Saturday, December 7, 2013

"തോക്ക് ഒക്കെ തരാം, പക്ഷെ ഒരിക്കലും ഉപയോഗിക്കരുത്"- ഒരു മോഷണ കഥ


കൊച്ചിയിലെ ഞങ്ങളുടെ ലോഡ്ജ് മുറിയില്‍ രണ്ടു ദിവസം മുന്‍പ്‌ പുലര്‍ച്ചെ കള്ളന്‍ കേറി. അതും ചുമ്മാതങ്ങ്‌ കയറുകയല്ല.  അകത്തുനിന്നും വാതില്‍ പൂട്ടി കിടന്നുറങ്ങുകയായിരുന്ന ഞങ്ങളെ ഭദ്രമായി പുറത്തുനിന്നും പൂട്ടിയിട്ട് കള്ളന്‍ നൈസായി ജനലിലൂടെ കയ്യിട്ട് മേശമേല്‍ വച്ചിരുന്ന എന്റെ  സുഹൃത്തിന്‍റെ വിലപ്പിടിപ്പുള്ള  മൊബൈലും പേഴ്സും ഒരു കുപ്പി ബിസ്‌ലേരി വാട്ടറും അടിച്ചോണ്ട് പോയി. സുഹൃത്ത് ആ സമയത്ത്ഉണര്‍ന്നതുകൊണ്ടാകാം മേശമേല്‍ ഇരുന്നിരുന്ന എന്‍റെ ലാപ്ടോപ്‌ കള്ളന്‍ എടുക്കാന്‍ ശ്രമിച്ച ശേഷം ഉപേക്ഷിച്ചു. 

കള്ളന്‍ പുറത്തുനിന്നും പൂട്ടിയ റൂമില്‍ നിന്നും പുറത്തുകടക്കാന്‍ വാതിലില്‍ ചവിട്ടിയും ഇടിച്ചും അപ്പുറത്തുള്ള ആളുകളെ ഉണര്ത്താന്‍ ഉള്ള ശ്രമം നീണ്ടുപോയി. ആരെയെങ്കിലും വിളിക്കാമെന്നു വച്ചാല്‍ ആരെ വിളിക്കാന്‍? ഒടുവില്‍ പോലീസ് എമര്‍ജന്‍സി ഹെല്‍പ് ലൈന്‍ എന്ന് പറയപ്പെടുന്ന നൂറില്‍ വിളിച്ചു. ആരെടുക്കാന്‍?  ഒടുവില്‍ വാതിലില്‍ കസേര വച്ചുള്ള ആക്രമണത്തിന് ശേഷം ആരൊക്കെയോ വന്ന് വാതില്‍ തുറന്നുതന്നു.

വീണ്ടും നൂറില്‍ വിളിച്ചു, കളവ് നടന്നിട്ട് അധികനേരം ആയില്ലെന്നുറപ്പ്. നൂറു  വട്ടം വിളിച്ചിട്ടും നൂറില്‍ അനക്കമില്ല.  ഒടുക്കം ഹൈവെ പോലീസിനെ വിളിച്ചു, ഉറക്കം നഷ്ട്ടപ്പെട്ടവന്‍റെ മുഴുവന്‍ കലിപ്പോടെ ആരോ ഫോണ്‍ എടുത്തു. വിവരം മുഴുവന്‍ പറയുംമുന്പ് ആള് വീണ്ടും ഉറങ്ങിപ്പോയെനു തോന്നുന്നു, കട്ട്‌ ചെയ്ത് വീണ്ടും വിളിച്ചപ്പോ ഏതോ ഒരു സ്റ്റേഷനിലെ നമ്പര്‍ തന്നു. അവിടെ വിളിച്ചു, സംഭവം ഒക്കെ വിശദമായി കേട്ട ശേഷം മറുപടി, “സംഭവം ഒക്കെ ശരി, പക്ഷെ നിങ്ങളുടെ സ്ഥലം ഞങ്ങളുടെ സ്റ്റേഷന്‍ പരിധി അല്ലല്ലോ?”
വളരെ സന്തോഷം... ഒടുക്കം സ്ഥലത്തിന്റെ‍ ദിക്കും ദിശയും ഒക്കെ  പറഞ്ഞുകൊടുത്തപ്പോ അടുത്ത സ്റ്റേഷനിലെ നമ്പര്‍ തന്നു. അവിടെ വിളിച്ചു, വീണ്ടം കഥ മുഴുവന്‍ ആവര്ത്തി ച്ചു, ദെ വരുന്നു കിടിലോല്‍ക്കിടിലന്‍  ചോദ്യം,
“ആട്ടെ കള്ളന്‍ ഇപ്പൊ എവിടുണ്ട്?”
“ഇവിടിരുന്ന് കുബ്ബൂസ് ചാറില്‍ മുക്കി നക്കിക്കൊണ്ടിരിക്കാണ്” എന്ന് പറയാന്‍ നാവ് തരിച്ചു.
“കള്ളന്‍ ഒക്കെ ഓടിപ്പോയി സാര്‍”.              
“ആഹാ എന്നാ പിന്നെ നിങ്ങള്‍ നാളെ ഒരു പത്ത് മണിയാകുമ്പോ വന്ന് ഒരു പരാതി താ, ഇവിടിപ്പോ ആരുമില്ല”

