Thursday, February 24, 2011

ഞാന്‍ ഒരു ബ്ലോഗ്ഗര്‍ ആണോ?


എന്റെ ബ്ലോഗ്‌ പുസ്തകമാക്കപെട്ടിട്ടില്ല...
ഞാന്‍ പോസ്റ്റ്‌ ഇടാതിരുന്നാല്‍ അത് ബൂലോകമാകെ ചര്‍ച്ച ചെയ്യപെടുകയോ അതിന്റെ പേരില്‍ ആരെങ്കിലും ആത്മഹത്യ ചെയ്യുകയോ ഉണ്ടായിട്ടില്ല...
എന്റെ ബ്ലോഗിന് അവാര്‍ഡ്‌ കിട്ടുകയോ എന്റെ കാര്‍ട്ടൂണ്‍ വരക്കപെടുകയോ ഞാന്‍ ഒരു വിഷയത്തില്‍ പോസ്റ്റ്‌ ഇടാത്തത്തിനു തെറി കേള്‍ക്കുകയോ ഉണ്ടായിട്ടില്ല...
എന്റെ രചനകള്‍ ബ്ലോഗനയില്‍ വന്നിട്ടില്ല...
ഞാന്‍ സ്വന്തമായി ഡൊമൈന്‍ വാങ്ങി പേരിലെ ബ്ലോഗ്‌സ്പോട്ട് എന്ന വാല് എടുത്തുകളഞ്ഞിട്ടില്ല...
എന്റെ പുതിയ പോസ്റ്റ്‌ വായിക്കാന്‍ ആകാംക്ഷമൂത്ത വായനക്കാര്‍ എന്റെ ബ്ലോഗിലെത്തി റിഫ്രെഷ്  ബട്ടന്‍ അടിച്ചു നോക്കാറില്ല...
ഫേസ് ബുക്കിലോ ഗ്രൂപ്പുകളിലോ  എന്റെ പോസ്റ്റുകള്‍ ചര്‍ച്ച ചെയ്യപെടാറില്ല...
സ്വന്തം ബ്ലോഗിലേക്ക് ആളെകൂട്ടാന്‍ വേണ്ടി ആരും എന്റെ ബ്ലോഗില്‍ കമന്റുകള്‍ ഇടാറില്ല...
എന്റെ ബ്ലോഗില്‍ കമന്റെഴുതി കമന്റെഴുതി ആരും ബ്ലോഗ്ഗെര്മാരായിട്ടില്ല...
ഏതെങ്കിലും ഒരു വിഷയത്തില്‍ ഒരു പോസ്റ്റ്‌ ഇടാന്‍ വായനക്കാര്‍ എന്നോട് ആവശ്യപെടാറില്ല...
എന്റെ ആരാധകര്‍ എനിക്ക് ഇ മെയില്‍ അയക്കാറില്ല...
എന്നെ പുലി എന്നാരും വിശേഷിപ്പിച്ചിട്ടില്ല...
അഗ്രിഗേറ്ററുകള്‍ എനിക്ക് പ്രത്യേക പരിഗണന തരാറില്ല... 
ഞാന്‍ ഇതുവരെ ബ്ലോഗ്‌ മീറ്റുകളില്‍ പങ്കെടുത്തിട്ടില്ല...
എനിക്ക് ബ്ലോഗ്ഗര്‍ സുഹൃത്തുക്കളോ ഫാന്‍സ്‌ അസോസിയേഷനോ ഇല്ല...
എന്റെ പുതിയ പോസ്റ്റ്‌ വായിക്കാന്‍ ആകാംക്ഷമൂത്ത വായനക്കാര്‍ എന്റെ ബ്ലോഗിലെത്തി റിഫ്രെഷ്  ബട്ടന്‍ അടിച്ചു നോക്കാറുമില്ല...

ഇനി നിങ്ങള്‍ പറയൂ ഞാന്‍ ഒരു ബ്ലോഗ്ഗര്‍ ആണോ ? ? ?

