Showing posts with label യുക്തിവാദം. Show all posts
Showing posts with label യുക്തിവാദം. Show all posts

Sunday, June 12, 2011

മാതാ പിതാ ഗുരു (ആള്‍)ദൈവം!!!


                              മാതാവും പിതാവും ഗുരുവും എല്ലാം ദൈവമായി മാറികൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. നിരക്ഷരരും അത്താഴ പട്ടിണിക്കാരുമായ പാവം നാട്ടിന്‍പുറത്തുകാര്‍ ദൃഷ്ടി ദോഷമാകറ്റാനും വസൂരി മാറാനും വേണ്ടി വാറ്റുചാരായവും നാടന്‍ കഞ്ചാവും വച്ച് വണങ്ങുന്ന കാവിലമ്മയും കുട്ടിചാത്തനുമല്ല, ആണവശാസ്ത്രഞ്ജന്മാര്‍ മുതല്‍ കോര്‍പ്പറേറ്റ് രാജാക്കന്മാര്‍ വരെ ശീതികരിച്ചമുറികളില്‍ ലക്ഷങ്ങളും കോടികളും വച്ച് വണങ്ങുന്ന, ലോകമെമ്പാടും വേരുകളുള്ള ഭക്തി ബിസിനസ്‌ ശ്രിഖലയുടെ അധിപന്മാരായ പുത്തന്‍ തലമുറ ആള്‍ ദൈവങ്ങള്‍...

                          കൊല്ലം ജില്ലയിലെ പറയകടവ് കടപ്പുറത്തെ സുധാമണി എന്ന മുക്കുവ സ്ത്രീ  ഇന്ത്യയിലെ മാത്രമല്ല ലോകമെമ്പാടുമുള്ള ജനകോടികളുടെ അമ്മയായി   മാറിയ അത്ഭുത കഥയാണ്‌  മാതാ അമൃതാനന്തമയിയുടേത്. അമ്മയുടെ കരലാളനം കൊതിച്ചു കാലദേശഭേദമന്യേ  ജനലക്ഷങ്ങള്‍ പ്രവഹിച്ചുകൊണ്ടേ ഇരിക്കുന്നു. യൌവനകാലം മുതല്‍ കെട്ടിപിടിച്ചും ഉമ്മവച്ചും നല്‍കിയിരുന്ന സ്വര്‍ഗീയസുഖവും ദിവ്യാനുഭൂതിയും ഈ പ്രായത്തിലും ഭക്തര്‍ക്ക് നല്കാനാകുന്നു എന്നത് മാത്രമല്ല സുധാമണിയുടെ വിജയ രഹസ്യം. സുനാമി ദുരിതാശ്വാസം അടക്കം കോടികളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത്‌നടത്തി കൈയ്യടി നേടിയാണ്‌ ആ സ്ത്രീയുടെ പ്രസ്ഥാനം ഇന്ന് കാണുന്ന ഉയരങ്ങളില്‍ എത്തിയത്.

                            മരണം പോലും നാടകമാക്കിയ സായി ബാബയുടെ കഥയും വ്യത്യസ്തമല്ല.  അന്തരീക്ഷത്തില്‍ നിന്നും ആമാശയത്തില്‍ നിന്നും സ്വര്‍ണമാലയും  സ്വര്‍ണഗോളവും പുറത്തെടുത്തു  ജനലക്ഷങ്ങളെ പറ്റിച്ചാണ് ബാബ എത്രയും ഉയരത്തില്‍ എത്തിയത്.  ഒന്നൊഴിയാതെ എല്ലാം കള്ളത്തരവും മാജിക്‌ ട്രിക്ക്സും ആണെന്നത് പല തവണ തെളിയിക്കപ്പെട്ടതുമാണ്. എന്നിട്ടും ജനലക്ഷങ്ങള്‍ ബാബയുടെ മാസ്മരിക വലയത്തില്‍ അകപ്പെട്ടു കൊണ്ടേ ഇരുന്നു.   കോടിക്കണക്കിനു രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ബാബ ട്രസ്റ്റ്‌ നടത്തുന്നതായി അറിയുന്നു. സന്തോഷം. ആളുകളെ പറ്റിച്ചു പെട്ടെന്നൊരു ആയിരം കോടി എന്റെ കൈയ്യില്‍ കിട്ടിയാലും അതില്‍ ഒരു നൂറു നൂറ്റമ്പതു കോടിക്കെങ്കിലും ജീവകാരുണ്യമോ   മരണകാരുണ്യമോ നടത്തുന്നതില്‍ എനിക്കും സന്തോഷമേ ഉള്ളു.  

                                   ഈ ശാന്തിക്കും സമാധാനത്തിനും ഒക്കെ ഇത്രയധികം ചിലവുണ്ട് എന്ന് നമ്മളെ പഠിപ്പിച്ച ഒരു മഹാനാണ് ശ്രീ*2 രവിശങ്കര്‍. അദ്ധേഹത്തിന്റെ ആര്‍ട്ട്‌ ഓഫ് ലിവിംഗ്,(അദ്ദേഹം ജീവിക്കാന്‍ വേണ്ടി നടത്തുന്ന കല) യോഗാ കോഴ്സ്നു വന്‍ തുക നല്‍കി ചേര്‍ന്നാല്‍ ശാന്തിയും സമാധാനവും ബസ്‌ പിടിച്ചു വരുമത്രേ!!! കൈയ്യിലുള്ള പണവും കൊടുത്തിട്ട്  ശുഭ്രവസ്ത്രം ധരിച്ചു അല്പം സ്ത്രൈണഭാവത്തില്‍ കൊഞ്ചി കൊഞ്ചിയുള്ള അങ്ങേരുടെ വര്‍ത്തമാനം കേള്‍ക്കേണ്ടി വരുന്നവന്റെ യോഗം എന്നല്ലാതെ എന്ത് പറയാന്‍?

                                   ഇതെല്ലാം വന്‍കിട സെറ്റപ്പുകള്‍ ആണെങ്കില്‍ വേറെയും ഉണ്ട് ഒരു കൂട്ടര്‍. ചുട്ട കോഴിയെ പറപ്പിക്കുകയും (ചുടാത്ത കോഴിയെ പറപ്പിക്കാന്‍ ഞാനായാലും മതി), ചൂട് വെള്ളത്തിലൂടെ നടക്കുകയും, അതി രാവിലെ തുണിയില്ലാതെ ദര്‍ശനം കൊടുക്കുകയും, പോലീസുകാരെ തോക്ക് ചൂണ്ടി പീഡിപ്പിക്കുകയും(പേടിപ്പിക്കലിനോന്നും ഇപ്പൊ ഡിമാന്റില്ല), സില്‍മ നടിക്ക് പൂജിക്കാന്‍ സ്വന്തം ലിംഗം വരെ കൊടുക്കുകയും, നഗ്ന പൂജ നടത്തിയാതിന്റെ വീഡിയോ വേണ്ടാതീനം കാണിക്കാന്‍ വേണ്ടി സൂക്ഷിക്കുകയും (ഇപ്പൊ ജയിലില്‍ എങ്ങനെ സാധിക്കുന്നോ ആവോ !!!) ചെയ്യുന്ന പ്രാദേശിക ആള്‍ ദൈവങ്ങള്‍.

                           പച്ചവെള്ളത്തില്‍ തുപ്പിയും തൂറിയും രോഗമകറ്റുന്ന, അര അണയുടെ ചരട് ആസനത്തിനു മുകളില്‍ കെട്ടി പേടിയകറ്റുന്ന,  കോഴിമുട്ടയില്‍ ഡയലോഗ് എഴുതി ആരാന്റെ പറമ്പില്‍ കുഴിച്ചിട്ട് അവനിട്ട് പണി കൊടുക്കുന്ന, തങ്ങള്‍മാരും സിദ്ധന്മാരും സൂഫിമാരും പരിഷ്കൃത ലോകത്തെ നോക്കി കൊഞ്ഞനം കാട്ടുന്നു.  