ഡിം,  

അങ്ങനെ രാവിലെ തന്നെ സ്റ്റേഷനില്‍ എത്തി. കാര്യങ്ങള്‍ ഒക്കെ കേട്ട ശേഷം എസ്ഐ അന്വേഷിക്കാന്‍ ആളെ ഏര്‍പ്പാടാക്കിയ ശേഷം പരാതി എഴുതി റൈറ്ററെ ഏല്പ്പി ക്കാന്‍ പറഞ്ഞു. ഉച്ചയോടെ അഡീഷണല്‍ എസ്ഐ വന്ന് റൂമൊക്കെ കണ്ടുപോയി.
കൊള്ളാലോ കേരളാ പോലീസ് !!!

IMEI  നമ്പറും ഒപ്പിച്ച് വീണ്ടും സ്റ്റെഷനിലേക്ക് തിരിച്ചു. റൈറ്ററെ കണ്ട് പരാതിയില്‍ IMEI നമ്പര്‍ എഴുതി ചേര്ത്തു്. പരാതി ഒക്കെ വായിച്ച ശേഷം റൈറ്റര്‍.

“പരാതിയൊക്കെ കൊള്ളാം, പക്ഷെ കളവ് പോയി എന്നല്ല, നഷ്ട്ടപ്പെട്ടു എന്ന് വേണം എഴുതാന്‍, അല്ലെങ്കില്‍ കേസ് എടുക്കേണ്ടി വരും, അതൊന്നും നടക്കില്ല,”

“അല്ല സാര്‍ റൂം പുറത്തുനിന്നും പൂട്ടി ജനലിലൂടെ കയ്യിട്ട് മോഷണം നടത്തിയതാണ് സാര്‍”

“പുറത്തു നിന്നു വാതില്‍ പൂട്ടാനോ? അത് വല്ല പ്രേതവും ആകുമെടെയ്” നിങ്ങള് പോയി പറഞ്ഞ പോലെ തിരുത്തിയിട്ട് വാ” റൈറ്റര്‍ സാര്‍  

കണ്ണ് തിരുമ്പി ചുറ്റും നോക്കി, മുതലകുഞ്ഞുങ്ങളെ ഒന്നും കാണാനില്ല. പോലീസ് സ്റ്റേഷന്‍ തന്നെ.