Sunday, February 20, 2011

മതങ്ങളുടെ വളര്‍ച്ച, ദൈവങ്ങളുടെയും

                    നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപെടുന്നവയാണ് പ്രമുഖ മതങ്ങള്‍ എല്ലാവരും. ദൈവങ്ങളുടെ കാര്യവും അങ്ങനെ തന്നെ. ലോകമെമ്പാടും വേരുകളുള്ള, വിശ്വാസികളുള്ള, ആരാധനാലയങ്ങളും അനുഷ്ടാനങ്ങളും ആചാരങ്ങളും നിയമാവലിയും എല്ലാമുള്ള വന്‍ എസ്റ്റാബ്ലിഷ്മേന്റുകള്‍ ആകുംമുന്പു എന്തായിരുന്നു ഇവയുടെയെല്ലാം അവസ്ഥ? എങ്ങനെയാണ് ഇന്ന് കാണുന്ന രീതിയില്‍ നിശ്വാസവായുവിനേക്കാള്‍ പ്രാധാന്യം ഉള്ളവയായി മതങ്ങള്‍ വളര്‍ന്നത്‌? ഇത്തരം ചോദ്യങ്ങള്‍ക്കുള്ള മറുപടി കണ്ടെത്താന്‍ ഒരുപാട് കാലം പുറകിലോട്ട് സഞ്ചരിക്കണം...
                    ഇന്ന് ജനകോടികളാല്‍ ആരാധിക്കപെടുന്ന ഏതു ദൈവം ആയാലും ഇന്ന് അവര്‍ക്ക് ഉള്ളതിന്റെ നൂറില്‍ ഒന്ന് പ്രസക്തിപോലും അവര്‍ ജീവിച്ചിരുന്നു എന്ന് പറയപെടുന്ന കാലത്ത് അവര്‍ക്ക് ഉണ്ടായിരുന്നില്ല. അത് അവതാരങ്ങള്‍ ആയാലും പുത്രന്മാര്‍ ആയാലും പ്രവാചകന്മാര്‍ ആയാലും അങ്ങനെ തന്നെ. ക്രിസ്തു മുതല്‍ കൃഷ്ണന്‍ വരെയും ബുദ്ധന്‍ മുതല്‍ മുഹമ്മദ്‌ വരെയും ആരുമാകട്ടെ, അവര്‍ ജീവിച്ചിരുന്ന പ്രദേശത്തിന്റെ ചുറ്റും ഉള്ള കുറച്ചു സ്ഥലങ്ങള്‍, കൂടി വന്നാല്‍ ഒന്നോ രണ്ടോ അയല്‍രാജ്യങ്ങള്‍ മാത്രമായിരുന്നു അവരുടെ ജീവിതകാലത്ത്‌ അവര്‍ക്ക് സ്വാധീനം ഉണ്ടായിരുന്നത് എന്നത്  ചരിത്രരേഖകളില്‍ നിന്നും വ്യക്തമാണ്.  അവരവരുടെ മതഗ്രന്ഥങ്ങള്‍ പോലും മറിച്ചൊരു അവകാശവാദം ഉന്നയിക്കാനിടയില്ല....
                        ഉദാഹരണം ആയി  എടുത്താല്‍   ഹിന്ദു ദൈവങ്ങളില്‍ ശ്രീകൃഷ്ണനും ശ്രീരാമനും ഒക്കെ തന്നെ ദ്വാരകയോ അയോധ്യയോ പോലുള്ള ചെറുരാജ്യങ്ങളുടെ പരിധികള്‍ക്കപ്പുരം ആരധിക്കപെടുക പോയിട്ട് അറിയപെട്ടിട്ടു പോലുമില്ല. അതുമാത്രമല്ല അവരുടെ ജീവിതകാലത്ത്‌ ഒരുപരിധിവരെ അവര്‍ ദൈവങ്ങളോ ദൈവതുല്ല്യരോ  ആയി കണക്കാക്കപ്പെട്ടതായി പറയുന്നുമില്ല. കംസനെ വധിച്ച, ഭാരത യുദ്ധം നയിച്ച കൃഷ്ണനും ലങ്ക കീഴടക്കിയ രാമനും ബലവാന്‍മാരും നീതിവാന്മാരുമായ രാജാക്കന്മാര്‍ ആയാണ് ചിത്രീകരിക്കപെടുന്നത്.  അവരുടെ മരണശേഷമാണ് അത്തരത്തില്‍ ഒരു പരിവേഷം അവര്‍ക്ക് ലഭിക്കുന്നതും അവര്‍ വിഗ്രഹങ്ങളായി മാറിയതും അവര്‍ക്ക് വേണ്ടി അമ്പലങ്ങള്‍ പണിയിക്കപെടുന്നതും അവര്‍ ആരാധിക്കപെടാന്‍ തുടങ്ങിയതും. 
                        സന്യാസി ജീവിതം നയിച്ച നിര്‍വാണയുടെ പുറകെപോയ ബുദ്ധന്‍ പ്രശ്തന്‍ ആകുന്നത് തന്റെ ശിഷ്യരുടെയും  അശോകചക്രവര്‍ത്തിയുടെയും  പ്രവര്‍ത്തനങ്ങളിലൂടെയാണ്.     
