ഒച്ചയും ബഹളവും ഉണ്ടാക്കി നാട്ടുകാരുടെ ഉറക്കം കെടുത്തും എന്നല്ലാതെ മറ്റു പ്രശ്നം ഒന്നും ഞാങ്ങളായിട്ട് ഉണ്ടാക്കിയിട്ടില്ല കേട്ടോ.

                അതൊരു നോമ്പ് കാലം ആയിരുന്നു. ഞങ്ങളെ സംബന്ധിടത്തോളം നോമ്പ്തുറക്കാലം. ക്ലാസ്സിലെ നല്ലവരായ മുസ്ലിം സുഹൃത്തുക്കള്‍ വീട്ടിലേക്കു ക്ഷണിച്ചു മ്രിഷ്ട്ടാന്ന ഭോജനം ഒരുക്കിത്തരുന്ന നല്ല കാലം. എന്നാല്‍ ആ വര്‍ഷം പരീക്ഷ സമയമായതുകൊണ്ടാണോ അതോ മുന്‍ വര്‍ഷത്തെ ഭീതിതമായ ഓര്‍മ്മകള്‍  കൊണ്ടാണോ എന്നറിയില്ല, അധികം നോമ്പ് തുറ പരിപാടികള്‍ ഒന്നും ഒത്തുകിട്ടിയിരുന്നില്ല. അതിന്‍റെ ഒരു നഷ്ടബോധവും പിന്നെ റൂമിലെ ഏക നോമ്പുകാരനായവന്‍ വീട്ടിലേക്ക് വിളിക്കുന്നത് പോയിട്ട് നോമ്പിന്‍റെ വകയായി ഒരു കപ്പലണ്ടി മിട്ടായിപോലും വാങ്ങി തരാത്തതിന്‍റെ തീരാത്ത കലിപ്പും കൊണ്ടിരിക്കുകയാണ് ഞങ്ങള്‍... ...
.
  
                   സാധാരണ പരീക്ഷാകാലത്ത് വിദ്യാര്‍ഥികളില്‍ വിശപ്പില്ലായ്മ കാണപ്പെടാറുണ്ട് എന്നാണു ശാസ്ത്രം. എന്നാല്‍ ഇവിടെ നേരെ മറിച്ചായിരുന്നു. പരീക്ഷ അടുത്ത ദിവസങ്ങളില്‍ ഒടുക്കത്തെ വിശപ്പാണ്. കൃത്യ സമയത്ത് ഭക്ഷണത്തിനായി ഹോട്ടെലിലേക്ക് ഓടും. പറ്റ് ബുക്ക്‌ നിറഞ്ഞു കവിയുന്നത് കാണുമ്പോള്‍ ഹോട്ടെലുടമ തലയിലെ വിഗ്ഗ് ഊരി വിയര്‍പ്പു തുടയ്ക്കും.

                        അങ്ങനെ പരീക്ഷാ വിശപ്പ്‌ പുര നിറഞ്ഞു നില്‍ക്കുന്ന നേരത്താണ് കഥാനായകനായ അയല്‍പ്പക്കത്തെ അടുക്കള കൊതിപ്പിക്കുന്ന മണവുമായി രംഗപ്രവേശനം ചെയ്യുന്നത്. അയലത്തെ അടുക്കളക്ക് ഒരു പ്രത്യേക ആകര്‍ഷണീയതയുണ്ട്. സ്വന്തം വീട്ടിലെ ചിക്കന്‍ ബിരിയാണിയേക്കാള്‍ അടുത്ത വീട്ടിലെ ഉള്ളിചമ്മന്തിയുടെ   മണമായിരിക്കും നാവില്‍ വെള്ളമൂറ്റുന്നത്. അപ്പൊ പിന്നെ ഹോട്ടെല്‍ ഭക്ഷണം മടുത്തിരിക്കുന്ന ഞങ്ങളുടെ കാര്യം പറയാനുണ്ടോ?