“കളവ് പോയതിനെ നഷ്ടപ്പെട്ടത് എന്ന് എഴുതാന്‍ പറ്റൂല സാര്‍” 


വീണ്ടും എസ്ഐയെ കണ്ടു, ആളെ റൂമിനകത്ത് പൂട്ടിയിട്ടാണ് മോഷണം നടന്നത്, അകത്ത് കിടന്ന് നൂറില്‍ വിളിച്ചിട്ട് കിട്ടിയില്ല തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞു.
കേസ് എടുത്താല്‍ ഇരുട്ടിവെളുക്കും മുന്‍പ് കള്ളനെ പിടിക്കും എന്ന് കരുതിയിട്ടൊന്നുമല്ല, എന്നാലും ഇതിനു മുന്‍പും സമാനമായ മോഷണം നടന്ന സ്ഥലത്ത് ഇനിയെങ്കിലും ഇതു ആവര്‍ത്തിക്കരുത്, കേസ് എടുക്കില്ല എന്ന ഉറപ്പ് കള്ളന്മാര്‍ക്ക് ലഭിക്കരുത്‌ തുടങ്ങിയ "പൊതുതാല്‍പര്യങ്ങള്‍" ആണ് പുറകില്‍ എന്നൊക്കെ പറഞ്ഞ് നോക്കി .

പത്ത് മിനുട്ടിലധികം നീണ്ട ഉപദേശത്തിനൊടുവില്‍ കാര്യം മനസ്സിലായി. കേസ് എടുപ്പിക്കല്‍ നടക്കില്ലെന്നുറപ്പ്. 
ശരി അങ്ങനെ എങ്കില്‍ അങ്ങനെ, എന്നാ പിന്നെ കൊടുത്ത പരാതിയുടെ റെസീപ്പ്റ്റ് എങ്കിലും തരണം എന്ന് ന്യായമായും ആവശ്യപ്പെട്ടു, ഇനിയൊരിക്കല്‍ അന്വേഷിച്ചു വരുമ്പോ കാണിക്കാന്‍ ഒരു കള്ളാസ് എങ്കിലും വേണ്ടേ?

വീണ്ടും റൈറ്ററുടെ അടുത്തേക്ക്,

"പരാതി മാറ്റിഎഴുതാതെ ഒരു റെസീപ്പ്ട്ടും കിട്ടുമെന്ന് കരുതേണ്ട"      

"അങ്ങനെ പറയരുത് സാര്‍, മോഷണം നടന്നിട്ട്..."

"എന്തോന്ന് മോഷണമേടെയ് ?  ഫോണ്‍ കൊണ്ട് പോയി കളഞ്ഞിട്ട് മോഷണം എന്നും പറഞ്ഞ് ഇങ്ങു പോന്നോളും, ങാ പോ "

"കേസോ എടുക്കുന്നില്ല, തന്ന പരാതിക്ക് റെസീപ്റ്റ് എങ്കിലും കിട്ടാതെ എങ്ങനെ പോകാനാ?"

"ആഹാ, എന്നാ പിന്നെ നീ അങ്ങ് വാങ്ങിക്ക്, ഒന്ന് കാണട്ടെ" ...


വീണ്ടും എസ്ഐയുടെ അടുത്തേക്ക്..

"ശരി ശരി, അങ്ങനെ ഒക്കെ ആണെങ്കില്‍ രാത്രി ഞാന്‍ ഒരു സ്ക്വാഡിനെ അങ്ങോട്ടയക്കാം, അവര്‍ അന്വേഷിക്കട്ടെ,  നിനക്കുള്ള റെസീപ്റ്റ് നാളെ വാ, തരാം"

നിന്നിട്ട് കാര്യമില്ലെന്ന് ഉറപ്പായതോടെ അവിടെനിന്നിറങ്ങി..

രാത്രി മുഴുവന്‍ കാത്തിരുന്നിട്ടും ജ്യോതിയും വന്നില്ല, സ്ക്വാഡും വന്നില്ല...

കയ്യിലെ കാശ് അടിച്ചുപോയ അവസ്ഥയില്‍ കൊച്ചിയില്‍ പട്ടിണി കിടക്കാനുള്ള കാശ് പോലും തികച്ചില്ല രണ്ടാളുടെയും കയ്യില്‍ എന്നതിനാല്‍ തിരിച്ച് നാട്ടിലേക്ക് വണ്ടി കയറി..    


ലാസ്റ്റ് എഡിഷന്‍:  രണ്ടു ചോദ്യങ്ങള്‍ മാത്രം ബാക്കി...