                       യേശുവിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ഇന്ന് ലോകത്തെ ഏറ്റവുമധികം ആളുകള്‍ വിശ്വസിക്കുന്ന യേശുവിന്റെ ദൈവീകത്വം ജീവിച്ചിരുന്ന കാലത്ത്  അദ്ധേഹത്തിന്റെ പന്ത്രണ്ടു ശിഷ്യന്‍മാരിലുമപ്പുറത്തേക്ക് വളര്‍ന്നിരുന്നോ എന്നത് പോലും സംശയമാണ്. ഇനി ഉണ്ടായിരുന്നു എങ്കില്‍ തന്നെ ഇസ്രയേല്‍ എന്ന പ്രദേശത്തിനു പുറത്ത് യേശു അപരിചിതന്‍ ആയിരുന്നു. 
ഇസ്രായേലില്‍ നിലനിന്നിരുന്ന ഭരണകൂടത്തിനും ആചാരങ്ങള്‍ക്കും എതിരായതാണ് യേശുവിന്റെ ജനപ്രീതി വര്‍ധിക്കുന്നതിനും നിശബ്ധനാക്കപ്പെടുന്നതിനും കാരണമായത്.  തങ്ങള്‍ക്കെതിരെ യേശു ജനങ്ങളെ സംഘടിപ്പിക്കുമോ എന്ന ഭയമാണ് റോമന്‍ ഭരണാധികാരികള്‍ക്ക് യേശു ശത്രുവാകാന്‍ കാരണമായത്.
                     ഇസ്ലാമിക പ്രവാചകനായ മുഹമ്മദ്‌  നബിയുടെ അവസ്ഥയും ഇത്തരത്തില്‍ ആണ്. മക്കയിലെ ഖുറേഷികള്‍ക്കിടയില്‍ തന്റെ വേറിട്ട സഞ്ചാരപദം പരിചയപെടുത്താന്‍ രംഗത്തെത്തിയ നബിയെ കൂവലും കല്ലേറും കൊണ്ടാണ് അവിടത്തെ ജനത വരവേറ്റത്. തന്റെ പ്രബോധനങ്ങളില്‍ ആകൃഷ്ടരായ തുച്ചം അനുയായികളുമായി നബി മദീനയിലേക്ക് പലായനം ചെയ്യുകയാണ് ഉണ്ടായത്. മക്കയിലെയും മദീനയിലെയും സമീപപ്രദേശങ്ങളിലെയും ജനത മാത്രമാണ് നബിയുടെ പ്രബോധനങ്ങളിലൂടെ ഇസ്ലാം മതം സ്വീകര്ച്ചത്. പിന്നീടെല്ലാം അപാരമായ നയതന്ത്രന്ജതയും യുദ്ധപാടവവുമാണ് നബിക്ക് അയല്‍രാജ്യങ്ങളില്‍ ഇസ്ലാം പ്രചരിപ്പിക്കാന്‍ സഹായകമായത് എന്നതിന് ചരിത്രം സാക്ഷിയാണ്. അതും അറേബ്യന്‍ മേഖലക്കുള്ളില്‍ മാത്രം ഒതുങ്ങി നിന്നു. അവിടെയും അദ്ധേഹത്തിന്റെ മരണശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് ഇസ്ലാം  ലോകവ്യാപകമായത്.
                    ഇന്ന് ലോകത്ത് ആരാധിക്കപെടുന്ന ദൈവങ്ങളോ ദൈവതുല്ല്യരോ എല്ലാം തങ്ങളുടെ കാലഘട്ടങ്ങളില്‍ യുദ്ധവീരന്മാര്‍ ആയ രാജാക്കന്മാരോ വിപ്ലവകാരികളോ സാമൂഹ്യ പരിഷ്കര്താക്കളോ ആയാണ് കണക്കാക്കപെട്ടിരുന്നത് എന്നതിന് മുകളില്‍ പറഞ്ഞ ഉദാഹരണങ്ങള്‍ ധാരാളമാണ്.  അവിടെ നിന്നും മഹത്വവല്‍ക്കരിക്കപെട്ട അതിമാനുഷികാരോ ദൈവങ്ങള്‍ തന്നെയോ ആയുള്ള അവരുടെ വളര്‍ച്ച അസൂയാവഹവും സംശയാത്മകവുമാണ്. നൂറ്റാണ്ടുകള്‍ കൊണ്ടാണ് അവരുടെ പൊടിപ്പും തൊങ്ങലും വച്ച കഥകളും ആശയങ്ങളും ലോകമെമ്പാടും എത്തിയത്. അതുകൊണ്ട് തന്നെ അവയുടെ എല്ലാം സത്യാവസ്ഥ പരിശോധിക്കപെടാന്‍ ഉള്ള വിദൂരസാധ്യത പോലും നഷ്ടപെട്ടിരുന്നു. അതിനാല്‍ തന്നെ "ഒരിടത്തൊരിടത്തൊരിടത്ത്...." എന്ന് തുടങ്ങുന്ന മുത്തശ്ശിക്കഥ പോലെ അവയും സംശയലേശമന്യേ സ്വീകരിക്കപെട്ടു.
