Wednesday, August 24, 2011

വിചാരധാരയില്‍ വഴി പിഴച്ചവര്‍

                         മതത്തിനും മതവിശ്വാസങ്ങള്‍ക്കും മതാചാരങ്ങള്‍ക്കും മറ്റെന്തിനെക്കാളും  വിലകല്പ്പിക്കുന്നവരുടെ നാടാണ് ഇന്ത്യ. ലോകത്തുള്ള ഒരു മാതിരിപെട്ട മതങ്ങളുടെ എല്ലാം വിളനിലമാണെന്നും പറയാം.മക്കയെ വെല്ലുന്ന മലപ്പുറവും വത്തിക്കാനെ വെല്ലുന്ന കോട്ടയവും ഉള്ള കൊച്ചു കേരളം അതിനു മുതല്‍കൂട്ടാണെന്നും കാണാം. . .

               തൊട്ടു കൂടായ്മയും തീണ്ടലും ജന്മിയും കുടിയാനും കൊള്ളയും കോളറയും പട്ടിണിയും പരിവട്ടവും വര്‍ഗീയലഹളയും നവോഥാനപ്രസ്ഥാനങ്ങളും എല്ലാം കൊണ്ടും അഖിലലോക സാമൂഹ്യ പരിവര്‍ത്തന ചരിത്രത്തിന്റെ ഒരു പരിശ്ചേതം കൂടിയാണ് കേരളം.. എന്നാല്‍ ഇതെല്ലാം വിളഞ്ഞിട്ടും പച്ച പിടിക്കാത്ത ഒരു കൂട്ടരുണ്ട് ഇന്നാട്ടില്‍ ..
മഹാ ഭൂരിപക്ഷം വരുന്ന ഹൈന്ദവസമുദായത്തിനെ പ്രതിനിധാനം ചെയ്യുന്ന, രാമരാജ്യ സൃഷ്ടിയുടെ മുന്നണിപോരാളികള്‍ എന്നൊക്കെ (അവര്‍ മാത്രം) അവകാശപ്പെടുന്ന ഹിന്ദു വര്‍ഗീയ സംഘടനകള്‍ക്കാണ്  ഈ ദുര്‍വിധി. RSS, VHP, സംഘപരിവാര്‍ തുടങ്ങി ശിവസേനയും ശ്രീരാമസേനയും അടക്കം ബിജെപി എന്ന ശിഖണ്ടിയെ മുന്നില്‍ നിര്‍ത്തി കളിക്കുന്ന സകലമാന കാവിക്കാരും വംശനാശ ഭീഷണിയെ നേരിടുകയാണ്. 

               തങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളുടെ പൊള്ളത്തരം തന്നെയാണ് ഇവരെ ചതിക്കുന്നത്. വര്‍ഗീയത എന്ന ആശയം വിലപ്പോവില്ലെന്ന് കണ്ടാണ്‌ ദേശീയത എന്നൊക്കെ പറഞ്ഞു പിടിച്ചു നില്‍ക്കാന്‍ നോക്കുന്നത്. എന്നാല്‍ പട്ടിണി കിടന്നും നൂല് നൂറ്റും ഉപ്പ് കുറുക്കിയും സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ കൈയ്യില്‍ നിന്നും ദേശത്തിന് സ്വാതന്ത്ര്യം ഇരന്നു വാങ്ങി തന്ന മഹാത്മാവിന്റെ നെഞ്ചിലേക്ക് നിറയൊഴിച്ച ഗോഡ്സേയുടെ പ്രേതം RSS ന്റെ ദേശീയതയുടെ പുറകെ ഇന്നുമുണ്ട്. അതുകൊണ്ട് തന്നെ ഇവന്മാരുടെ ദേശീയതയും രാജ്യസ്നേഹവുമെല്ലാം എന്താണെന്ന് നാട്ടുകാര്‍ക്കൊക്കെ തിരിച്ചറിവുണ്ട്.              