കേരളത്തിലെ പോലീസ് സ്റ്റെഷനുകള്‍ ഭരിക്കുന്നത്  ഡിപ്പാര്‍ട്ട്മെന്‍റ്ലെ ക്ലാസ് ഫോര്‍ ജീവനക്കാര്‍ ആണോ?

പരാതി ഒക്കെ വാങ്ങാം, കേസും എടുക്കില്ല, പരാതിക്ക് റെസീപ്റ്റും തരില്ല,
"തോക്ക് ഒക്കെ തരാം, പക്ഷെ ഒരിക്കലും ഉപയോഗിക്കരുത് എന്നാ സിഐഡി മൂസ ലൈന്‍ !!!!" 
 അപ്പൊ തൂക്കിയിട്ട് നടക്കാനാണോ പിന്നെ സാര്‍ തോക്ക് ?

22 comments:

 1. ആരോട് പറയാന്‍..?വന്നുവന്ന് എല്ലാം കാഴ്ചയും കാഴ്ചക്കും മാത്രം.

  ReplyDelete
 2. അത്ഭുതമില്ല മ്മടെ പോലിസ് ല്ലേ :)

  ReplyDelete
 3. ഇതേ പോലെ ഒരു അനുഭവം എനിക്കും ഉണ്ടായി ,കള്ളനെ പിന്നീട്പിടിച്ചിട്ടും എന്‍റെ കയ്യില്‍ നിന്ന് മോഷ്ടിച്ച വസ്തുക്കളെ പറ്റി അന്വേഷ്ക്കാന്‍ പോലീസ് തയ്യാറായില്ല ,കുറെ നാള്‍ കഴിഞ്ഞു ഒരു പോലീസുകാരന്‍ വന്നു താങ്കളുടെ പരാതിയില്‍ തുമ്പൊന്നും ലഭിക്കാത്തത് കൊണ്ട് അന്വേഷണമവസാനിപ്പിച്ചിരിക്കുന്നു എന്നൊരു ഇണ്ടാസ് തന്നു .പോയകാശ് പോട്ടെ,എന്നെ പിടിച്ചകത്ത് ഇട്ടില്ലല്ലോ എന്ന് സമാധാനിച്ചു ഞാന്‍ സന്തോഷമായി ആ കടലാസ് ഏറ്റു വാങ്ങി

  ReplyDelete
  Replies
  1. ഇതാണ് ഇതാണ് പ്രശ്നം... നമ്മളെ വെറുപ്പിച്ചു മടുപ്പിച്ച് ഇവന്മാര്‍ ഊരിക്കളയും...

   Delete
 4. പത്രക്കാരാ, രക്ഷപ്പെട്ടൂന്ന് കരുതിക്കോ
  വാദിയെപ്പിടിച്ച് പ്രതിയാക്കി “ഏടെടാ മൊബീല്” എന്ന് ചോദിച്ച് കൂമ്പിനിട്ടിടിച്ചില്ലല്ലോ!!

  ReplyDelete
  Replies
  1. മൊവീലോക്കെ പുള്ളി എടുത്ത് പരിശോധിച്ചു, നൂറില്‍ വിളിച്ചിട്ട് കിട്ടാത്തത് എന്‍റെ ഫോണിന്‍റെ കുഴപ്പമാണ് എന്ന കണ്ടുപിടുത്തവും നടത്തിക്കളഞ്ഞു... നോക്കിയക്കാര് നോക്കിയിരിപ്പുണ്ട്‌

   Delete
 5. ഇനി മുതൽ ഇ-മെയിൽ ആയി പരാതി കൊടുക്കുക. കിട്ടീലാന്ന് പറയാൻ പറ്റൂല.