                     ബന്ധുക്കളെയും സ്വന്തക്കാരെയും വിളിച്ചുകൂട്ടിയുള്ള നോമ്പ് തുറപരിപാടി ആണോ അതോ സാധാരണ നോമ്പ് തുറ ഒന്ന് കൊഴുപ്പിച്ചതാണോ എന്നറിയില്ല അടുത്ത വീട്ടിലെ അടുക്കളയില്‍ വിഭവങ്ങള്‍ ഏറെയുണ്ട് എന്നുറപ്പ്!!!! സ്വാഭാവികമായും അതെങ്ങനെയെകിലും പങ്കുപറ്റാന്‍ ഉള്ള വഴിയെന്ത് എന്നാ ചിന്ത എല്ലാരുടെയും മനസ്സില്‍ ഒരുമിച്ചുണര്‍ന്നു. ആരും പരസ്പരം ഒന്നും പറഞ്ഞില്ലെങ്കിലും. . .

                      പഠിക്കാനെന്നും പറഞ്ഞു വരാന്തയില്‍ ഇരിപ്പാണ് എന്നതിനാല്‍ ഞങ്ങളും അടുക്കളയും തമ്മില്‍ മൂന്നു മീറ്റര്‍ ദൂരം കഷ്ടിയാണ്‌........ അത് കൊണ്ട് തന്നെ ഞങ്ങള്‍ പറയുന്നതെല്ലാം അവിടെ കേള്‍ക്കും എന്നുറപ്പ്. (ഞങ്ങള്‍ക്ക് വേണ്ടതും അതാണല്ലോ!)

                        നോമ്പ് തുറക്ക് വിളിക്കാത്ത കൂട്ടുകാരനോടുള്ള കലിപ്പ് തീരത്തെ ഇരിക്കുന്നതിനാല്‍ തുടക്കം അതില്‍ തന്നെ ആകട്ടെ എന്ന് കരുതിയാകും , ചാലക്കുടിക്കാരന്‍ സുഹൃത്ത്  ആദ്യത്തെ വെടി പൊട്ടിച്ചു 
"എന്നാലും മച്ചാ അവന്‍ നമ്മളെ നോമ്പ് തുറക്കാന്‍ വിളിചില്ലല്ലോടാ!!" എന്ന ഒരു നിരുപദ്രവകരമായ ആത്മഗതം. (ആത്മഗതം പക്ഷെ അപ്പുറത്തെ കവല വരെ കേട്ടുകാണും എന്നുറപ്പ് !!) 

ഏതു സിക്സ്‌ത് സെന്‍സ് ആണെന്നറിയില്ല, സഹമുറിയന്മാര്‍ എട്ടു പേരും ജാഗരൂകരായി. 


"അതെ, ഇത്ര അടുത്ത വീടായിട്ടും അവന്‍ നമ്മളെ വിളിക്കാത്തത് മോശമായി" ആരോ ഏറ്റുപിടിച്ചു. . . 

"നമ്മളെ വിളിക്കും എന്ന് തന്നെ ഞാനും കരുതി. ഒന്നുമില്ലേലും ഒരു കുടുംബം പോലെ കഴിയുന്നതല്ലേ?" ഒരുത്തന്‍ ഇപ്പം കരയും എന്ന മട്ടായി...

ഈ പ്രാകുന്ന കൂട്ടുകാരന്‍ ഞങ്ങളെ കൂട്ടാതെ വീട്ടില്‍ പോയെന്നേ കേള്‍ക്കുന്ന ആരും കരുതൂ, പക്ഷെ ആള് മുകളിലെ നിലയില്‍ നോമ്പിന്‍റെ ആലസ്യത്തില്‍ മയങ്ങുകയാണ് എന്ന സത്യം ഞങ്ങക്കല്ലേ അറിയൂ !!!

"അതിന്നു നിന്നെയൊക്കെ വീട്ടില്‍ കേറ്റാന്‍ കൊള്ളുമോടാ? അത്കൊണ്ടാകും വിളിക്കാത്തത്" ആരോ സെല്‍ഫ് ഗോളടിച്ചു !!!!

