Monday, November 18, 2013

ഞാനും എന്‍റെ അടുക്കളത്തോട്ടവും കസ്തൂരിരംഗനും . . .

ഗാഡ്ഗില്‍,കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെ ചൊല്ലി അതിഗംഭീരമായ വാദപ്രതിവാധങ്ങള്‍ നടന്നുകൊണ്ടിരിക്കയാണ്. ഞങ്ങളുടെ ഗ്രന്ഥം മനപ്പാഠമാക്കാതെ ഞങ്ങടെ മതത്തെ വിമര്‍ശിക്കരുത് എന്ന അതെ ന്യായം ആണ് റിപ്പോര്‍ട്ട് രണ്ടും പഠിക്കാതെ അതില്‍ അഭിപ്രായം പറയരുത് എന്ന് പറയുന്നവരുടെതും. അതിനാല്‍ ആദ്യമേ പറയട്ടെ, ഞാന്‍ ഈ പറയുന്ന രണ്ടു റിപ്പോര്‍ട്ടും വായിച്ചിട്ടില്ല, ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് വായിച്ചു തുടങ്ങിയപ്പോള്‍ തന്നെ അത് വായിച്ചാല്‍ പ്രത്യേകിച്ചൊന്നും മനസ്സിലാകാന്‍ പോകുന്നില്ല എന്ന് മനസ്സിലായത് കൊണ്ടാണ് തല്‍ക്കാലം വായന വേണ്ടെന്നു വച്ചത്.

വിഷയത്തെ കുറിച്ച് അറിയാവുന്നവരും അതിനെ പറ്റി പഠിച്ചവരും പിന്നെ ലോകത്തുള്ള എന്തിനെ കുറിച്ചും ക്ഷണനേരത്തെ ശ്രമം കൊണ്ടു ആധികാരികമായി മനസ്സിലാക്കാന്‍ കഴിവുള്ളവരുമായ മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വായിച്ചും മനസ്സിലാക്കിയിടത്തോളം മൂന്നു കാര്യങ്ങളിലാണ് തര്‍ക്കം നടക്കുന്നത്..

ഒന്ന് : ഈ രണ്ടു റിപ്പോര്‍ട്ടുകളും നടപ്പിലാക്കേണ്ട ആവശ്യമുണ്ടോ?

രണ്ട്: ഈ രണ്ടില്‍ ഏതാണ് നടപ്പിലാക്കേണ്ടത്?

മൂന്ന്: രണ്ടായാലും പാലിക്കപ്പെടേണ്ട നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോ?


ഈ ചോദ്യങ്ങളും തര്‍ക്കങ്ങളും ഒക്കെ തുടങ്ങിയിട്ട് കാലംകുറച്ചായെങ്കിലും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള കേന്ദ്രതീരുമാനവും അതിനു പിറകെ അവിടെയും ഇവിടെയും മുക്കിലും മൂലയിലും ഒക്കെക്കൂടി നടന്ന ഒറ്റപ്പെട്ട പ്രതിഷേധങ്ങളും ഹര്‍ത്താലുകളും ഒന്നും മഹാഭൂരിപക്ഷം വരുന്ന നിക്ഷ്പക്ഷ മല്ലൂസിനെ സ്വാധീനിച്ചതെയില്ലാ എന്നത് നാം കണ്ടതാണ്. "റബ്ബറിന്‍റെ വില പ്രശ്നത്തില്‍ അച്ചായന്മാര്‍ നടത്തുന്ന സമരമാണെന്ന് തോന്നുന്നു" എന്ന് ഹര്‍ത്താല്‍ വാര്‍ത്തകളോട് ആത്മഗതം ചെയ്തവരും കുറവല്ല...

തങ്ങള്‍ ഒറ്റപ്പെട്ടു എന്നും തികച്ചും മുതലെടുപ്പിന്‍റെതായ താല്‍പര്യക്കാരാല്‍ ഈ സമരം ഹൈജാക്ക് ചെയ്യപ്പെടാനും അക്രമ സമരമായി മുദ്രകുത്തപ്പെട്ട് അടിച്ചമര്‍ത്തപ്പെടാനും പോകുകയാണ് എന്ന് സമരക്കാര്‍ എന്ന് നാം വിളിക്കുന്ന ഈ ഈ റിപ്പോര്‍ട്ട് നേരിട്ട് ബാധിക്കാന്‍ പോകുന്ന ജനവിഭാഗങ്ങള്‍ തിരിച്ചറിഞ്ഞതോടെയാണ് സമരം താമരശ്ശേരിയില്‍ കണ്ടപോലെ അക്രമങ്ങളിലേക്ക് മാറിയത്. എന്നാല്‍ ഈ വിഷയത്തില്‍ കേരളം ഒറ്റക്കെട്ടാണ് എന്നും മുഴുവന്‍ ജനങ്ങളും നിങ്ങളുടെ ആശങ്കയില്‍ പങ്കു ചേരുന്നു എന്ന പ്രഖ്യാപനമാണ് ഇന്നത്തെ ഹര്‍ത്താലിലൂടെ എല്‍ഡിഎഫ് നടത്തിയത്.