                         സുധാമണിയും സത്യനാരായണ രാജുവും രവിശങ്കറും എല്ലാം ഓരോ ഐക്കണ്‍ പ്ലയെര്‍മാര്‍ മാത്രമാണ്. ഇവരെ ഓരോരുത്തരെയും നിയന്ത്രിക്കുന്നത്, അല്ലെങ്കില്‍ ഇവരെ  മുന്‍നിര്‍ത്തി ലാഭം കൊയ്യുന്നതും വന്‍കിട കോര്‍പറേറ്റ്കളും മാഫിയാ സംഘങ്ങളുമാണ്.  സ്വാമി ശാശ്വതീകാനന്ത അടക്കം ധ്യാനകേന്ദ്രങ്ങളിലും ആശ്രമങ്ങളിലും നടക്കുന്ന അസ്വാഭാവിക മരണങ്ങളുടെ എണ്ണം മാത്രം കണക്കിലെടുത്താല്‍ കാര്യങ്ങള്‍ വ്യക്തമാകും. കള്ളക്കടത്തിനും  കൂട്ടിക്കൊടുപ്പിനും അധ്യാത്മകതയെക്കാള്‍ നല്ല മറവ് വേറെ കിട്ടാനില്ല.  
കോര്‍പൊറേറ്റ് സംഘങ്ങളുടെ കളികളും കാണാതിരുന്നു കൂടാ. ആള്‍ ദൈവങ്ങളുടെ പേരില്‍ ഉള്ള ട്രസ്റ്റുകളില്‍ മറിയുന്നത് കോടികളുടെ കള്ളപ്പണമാണ്. ഉള്ള വെള്ളപ്പണത്തിനാകട്ടെ ടാക്സ് അടക്കുകയും വേണ്ട. ചാരിറ്റിയുടെ പേരില്‍ സര്‍ക്കാര്‍ മിക്ക ആള്‍ദൈവങ്ങളെയും നികുതിയില്‍ നിന്നും ഒഴിവാക്കിയിടുണ്ട്. (അല്ലെങ്കില്‍ തന്നെ ദൈവത്തിനു എന്ത് നികുതി!!!)   
            
                     ഓരോ ആള്‍ ദൈവത്തിനും ഭക്തന്മാര്‍, ശിഷ്യന്മാര്‍ എന്നൊക്കെ പറഞ്ഞു കുറെ കോടീശ്വരന്മാരും വന്‍കിട രാഷ്ട്രീയക്കാരും ബ്യുറോക്രാറ്റുകളും സിനിമാ താരങ്ങളും കൂട്ടിനുണ്ടാകും. ദൈവത്തിന്റെ കൈ മുത്താനും കാല്‍ കഴുകാനും ഒക്കെ മുന്നില്‍ നില്‍ക്കുന്നത് ഇവരാകും. കള്ളപ്പണത്തിന്റെ മുഖ്യ ഉപഭോക്താക്കള്‍ ഇവര്‍ തന്നെ. ഇന്ത്യക്കാരുടെ കോടികളുടെ കള്ളപ്പണം സ്വിസ്സ് ബാങ്കില്‍ നിന്നും മന്‍മോഹന്‍ജി തിരിച്ച് കൊണ്ട് വരുമ്പോള്‍(!!!) അതില്‍ നല്ലൊരു പങ്ക് ഈ ഭക്തി വ്യവസായത്തിന്റെയാകും എന്നുറപ്പ്...

ലാസ്റ്റ് എഡിഷന്‍: ആത്മീയതക്ക് ഒരു വകുപ്പ് ഉണ്ടാക്കുകയും അതിനൊരു മന്ത്രിയെ നിയമിക്കുകയും കൂടി ചെയ്‌താല്‍ സര്‍ക്കാരിന് കൂടി ഈ തട്ടിപ്പ് വ്യവസായത്തില്‍ പങ്കു ചേരാം..
ദൈവങ്ങള്‍ ജെപിസി യുടെ പരിധിയിലും വരാന്‍ വഴിയില്ലല്ലോ !!!!

Monday, February 7, 2011

മകരവിളക്ക് ആരുടെ വിശ്വാസത്തിന്റെ പ്രശ്നം?