                                    പത്തോ മുപ്പതോ ഗ്രന്ഥങ്ങളിലായി മുപ്പത്തിമുക്കോടി  ദൈവങ്ങളും മധുമോഹന്റെ മെഗാസീരിയല്‍നെ വെല്ലുന്ന കഥകളും ഉപകഥകളുമായി  അല്ലെങ്കില്‍ തന്നെ ഒരു വ്യവസ്ഥയും വെള്ളിയാഴ്ചയും ഇല്ലാതെ കിടക്കുകയും അതിന്റെ പുറമേ ജാതിയുടെയും ഉപജാതിയുടെയും പേരില്‍ വീണ്ടും മുറിച്ചു നാശകോശമാവുകയും ചെയ്തു ഹിന്ദു മതത്തെ മുന്നില്‍ നിര്‍ത്തിയാണ് ഇവര്‍ കളിക്കുന്നത് എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രശ്നം.

ആത്മീയ നേതാവ് ഗുരുജി ഗോള്‍വള്‍ക്കര്‍  രചിച്ച വിചാരധാര എന്ന ഗ്രന്ഥമാണ് RSS ന്റെ വേദം. പച്ചക്ക് ഉളുപ്പില്ലാതെ ഗോള്‍വള്‍ക്കര്‍ അതില്‍ സമുദായ വിരോധം കുത്തി നിറച്ചിട്ടുണ്ട്.  വളരെ എളുപ്പത്തില്‍ ഇളക്കാവുന്ന ഒരു വികാരമാണ് വര്‍ഗീയത. അത് കണ്ടറിഞ്ഞു കൊണ്ട് തന്നെ ഗോള്‍വള്‍ക്കര്‍ എഴുതിയ അതിലെ ഓരോ വരിയും  മത വിദ്വേഷത്തിന്റെ വിത്തുകള്‍ പാകാന്‍  ധാരാളമാണ്. അങ്ങേയറ്റം സങ്കുചിതമായ കാഴ്ചപ്പാടുകള്‍ വികലമായി വളച്ചൊടിച്ച് രാജ്യത്തെ മതനിരപേക്ഷതയെ തകര്‍ക്കാനുള്ള ഏറ്റവും വലിയ ശ്രമങ്ങളില്‍ ഒന്നാണ് വിചാരധാര.
ഗോള്‍വള്‍ക്കറുടെ വിചാരധാരക്കപ്പുറത്തേക്ക്  പോകാന്‍ ഇനിയും ഒരു RSS കാരന് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ രാജ്യം അഭിമുഖീകരിക്കുന്ന അല്ലെങ്കില്‍ ജനങ്ങള്‍ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളില്‍ നിലപാട് എടുക്കാന്‍ ഇവര്‍ക്ക് കഴിയുന്നുമില്ല.

                                        ഡോക്ടര്‍ ഹെഡ്ഗെവാറും ഗുരുജി ഗോള്‍വല്‍ക്കറും അടങ്ങുന്ന ഭൂലോകഹിന്ദുക്കളെ കടത്തി വെട്ടുകയാണ് സുകുമാരപണിക്കരും വെള്ളാപ്പള്ളിയുമെല്ലാം.     ദേശീയ തലത്തില്‍ ആണെങ്കില്‍ പ്രാദേശിക നീര്‍ക്കോലി കക്ഷികള്‍ വരെ ദേശീയ പാര്‍ട്ടിയുടെ കുത്തിനു പിടിക്കുന്നു.ഏറെകാലമായി ബിജെപി ആണ് ഹൈന്ദവ സംഘടനകളുടെ ജനകീയ മുഖം. എന്നാല്‍ ഹൈന്ദവ സമുദായത്തിന്റെ പോയിട്ട് ഹൈന്ദവ സംഘടനകളെ പോലും ഒന്നിപ്പിക്കാന്‍ അതിനു സാധിച്ചിട്ടില്ല.
                     