  ReplyDelete
  Replies
  1. നൂറില്‍ വിളിച്ചതിന്‍റെ കഥ പറഞ്ഞില്ലേ? ഫോണ്‍ എടുക്കാത്തവരാ, മെയില് മൈ നോക്കും :p

   Delete
 6. എല്ലാക്കാലത്തും കേരളത്തിലെ പോലീസുകാർ ഇങ്ങിനെയൊക്കെത്തന്നെയാണ്
  ഏതായാലും വാദിയെ, പ്രതിയാക്കാതെ വെറുതെ വിട്ടല്ലോ - അതുതന്നെ വലിയ കാര്യം

  ReplyDelete
 7. കേസെടുത്താലും ചിലപ്പോള്‍ പുലിവാല് പിടിച്ചപോലെയാകും..

  ReplyDelete
 8. ഇങ്ങനെയുള്ള പൊല്ലാപ്പിനൊന്നും പോകേണ്ടിവരാന്‍ ഇടവരുത്തല്ലേ എന്നായിരിക്കും ഇനി ചിന്തിക്കുക...
  ആശംസകള്‍

  ReplyDelete
 9. അപ്പൊ തൂക്കിയിട്ട് നടക്കാനാണോ പിന്നെ സാര്‍ തോക്ക് ?
  അല്ലാ സർ വെടിവെക്കാം ..ഉന്നം (തർക്ക്) ഉള്ളവർക്ക് ...!

  ReplyDelete
 10. ഇതാണ് കേരളത്തിലെ പോലീസ് സ്റ്റേഷൻ.

  ReplyDelete
 11. ഡേയ്‌ ഇനി ഹാങ്ങോവർ സിനിമയിലെ പൊലെ വെള്ളമടിച്ചു ബോധമില്ലാതെ നീ തന്നെ അടിച്ചുമാറ്റിയതാണോഡേയ്‌..

  ReplyDelete
  Replies
  1. എന്‍റെ ലാപ്പും പോയില്ല, എന്‍റെ പേഴ്സും പോയില്ല, കള്ളന്‍ വാതില്‍ പുറത്തുനിന്ന് പൂട്ടിയത് കൊണ്ട് ഞാന്‍ രക്ഷപ്പെട്ടു, അല്ലെങ്കില്‍ പാറാവുകാരന്‍ എന്നെ കള്ളാ എന്ന് വിളിച്ചേനെ !!!

   Delete
 12. ജനമൈത്രി പോലീസ് ആയിരിക്കും :D

  ReplyDelete
 13. ഹൊ ഇനി രമേശ് വന്നില്ലെ ഇനി പുസ്പം പോലെ പിടിച്ചു തരുമായിരിക്കും

  ReplyDelete
 14. ഇതിലും വലുത് എന്തോ വരാനിരുന്നതാ ........... രക്ഷപ്പെട്ടു എന്ന് കരുതിക്കോളൂ

  ReplyDelete
 15. :D പോലീറ്റെഷന്റെ ബോര്‍ഡ്‌ മാറിതാവ്വോ ജിതിനെ? റ്റെഷന്‍ തന്ന്യാരുന്നൂന്നു ഒറപ്പാ?? :)

  ReplyDelete
 16. ഇങ്ങനെ തുടങ്ങിയാല്‍ എന്തോ ചെയ്യും അല്ലെ...?

  ReplyDelete
 17. ഒരു പക്ഷെ കേസേടുക്കഞ്ഞത് നിങ്ങളോടുള്ള ഒരു സഹതാപം കൊണ്ടാവും.. അവര് അത് അന്വേഷിച്ചു വന്നാൽ കള്ളന കിട്ടൂല്ല. പിന്നെ കിട്ടുന്നത് നിങ്ങളെ തന്നെയാവും...ഈ പാവത്തിനെ തന്നെ കുത്തേണ്ടിവരുമല്ലോ എന്നോർത്ത് കാണും..! എന്തൊരു നല്ല പോലീസ്...!

  ReplyDelete
 18. ഒരു കടലാസുമായി ഞാനും ഒരാഴ്ചയായി നടക്കുന്നു...നോക്കട്ടെ ഇവർ സ്വീകരിക്കുമോ ഇല്ലേ എന്ന്..ഇല്ലെങ്കിൽ ഞാനും ഒരു കൈ നോക്കും

  ReplyDelete

Related Posts Plugin for WordPress, Blogger...