"വീട്ടില്‍ കേറ്റിയില്ലെങ്കില്‍  വേണ്ട, ഉണ്ടാക്കിയത് കുറച്ചു കൊണ്ട് വന്നു തന്നൂടെ?" ഞാന്‍ ആ ഗോളൊന്നു തടുക്കാന്‍ നോക്കി !!

ഓരോ പറച്ചിലുകളും അങ്ങാടി മുഴുവന്‍ കേള്‍ക്കുന്ന ശബ്ധത്തില്‍ ആയതുകൊണ്ട് കേള്‍ക്കേണ്ടവര്‍ കേള്‍ക്കുന്നുണ്ട് എന്നുറപ്പ്. പക്ഷെ അവിടുന്ന് വെള്ളപ്പുക ഉയരുന്ന ലക്ഷണം മാത്രം കാണുന്ന ലക്ഷണം ഇല്ല  !! 

പണി പാളുകയാണോ? വായില്‍ കപ്പലോടിക്കാന്‍ വെച്ച വെള്ളം തുപ്പിക്കളയെണ്ടി വരുമോ? എല്ലാര്‍ക്കും ഒരേ സമയം സംശയം മൊട്ടിട്ടു !!!

ഇനി പറഞ്ഞത് മനസ്സിലാകാത്തതാകുമോ? അതോ മനസ്സിലായിട്ടും കേട്ടില്ലെന്നു നടിക്കലോ?
പരസ്പരം ഒന്നും പറഞ്ഞില്ലെങ്കിലും എല്ലാരും മുഖത്തോട് മുഖം നോക്കി..

അപ്പോളാണ് പ്രതീക്ഷയുടെ വെള്ളിവെളിച്ചം പോലെ ആ കാഴ്ച എന്റെ കണ്ണില്‍ പെട്ടത്. പാതി തുറന്ന ജനല്‍ പാളികളില്‍ കൂടെ ഞങ്ങളെ നോക്കി ചിരിക്കുന്ന രണ്ടു ജോഡി കുസൃതിക്കണ്ണുകള്‍ !!!!


അയല്‍പ്പക്കത്തെ ഏറ്റവും ഇളയ സന്തതികള്‍ രണ്ടും ഞങ്ങളുടെ സംസാരം കേട്ട് വായ്‌ പൊത്തി ചിരിക്കുകയാണ് !!!


നഷ്ടപെട്ട ഞങ്ങളുടെ പ്രതീക്ഷകള്‍ക്ക് കരുത്തേകാന്‍ ആ കാഴ്ച ധാരാളമായിരുന്നു.

ഇനിയിപ്പോ നാണവും മാനവും നോക്കിയിട്ട് കാര്യമില്ല. (അല്ലെങ്കില്‍ തന്നെ ഇല്ലാത്ത കാര്യത്തെ പറ്റി എന്തിനാ ടെന്‍ഷന്‍ !!). രണ്ടും കല്‍പ്പിച്ചു തന്നെ ഇറങ്ങാന്‍ ഞങ്ങളും തീരുമാനിച്ചു..


"അവനെ മാത്രം പറഞ്ഞിട്ടെന്താ? ഇവിടെ തൊട്ടടുതുള്ളവര്‍ പോലും ഒന്ന് വിളിച്ചു ഒരു കട്ടന്‍ ചായ പോലും തന്നിട്ടില്ല, പിന്നെന്തിനാ അവനോട് ദേഷ്യപ്പെടുന്നത്?!!" ആരോ ഒരു ത്രൂ പാസ്‌ അടിച്ചു

"അതെ, ഒന്നുമില്ലേലും ഒരേ മാവിന്‍റെ തണലില്‍ കഴിയുന്നവരല്ലേ? ഒന്ന് വിളിച്ചു അന്വേഷിക്കാമായിരുന്നു, വല്ലതും വേണോ എന്ന്"!!!