                        വര്‍ഗീയതക്കാണെങ്കില്‍ ഇപ്പൊ പഴയ പോലെ സ്കോപ് ഒന്നുമില്ല എന്നതും ഇവര്‍ നേരിടുന്ന പ്രധാന പ്രശ്നമാണ്. ജിഹാദ് വരുന്നേ ജിഹാദ് വരുന്നേ എന്നും പറഞ്ഞ് പേടിപ്പിച്ചു കൂടെ നിര്‍ത്തിയവര്‍ ഒക്കെ കാത്തിരുന്നു ബോറടിച്ചു അവരുടെ പാട്ടിനു പോയി. പിന്നെ ഉള്ളത് കുറച്ചു സംസ്കാര കളിയും പ്രാദേശിക വാദവുമാണ്. ആണും പെണ്ണും തമ്മില്‍ കാണാനും മിണ്ടാനും പാടില്ലെന്നും കണ്ടാലുടന്‍ പിടിച്ചു കെട്ടിക്കുമെന്നും പറഞ്ഞു മാമാ പണി ചെയ്യാനിറങ്ങിയ ശ്രീരാമ സേനക്കാരന്‍ പ്രമോദ് മുത്തലക്ക് ആണ്‍പിള്ളാരുടെ കയ്യുടെ ചൂടും കരിഓയില്‍ ന്റെ മണവും പേടിച്ചു ഇപ്പൊ അങ്ങനെ പുറത്തിറങ്ങാറില്ല. കലാപം നടത്താന്‍ കാശ് വാങ്ങുന്നത് തെളിവ് സഹിതം പിടിച്ചതോടെ ആദര്‍ശദീര ശ്രീരാമന്‍ കട്ടപ്പുറത്തായി.  പിന്നെ ഉള്ളത് ശിവസേനയുടെ മണ്ണിന്റെ മക്കള്‍ വാദമാണ്. അത് കൊണ്ട് താക്കറെ ടീമിനല്ലാതെ മറ്റാര്‍ക്കും ഉപയോഗമില്ലെന്നു മാത്രമല്ല, പുറത്ത് ചീത്തപ്പേരുമാണ്. ഗുജറാത്തില്‍ തിളങ്ങുന്നത് വര്‍ഗീയ വിഷജന്തുക്കള്‍ കടിച്ചു തുപ്പിയ ജീവിതങ്ങളുടെ കണ്ണീരാണ് എന്നതും സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു...                      

                       ഇവിടെ മതന്യൂനപക്ഷങ്ങള്‍ അരക്ഷിതരാണ് എന്ന വികാരം ഉണര്‍ത്തി രാജ്യത്ത് വര്‍ഗീയവിഷം ചീറ്റുന്ന മുപ്പത്തിമുക്കോടി ഭൂരിപക്ഷ ന്യൂനപക്ഷ ഭീകരസംഘടനകളെ സൃഷിക്കുന്നതില്‍ RSS സംഘാദികള്‍ വഹിച്ച പങ്ക് ചെറുതൊന്നുമല്ല. ബാബറി മസ്ജിദ്  തകര്‍ത്തെറിഞ്ഞ് മതേതര രാഷ്ട്രത്തിന്റെ കടക്കല്‍ കത്തി വച്ച ഇക്കൂട്ടരാണ് ഇവിടെ ന്യൂനപക്ഷ വര്‍ഗീയതയുടെ വിത്തിന് വെള്ളവും വളവും നല്‍കിയത്. കേണല്‍ പുരോഹിതിനെയും പ്രഗ്യ സിംഗ് ഠാക്കൂറിനെയും പോലുള്ള വിഷങ്ങള്‍ മതേതര ഇന്ത്യയുടെ തീരാകളങ്കങ്ങള്‍ ആണ്. 
                     