"മകരവിളക്ക് മനുഷ്യനിര്‍മിതമാണോ? " എന്ന മില്യണ്‍ ഡോളര്‍ ചോദ്യം ആദ്യമായി ചോദിച്ചത് ആരെന്നറിയില്ല. ഏറെക്കാലം യുക്തിവാദികളുടെയും കമ്മ്യൂണിസ്റ്റ്‌ ബു.ജികള്‍  ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും ഒക്കെ ഇടയില്‍ മാത്രം ചര്‍ച്ചചെയ്യപെട്ട ഈ ചോദ്യം പൊതുശ്രദ്ധ നേടുന്നത് പീരുമേട് ദുരന്തത്തെതുടര്‍ന്നാണ്‌. മകരവിളക്ക് അനുബന്ധിച്ചുണ്ടായ അമിതമായ തിരക്കും ആവേശവും ദുരന്തം ക്ഷണിച്ചുവരുത്തി എന്ന തരത്തില്‍ ഉള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് ഇത്തരം ചര്‍ച്ചകള്‍ക്ക് ആക്കംകൂട്ടി..  അതിനിടയിലാണ് എവിടുന്നോ നമ്മുടെ ബഹു:ഹൈക്കോടതി ഇതിനിടയിലേക്ക് ചാടി വീണത്. കാര്യം അയ്യപ്പന്മാരുടെയും വക്കീലന്മാരുടെയും വസ്ത്രത്തിന്റെ നിറം കറുപ്പാണ് എന്ന് പറഞ്ഞിട്ട് എന്താ കാര്യം?,  കോടതിക്ക് ശബരിമലയെ പറ്റി ഒരു ചുക്കും അറിയില്ല. പത്രത്തിലും ചാനലിലും ഒക്കെ മകരവിളക്ക് കത്തിനില്കുമ്പോ കോടതിക്കും ഒരു സംശയം. ഇതിലൊക്കെ വല്ല സത്യവും ഉണ്ടോ? ആരോടെങ്കിലും ചോദിക്കണം എന്നുണ്ട്. പീരുമേട് വിഷയവുമായി മുന്നില്‍ എത്തിയ ദേവസ്വം വക്കീലിനോടല്ലാതെ പിന്നെ ആരോടാ ചോദിക്കാന്‍ പറ്റുക?  "മകരവിളക്ക് മനുഷ്യനിര്‍മിതമാണോ വക്കീലേ?". പാവം കോടതി ചോദിചു. 
മുഖത്തടിച്ച പോലെ ആയിരുന്നു മറുപടി. "മൈ ലോര്‍ഡ്‌, അതൊക്കെ വിശ്വാസത്തിന്റെ പ്രശ്നം ആണ്. കോടതി അതില്‍ ഇടപെടാതിരിക്കുന്നതാണ് നല്ലത്". പാവം കോടതി ഞെട്ടിപ്പോയി. ഹെന്ത്? തീക്കട്ടയില്‍ ഉറുമ്പരിക്കുന്നോ? കേരളമാകെ അടക്കി വാഴുന്ന നാം ഏത് വിഷയത്തില്‍ ഇടപെടണം എന്ന് തീരുമാനിക്കാന്‍ യെവനാര്? വിശാസത്തിന്റെ പ്രശ്നം ആയാലും അല്ലെങ്കിലും ആവശ്യം വന്നാന്‍ ഇടപെടും എന്നായി കോടതി. അതും പോരാഞ്ഞിട്ട് സര്‍ക്കാരിനോട് കുറെ ചോദ്യങ്ങളും, മകരവിളക്ക് മനുഷ്യന്‍ കത്തിക്കുന്നതാണോ? മകരവിളക്കും മകരജ്യോതിയും തമ്മിലുള്ള വ്യത്യാസം എന്ത്?, പൊന്നമ്പലമേട് ധനസമാഹരണ മാര്‍ഗം ആയി മാറുന്നോ? ഇതൊക്കെ ഒന്ന് അന്വേഷിച്ചു കണ്ടുപിടിചുതാ എന്റെ വിഎസ്സേ...
കേട്ടപാതി കേള്‍ക്കാത്തപാതി വിഎസ് പറഞ്ഞു, "നടക്കില്ല കോടതിയേ, മകരവിളക്കൊക്കെ വിശ്വാസത്തിന്റെ ഭാഗമാണ്. അതിന്റെ സത്യം അന്വേഷിച്ചു പോകാന്‍ സര്‍ക്കാരിന് സൌകര്യമില്ല". കണ്ടോ കണ്ടോ ജനാധിപത്യത്തിന്റെ ഒരു പവര്‍? പൊതുവഴിയില്‍ പൊതുയോഗം കൂടാന്‍ പാടില്ല, പൊതുസ്ഥലത്ത് മൂത്രമൊഴിക്കാന്‍ പാടില്ല, ഹെല്‍മെറ്റ്‌ ധരിക്കാതെ വണ്ടിയോടിക്കാന്‍ പാടില്ല എന്നൊക്കെ വെച്ച്കാച്ചുമ്പോ ഓര്‍ക്കണമായിരുന്നു ഇങ്ങനെ കുറെ ആവശ്യങ്ങളും കൊണ്ട് ഞങ്ങടെ മുന്നില്‍ വരേണ്ടി വരും എന്ന് ശുംഭന്മാരെ . . . അങ്ങനെ കോടതിയുടെ കോടതിയുടെ പൊതുതാല്‍പര്യ ത്വരയെ വെട്ടിനിരത്തിക്കളഞ്ഞു മുഖ്യന്‍. ധീരമായ നിലപാട്. മതം മനുഷ്യനെ(വോട്ടറെ) മയക്കുന്ന കറുപ്പാണ് എന്നൊക്കെ സഖാവിനു നന്നായി അറിയാം. മകരവിളക്കില്‍ കൈവയ്ക്കാന്‍ രാഷ്ട്രിയപാര്‍ടികള്‍ ആരും ധൈര്യപ്പെടാത്തതും അതുകൊണ്ട് തന്നെയാണ്. ഇനി അതിന്റെ പുറകെ പോയി വിശ്വാസികളുടെ വോട്ട് നഷ്ടപെടുത്താന്‍ നില്‍കണ്ട എന്ന് കരുതിതന്നെയാണ് മുഖ്യമന്ത്രി അങ്ങനെ പറഞ്ഞത്. അല്ലാതെ സമൂഹത്തെ നൂറ്റാണ്ടുകള്‍ പുറകോട്ടടിക്കുന്ന ഇമ്മാതിരി തട്ടിപ്പുകള്‍ക്ക് കുടപിടിക്കാന്‍ ഒരു സര്‍ക്കാരിനും താല്പര്യം ഉണ്ടാകില്ല. എന്നാല്‍ മകരവിളക്കിന് പുറകിലെ തട്ടിപ്പ് പുറത്തുകൊണ്ട് വന്നിട്ട് വിശ്വാസത്തില്‍ ഇടപെട്ടതിന്റെ പഴി മുഴുവന്‍ ആജന്മശത്രുവായ  ജുഡീഷ്യറിയുടെ തലയില്‍ കെട്ടിവച്ചു തടിതപ്പാന്‍ ഉള്ള സുവര്‍ണ്ണാവസരമാണ് നഷ്ടപെട്ടത് എന്ന് പറയാതെ വയ്യ.  ശബരിമലയില്‍ നിന്ന് സര്‍ക്കാര്‍ ഗജനാവിനു ലഭിക്കുന്ന കോടികളുടെ വരുമാനത്തേക്കാള്‍ വലുതല്ല ഒരു പ്രത്യയശാസ്ത്രവും പുരോഗമനവാദവും. 
                               അതൊക്കെ അവിടെ നില്‍ക്കട്ടെ, വക്കീലും മുഖ്യനും ഒക്കെ പറഞ്ഞ പോലെ ശരിക്കും ഈ മകരവിളക്ക് ജനകോടികളുടെ വിശ്വാസ സാധനം ആണോ? മകരവിളക്കിന് പുറകിലെ തട്ടിപ്പുകള്‍ പുറത്തുവന്നപ്പോള്‍ മഹാതന്ത്രിയും ചെറുമകന്‍ തന്ത്രി രാഹുല്‍ ഈശ്വരനും തുടങ്ങി പത്തും നൂറും തവണ മകരവിളക്ക് കണ്ട  നാട്ടിന്‍പുറത്തെ ഗുരുസ്വാമികള്‍ വരെ പറഞ്ഞില്ലേ മകരവിളക്ക് തട്ടിപ്പാണ് എന്ന കാര്യം ഞങ്ങള്‍ക്ക് പണ്ടേ അറിയാമായിരുന്നു എന്ന് ? പിന്നെ ആരാണ് സുഹൃത്തേ നിങ്ങള്‍ പറയുന്ന ഈ വിശ്വാസികള്‍? യാഥാര്‍ത്ഥ്യം അഗീകരിക്കുന്നതില്‍  തന്ത്രിമാരും ഭക്തരും വരെ കാണിക്കുന്ന ആര്‍ജവം എന്തെ ഭരണകൂടവും പുരോഗമന യുവജനപ്രസ്ഥാനങ്ങളും കാണിക്കാന്‍ ഭയപ്പെടുന്നു? ഇനിയും സമയമുണ്ട്. കുഞ്ഞാലിക്കുട്ടി വിഷയവും പലജാതി സ്പെക്ട്രും കഥകളും ഒക്കെ ആഘോഷിച്ചു കഴിഞ്ഞിട്ട് മെല്ലെ മതി. അടുത്ത മകരവിളക്ക് കത്തിക്കല്‍ മുഹൂര്‍ത്തത്തിനു മുന്‍ബ്‌ എങ്കിലും ഇതില്‍ ഒരു നിലപാട് എടുക്കൂ. സര്‍ക്കാരിന് പേടി ആണെങ്ങില്‍ വേണ്ട. റിട്ടയര്‍ ചെയ്തു കുഴിയിലേക് കാലും നീട്ടി ഇരിക്കുന്ന ഒരു ജഡ്ജിയെ   ജീപ്പില്‍ കയറ്റി ആ പൊന്നമ്പലമേട്ടില്‍ കൊണ്ടുപോയി ഒരു ജഡീഷ്യല്‍  അന്വേഷണം എങ്കിലും നടത്തി ഇതിനു പിന്നിലെ സത്യാവസ്ഥ ഒന്ന് പുറത്തു കൊണ്ട് വരൂ. സാധിക്കും എങ്കില്‍ അന്നേ ദിവസം നാട്ടിലെ പ്രക്ഷുബ്ധ യുവത്വം ഒരു പൊന്നമ്പലമേട് ജാഥ കൂടി നടത്തിയാല്‍ ജോറായി . . . 
സ്വാമിയെ ശരണമയ്യപ്പ  . . . .

Tuesday, January 4, 2011

കൈരളി, ഏത് ജനതയുടെ ആത്മാവിഷ്കാരം ?