എന്നാല്‍ പ്രസ്തുതവിഷയം ഉയര്‍ത്തിപ്പിടിച്ച്‌ സംസ്ഥാനവ്യാപകമായ ഹര്‍ത്താലിന് ഇടതുപക്ഷജനാധിപത്യമുന്നണി ആഹ്വാനം ചെയ്തതോടെ  കേരളമാസകലം സടകുടഞ്ഞെണീറ്റ് ആദ്യം കസ്തൂരിരംഗനും പിന്നെ ഹര്‍ത്താലിനും ഏറ്റവുമൊടുവില്‍ പതിവുപോലെ സിപിഎമ്മിനും എതിരെ കൊടുവാളെടുക്കാന്‍ തുടങ്ങിയ കാഴ്ചയാണ് കാണുന്നത്. വന്നുവന്നിപ്പോ പശ്ചിമഘട്ടം എന്ന സാധനം കേരളത്തിന്‍റെ തെക്കാണോ വടക്കാണോ എന്ന് അറിയാത്തവന്‍ പോലും ഹര്‍ത്താല്‍ വിരോധികളുടെ അടിപ്പാവാടയില്‍ തൂങ്ങി സിപിഎമ്മിന് എതിരെ കുരച്ച് ചാടുകയാണ്. കൂടെ നിന്നവരുടെ കുന്നായ്മ പറച്ചില്‍ വേറെയും . . .

ഈ വിഷയവുമായി ബന്ധപ്പെട്ട് തുടക്കം മുതലേ അങ്ങേയറ്റം മാതൃകാപരവും പക്വവുമായ നിലപാടെടുത്തത് സിപിഐഎം അടക്കമുള്ള ഇടതുപാര്‍ട്ടികള്‍ ആണെന്നേ ഞാന്‍ പറയൂ. പരിസ്ഥിതി സംരക്ഷണം എന്ന കമ്മ്യൂണിസ്റ്റ്‌ ആശയത്തില്‍ നിന്നും അണുവിട വ്യതിചലിക്കാതെ തന്നെ ജനപക്ഷത്ത് നിന്നുകൊണ്ട് സംസാരിക്കാന്‍ സിപിഎമ്മിന് സാധിച്ചു. പരിസ്ഥിതിയുടെയും പ്രകൃതിവിഭവങ്ങളുടെയും സംരക്ഷണം എന്ന ഉത്തരവാദത്തില്‍ നിന്ന് മാറിനിന്നുകൊണ്ട്‌ ഒരു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി സംസാരിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ ഈ പാര്‍ട്ടിയെ തെല്ലും മനസ്സിലാക്കിയിട്ടില്ലെന്നു വേണം പറയാന്‍.

പശ്ചിമഘട്ട സംരക്ഷണം പരമപ്രധാനമാണ് ഇടതുപക്ഷ നിലപാട് കൊണ്ട് തന്നെ ഗാഡ്ഗിലോ കസ്തൂരിരംഗനോ പോലുള്ള റിപ്പോര്‍ട്ടുകളെ പൂര്‍ണമായും തള്ളിക്കളയാന്‍ സിപിഎമ്മിന് സാധിക്കില്ല. അതേ സമയം റിപ്പോര്‍ട്ട് നടപ്പാക്കുമ്പോ അതത് പ്രദേശത്തെ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥ ഉണ്ടാകാനും പാടില്ല. അതിനാല്‍ തന്നെ സിപിഐഎം ആവശ്യപ്പെട്ട കാര്യം "റിപ്പോര്‍ട്ട് പ്രകാരമുള്ള നടപടികള്‍ നടപ്പാക്കുന്ന പ്രദേശങ്ങള്‍ തീരുമാനിക്കുന്നതിന് ജനാധിപത്യപരമായ നടപടിക്രമം പിന്തുടരണം"എന്നാണു.

എന്താണ് ആ നിലപാടിലുള്ള തെറ്റ് ? ഒരുവലിയപ്രദേശത്തെ ലക്ഷക്കണക്കിന്‌ജനങ്ങളെബാധിക്കുന്ന ഒരു വിഷയത്തെ ഏതാനും ഉദ്യോഗസ്ഥരും ശാസ്ത്രഞ്ജരും മാത്രം തീരുമാനിച്ചാല്‍ പോരാ, അവിടത്തെ ജനങ്ങളുടെ പൊതുവികാരം മാനിക്കപ്പെടുകയും അവരുടെ ആശങ്കകള്‍ ദൂരീകരിക്കുകയും വേണം. അത് ഒരു ജനാധിപത്യരാജ്യത്തെ അവകാശമാണ്.