                          അതുമല്ല വര്‍ഗീയത പറഞ്ഞു ആളെ ഇളക്കാവുന്ന കാലമൊക്കെ കഴിഞ്ഞു. അതുകൊണ്ട് നില്‍പ്പിനായി ദേശീയതയും കുറുവടിയുമെല്ലാം മാറ്റി വച്ച് വികസനവും അഴിമതിവിരുദ്ധതയുംമെല്ലാം എടുത്തണിയേണ്ട  ഗതി കേടിലാണ് ഇക്കൂട്ടര്‍...
RSS നു പെട്ടെന്നുണ്ടായ കള്ളപ്പണതിനെതിരായ ബോധോധയവും കേരളത്തില്‍ സ്വാശ്രയ പ്രശ്നത്തില്‍ ABVP ചാടി വീണതും എല്ലാം ഇതിനോട് കൂട്ടി വായിക്കാം. വര്‍ഗീയത എന്നതിന് പകരം ദേശീയത എന്ന വാക്ക് ഉപയോഗിച്ചതുകൊണ്ട് മാത്രം ഇന്ത്യന്‍ സംസ്കാരത്തെ വ്യഭിചരിച്ചു നടക്കുന്ന ഇക്കൂട്ടരുടെ കള്ളനാടകം രക്ഷപ്പെടില്ലെന്ന് ഉറപ്പാണ്.

ലാസ്റ്റ് എഡിഷന്‍ : പശുവാണോ പശിയാണോ വലുത് എന്ന കാര്യത്തില്‍ ഹിന്ദു സംഘടനകള്‍  ഉടന്‍ ഒരു തീരുമാനത്തില്‍ എത്തേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍, എങ്ങാനും ഈ രാജ്യം RSS സംഘാദികളുടെ കൈയ്യില്‍ വന്നാല്‍ ഇവിടെ മനുഷ്യരേക്കാള്‍ കൂടുതല്‍ പശുക്കളാകും. !!!! മനുഷ്യന്റെ വിശപ്പടക്കാന്‍ പശുവിനെ കൊല്ലുന്നതാണോ , പശുവിനു വേണ്ടി മനുഷ്യര്‍ പരസ്പരം വെട്ടി ചാകുന്നതാണോ നല്ലത്?  

Friday, August 5, 2011

"പേറുക വന്നീ പന്തങ്ങള്‍"

                                                        
                          അണുവല്‍ക്കരിക്കപ്പെട്ട വ്യക്തികളുടെ സമൂഹത്തില്‍ പൊതുസമൂഹത്തിന്റെ പരിശ്ചേദമായ കാമ്പസുകളും വല്ലാതങ്ങ് അരാഷ്ട്രീയവല്ക്കരിക്കപ്പെട്ടിരിക്കുന്നു. വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തനം മോശപ്പെട്ട കാര്യമാണെന്നും ക്യാമ്പസ് രാഷ്ട്രീയം അനാവശ്യമാണെന്നും അരാഷ്ട്രീയവാദം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തകരെ അടിച്ചമര്‍ത്തുന്നതിനും വിദ്യാര്‍ഥി സമരങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്നതിനുമുള്ള ബോധപൂര്‍വശ്രമങ്ങള്‍ നടക്കുന്നു. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരെ അച്ചടക്കനടപടിക്ക് വിധേയരാക്കിയും കള്ളകേസില്‍ കുടുക്കിയും ക്യാമ്പസ് രാഷ്ട്രീയത്തെ അടിച്ചമര്‍ത്താന്‍ പുത്തന്‍ തലമുറ സ്വാശ്രയ മാനേജ്‌മന്റ്‌കള്‍ക്ക് മടിയില്ല.   നാളത്തെ പൌരന്മാരായ ഇന്നിന്റെ യുവത്വത്തിനു രാഷ്ട്രീയ ബോധവും സാമൂഹിക പ്രതിബബ്തതയും പാടില്ലെന്നുള്ള ഹിമാലയന്‍ വങ്കത്തരം വിളമ്പുന്നവരുടെ കുഴലൂത്തുകാരായി ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമ ലോകവും മാറുന്ന കാഴ്ചയാണ് കാണുന്നത്. വിദ്യാര്‍ഥികള്‍ക്ക് അക്കാദമിക് വിഷയങ്ങള്‍ക്കപ്പുറത്ത് കടന്നു ചെല്ലാനുള്ള അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നു.