                  മാത്രമല്ല അപ്പോളേക്കും അവര്‍ ഓരോരോ മതങ്ങളാല്‍ ഹൈജാക്ക് ചെയ്യപെട്ടിരുന്നു എന്നതാണ് ദുഃഖകരമായ വസ്തുത.  ഈ മതങ്ങള്‍ തന്നെയാണ് അവരെ കടലുകള്‍ കടന്നു ലോകമെമ്പാടും എത്തിപെടാന്‍ അവരെ സഹായിച്ചത് . മതങ്ങളുടെ ആവിര്‍ഭാവം ദൈവങ്ങളുടെ വളര്‍ച്ചയുടെ ഘട്ടത്തിലെ ഒരു പ്രധാന നാഴികക്കല്ലായിരുന്നു. തങ്ങളുടെ നിലനില്‍പ്പിനും വളര്‍ച്ചക്കും മതങ്ങള്‍ക്ക് ദൈവങ്ങള്‍ അത്യാവശ്യമായിരുന്നു. ദൈവങ്ങള്‍ക്ക് തിരിച്ചും. അങ്ങനെ പരസ്പകപൂരകമായിരുന്നു ദൈവങ്ങളും മതങ്ങളും. അങ്ങനെ മതങ്ങളും ദൈവങ്ങളും സംസ്കാരത്തിന്റെ ഒരു അനിവാര്യ ഘടകമായി മാറി.  
                      ദൈവങ്ങളെ കടല്‍ കടത്തിയതിലും ദൈവങ്ങല്കും മതങ്ങള്‍ക്കും വിശ്വാസികള്‍ക്കും ചട്ടക്കൂടുകള്‍ തീര്‍ക്കുന്നതിലും പ്രധാനപങ്ക് വഹിച്ചത് പുരോഹിതവര്‍ഗമാണ്. ഒരു ദൈവവും പറയാത്ത, ഒരു പുസ്തകവും പഠിപ്പിക്കാത്ത പാഠങ്ങള്‍ അവര്‍ നമ്മെ പഠിപ്പിച്ചു. മണ്ണിന്റെ മണമുള്ള ദൈവങ്ങളെ ചില്ലുമെടയിലും ദന്തഗോപുരങ്ങളിലും സ്വര്‍ണ്ണചങ്ങലകളിലും ബന്ധിച്ചു. ഇത്തരത്തില്‍ പിറന്നുവീഴുന്ന കുഞ്ഞടക്കം മതം ഇല്ലാത്ത ഒരാള്‍ പോലും ലോകത്ത് ഇല്ലാത്ത അവസ്ഥയും  രൂപപെട്ടു. . .

Monday, February 7, 2011

മകരവിളക്ക് ആരുടെ വിശ്വാസത്തിന്റെ പ്രശ്നം?"മകരവിളക്ക് മനുഷ്യനിര്‍മിതമാണോ? " എന്ന മില്യണ്‍ ഡോളര്‍ ചോദ്യം ആദ്യമായി ചോദിച്ചത് ആരെന്നറിയില്ല. ഏറെക്കാലം യുക്തിവാദികളുടെയും കമ്മ്യൂണിസ്റ്റ്‌ ബു.ജികള്‍  ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും ഒക്കെ ഇടയില്‍ മാത്രം ചര്‍ച്ചചെയ്യപെട്ട ഈ ചോദ്യം പൊതുശ്രദ്ധ നേടുന്നത് പീരുമേട് ദുരന്തത്തെതുടര്‍ന്നാണ്‌. മകരവിളക്ക് അനുബന്ധിച്ചുണ്ടായ അമിതമായ തിരക്കും ആവേശവും ദുരന്തം ക്ഷണിച്ചുവരുത്തി എന്ന തരത്തില്‍ ഉള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് ഇത്തരം ചര്‍ച്ചകള്‍ക്ക് ആക്കംകൂട്ടി..  അതിനിടയിലാണ് എവിടുന്നോ നമ്മുടെ ബഹു:ഹൈക്കോടതി ഇതിനിടയിലേക്ക് ചാടി വീണത്. കാര്യം അയ്യപ്പന്മാരുടെയും വക്കീലന്മാരുടെയും വസ്ത്രത്തിന്റെ നിറം കറുപ്പാണ് എന്ന് പറഞ്ഞിട്ട് എന്താ കാര്യം?,  കോടതിക്ക് ശബരിമലയെ പറ്റി ഒരു ചുക്കും അറിയില്ല. പത്രത്തിലും ചാനലിലും ഒക്കെ മകരവിളക്ക് കത്തിനില്കുമ്പോ കോടതിക്കും ഒരു സംശയം. ഇതിലൊക്കെ വല്ല സത്യവും ഉണ്ടോ? ആരോടെങ്കിലും ചോദിക്കണം എന്നുണ്ട്. പീരുമേട് വിഷയവുമായി മുന്നില്‍ എത്തിയ ദേവസ്വം വക്കീലിനോടല്ലാതെ പിന്നെ ആരോടാ ചോദിക്കാന്‍ പറ്റുക?  "മകരവിളക്ക് മനുഷ്യനിര്‍മിതമാണോ വക്കീലേ?". പാവം കോടതി ചോദിചു. 