"മാത്രമല്ല, ഈ മണം മുഴുവന്‍ സഹിക്കുന്നത് ഈ പാവങ്ങള്‍ അല്ലെ എന്ന് പോലും ആരും ഓര്‍ത്തില്ല"

"പ്രത്യേകിച്ചും ഇന്ന് ഞായറാഴ്ച, ഒറ്റ ഹോട്ടലും തുറന്നിട്ടില്ല. പഠിക്കുന്ന പിള്ളേരല്ലേ? വിശന്നു വലഞ്ഞു ഇരിക്യാണെന്ന വിചാരം ആര്‍ക്കുമില്ല"
പല്ലിന്റെ ഇടയില്‍ ടൂത്ത്പിക്ക് ഇട്ടു കുത്തികൊണ്ടിരുന്ന കൂട്ടുകാരന്‍റെ അടുത്ത   ആത്മഗതം  !!!!


അയല്‍പ്പക്കത്ത്‌ നിന്നും അടക്കിപ്പിടിച്ച പൊട്ടിച്ചിരികള്‍ ഉയര്‍ന്നു. തൊട്ടുപിന്നാലെ  നേരത്തെ പറഞ്ഞ രണ്ടു ജോഡി കുസൃതിക്കണ്ണുകള്‍ ആരോ പിടിച്ചു മാറ്റിയാലെന്ന പോലെ പുറകോട്ടു മറയുകയും ജനവാതില്‍ വലിച്ചടക്ക്പ്പെടുകയും ചെയ്തു..

ഇനി രക്ഷയില്ല. നോമ്പ്‌ തുറ മോഹം ഗോവിന്ദ!!!


ഇനിയിപ്പോ  അലമ്പാക്കുക തന്നെ.
നെടുമുടി വേണു ചേട്ടനെ മനസ്സില്‍ ധ്യാനിച്ച്‌ കൊണ്ട് എല്ലാരും സമൂഹ മിമിക്രി തുടങ്ങി.

"ഇവിടൊന്നും കിട്ടീല, ഇവിടൊന്നും  തന്നീല്ലാ"!!!
"ഇവിടൊന്നും കിട്ടീല,  ഇവിടൊന്നും  തന്നീല്ലാ"!!!
"ഇവിടൊന്നും കിട്ടീല,  ഇവിടൊന്നും  തന്നീല്ലാ"!!!

ആത്മഗതങ്ങള്‍ അശരീരി പോലെ മുഴങ്ങി ...

റോഡിലൂടെ വല്ല പിച്ചക്കാരും പോയിരുന്നെങ്കില്‍ അവര് പോലും നാണിച്ചുപോയേനെ !!!

അങ്ങനെ പവനായി ശവമായി !!!
ഉള്ള മാനവും പോയി, വായിലെ വെള്ളവും വറ്റി.  
ഇനിയിപ്പോ കവി പറഞ്ഞപോലെ "ഓണമുണ്ട വയറേ ചൂളം പാടിക്കിട" തന്നെ രക്ഷ     !!!

അടുക്കളയുടെ മണത്തെ വെല്ലാന്‍ ഓരോ കുന്തിരിക്കം "പുകയ്ക്കുക" തന്നെ . അത്ര നേരം പഠിച്ചതല്ലേ!!!! ക്ഷീണം മാറ്റാന്‍ ഒന്ന് കിടക്കാമെന്ന് ഞാനും കരുതി.

ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞു കാണും. കാളിംഗ് ബെല്‍   രണ്ടടിച്ചു. പട്ടാപ്പകല്‍ ഈ വീട്ടിലെ കാളിംഗ് ബെല്‍ മുഴങ്ങുകയോ? അതും പ്രൈവറ്റ് ബസ്സിന്‍റെ ഡോര്‍ പോലെ ഇതു നേരവും തുറന്നിരിക്കുന്ന മുന്‍വാതില്‍ ഉള്ളപ്പോ!!!