                               അങ്ങനെ രാഷ്ട്രീയവും കലയും സംസ്കാരവും ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന കലാലയങ്ങളില്‍ അപകടകരമായ ഒരു ശൂന്യത സൃഷ്ടിക്കപ്പെടുന്നു. ഈ ശൂന്യതയിലേക്ക് കടന്നു ചെല്ലുന്നത് ആരാജകത്വതിന്റെയും വര്‍ഗീയതയുടെയും ആശയങ്ങളാണ്. മദ്യ-മയക്കുമരുന്ന് മാഫിയകളും ക്വട്ടേഷന്‍ സംഘങ്ങളെ വെല്ലുന്ന ഗ്യാങ്ങുകളും ക്യാമ്പസുകളില്‍ രൂപം കൊള്ളുന്നു. ജാതി മത വര്‍ഗീയ സംഘടനകള്‍ ക്യാമ്പസുകളില്‍ വേരുറപ്പിക്കുന്നു. മതേതര സമൂഹത്തിന് ഒരേ പോലെ ഭീഷണിയായ ഭൂരിപക്ഷ-ന്യൂനപക്ഷ മത വര്‍ഗീയ സംഘടനകളുടെ പേരിലാണ് ഇവയുടെ നിലനില്‍പ്പ്‌. മതാതിഷ്ടിത രാഷ്ട്രനിര്‍മാണമെന്നുള്ള ലക്‌ഷ്യം മാത്രം മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഇക്കൂട്ടരുടെ റിക്രൂട്ട്മെന്റ് ഏജന്‍സികല്‍ മാത്രമാണ് വര്‍ഗീയ വിദ്യാര്‍ഥി സംഘടനകള്‍. യാതൊരുവിധ രാഷ്ട്രീയ നിലപാടുകളോ സാമൂഹിക പ്രതിബബ്ധതയോ ഇവര്‍ക്കില്ല.  വിദ്യാര്‍ഥി  സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ ലവലേശം താല്പര്യം കാണിക്കാത്ത ഇവര്‍ അരാഷ്ട്രീയതയുടെ ചുവടുപറ്റി ക്യാമ്പസുകളെ വര്‍ഗീയവല്‍ക്കരിക്കാനാണ് ശ്രമിക്കുന്നത്. ഇക്കാലമത്രയും വിദ്യാഭ്യാസവിഷയങ്ങളില്‍  പേരിനു പോലും ഇടപെടല്‍ നടത്താതെ ലോകത്തെ ഏറ്റവും വലിയ സംഘ ശക്തിയായ വിദ്യാര്‍ഥിസമൂഹത്തെ വര്‍ഗീയതയുടെ പേരില്‍ ഭിന്നിപ്പിക്കുകയാണ്. ക്യാമ്പസുകളെ കാര്‍ന്നു തിന്നുന്ന അര്‍ബുദമായി ഇത്തരത്തില്‍ വര്‍ഗീയത വളര്‍ന്നു വരുന്നു. 

                                 ഇത്തരത്തിലുള്ള രണ്ടു പ്രവണതകള്‍ക്കും പിന്നിലെ അണിയറ രഹസ്യം വ്യക്തമാണ്. വിദ്യാഭ്യാസത്തെ കച്ചവടച്ചരക്കാക്കി മാറ്റാനുള്ള നിക്ഷിപ്തതാല്പര്യക്കാരുടെ ചൂണ്ടയിലെ ഇരകളാണ് അരാഷ്ട്രീയതയും വര്‍ഗീയവല്‍ക്കരണവും. റിയല്‍ എസ്റ്റേറ്റ്‌ - മണല്‍ മാഫിയകളെ വെല്ലുന്ന രീതിയില്‍ കേരളത്തില്‍ വിദ്യാഭ്യാസ മാഫിയകള്‍ വളര്‍ന്നിരിക്കുന്നു.   പ്രതിരോധമുയര്‍ത്തേണ്ടവര്‍ നിഷ്ക്രിയരായപ്പോ, പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടപ്പോ പണക്കൊഴുപ്പ് മാത്രമല്ല, ജാതി,മത, സാമുദായിക ഘടകങ്ങളെയും അതിവിദഗ്ദ്ധമായി ഉപയോഗപ്പെടുത്തിയാണ് ഇവര്‍ നമ്മുടെ വിദ്യാഭ്യാസ രംഗത്തെ കീഴടക്കാനിറങ്ങിയയത്. വിദ്യാഭ്യാസ കച്ചവടം ഇന്നാട്ടിലെ വിദ്യാഭ്യാസ രംഗത്തെ മുച്ചൂടും നശിപ്പിക്കാന്‍ അധിക നാള്‍ വേണ്ടി വരില്ല