                                          "ഒരു ജനതയുടെ ആത്മാവിഷ്കാരം" അതാണ്‌ കൈരളി ചാനല്‍..എന്നാല്‍ ടെലിബ്രാന്‍ഡ്‌ ഷോ എന്ന ഓമനപ്പേരില്‍ കൈരളി സംപ്രേക്ഷണം ചെയ്യുന്ന ശുദ്ധ അസംബന്ധങ്ങള്‍ കാണുമ്പോള്‍, സ്വാഭാവികമായും തോന്നുന്ന ചോദ്യം ഇതാണ്. ഏത് ജനതയുടെ ആത്മാവിഷ്കാരം ആണ് കൈരളി ചാനല്‍? ദിവസം രണ്ടും മൂന്നും മണിക്കൂര്‍ നേരം ഇവര്‍ സംപ്രേക്ഷണം ചെയ്യുന്ന രുദ്രാക്ഷമഹാത്മ്യ കഥകള്‍ ഏത് ജനതയെ ആണ് ലക്ഷ്യമിടുന്നത്?
                                           ധന ആകര്‍ഷണ യന്ത്രം, ഐശ്വര്യ ലക്ഷ്മി യന്ത്രം, നസര്‍ സുരക്ഷ കവചം തുടങ്ങിയ പേരുകളില്‍ അനേകം ഉല്പന്നങ്ങളുടെ വില്പന ആണ് ഇത്തരം ടെലിബ്രാന്‍ഡ്‌ ഷോകളില്‍ നടക്കുന്നത്. മനുഷ്യന്റെ സാമാന്യ ബുദ്ധിക്ക് നിരക്കാത്ത അവകാശവാദങ്ങള്‍, അത് മൊഴിയാന്‍ പ്രശസ്തര്‍ ആയ മോഡല്‍ സുന്ദരികളും സുന്ദരന്മാരും, കൃത്യമായ വിലാസം പോലും ഇല്ലാത്ത അനുഭവസ്ഥരുടെ അഭിപ്രായങ്ങള്‍, ശാസ്ത്രസത്യങ്ങളെ വളച്ചൊടിച്ചു വിശധീകരണങ്ങള്‍,... വര്‍ഷങ്ങള്‍ക് മുന്പേ നാം തുടച്ചു നീക്കി എന്ന് അഹങ്കരിക്കുന്ന അന്ധവിശ്വാസങ്ങള്‍ തിരിച്ചു വരുകയാണ്, പുതിയ രൂപത്തിലും ഭാവത്തിലും... സമൂഹത്തിലെ അപചയങ്ങള്‍ തുറന്നു കാട്ടാന്‍ ബാധ്യസ്തര്‍ ആയ മാധ്യമങ്ങള്‍ തന്നെ ഇതിനു കുട പിടിക്കുന്നു..   പണത്തിനു വേണ്ടി ആണ് ചനെലുകള്‍ ഇത് ചെയ്യുന്നത് എന്നാകും മറുപടി. ശരി ആയിക്കോട്ടെ. "ദീപ്സ്തന്ഭം മഹാശ്ചര്യം, എനിക്കും കിട്ടണം പണം" എന്ന നിലപാട് എടുക്കുന്ന വലതു പക്ഷ സിന്‍ഡികേറ്റ് മാധ്യമങ്ങള്‍ എന്ത് വേണേല്‍ ചെയ്യട്ടെ. എന്നാല്‍ പുരോഗമന സാംസ്കാരിക ഗുലാന്‍മാര്‍ ആയ കേരള ജനതയുടെ ആത്മാവിഷ്കാരം കൈരളി പീപ്പിള്‍ ചാനല്‍ അങ്ങനെ ചെയ്യാമോ? സമൂഹത്തിലെ ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും തുറന്നു കാട്ടാന്‍ ഉള്ള സുവര്‍ണ്ണാവസരം അല്ലെ കൈരളി ചില്ലറ കാശിനു വേണ്ടി തുലച്ചത്? സിക്സ്‌ പായ്ക്ക് മസ്സില്‍ ഉണ്ടാക്കാന്‍ പഠിപ്പിക്കുന്ന സായിപ്പിന്റെ ടെലിബ്രാന്‍ഡ്‌ കമ്പനി തരുന്ന പൈസ പോരെ കഞ്ഞികുടിക്കാന്‍ ? ഇതാണോ അബ്ദുള്ളകുട്ടി പറഞ്ഞ വൈരുധ്യാത്മക ബൌദ്ധികവാദം? 
                                               ചാനലിന്റെ ഓഹരികള്‍ അധികവും സാധാരണകാര്‍ ആയ ഇടതുപക്ഷ അനുഭാവികളുടെ ചെറിയ ചെറിയ സംഭാവന ആണ് എന്നാണല്ലോ വെപ്പ്. ആകെ ഉള്ള പ്രേക്ഷകരും അവര്‍ തന്നെ. കൈരളി, പീപ്പിള്‍, ചാനലുകള്‍ക്ക് കേരളത്തില്‍ ആകെ ഉള്ള പ്രേക്ഷകരുടെ എണ്ണം സംസ്ഥാനത്തെ CPIM വോട്ട് ന്റെ എണ്ണത്തിന്റെ പകുതി പോലും വരില്ല എന്ന് റേറ്റിംഗ് കണക്കുകള്‍ അനുസരിച്ച് പരസ്യമായ ഒരു രഹസ്യം ആണ്.പിന്നെ ആര്‍ക്കു വേണ്ടി ആണ് കൈരളി ഇത് സംപ്രേക്ഷണം ചെയ്യുന്നത് ? ആരെ ആണ് ഇവര്‍ ലക്‌ഷ്യം വെക്കുന്നത്? 
ലോട്ടറി പ്രശ്നത്തില്‍ കൈരളി ചാനല്‍ ഓണ്‍ലൈന്‍ ലോട്ടറിയുടെ നറുക്കെടുപ്പ് ലൈവ് ആയി കാണിക്കുന്നത് വിവാദമായപ്പോള്‍ ചാനല്‍ എംഡി ജോണ്‍ ബ്രിട്ടാസ് പറഞ്ഞത് "ഒരു പരസ്യവും ചാനലിന്റെ പൊതു നയത്തെ സ്വാധീനിക്കില്ല" എന്നാണു. ഇരുട്ട് കൊണ്ട് ഓട്ട അടക്കാന്‍ ഉള്ള ശ്രമം ആയെ അതിനെ കാണാന്‍ പറ്റു. നാളെ ആ സംപ്രേക്ഷണം തങ്ങള്‍ക് ലഭിച്ചാല്‍ എന്താ പുളിക്കുമോ എന്ന ചിന്തയില്‍ ആകാം മട്ട് ചാനലുകളും അതിനെ പറ്റി മൌനം പാലിച്ചു. 
                                               എന്നാല്‍ ഈ വിഷയത്തെ ഗൌരവമായി തന്നെ ആണ് ചാനെല്‍ കണ്ടത്. പാര്‍ട്ടി നയവും ചാനെല്‍ നയവും തമ്മില്‍ യോജിച്ചു പോകാന്‍ ബുദ്ധിമുട്ടാണ് എന്ന് പാര്‍ട്ടി മനസിലാക്കി എന്ന് വേണം കരുതാന്‍. അങ്ങനെ ഓടുന്ന പട്ടിക ഒരു മുഴം മുന്നേ തന്നെ എറിയാന്‍ ഉള്ള ശ്രമം ആയി പിന്നീട്. കൈരളിയുടെ ഓഹരി ഉടമകളുടെ ഒരു ചടങ്ങില്‍ വച്ചു "കൈരളി ചാനല്‍ ഒരു പാര്‍ട്ടിയുടെയും ചാനല്‍ അല്ല എന്നും ഇത്ര കാലം ആയിട്ടും ഒരു പാര്‍ട്ടിയുടെയും സംഭാവന റെസീപ്റ്റ് താന്‍ ചാനലില്‍ കണ്ടിട്ടില്ല" എന്നും ചെയര്‍മാന്‍ മമ്മൂട്ടി പ്രസ്താവിച്ചു. പ്രസ്ഥാനത്തിന്റെ ദ്രിശ്ശ്യമാധ്യമം എന്ന ചിന്തയില്‍ (ആ ഒരൊറ്റ ചിന്തയില്‍) ഒരു മാസത്തെ വരുമാനം വരെ നല്‍കി ചാനല്‍ ഓഹരികള്‍ വാങ്ങി അട്ടത്ത് വച്ച സാധാ സഖാക്കള്‍ ഇത് കേട്ട് നെഞ്ഞത്ത് കൈവച്ചു പോയി എന്നാണു കേള്‍ക്കുന്നത്. ചാനലിനെ സംബന്ധിച്ചിടത്തോളം വെറുമൊരു ഐക്കണ്‍ ചെയര്‍മാന്‍ മാത്രം ആണ് ശ്രീ മമ്മൂട്ടി.ചനെലിന്റെ നയപരമായ കാര്യങ്ങളില്‍ സ്വതന്ത്രമായ ഒരു നിലപാട് എടുക്കാനുള്ള അവസ്ഥയൊന്നും അദ്ദേഹത്തിന് ഉള്ളതായി അറിവില്ല, അത് കൊണ്ട് തന്നെ ആ വാക്കുകള്‍ മമ്മൂട്ടിയുടെ വായില്‍ തിരുകിയത് പാര്‍ട്ടി സംസ്ഥാന ബുദ്ധിജീവികള്‍ തന്നെ ആണെന്ന് ആര്‍ക്കും മനസിലാകും. അനവസരത്തില്‍ അനാവശ്യമായ ഈ ഒരു പ്രസ്താവന തകര്‍ത്തത് വിശ്വാസം ആണ്. കൈരളിയിലും പാര്‍ട്ടിയിലും ജനങ്ങള്‍ കൊടുത്ത വിശ്വാസം. വിശ്വാസം അതല്ലേ കൈരളി എല്ലാം? 
                         രാഷ്ട്രിയ പ്രശ്നങ്ങളില്‍ ഇടതുപക്ഷ നിലപാട് പറയുന്നതും സിനിമ പാട്ടിനു പകരം മാപ്പിള പാട്ട്, മലയാള കവിത ഒക്കെ വച്ചു റിയാലിറ്റി ഷോ നടത്തുന്നതും ആണോ പുരോഗമനവാദം ? ഇത്തരം കാര്യങ്ങളില്‍ മറ്റുള്ളവര്‍ക്ക് മാതൃക ആകേണ്ട കൈരളി ഇങ്ങനെ ആണോ ചെയ്യേണ്ടത്?