ആരപ്പാ ഇത് എന്നറിയാന്‍ അഴിഞ്ഞു പോയ ലുങ്കിയും വാരിച്ചുറ്റി ഒരുത്തന്‍ താഴേക്കിറങ്ങി പോയി. പോയതിനേക്കാള്‍ വേഗത്തില്‍ അവന്‍ തലയില്‍ കൈവച്ചു തിരിച്ചോടി വരുന്നതാണ് പിന്നെ കണ്ടത്!!!


"ഓരോന്ന് ഉണ്ടാക്കി വച്ചിട്ടിപ്പോ എന്തായി?  താഴെ പോയി നോക്കിനെടാ"
 അവന്‍ ശബ്ദം പുറത്തുവരാതെ അലറി !!!


എവിടുന്നു ഉണ്ടാക്കിയ അടിയാവോ തിരിച്ചു കിട്ടാന്‍ പോകുന്നത് എന്ന് അല്ഭുതപ്പെട്ടുകൊണ്ട് എല്ലാരും കൂടി താഴേക്ക് ഓടി ചെന്നു. ചെന്നവര്‍ ചെന്നവര്‍ ഒരു  വളിച്ച    ഉപചാര ചിരിചിരിച്ചു കൊണ്ട് നില്‍ക്കുന്നതാണ് പുറകെ ചെന്നവരെല്ലാം കണ്ടത്!!!

കൈയ്യില്‍ ഓരോ വലിയ പാത്രങ്ങളുമായി അയല്‍പ്പക്കത്തെ കുട്ടികള്‍ മുറ്റം നിറഞ്ഞു നില്‍ക്കുന്നു !!!!
മതിലിനു അപ്പുറത്തായി അവരുടെ ഉപ്പയും ഉമ്മയും ഞങ്ങളെ നോക്കി ചിരിക്കുന്നു !!!


"നിങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയതാ, പരീക്ഷ ആയോണ്ട് സമയം മെനക്കെടുത്തണ്ട എന്ന് കരുതിയാ ഇങ്ങോട്ട് കൊണ്ട്  വന്നത്. മുഴുവന്‍ കഴിക്കണം കേട്ടോ. പാത്രങ്ങള്‍ മതിലില്‍ വച്ചാല്‍ മതി, ഞാന്‍ പിന്നെ എടുത്തോളാം" ഉമ്മ പറഞ്ഞു !!!


"ഓ ഇതൊന്നും വേണ്ടായിരുന്നു" ഞാന്‍ ആ വളിച്ച ചിരിയെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചുകൊണ്ട് പറഞ്ഞു..

"ഹേ അതൊന്നും സാരമില്ല, ഞങ്ങടെ ഒരു സന്തോഷത്തിനാ എന്ന് കരുതിയാ മതി" ഉപ്പയും ഉപചാരം വിട്ടില്ല...


"പത്തിരീം കോയിക്കറീം ആണ്, ബിരിയാനീം ണ്ട്" കൂട്ടത്തില്‍ ചെറിയവന്‍ ചിരിച്ചോണ്ട് പറഞ്ഞു.


"ഓ ആയിക്കോട്ടെ" നമ്മള്‍ ഇതെത്ര കണ്ടതാ !!!


പാത്രങ്ങള്‍ ഒക്കെ മെല്ലെ എടുത്തു അകത്തു വച്ച്‌ വാതില്‍ അടച്ചു. എല്ലാരും മുഖത്തോട് മുഖം നോക്കി. 

സാധാരണ ഇങ്ങനെ ഭക്ഷണം കൈയ്യില്‍ കിട്ടിയാല്‍ കൂട്ടത്തല്ല് കൂടി പിടിച്ചു പറിച്ചു തിന്നാറാണ് പതിവ്. ഇന്ന് പക്ഷെ ആര്‍ക്കും ആ ആവേശം കാണുന്നില്ല.


"എന്താന്നറിയില്ല, തൊണ്ടയില്‍ ആരോ പിടിച്ച പോലെ, അങ്ങോട്ട് ഇറങ്ങുന്നില്ല" ഒരു പത്തിരി കഷ്ണം കയ്യില്‍ പിടിച്ചുകൊണ്ട് വീണ്ടും ആത്മഗതം !!!  