                               "കറുത്തവന്റെ മക്കള്‍ക്ക് അക്ഷരമില്ലെങ്കില്‍ വെളുത്തവന്റെ പാഠം കൊയ്യാതിരിക്കട്ടെ" എന്ന് പറഞ്ഞ നവോഥാന നായകരുടെ നാട്ടില്‍ "ഭരിക്കുന്നവന്റെയും പണക്കാരന്റെയും മക്കള്‍ക്ക് സീറ്റുണ്ടെങ്കില്‍ പാവപ്പെട്ടവന്റെ മക്കള്‍ തെണ്ടിക്കോട്ടേ" എന്ന അവസ്ഥയാണ് ഇന്നുള്ളത്. വിദ്യാഭ്യാസം ജാതി മതശക്തികളും കോര്‍പറേറ്റ്കളും വീതം വച്ചിരിക്കുന്നു. തങ്ങളുടെ സ്ഥാപനങ്ങളില്‍ തങ്ങള്‍ക്ക് തോന്നിയവരെ തങ്ങള്‍ക്ക് തോന്നിയ പൈസ വാങ്ങിച്ച് തങ്ങള്‍ക്ക് തോന്നിയത് പഠിപ്പിക്കും എന്ന് പൊതു സമൂഹത്തോടും ജനാതിപത്യ സംവിധാനങ്ങളോടും  നീതിന്യായ വ്യവസ്ഥകളോടും വെല്ലുവിളിക്കാന്‍ സ്വാശ്രയ മാനേജ്‌മന്റ്‌കള്‍ ധൈര്യപ്പെടുന്നു. അച്ചന്മാരുടെ കോളേജുകളിലെ കാര്യങ്ങള്‍ അച്ചന്മാരും അമ്മമാരുടെ കോളേജുകളിലെ കാര്യങ്ങള്‍ അമ്മമാരും മാത്രം തീരുമാനിക്കും എന്ന അവസ്ഥ. ഇതിനു കൂട്ടുനില്‍ക്കാന്‍ കച്ചവട താല്പര്യങ്ങള്‍ മാത്രമുള്ള സര്‍ക്കാരും. ഇതാണ് ഇന്നത്തെ വിദ്യാഭ്യാസ മേഖലയുടെ അവസ്ഥ.  
                                            
                              ആരാഷ്ട്യീയതയുടെ പേരില്‍ ഷണ്ടീകരിക്കപ്പെട്ട, വര്‍ഗീയതയുടെ പേരില്‍ വിഘടിപ്പിക്കപ്പെട്ട ഒരു വിദ്യാര്‍ഥി സമൂഹത്തിനു ഇതിനെതിരെ ചെറുത്തുനില്‍ക്കാനാകില്ല. വിദ്യാഭ്യാസരംഗത്തെ കാലികമായ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട്,  വിദ്യാര്‍ഥിപക്ഷത്തുനിന്ന് ആ വ്യവസ്ഥയോട് എതിരുടുകയും ചെയ്യുക എന്ന ലക്ഷ്യത്തെ തിരിച്ചറിഞ്ഞിരിക്കുകയാണ്  SFI എന്ന പൊരുതുന്ന വിദ്യാര്‍ഥിപ്രസ്ഥാനം. 