വാല്‍കഷ്ണം: സിബിഐ തെറ്റ് ചെയ്‌താല്‍ സേതുരാമയ്യര്‍ അടക്കം സകലമാന സിബിഐ കാരും വെറും ഉണ്ണാക്കന്‍മാര്‍ ആണെന്നും, കൈരളി ചാനല്‍ തെറ്റ് ചെയ്‌താല്‍ അത് പാര്‍ട്ടി ചാനലേ അല്ല എന്നും ഒക്കെ അങ്ങ് പറഞ്ഞു കളയുന്ന ഈ പുതിയ നയപ്രകാരം എകെജി സെന്റര്‍ പാര്‍ട്ടി ഓഫീസ് അല്ല എന്നും ദേശാഭിമാനി പാര്‍ട്ടി പത്രം അല്ല എന്നുമൊക്കെ ഏതവസരത്തിലും പറഞ്ഞു കളയും, സഖാക്കളേ ജാഗ്രതെ !!!!!

Sunday, December 26, 2010

പുലിമടയില്‍ കുറച്ചു യുക്തിവാദം

                          കോഴിക്കോട്  MSM സംഘടിപ്പിച്ച ഒരു ഇസ്ലാം എക്സിബിഷണില്‍  പങ്കെടുത്ത അനുഭവം ആണ് ഈ പോസ്റ്റ്‌ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. റൂട്സ് എന്നായിരുന്നു പരിപാടിയുടെ പേര്.മരണാനന്തര ജീവിതത്തിന്റെ വക്താക്കള്‍ ആയ MSM എന്തിന്റെ വേരുകള്‍ ആണ് തേടുന്നത് എന്നറിയാന്‍ ഉള്ള ആകാംക്ഷ ആണ് എന്നെയും എന്റെ സുഹൃത്ത്നെയും അങ്ങോട്ട് ആകര്‍ഷിച്ചത്. പരിപാടി നടക്കുന്ന സാംസ്കാരിക നിലയത്തിന്റെ കെട്ടിടവും പരിസരവും ആകെ മാറിയിരിക്കുന്നു. രണ്ടു ദിവസം മുന്‍പ് സമീപ കോളേജിലെ വിദ്യാര്‍ഥി സഖാക്കളുടെ സമ്മേളനത്തില്‍ പങ്കെടുത്ത ആ സ്ഥലം ഇപ്പോള്‍ പച്ച പരവതാനി വിരിച്ചു അറബികഥയിലെ രാജധാനി പോലെ തോന്നിച്ചു.
                                നബി വചനങ്ങളും ഖുറാന്‍ സൂക്തങ്ങളും ബഹുവര്‍ണ്ണ പോസ്റെരുകളായി    തൂങ്ങിആടുന്നു. ഓരോന്നായി വായിച്ചു മുന്നോട്ട് നീങ്ങിയ ഞങ്ങളെ സഹായിക്കാന്‍ താടി നീട്ടി വളര്‍ത്തിയ, നെറ്റിയില്‍ നിസ്കാര തഴമ്പുള്ള,ഇറക്കം കുറഞ്ഞ പാന്റ്സ് ധരിച്ച, ഒരു മധ്യ വയസ്കന്‍ എത്തി. സര്‍വശക്തനും പരമകാരുണികനും ആയ ദൈവം ഭൂമിയിലേക്ക് അയച്ച വിവിധ പ്രവാചകന്മാരുടെ പേരുകള്‍ എഴുതിയ ബോര്‍ഡ്‌ വായ്ച്ചു അവരുടെ കാലവും പ്രവര്‍ത്തന രീതികളും അദ്ദേഹം ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കുമായി വിശദീകരിച്ചു തന്നു. "ഇതില്‍ എല്ലാ പ്രവാചകരും  അറബ്  രാജ്യങ്ങളില്‍ നിന്നും ആണല്ലോ? ദരിദ്ര രാജ്യമായ ഇന്ത്യയിലേക്ക് വന്ന പ്രവാചകര്‍ ആരൊക്കെ ആണ്?" എന്ന നിര്ധോഷകരമായ ചോദ്യത്തിലൂടെ വേലിയില്‍ കിടന്ന പാമ്പിനെ എടുത്ത് തലയില്‍ വയ്ക്കുന്ന പരിപാടിക്ക് ഞങ്ങള്‍ തുടക്കമിട്ടു. . .
                               "ലോകത്തിന്റെ പല ദിക്കിലേക്കും അനേകം പ്രവാചകര്‍ വന്നിടുണ്ട്, അതില്‍ ചിലര്‍ ഇന്ത്യയിലും വന്നേക്കാം, എന്നാല്‍ അത് ആരൊക്കെ ആണ് എന്ന് ഖുറാന്‍ പറയുന്നില്ല" എന്ന് അദ്ദേഹം പറഞ്ഞത് ഒരു അല്മാഗതം പോലെ ആണ്. മുപ്പത്തിമുക്കോടി  ഹിന്ദു ദൈവങ്ങളില്‍ ആരെങ്ങിലും ഒരാള്‍ പ്രവാചകന്‍ ആണ് എന്ന ഒരു വാചകം ഖുറാന്‍ പറഞ്ഞിരുന്നു എങ്കില്‍ ഇന്ത്യയെ  ഒരു ഇസ്ലാം രാഷ്ട്രം ആക്കാന്‍ ഉള്ള സുവര്‍ണ്ണാവസരം നഷ്ടപെടുമായിരുന്നോ?   ചോദിച്ചില്ല.  ഇഹലോകത്തെയും പരലോകത്തെയും സര്‍വകാര്യങ്ങളും പതിനാലു നൂറ്റാണ്ട് മുന്പേ പറഞ്ഞു വച്ച ദൈവീക സര്‍വവിജ്ഞാനകോശം  ആയ ഖുറാന്‍ അറബ് സംസ്കാരത്തിന്റെ അതിര്‍വരമ്പുകള്‍ ഭേധിക്കുന്നതില്‍ പരാജയപെട്ടതിന് അദ്ദേഹം എന്ത് പിഴച്ചു ?
                               ആധുനിക ശാസ്ത്ര ശാഖകള്‍ ഈ അടുത്തകാലത്ത് മാത്രം കണ്ടു പിടിച്ച പല സത്യങ്ങളും 1400 വര്‍ഷം മുന്‍പ് ഖുറാനില്‍ എഴുതിവച്ചിരുന്നു എന്ന ഞെട്ടിക്കുന്ന സത്യം പല പോസ്റ്ററുകള്‍ ചൂണ്ടികാട്ടി അദ്ദേഹം വിശധീകരിച്ച് തന്നു. "എന്നാല്‍ എന്ത് കൊണ്ട് ഇത് ആദ്യമേ പറഞ്ഞില്ല ? പറഞ്ഞിരുന്നെങ്ങില്‍ ഇത്തരം ഗവേഷണങ്ങള്‍ക് ഉപയോഗിച്ച പണവും സമയവും ലാഭിക്കമായിരുന്നില്ല്ലേ?" എന്ന ചോദ്യത്തിനു മറുപടി "ഈ വിഷയങ്ങള്‍ ബാഹ്യലോകം  ചര്‍ച്ച ചെയ്യപെടുന്നത് ഇപ്പോള്‍ അല്ലെ? ഏത് കൊണ്ടാണ് ഇപ്പോള്‍ ഇത് ഞങ്ങള്‍ പറയുന്നത് എന്നായിരുന്നു . "ഇത് ഇപ്പൊ എല്ലാം പുറത്ത് വന്നു കഴിഞ്ഞപ്പോ പോസ്റെരുമായി ഇറങ്ങുന്നത് പഴയ ബഷീര്‍ കഥാപാത്രം എട്ടുകാലി മമ്മൂഞ്ഞു  "അയിന്റെ ആള് ഞമ്മള്‍ ആണേ" എന്ന് പറഞ്ഞു ആന കുഞ്ഞിന്റെ പിത്രുതം ഏറ്റെടുത്ത പോലെ അല്ലെ?" എന്ന് കൂടി ചോദിക്കണം എന്നുണ്ടായിരുന്നു.   
                                      ഖുറാന്‍ ദൈവീകം ആണ് എന്നതിന്റെ ഏക തെളിവായി അദ്ദേഹം പറഞ്ഞത്  (വെല്ലുവിളിച്ചത് എന്ന് തന്നെ പറയാം) പരിശുദ്ധ ഖുറാനില്‍ ഒരു തെറ്റ് പോലും ഇല്ല എന്ന സ്ഥിരം പല്ലവിയുമായാണ്. ഖുറാന്‍ അടക്കമുള്ള എല്ലാ മത ഗ്രന്ഥങ്ങളെയും വിമര്‍ശിക്കുന്ന കാര്യത്തില്‍ ഞങ്ങള്‍ രണ്ടു പേരുടെയും ഏറ്റവും വലിയ ആശ്രയവും ആത്മവിശ്വാസവും ഈ ഒരു വെല്ലുവിളിയെ നേരിടാന്‍ കഴിയും എന്നത് തന്നെ ആണ്. ഹോസ്റ്റല്‍ മുറികളിലെ പാതിരാ ചര്‍ച്ചകളില്‍ ഇത് പല തവണ ഞങ്ങള്‍ തെളിയിച്ചതും ആണ്. എന്നാലും സുഹൃത്ത് സദസ്സുകളില്‍ പറയും പോലെ ഇവിടെ പറയുന്നതിലെ ഔചിത്യം ഞങ്ങളെ അലട്ടി. ഒടുവില്‍ രണ്ടും കല്പ്പിച്ചു ചോദ്യം എറിഞ്ഞു. സൂര്യന്‍ അസ്തമിക്കുന്നതിനെ പറ്റി സൂറത്ത് 18:86 പ്രകാരം "സൂര്യാസ്തമയ സ്ഥലത്ത് എത്തിയ സുല്‍- ഖുര്നൈന്‍ എന്ന യാത്രക്കാരന്‍ സൂര്യന്‍ ഒരു ചളികുണ്ടിനു അപ്പുറം മറയുന്നതായി കണ്ടു" എന്ന് പറയുന്നതിനെ പറ്റി എന്ത് പറയുന്നു? ഒരു നിമിഷത്തെ നിശബ്ദതയും വിളറിയ ഒരു പുഞ്ചിരിയും ആയിരുന്നു മറുപടി. കലാനാഥന്‍ മാസ്ററെ പോലുള്ളവരുടെ സ്ഥിരം ചോദ്യങ്ങള്‍ പ്രതീക്ഷിച്ചു റെഡിമൈഡ് ഉത്തരം ചുണ്ടിന്റെ അറ്റത്ത് നിര്‍ത്തിയാകണം അദ്ദേഹം അങ്ങനെ ഒരു വെല്ലുവിളി ഉയര്‍ത്തിയത്. അതിനാല്‍ ആകും  ഇതിനുള്ള മറുപടി അദേഹത്തിന്റെ കൈയ്യില്‍ ഇല്ലായിരുന്നു, "മുകളിലെ കൌണ്സിലിംഗ് സെന്ററില്‍ പോയാല്‍ നിങ്ങള്‍ക്ക് ഇതിനുള്ള മറുപടി ലഭിക്കും" എന്ന് പറഞ്ഞു അദ്ദേഹം തടി തപ്പി. താടി വച്ച ഒരു പണ്ഡിതനെ വാഗ്വാതത്തില്‍ തോല്‍പ്പിച്ചതിന്റെ അതിയായ അഹങ്കാരം ഞങ്ങളെ മദിച്ചു.