പിന്നെയൊരു കൂട്ട ചിരി ആയിരുന്നു. പൊട്ടിച്ചിരിച്ചും പരസ്പരം കളിയാക്കിയും ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നോമ്പ് തുറ ഞങ്ങള്‍ ആഘോഷമാക്കി  . .


ലാസ്റ്റ് എഡിഷന്‍ : കഴിച്ചു കഴിഞ്ഞ് പാത്രം തിരികെ കൊടുക്കുന്നതിനെ പറ്റി ആലോചിച്ചപ്പോ ഒരു സംശയം. ഭക്ഷണം നമുക്ക് വേണ്ടി ഉണ്ടാക്കിയതല്ലെന്നും ഇവിടുന്നു വിളിച്ചു പറഞ്ഞ ആത്മഗതങ്ങള്‍ കേട്ടിട്ട് സഹികെട്ട് തന്നതാണെന്നും ഉറപ്പ്. പക്ഷേ, നമ്മളെ അങ്ങോട്ട് വിളിക്കാതെ ഭക്ഷണം ഇവിടെ കൊണ്ട് വന്നു തന്നതും പാത്രം വീട്ടിലേക്ക് കൊണ്ട് വരാന്‍ പറയാതെ മതിലില്‍ വച്ചാ മതി എന്ന് പറഞ്ഞതും നമ്മുടെ പഠനം മുടക്കണ്ട എന്ന് കരുതി തന്നെ ആകുമല്ലേ?

ഇമ്മാതിരി അലമ്പന്മാരെ വീട്ടില്‍ കയറ്റാന്‍ ഉള്ള പേടി . .  ഹേയ് അതൊന്നും ആകില്ല അല്ലെ?????? 

Monday, July 25, 2011

ഒരു സൂപ്പര്‍ സ്റ്റാര്‍ കുടുംബ ചിത്രം (Tax Free) !!!!

             മലയാള സിനിമയിലെ രണ്ടു സൂപ്പര്‍ താരങ്ങള്‍ വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്നും കണക്കില്‍ പെടാത്ത കണക്കറ്റ സ്വത്തുക്കള്‍ ഇവരുടെ കൈവശം ഉണ്ടെന്നുമൊക്കെ ആണെല്ലോ ആദായ നികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്!!
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരവുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തില്‍ സൂപ്പര്‍ താര സ്വത്തു വിഷയത്തില്‍ വരും ദിവസങ്ങളില്‍ അഖില ലോക മലയാളീസ് നടത്താനിടയുള്ള അഭിപ്രായ പ്രകടനങ്ങളെ നമുക്കൊന്ന് സങ്കല്‍പ്പിച്ചു നോക്കാം...


1) സ്വത്തുക്കള്‍ സൂപ്പര്‍ താരങ്ങളുടെതാണ്. കണക്കില്‍ പെട്ടതോ പെടാത്തതോ ആകട്ടെ, അത് അവര്‍ക്ക്  മാത്രം അവകാശപ്പെട്ടതാണ്. അത് അവരെ തിരികെ ഏല്‍പ്പിക്കുക 


2) സ്വത്തുക്കള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം.അത് പാവങ്ങള്‍ക്ക് വിതരണം ചെയ്യുകയോ ജനോപകാരപ്രദമായ നടപടികള്‍ക്കായി ഉപയോഗിക്കുകയോ ചെയ്യണം( ഇത് പറഞ്ഞവന്റെ വീട് നോക്കി വെക്കാന്‍ ഫാന്‍സുകാര്‍ മറക്കണ്ട)!!!!