                           നാല് പതിറ്റാണ്ടായി നമ്മുടെ ക്യാമ്പസുകളുടെ സര്‍ഗാത്മകതയുടെയും പോരാട്ടവീറിന്റെയും മുഖമുദ്രയായി മാറിയ വിപ്ലവ വിദ്യാര്‍ഥിപ്രസ്ഥാനമാണ് എസ്എഫ്ഐ. ചരിത്രത്തിന്റെ ഏടുകളില്‍ സുവര്‍ണ്ണലിപികളാല്‍ കുറിക്കപ്പെട്ട അനവധി നിരവധി സമരപോരാട്ടങ്ങളിലൂടെ കൈവരിച്ച വിദ്യാഭ്യാസ പുരോഗതിയുടെ കാവലാളായി, പകരംവയ്ക്കാനാകാത്ത സംഘശക്തിയായി SFI എന്ന വിദ്യാര്‍ഥിസംഘടന ഇന്നും നമ്മുടെ ക്യാമ്പസുകളില്‍ നിലനില്‍ക്കുന്നു. നീതിക്കുവേണ്ടിയുള്ള നിലക്കാത്ത പോരാട്ടങ്ങളില്‍ വലതു പക്ഷ വര്‍ഗീയ ശക്തികളാല്‍ വേട്ടയാടപ്പെട്ട്‌ തങ്ങളുടെ കൂടെപ്പിറപ്പുകള്‍ക്കായി രക്തംചിന്തിയ ധീരരക്തസാക്ഷികളുടെ ഓര്‍മ്മകള്‍ കരുതാക്കിയാണ് സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നീ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു SFI രാജ്യത്തെ ഏറ്റവും വലിയ വിദ്യാര്‍ഥിസംഘടനയായി മാറിയത്...              
                               വിദ്യാഭ്യാസരംഗത്തെ സാമൂഹിക പ്രതിബബ്തതയോടുള്ള നിരന്തരമായ ഇടപെടലുകളാണ് SFI എന്ന സംഘടനയെ ക്യാമ്പസുകള്‍ക്ക് പ്രിയങ്കരരാക്കിയത്. വിദ്യാര്‍ഥികളെ ബാധിക്കുന്ന വിഷയങ്ങളില്‍ അവര്‍ക്കൊപ്പം നിന്ന് അവരുടെ അവകാശങ്ങള്‍ക്കായി പോരാടിയ ചരിത്രമാണ് എസ്എഫ്ഐക്കുള്ളത്. വിദ്യാഭ്യാസ രംഗത്തെ കാലികമായ വിഷയങ്ങളെ ഗൌരവമായി പഠിക്കുകയും വിദ്യാര്‍ഥിവിരുദ്ധ സമീപനങ്ങളെ നഖശിഖാന്തം എതിര്‍ക്കുകയും  പുരോഗനാത്മക ചിന്താഗതികളുള്ള നവ സമൂഹത്തിന്റെ നിര്‍മിതിക്കായി നിലകൊള്ളുകയും ചെയ്തിട്ടുള്ള SFI   "പേറുക വന്നീ പന്തങ്ങള്‍, അരാഷ്ട്രീയതക്കും വര്‍ഗീയതക്കും വിദ്യാഭ്യാസകച്ചവടത്തിനുമെതിരെ" എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട്  രണ്ട്  സംസ്ഥാന ജാഥകള്‍ നയിക്കുകയാണ്. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ ചരിത്രമായി മാറുന്ന ഈ ജാഥ, വിദ്യാഭ്യാസ മേഖലയിലെ പുഴുകുത്തുകള്‍ക്കതിരായി വിദ്യാര്‍ഥി സമൂഹം നല്‍കുന്ന ശക്തമായ താക്കീതാകും എന്നുറപ്പ്. 


                                                                  
Related Posts Plugin for WordPress, Blogger...