                                           അടുത്ത സെഷന്‍ "ഖുറാനും ബൈബിളും തമ്മില്‍ ഉള്ള അകലം എന്ത്" എന്ന് വ്യക്തമാക്കുന്നതായിരുന്നു.  ഇത്തവണ സുന്ദരനും സുമുഗനും കഷ്ടപ്പെട്ട് താടി വളര്തുന്നവനും ആയ ഒരു ചെറുപ്പക്കാരന്‍ ആണ് ഞങ്ങളുടെ മുന്നില്‍ പൊട്ടി വീണത്. നേരത്തെ കണ്ട താടിക്കാരന്‍ പറഞ്ഞു വിട്ടതാണ് എന്ന് തോന്നുകയേ ഇല്ല. തന്‍റെ അറിവ് വെളിപ്പെടുത്തുന്നതില്‍ അതിയായ ആനന്ദവും ഉത്സാഹവും അയാള്‍ക് ഉണ്ടായിരുന്നു. ആനയുടെ വാലിലെ രോമം മാത്രം എടുത്ത് കാണിച്ചു കൊണ്ട് ആന മെലിഞ്ഞു പോയി  എന്ന് പറയുന്ന പോലെ ആയിരുന്നു പോസ്റെരുകളിലെ ബൈബിള്‍ വിമര്‍ശനം. വിശാലമായ ഒരു അദ്ധ്യായത്തിന്റെ  ഉള്ളില്‍ നിന്നും ഒരു വരി മാത്രം അടര്‍ത്തിയെടുത് അത് വികൃതമായി വ്യാക്യാനിക്കുക.എന്നാല്‍ ബൈബിളില്‍ വിമര്‍ശനാല്‍മകമായ അറിവ് ധാരാളം ഉള്ള എന്റെ സുഹൃത്തിന്റെ മുന്നില്‍ ആ യുവാവ് വിയര്‍ക്കുന്നത് കാണാന്‍ ഒരു പ്രത്യേക രസം ആയിരന്നു. 
                      ഇത്ര ആയപോളെക്കും കുട്ടികള്‍ അടക്കം സാമാന്യം നല്ല ഒരു കൂട്ടം ശ്രോതാക്കള്‍ ഞങ്ങള്‍ക്ക് ഉണ്ടായി. ബൈബിള്‍ വിമര്‍ശകന്‍ ആയ വളണ്ടിയരെ സഹായിക്കാന്‍ രണ്ടു മൂന്ന് പേര്‍ കൂടി എത്തുകയും ചെയ്തു. ഞങ്ങള്‍ നടത്തുന്ന അഭിപ്രായപ്രകടങ്ങള്‍ കേള്‍ക്കുന്നതില്‍ നിന്നും ശ്രോതാക്കളെ പിന്തിരിപ്പിക്കാന്‍ വളണ്ടിയര്‍ സുഹൃത്തുക്കള്‍ ശ്രമിക്കുന്നത് കാണാമായിരുന്നു. 
ഒടുവില്‍ നേരത്തെ പറഞ്ഞ കൌണ്സിലിംഗ് സെന്റെരിലെക് ഉള്ള വഴി കാണിച്ചു തരാനേ അവര്‍ക്കും സാധിച്ചുള്ളൂ. ഞങ്ങള്‍ അഹങ്കാരത്തിന്റെ  ഉത്തുങ്കശ്രിന്ങ്കഗളില്‍ എത്തി.  
                         അടുത്ത സെക്ഷന്‍ "ഖുറാനും ഹിന്ദു മതവും തമ്മില്‍ ഉള്ള അകലം" ആയിരുന്നു.പ്രോടോകോള്‍ പ്രകാരം ഹിന്ദു ആയ ഞാന്‍ ആണല്ലോ ഇതില്‍ തല ഇടേണ്ടത് ? എന്നാല്‍ ഹിന്ദു മതവുമായി എനിക്കുള്ള പരിചയം എന്ന് പറയാവുന്നത് പണ്ട് ടെലിവിഷനില്‍ ജയ് ഹനുമാന്‍ പോലെ ഉള്ള സീരിയലുകള്‍ കണ്ടത് മാത്രം ആണ്. അതിനാല്‍ തന്നെ ആ ഭാഗത്തേക്  പോകാതിരിക്കുന്നതാണ് നല്ലത് എന്ന് ഞങ്ങള്‍ക്ക് തോന്നി. 
                                    ഇത്ര നേരം വളണ്ടിയര്‍ സുഹ്രത്തുക്കള്‍ കരുതിയത് ഞങള്‍ രണ്ടു ഇസ്ലാം വിമര്സകര്‍ ആണെന്നായിരുന്നു. എല്ലാ മതങ്ങളെയും  വിമര്‍ശിച്  ഞങ്ങളുടെ മതനിരപെക്ഷത അവരെ ബോധ്യപെടുത്താന്‍ ഉള്ള ശ്രമം ഞങ്ങളെ എത്തിച്ചത് സൃഷ്ടിവാദവുമായി ബന്ധപെട്ട ചര്‍ച്ചകളിലേക്ക് ആണ്. ആ ചര്‍ച്ച എത്ര നീണ്ടാലും എവിടെയും എത്തില്ല എന്ന് അധികം താമസിയാതെ ഞങ്ങള്‍ക്ക് മനസ്സിലായി. ഞാന്‍ പിടിച്ച മുയലിനു  4 കൊമ്പു എന്ന നിലപാടില്‍ നിന്നും ആ സുഹൃത്തുക്കള്‍ പിന്മാറില്ല എന്നത് തന്നെ പ്രശ്നം.
                                    അങ്ങനെ  ഒടുവില്‍ കൌണ്സിലിംഗ് കേന്ദ്രത്തിലേക്ക് ഞങ്ങള്‍ എത്തി നോക്കി. നെഞ്ചിനു താഴെ വരെ എത്തുന്ന താടിയും മുട്ടിനു താഴെ മാത്രം എത്തുന്ന പാന്റ്സും ധരിച്ച ഒരു പണ്ഡിതന്‍ ആയിരുന്നു  അകത്ത്.  പുലിമടയില്‍ കയറി തല വച്ചു കൊടുക്കുന്നത് മണ്ടത്തരം ആണെന്ന ഞങ്ങളുടെ രണ്ടു പേരുടെയും മനസ്സ് പറഞ്ഞു. സത്യം പറഞ്ഞാല്‍ കൈകാലുകള്‍ വെട്ടി മാറ്റപെടുന്ന ഒരു അവസ്ഥയെ പറ്റിയുള്ള ഭയം ഞങളുടെ മനസ്സിന്റെ ഏതോ കോണില്‍ ചിറകടിച്ചു എന്നത് തന്നെ ആകാം കാരണം. മുകളിലെ നിലയില്‍ ഒരുക്കിയ ഇരുണ്ട മുറിയില്‍ ഇരുന്നു വീഡിയോ ഷോ കാണുമ്പോളും ആ ഭയം ഞങ്ങളില്‍ ഉണ്ടായിരുന്നു.അത് കൊണ്ട് തന്നെ അധിക സമയം ഇനി അവിടെ തുടരുന്നതിനെ പറ്റി അകാരണമായ ഭയം ഞങ്ങളെ പിന്തുടര്‍ന്നു. മാധ്യമങ്ങളും  സാമ്രാജ്യത്വ ശക്തികളും  അത്തരം ഒരു ഇമേജ് ആണല്ലോ ഈ മതത്തിനു ചാര്‍ത്തികൊടുത്തത്. 
                                     അങ്ങനെ ഞങ്ങള്‍ പോകാന്‍ തീരുമാനിച്ചു. അത്ര നേരാന്‍ തര്‍ക്കിച്ചു നിന്ന MSM പ്രവര്‍ത്തകരോട് യാത്ര പറയാന്‍ അവരുടെ അടുതെത്തി.എന്നാല്‍ ഞങ്ങളുടെ  പ്രതീക്ഷകള്‍ എല്ലാം തകിടം മറിച്ചു കൊണ്ട് അത്രനേരം നടത്തിയ വാഗ്വതങ്ങള്‍ ഉണ്ടായ ലക്ഷണമേ  ഇല്ലാത്ത തരത്തില്‍  അതീവ ഹൃദ്യമായ പെരുമാറ്റം ആണ് അവരില്‍ നിന്നും ഉണ്ടായത്. അവര്‍ക്കൊപ്പം ചായയും ലഘു ഭക്ഷണവും കഴിക്കാന്‍ അവര്‍ ഞങ്ങളെ ക്ഷണിച്ചു. പുറത്ത് കടക്കുമ്പോള്‍ ഞങ്ങള്‍ ഇരുവര്‍ക്കും ഒരു സമ്മാനം ഉള്ളതായി അവര്‍ പറഞ്ഞു.  ഭയത്തിന്റെ ചിറകൊടി ഞാന്‍ വ്യക്തമായും കേട്ടു..എന്നാല്‍ സമ്മാനം മറ്റൊന്നും ആയിരുന്നില്ല. നബിനിന്ദയെ പറ്റി എം.എം അക്ബര്‍ എഴുതിയ   ഒരു പുസ്തകവും ഒരു സി.ഡി യും കുറച്ചു ലഘുലേഖകളും ആയിരുന്നു അവരുടെ സ്നേഹസമ്മാനം.. 
  