3) സ്വത്തുക്കള്‍ സിനിമയുടെതാണ്. അത് സിനിമാപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണം. പുതിയ തീയെറ്റെറുകള്‍ തുറക്കണം. (നിലവില്‍ കുത്തുപാളയെടുത്ത് പൂട്ടിക്കിടക്കുന്നവ കുത്തിതുറന്നാലും മതി)


4) സ്വത്തുക്കള്‍ മലയാള സിനിമയുടെ പൊതു സ്വത്തല്ല. ലാലേട്ടന്റെ സ്വത്തുക്കള്‍ ലാല്‍ ഫാന്‍സ്‌നും മമ്മൂക്കയുടെ സ്വത്തുക്കള്‍ മമ്മൂക്ക ഫാന്‍സിനും വീതിച്ചു നല്‍കണം. അസോസിയേഷന്‍ന്റെ   കഷ്ടതയനുഭവിക്കുന്ന യൂണിറ്റുകള്‍ക്ക് സഹായം നല്‍കാന്‍ ഇതുപയോഗിക്കാം. 


5) സ്വത്തുക്കള്‍ മലയാള സിനിമയുടെ  ചരിത്രത്തിന്റെ ഭാഗമാണ്. അവ ഒരു മ്യൂസിയത്തില്‍ സൂക്ഷിക്കണം. അതില്‍ നിന്നും കിട്ടുന്ന വരുമാനം സൂപ്പറുകളുടെ സൂപ്പര്‍ ഫ്ലോപ്പ് പടമെടുത്ത് പൊട്ടിപ്പാളീസായ നിര്‍മാതാക്കള്‍ക്ക് പെന്‍ഷന്‍ നല്‍കാം ....


6) ചില താരങ്ങളുടെ മാത്രം കൈയ്യില്‍ സ്വത്തുക്കള്‍ കുമിഞ്ഞു കൂടരുത്. അവ മലയാളത്തിലെ എല്ലാ സിനിമാ താരങ്ങള്‍ക്കും വീതിച്ചു നല്‍കണം...


7)ഇത് കാലങ്ങള്‍ ആയി സിനിമാ പ്രേമികള്‍ കാണിക്കയായി ഇട്ട പണമാണ്. അത് അതെ പോലെ നിലനിര്‍ത്തണം

8)മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളെ പറ്റി എല്ലാരും പറയുന്നു.. ഉഗാണ്ടയിലെ താരങ്ങളെ പറ്റി ഇങ്ങനെ പറയാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ? മലയാളത്തില്‍ സിനിമയില്‍ നിന്നുള്ള വരുമാനം സിനിമസ്വം ബോര്‍ഡ്‌ വഴി  സര്‍ക്കാരിന് ലഭിക്കുന്നു. ഉഗാണ്ടയില്‍ സിനിമയില്‍ നിന്നുള്ള വരുമാനം ആര്‍ക്കാണ് ലഭിക്കുന്നത് എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?

9) മുഴുവന്‍ സ്വത്തുക്കളും തിലകനെയും അഴീക്കോടിനെയും ഏല്‍പ്പിക്കണം...

10)  ഈ സ്വത്തു ഉപയോഗിച്ച്  ഏലിയന്‍ സ്റ്റാര്‍ പണ്ഡിറ്റ്ജിയുടെ  "കൃഷ്ണനും രാധയും" എന്ന ചിത്രം ഹോളിവുഡില്‍ നിര്‍മിക്കണം 
  

ലാസ്റ്റ് എഡിഷന്‍ : "ഞാനും സൂപ്പര്‍ സ്റ്റാര്‍ ആണ്. എന്റെ വീടും റൈഡ് ചെയ്യണം. എന്റെ വീട് ഒഴിവാക്കിയ ആദായ നികുതി വകുപ്പിനെതിരെ പരാതി നല്‍കും. വയസ്സായ സൂപ്പര്‍ സ്റ്റാറുകള്‍ക്ക്  ഇനി ഈ സ്വത്തില്‍ അവകാശമില്ല. മുഴുവന്‍ സ്വത്തുക്കളും എന്നെ ഏല്‍പ്പിച്ച് അവര്‍ എനിക്ക് വഴി മാറിത്തരണം" -- സൂപ്പര്‍സ്റ്റാര്‍ പ്രിഥ്വിരാജപ്പന്‍  

Related Posts Plugin for WordPress, Blogger...