നിലവിലെറിപ്പോര്‍ട്ട് പ്രകാരം ഒരു വില്ലേജ് പ്രദേശത്തിന്‍റെ ഇരുപത് ശതമാനം പരിസ്ഥിതിസംരക്ഷിതപ്രദേശത്തിന്‍റെ പരിധിയില്‍ വരുമെങ്കില്‍ ആ പ്രദേശം മുഴുവന്‍ റിപ്പോര്‍ട്ട് പരിധിയില്‍ വരും വരും.ജനസാന്ദ്രതകൂടിയ കേരളം പോലൊരു സംസ്ഥാനത്ത് ഈ തീരുമാനം ജനജീവിതത്തെ വല്ലാതെ ബാധിക്കും. കര്‍ഷകര്‍ക്കും വലിയ ആശങ്കകള്‍ ഉണ്ട്. 

ഇതടക്കമുള്ള പരാതികളും ആശങ്കകളും പരിഹരിക്കപ്പെടാന്‍ ജനാധിപത്യവേദികള്‍ രൂപീകരിക്കുകയും ജനജീവിതത്തിനും പരിസ്ഥിതിക്കും കോട്ടംതട്ടാത്ത വിധത്തില്‍ നടപടികള്‍ ഉണ്ടാകുകയും വേണം. ഈ നിലപാടിനെ മനസ്സിലാക്കാതെ അന്തമായ രാഷ്ട്രീയ എതിര്‍പ്പിന് ഈ വിഷയത്തെ ഉപയോഗിക്കുന്നവരെ തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്....
പക്ഷേ നേരത്തെ പറഞ്ഞ പോലെ ഇവിടെ ചര്‍ച്ച ചെയ്യപ്പെട്ടത് കസ്തൂരിരംഗനും ഗാഡ്ഗിലും പശ്ചിമഘട്ടവും ഒന്നുമല്ല അതിന്‍റെ പേരില്‍ ഉണ്ടായ ഹര്‍ത്താലാണ് എന്നതാണ് ഖേദകരമായ വസ്തുത.

"ഈ വിഷയത്തില്‍ ബോധവല്‍ക്കരണം ആണ് ആദ്യം വേണ്ടത്" എന്ന മാന്യമായ നിലപാടിന് അല്‍പ്പം കയ്യടി കിട്ടാനും ഞങ്ങളൊരു കൂട്ടര്‍ ഇവിടുണ്ട് എന്ന് നാട്ടാരെ അറിയിക്കാനും വേണ്ടിയാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് "ഹര്‍ത്താലിന് മുന്‍പ് ബോധവല്‍ക്കരണം ആയിരുന്നു നടത്തേണ്ടിയിരുന്നത്" എന്നൊക്കെ പറഞ്ഞുകളഞ്ഞത്. പശ്ചിമഘട്ട സംരക്ഷണം എന്ന് പറഞ്ഞാല്‍ പിണ്ണാക്കാണോ ഉണ്ടംപൊരിയാണോ എന്ന് ഇനിയും മനസ്സിലായിട്ടില്ലാത്ത എന്നെപ്പോലുള്ളവരെ ഇതൊന്നു മനസ്സിലാക്കി തരണം എന്ന് പറഞ്ഞ പരിഷത്ത് ചേട്ടന്മാരുടെ നിലപാട് എന്തായാലും സ്വാഗതാര്‍ഹമാണ്.ആപണിചെയ്യാന്‍ രാഷ്ട്രീയപാര്‍ട്ടികളെക്കാള്‍ ഉത്തരവാദിത്തം തങ്ങള്‍ക്കാണ് എന്ന് തിരിച്ചറിഞ്ഞ് നാളെ രാവിലെ മുതല്‍ പരിഷത്തുകാര്‍ ബോധവല്‍ക്കരണം തുടങ്ങും എന്നും പ്രതീക്ഷിക്കുന്നു.

ലാസ്റ്റ് എഡിഷന്‍: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വിഷയത്തില്‍ സംസ്ഥാന വ്യാപക ഹര്‍ത്താല്‍ പ്രഖ്യാപിച്ച എല്‍ഡിഎഫ് നിലപാട് അല്‍പം കടന്നുപോയി എന്ന് പറയേണ്ടി വരും. കാരണം റിപ്പോര്‍ട്ട് നടപ്പാക്കുന്ന കാര്യത്തില്‍ ജനങ്ങളെ വിശ്വാസത്തില്‍ എടുക്കണം എന്ന്‍ ആവശ്യപ്പെട്ട എല്‍ഡിഎഫിന് "എന്നെയും എന്‍റെ വീട്ടിലെ ഏസിയെയും അടുക്കളത്തോട്ടത്തെയും ഒരുതരത്തിലും ബാധിക്കാത്ത കസ്തൂരിരംഗന്‍ നടപ്പായാലും കിടപ്പായാലും എനിക്കൊന്നുമില്ല" എന്ന മല്ലൂ ചിന്താഗതിയെ മനസ്സിലാക്കാന്‍ ഇനിയും സാധിച്ചിട്ടില്ല എന്നത് തന്നെ!!!
Related Posts Plugin for WordPress, Blogger...