വാല്‍കഷ്ണം: അടുത്ത് തന്നെ ഉള്ള സെക്ഷനില്‍ വളണ്ടിയര്‍ പര്‍ദ ധരിച്ച ഒരു സ്ത്രീ ആയിരുന്നു. തന്‍റെ മേല്‍നോട്ടത്തില്‍ ഉള്ള പോസ്റ്ററുകള്‍ വായിക്കാതെ മുന്നോട്ട് നീങ്ങിയ രണ്ടു പര്‍ദ ദാരികളോട് അവര്‍  പറയുന്നത്  കേട്ടു ," ഇദ് വായിച്ചിട്ട് പോയ്ക്കൊളീ , അല്ലെങ്ങില്‍ ആളോള് ഓരോന്ന് ചോയിക്കുമ്പോ ഇങ്ങക്ക് മുണ്ടാട്ടം മുട്ടി പോവും"..

Monday, December 13, 2010

ജാതക പുരാണം

                      ഇന്ന് എന്റെ പിറന്നാള്‍ ആണ്. അതെ, സുന്ദരവും സുസ്മിതവും ആയ ഈ ഭൂമിയില്‍  ഈയുള്ളവന്‍ പിറന്നു വീണിട്ട് ഇന്നേക്ക് 22 മലയാള വര്ഷം തികയുന്നു. വൃശ്ചിക മാസത്തെ ഒരു തണുത്ത സായാഹ്നത്തില്‍ കൃത്യമായി പറഞ്ഞാല്‍  കൊല്ല വര്ഷം 1164  വൃശ്ചിക മാസം 28നുക്ക് 1988 ഡിസംബര്‍ 13 നു ചൊവ്വാഴ്ച അസ്തമാനാല്‍ പൂര്‍വ്വം 1 നാഴിക 55 വിനാഴികക്ക് തിരുവോണം നക്ഷത്രത്തില്‍ പുരുഷജനനം. വൈകീട്ട് 5.14 നു പട്ടാമ്പിക്ക് അടുത്തുള്ള കൂറ്റനാട് ഒരു സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു ആ സംഭവം. അന്നേ ദിവസം രാത്രി ആലിപ്പഴം വീണതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതിനെ പറ്റി പറയാന്‍ തുടങ്ങിയാല്‍ അത് എന്റെ വ്യക്തിത്വ പ്രഭാവത്തിന്റെ അമിത വര്‍ണന ആയിമാറി എന്റെ ലക്ഷക്കണക്കിന്‌  വായനക്കാരെ ബോറടിപ്പിക്കും. അങ്ങനെ ഒരു സ്വയം പൊക്കല്‍ അല്ല ഞാന്‍ ഉദ്ദേശിക്കുന്നത്.
                         ഇന്ന് ഉച്ച വരെ ഞാന്‍ കരുതിയിരുന്നത് എന്റെ ജീവിതത്തിന്റെ മൂന്നില്‍ ഒന്ന് ഇന്ന് തീരുന്നു എന്നാണു.  ആ വിഷമത്തില്‍ പിറന്നാള്‍ വിശേഷം ആരെയും ഞാന്‍ അറിയിക്കാന്‍ നിന്നില്ല.പണ്ട് എന്നോ ജാതകം മറിച്ചു നോക്കിയപ്പോ ഒരു 66 വര്‍ഷത്തെ ആയുസ്സേ കണ്ടതായി ഓര്‍മയുള്ളൂ. പേടി കാരണം പിന്നെ ഞാന്‍ അത് കൈ കൊണ്ട് തൊട്ടിട്ടില്ല.  ഇപ്പോള്‍ നേരത്തെ പറഞ്ഞ പോലത്തെ ജോതിഷഭാഷയില്‍  ഡെയലോഗ് അടിക്കാന്‍ വേണ്ടി എന്റെ പ്രിന്റെഡ്‌ ജാതകം എവിടുന്നോ തപ്പി പൊടിതട്ടി എടുത്തപ്പോ ആണ് സന്തോഷകരമായ ആ കാര്യം ഞാന്‍  ശ്രദ്ധിച്ചത്. ഭാഗ്യവാനായ എനിക്ക് 77 വയസ്സ് തികച്ചും ആയുസ്സ് ഉണ്ട്. അന്ന് നോക്കിയപ്പോ അവസാനത്തെ പേജ് ഞാന്‍ ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു. ടെലിബ്രാന്‍ഡ്‌ ഷോയില്‍ പറയുന്ന പോലെ wow !!!!
                      കേള്‍ക്കുന്നവര്‍ക്ക് ഇവന്‍ ആളൊരു പഴഞ്ചന്‍ ആണെന്ന് തോന്നും പക്ഷെ എനിക്ക് പറയാതിരിക്കാന്‍ ആകില്ല. അത് കൊണ്ട് ഞാന്‍ ഇതാ പറയാന്‍ പോകുന്നു .. "ഈ ജാതകത്തില്‍ ഒക്കെ എനിക്ക് ഭയങ്കര വിശ്വാസം ആണ്". ഇതാ ഈ പോസ്റ്റ്‌ ടൈപ്പ് ചെയ്യുമ്പോ എന്റെ കൈയ്യില്‍ എന്റെ ജാതക കുറിപ്പ് ഉണ്ട്. കണ്ട ഓലയിലും ശീലയിലും എഴുതിയ കാണ കുണ ജാതകം ഒന്നും അല്ല. റേഷന്‍ കാര്‍ഡ്‌ന്റെ വലുപ്പത്തില്‍ ഉള്ള ഒരു പുസ്തകത്തില്‍ വടിവൊത്ത അക്ഷരത്തില്‍ എഴുതിയ നല്ല ഉശിരന്‍ ജാതകം.
                        ഞാന്‍ മനസ്സിലാക്കിയിടത്തോളം ഈ ലോകത്ത് എല്ലാവരും ജാതക പ്രകാരം അവരുടെ ജീവിതം ജീവിച്ചു തീര്‍ക്കാന്‍ വിധിക്കപെട്ടവര്‍ ആണ്. നമ്മള്‍ ചെയ്യുന്ന സകലമാന തോന്ന്യസങ്ങളും നമ്മുടെ ജീവിതത്തിലെ എല്ലാ തരം പ്രശ്നങ്ങളും നമ്മുടെ തലവര മൂലം ഉണ്ടാകുന്നതാണ്. പടച്ചവന്‍(ഈശ്വരന്‍,കര്‍ത്താവ്) വരച്ച ആ മുടിഞ്ഞ വര മാറ്റി മറക്കാന്‍ ആര്‍ക്കും ആകില്ല.