മുഖത്തടിച്ച പോലെ ആയിരുന്നു മറുപടി. "മൈ ലോര്‍ഡ്‌, അതൊക്കെ വിശ്വാസത്തിന്റെ പ്രശ്നം ആണ്. കോടതി അതില്‍ ഇടപെടാതിരിക്കുന്നതാണ് നല്ലത്". പാവം കോടതി ഞെട്ടിപ്പോയി. ഹെന്ത്? തീക്കട്ടയില്‍ ഉറുമ്പരിക്കുന്നോ? കേരളമാകെ അടക്കി വാഴുന്ന നാം ഏത് വിഷയത്തില്‍ ഇടപെടണം എന്ന് തീരുമാനിക്കാന്‍ യെവനാര്? വിശാസത്തിന്റെ പ്രശ്നം ആയാലും അല്ലെങ്കിലും ആവശ്യം വന്നാന്‍ ഇടപെടും എന്നായി കോടതി. അതും പോരാഞ്ഞിട്ട് സര്‍ക്കാരിനോട് കുറെ ചോദ്യങ്ങളും, മകരവിളക്ക് മനുഷ്യന്‍ കത്തിക്കുന്നതാണോ? മകരവിളക്കും മകരജ്യോതിയും തമ്മിലുള്ള വ്യത്യാസം എന്ത്?, പൊന്നമ്പലമേട് ധനസമാഹരണ മാര്‍ഗം ആയി മാറുന്നോ? ഇതൊക്കെ ഒന്ന് അന്വേഷിച്ചു കണ്ടുപിടിചുതാ എന്റെ വിഎസ്സേ...
കേട്ടപാതി കേള്‍ക്കാത്തപാതി വിഎസ് പറഞ്ഞു, "നടക്കില്ല കോടതിയേ, മകരവിളക്കൊക്കെ വിശ്വാസത്തിന്റെ ഭാഗമാണ്. അതിന്റെ സത്യം അന്വേഷിച്ചു പോകാന്‍ സര്‍ക്കാരിന് സൌകര്യമില്ല". കണ്ടോ കണ്ടോ ജനാധിപത്യത്തിന്റെ ഒരു പവര്‍? പൊതുവഴിയില്‍ പൊതുയോഗം കൂടാന്‍ പാടില്ല, പൊതുസ്ഥലത്ത് മൂത്രമൊഴിക്കാന്‍ പാടില്ല, ഹെല്‍മെറ്റ്‌ ധരിക്കാതെ വണ്ടിയോടിക്കാന്‍ പാടില്ല എന്നൊക്കെ വെച്ച്കാച്ചുമ്പോ ഓര്‍ക്കണമായിരുന്നു ഇങ്ങനെ കുറെ ആവശ്യങ്ങളും കൊണ്ട് ഞങ്ങടെ മുന്നില്‍ വരേണ്ടി വരും എന്ന് ശുംഭന്മാരെ . . . അങ്ങനെ കോടതിയുടെ കോടതിയുടെ പൊതുതാല്‍പര്യ ത്വരയെ വെട്ടിനിരത്തിക്കളഞ്ഞു മുഖ്യന്‍. ധീരമായ നിലപാട്. മതം മനുഷ്യനെ(വോട്ടറെ) മയക്കുന്ന കറുപ്പാണ് എന്നൊക്കെ സഖാവിനു നന്നായി അറിയാം. മകരവിളക്കില്‍ കൈവയ്ക്കാന്‍ രാഷ്ട്രിയപാര്‍ടികള്‍ ആരും ധൈര്യപ്പെടാത്തതും അതുകൊണ്ട് തന്നെയാണ്. ഇനി അതിന്റെ പുറകെ പോയി വിശ്വാസികളുടെ വോട്ട് നഷ്ടപെടുത്താന്‍ നില്‍കണ്ട എന്ന് കരുതിതന്നെയാണ് മുഖ്യമന്ത്രി അങ്ങനെ പറഞ്ഞത്. അല്ലാതെ സമൂഹത്തെ നൂറ്റാണ്ടുകള്‍ പുറകോട്ടടിക്കുന്ന ഇമ്മാതിരി തട്ടിപ്പുകള്‍ക്ക് കുടപിടിക്കാന്‍ ഒരു സര്‍ക്കാരിനും താല്പര്യം ഉണ്ടാകില്ല. എന്നാല്‍ മകരവിളക്കിന് പുറകിലെ തട്ടിപ്പ് പുറത്തുകൊണ്ട് വന്നിട്ട് വിശ്വാസത്തില്‍ ഇടപെട്ടതിന്റെ പഴി മുഴുവന്‍ ആജന്മശത്രുവായ  ജുഡീഷ്യറിയുടെ തലയില്‍ കെട്ടിവച്ചു തടിതപ്പാന്‍ ഉള്ള സുവര്‍ണ്ണാവസരമാണ് നഷ്ടപെട്ടത് എന്ന് പറയാതെ വയ്യ.  ശബരിമലയില്‍ നിന്ന് സര്‍ക്കാര്‍ ഗജനാവിനു ലഭിക്കുന്ന കോടികളുടെ വരുമാനത്തേക്കാള്‍ വലുതല്ല ഒരു പ്രത്യയശാസ്ത്രവും പുരോഗമനവാദവും. 
                               അതൊക്കെ അവിടെ നില്‍ക്കട്ടെ, വക്കീലും മുഖ്യനും ഒക്കെ പറഞ്ഞ പോലെ ശരിക്കും ഈ മകരവിളക്ക് ജനകോടികളുടെ വിശ്വാസ സാധനം ആണോ? മകരവിളക്കിന് പുറകിലെ തട്ടിപ്പുകള്‍ പുറത്തുവന്നപ്പോള്‍ മഹാതന്ത്രിയും ചെറുമകന്‍ തന്ത്രി രാഹുല്‍ ഈശ്വരനും തുടങ്ങി പത്തും നൂറും തവണ മകരവിളക്ക് കണ്ട  നാട്ടിന്‍പുറത്തെ ഗുരുസ്വാമികള്‍ വരെ പറഞ്ഞില്ലേ മകരവിളക്ക് തട്ടിപ്പാണ് എന്ന കാര്യം ഞങ്ങള്‍ക്ക് പണ്ടേ അറിയാമായിരുന്നു എന്ന് ? പിന്നെ ആരാണ് സുഹൃത്തേ നിങ്ങള്‍ പറയുന്ന ഈ വിശ്വാസികള്‍? യാഥാര്‍ത്ഥ്യം അഗീകരിക്കുന്നതില്‍  തന്ത്രിമാരും ഭക്തരും വരെ കാണിക്കുന്ന ആര്‍ജവം എന്തെ ഭരണകൂടവും പുരോഗമന യുവജനപ്രസ്ഥാനങ്ങളും കാണിക്കാന്‍ ഭയപ്പെടുന്നു? ഇനിയും സമയമുണ്ട്. കുഞ്ഞാലിക്കുട്ടി വിഷയവും പലജാതി സ്പെക്ട്രും കഥകളും ഒക്കെ ആഘോഷിച്ചു കഴിഞ്ഞിട്ട് മെല്ലെ മതി. അടുത്ത മകരവിളക്ക് കത്തിക്കല്‍ മുഹൂര്‍ത്തത്തിനു മുന്‍ബ്‌ എങ്കിലും ഇതില്‍ ഒരു നിലപാട് എടുക്കൂ. സര്‍ക്കാരിന് പേടി ആണെങ്ങില്‍ വേണ്ട. റിട്ടയര്‍ ചെയ്തു കുഴിയിലേക് കാലും നീട്ടി ഇരിക്കുന്ന ഒരു ജഡ്ജിയെ   ജീപ്പില്‍ കയറ്റി ആ പൊന്നമ്പലമേട്ടില്‍ കൊണ്ടുപോയി ഒരു ജഡീഷ്യല്‍  അന്വേഷണം എങ്കിലും നടത്തി ഇതിനു പിന്നിലെ സത്യാവസ്ഥ ഒന്ന് പുറത്തു കൊണ്ട് വരൂ. സാധിക്കും എങ്കില്‍ അന്നേ ദിവസം നാട്ടിലെ പ്രക്ഷുബ്ധ യുവത്വം ഒരു പൊന്നമ്പലമേട് ജാഥ കൂടി നടത്തിയാല്‍ ജോറായി . . . 
സ്വാമിയെ ശരണമയ്യപ്പ  . . . .

Friday, February 4, 2011

പൊതുയോഗനിരോധനം : ഒരു അയോദ്ധ്യന്‍ സ്വപ്നം


പൊതു നിരത്തില്‍ പൊതുപരിപാടികള്‍ കണ്ടുപോകരുത് എന്ന് ഇന്ത്യന്‍ പരമോന്നത കോടതി വിധിച്ചു. ഈ വിധി രാജ്യത്തെമ്പാടും വന്‍ കോലാഹലങ്ങള്‍ സൃഷ്ടിച്ചു.വാദപ്രതിവാധങ്ങളും വിവാദങ്ങളും ചാനല്‍ ചര്‍ച്ചകളും അലതല്ലി. വിധിവന്ന ദിവസം എല്ലാ വര്‍ഷവും കരിദിനമായി ആചരിക്കാന്‍ ഏതോ ഈര്‍ക്കില്‍ പാര്‍ടി ആഹ്വാനവും ചെയ്തു. ഇത് വലിയൊരു ക്രമസമാധാനപ്രശ്നമായി മാറുന്നു എന്ന് കണ്ട സുപ്രീംകോടതി ഈ കേസ് വീണ്ടും പരിഗണിക്കാന്‍ ആയി അയോധ്യ വിധിയിലൂടെ നീതിന്യായ വ്യവസ്ഥയ്ക് നാട്ടുമധ്യസ്ഥയുടെ ഭാഷ്യം നല്‍കിയ അലഹബാദ്‌ ഹൈക്കോടതിയെ ഏല്‍പ്പിച്ചു . രാജ്യം മുഴുവന്‍ അടിയന്തിരാവസ്ഥ പ്രക്യാപിച്ചു സര്‍കാര്‍ സുരക്ഷ ഉറപ്പുവരുത്തിയ ഒരു ദിവസം ഹൈക്കോടതി വിധി പ്രക്യാപിച്ചു.
                           വിധി പ്രകാരം "തര്‍ക്കത്തിന്  ആധാരമായ റോഡിനെ മൂന്നായി ഭാഗിക്കണം.ഒരു ഭാഗം വാഹനങ്ങള്‍ക്ക് ഉള്ളതാണ് .ഹെല്‍മെറ്റ്‌ ധരിച്ചും സീറ്റ്‌ബെല്‍റ്റ്‌ ഇട്ടും ഏതൊരാള്‍ക്കും അതിലൂടെ വാഹനത്തില്‍ ചീറിപ്പായാം.
                           രണ്ടാമത്തെ ഭാഗം രാഷ്ട്രിയക്കാര്‍ക്കും ആഘോഷ കമ്മറ്റികള്‍ക്കും ഉള്ളതാണ്.അവര്‍ക്ക് അവിടെ പ്രകടനമോ തെക്ക് വടക്ക് യാത്രയോ നബിദിന റാലിയോ മുത്തപ്പന്‍കാവിലെ എഴുന്നെള്ളിപ്പോ  നടത്താം.
                             "മൂന്നാമത്തെ ഭാഗം ദുര്‍മോഹി ആഘാഡ എന്നാ സംഘടനക്കാണ്.മാന്യന്മാര്‍,പ്രവാസികള്‍,ബ്ലോഗ്ഗെര്മാര്‍,കമന്റന്‍മാര്‍,അരാഷ്ട്രീയവാദികള്‍ തുടങ്ങിയവരുടെ സംഘടന ആണ് ഇത്. പൊതു നിരത്തുകള്‍ തങ്ങള്‍ക്ക് മാത്രം അവകാശപെട്ടതാണ് എന്നാ ചിന്താഗതിയാണ് ഈ സംഘടനക്ക് ഉള്ളത്.
രാജ്യത്തിന്റെ ലക്ഷക്കണക്കിന് കോടികള്‍ കട്ടുകൊണ്ട് പോയാലും പിഞ്ചുകുഞ്ഞുങ്ങള്‍ വിഷബാധയേറ്റ് പിടഞ്ഞാലും ഇവര്‍ക്ക് വിഷയം അല്ല. ഭാര്യക്ക് പട്ടുസാരിയും വീട്ടിലെ പട്ടിക്കു ചിക്കന്‍ ചില്ലിയും വാങ്ങാന്‍ ഇവര്‍ തങ്ങളുടെ മാത്രം സ്വന്തമായ പൊതുനിരത്തിലൂടെ ചീറിപാഞ്ഞ്‌ പോകുമ്പോള്‍ ആകും ഖദറും ഖാദിയും ധരിച്ചവന്മാര്‍ വഴിയരികില്‍ എങ്ങാനും നിന്ന് സാമൂഹ്യസേവനം പ്രസംഗിക്കുന്നത്. ഇവനൊക്കെ ഒരു പണി കൊടുക്കാന്‍ അന്നേ പ്രാര്‍ഥിച്ചതാ, ഒടുവില്‍ ബഹു കോടതികള്‍ വേണ്ടി വന്നു ആ പ്രാര്‍ത്ഥന കേള്‍ക്കാന്‍.
,പൊതുയോഗം നിരോധിക്കാന്‍ ഉള്ള വിധി കേട്ടപാതി കേള്‍ക്കാത്ത പാതി ഇവര്‍ ബ്ലോഗുകള്‍ എഴുതി,കമെന്റുകള്‍ ഇട്ടു, പത്രത്തില്‍ ലേഖനം എഴുതി,   കോടതിയെ വാഴ്ത്തിപാടി. ഖദറിട്ട രാഷ്ട്രിയക്കാര്‍ വീട്ടിലിരിക്കട്ടെ, കോട്ടിട്ട ജഡ്ജിമാരും മരുമക്കളും നാട് ഭരിക്കട്ടെ..
പൊതുതിരഞ്ഞെടുപ്പുകള്‍ തുലയട്ടെ, പൊതുതാല്‍പര്യഹര്‍ജികള്‍ നീണാള്‍ വാഴട്ടെ.. Praise the court ...."
                           അലഹബാദ് വിധി വന്നതോടെ ഇവര്‍ അടക്കം സകല കക്ഷികളും ഹാപ്പി ആയി,രാജ്യം ഈ വിധിയെ തീര്‍ത്തും സംയമനത്തോടെ സ്വീകരിച്ചു.
പൊതുജനത്തെയും പൊതുയോഗത്തെ അപലപിച്ച രാഷ്ട്രിയ ശുംഭന്മാരെയും ഒരുപോലെ തൃപ്തിപെടുതുന്നതാണ് അലഹബാദ് ഹൈക്കോടതി വിധി എന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. വിവാധമായ കേസുകളില്‍ തര്‍ക്കരഹിതമായ വിധി പറയാന്‍ ഉള്ള കഴിവ് അലഹബാദ്‌ ഹൈക്കോടതി ഒരിക്കല്‍ കൂടി തെളിയിച്ചതായ് സുപ്രീം കോടതി നിരീക്ഷിച്ചു . പലസ്തീന്‍ ,കൊറിയ ,കശ്മീര്‍, മുല്ലപെരിയാര്‍ തുടങ്ങിയ അവകാശ തര്‍കങ്ങള്‍ കൂടി അലഹബാദ്‌ ഹൈക്കോടതിയെ ഏല്പിക്കാന്‍ ആകുമെന്ന് സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു ............
                                            ഇതൊരു സ്വപ്നം ആണ് . മതവര്‍ഗീയ കാപലികന്മാര്‍ സ്വതന്ത്ര്യനന്തര ഭാരതത്തിന്‍റെ മതനിരപെക്ഷതയുടെ താഴികകുടങ്ങള്‍ തകര്‍ത്തെറിഞപ്പോള്‍ ത്രേതായുഗത്തില്‍ അവിയലും സാമ്പാറും പാകം ചെയ്തു എന്ന് പറയപ്പെടുന്ന അടുക്കള തേടിപ്പോയി ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ സ്വയം അപഹാസ്യരായിപോകുന്ന കാഴ്ചയുടെ ആഘാത്തില്‍ കണ്ടു പോയ ഒരു സ്വപ്നം. സ്വപ്നത്തില്‍ കണ്ടതും കേട്ടതും കോടതിഅലക്ഷ്യം ആണെന്നും പറഞ്ഞു ഒരു ശുംഭനും വരില്ല എന്ന വിശ്വാസത്തില്‍ ആണ് ഞാന്‍ ഇത് ഇവിടെ പോസ്റ്റിക്കോട്ടേ . . .
Related Posts Plugin for WordPress, Blogger...