 ഉദാഹരണം : ഈ ലോകത്ത് എത്ര പേര്‍ പട്ടിണി കിടക്കുന്നു? എത്ര പേര്‍ കഷ്ടതകള്‍ അനുഭവിക്കുന്നു? എത്ര കുഞ്ഞുങ്ങള്‍ അനാഥര്‍ ആകുന്നു? ഇവരുടെ ഒക്കെ ജാതകം ഒന്ന് എടുത്ത് പരിശോധിച്ച് നോക്ക്. ഹാ അപ്പൊ കാണാം എല്ലാത്തിന്റെം തലവര കൊങ്കണ്‍ റെയില്‍വേ പോലെ വളഞ്ഞു പുളഞ്ഞു കിടക്കുന്നത്. കണ്ട അലവലാതി പണിക്കന്മാര്‍ ഒന്നും നോക്കിയാ പോര കേട്ടോ. മേല്പത്തൂര്‍ കീഴ്പാടം തിരുമേനിയെ പോലെ ഉള്ള ദിവ്യന്മാര്‍ നോക്കിയ്യാല്‍ അച്ചട്ടാ..
                       ഹിരോഷിമയിലും നാഗസാക്കിയിലും മറിച്ചു വീണ പാവങ്ങളില്‍ പല സമയത്ത് പല ഗ്രഹനിലയില്‍ പല സ്ഥലത്ത് പല മതത്തില്‍ പിറന്ന എല്ലാതിന്റ്യും തലയില്‍ ഒരൊറ്റ വര ആയിരുന്നു. ഒടുക്കത്തെ വര...ആ നഗരം അപ്പാടെ കത്തി ചാമ്പല്‍ ആയി പോയപ്പോ അവരുടെ ജാതകങ്ങളും കത്തിപ്പോയി. അല്ലെങ്ങില്‍ നിരീശ്വരവാദികളെ, യുക്തിവാധികളെ ചെറ്റകളെ നിങ്ങളുടെ മുഖതേക്ക്  ഞാന്‍ അത് വലിച്ചെറിഞ്ഞെനെ..
ലോകത്തെ സകല ജൂതന്മാര്‍ക്കും ഒരേ വര ആണ് അവിടുന്ന് വരച്ചത്. അവന്മാര്‍ ഇങ്ങനെ തെണ്ടി തിരിഞ്ഞു നടക്കുന്നവര്‍ ആയതു കൊണ്ട് എല്ലാത്തിനേം പിടി കൂടി തട്ടിക്കളയാന്‍ ദൈവം അയച്ച ദൂതന്‍ ആണ് ശ്രീ ശ്രീ ഹിറ്റ്‌ലര്‍!!!!
ആണവകരാര്‍, ആസിയാന്‍ കരാര്‍, വിക്കിലീക്സ്, സ്പെക്ട്രും, ഇതൊക്കെ നമ്മുടെ ജാതകത്തില്‍ ഉള്ളതാ മക്കളെ...ഇപ്പൊ ധാ പെട്രോള്‍ന്റെയും അരിയുടെയും വില പിന്നേം കൂടി. അതിനു കാരണം ആഗോളവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും ഒന്നും അല്ല. നിന്റെ ഒക്കെ ജാതകത്തില്‍ ഇന്ന ഇന്ന പ്രായത്തില്‍  ഇത്ര ഇത്ര രൂപ കൊടുത്താലേ ഇന്ന ഇന്ന സാധനങ്ങള്‍ കിട്ടു എന്ന് എഴുതി വച്ചിടുണ്ട്. ഇതിനെതിരെ കൊടി പിടിചിട്ടോ മുദ്രാവാക്യം വിളിചിട്ടോ ഒന്നും ഒരു കാര്യവും ഇല്ല. ആകെ ഉള്ളത് ഒരു വഴിയാ. ഇതിനു ശാസ്ത്രവിധി പ്രകാരം ഉള്ള പരിഹാരക്രിയകള്‍ ചെയ്യുക. ഏത് ശാസ്ത്രം ? ജൂതിഷ ശാസ്ത്രം.
ഇനി ഇപ്പൊ പണിക്കന്മാരെ കിട്ടാത്ത പ്രശ്നവും ഇല്ല,ഏതോ യുണിവേര്സിടി ജൂതിഷം പഠന വിഷയം ആക്കാന്‍ പോകുന്നുണ്ട്. അത് കൂടി കഴിഞ്ഞാല്‍ വല്ല BA malayalam കഴിഞ്ഞവനെ കണ്ടാല്‍ തന്നെ വേണ്ട ക്രിയകള്‍ നടത്തി തരും, ഏത്?
                    ഞാന്‍ ജനിക്കും മുന്‍പ് എഴുതിയതാകാന്‍ വഴി ഇല്ലാത്തതിനാല്‍ ഈ സാധനത്തിനു ഒരു 21 വര്‍ഷത്തെ  പഴക്കം കാണും. ഗൂഗിള്‍ എര്‍ത്ത് ഒന്നും പ്രചാരത്തില്‍ ഇല്ലാത്ത അക്കാലത് എന്റെ ജനന സമയത്തെ ഗ്രഹനില കൃത്യമായി കണക്ക് കൂട്ടി ഈ ജാതകം എഴുതി എന്റെ മുത്തശ്ശനെ  ഏല്പിച്ചു ചില്ലറ വാങ്ങിച്ചു പോക്കറ്റില്‍ ഇട്ട മഹാനായ ആ പണിക്കരെ ഞാന്‍ മനസ്സാല്‍ സ്തുതിക്കുന്നു. എന്റെ ജീവചരിത്രം എനിക്ക് മുന്പേ എഴുതിയ അങ്ങേരോട് എനിക്ക് ഒന്നേ ചോദിക്കാന്‍ ഉള്ളു... "പ്ലൂട്ടോ ഒരു ഗ്രഹം ആയിരുന്ന കാലത്താണ് അങ്ങ്   ഇത് രചിച്ചത്. ഇനി ഇപ്പൊ പ്ലൂട്ടോ അതി ധാരുണമായി പുറതാക്കപെട്ടപ്പോ എന്റെ ആയുസ്സില്‍ വല്ല ഏറ്റ കുറച്ചിലും? ? ഹേ അങ്ങനെ വരാന്‍ വഴിയില്ല അല്ലെ ?...

Thursday, November 25, 2010

ശബരിമല: മകരവിളക്ക് വഞ്ചന കഠിനം തന്നയ്യപ്പാ

      കേരളത്തിന്റെ ദേവസ്വം ബോര്‍ഡ്‌ നു  തിലകക്കുറി ചാര്‍ത്തികൊണ്ട് ശബരിമല ടൂറിസം തേരോട്ടം തുടരുന്നു.അമ്പലത്തിലെ കാണിക്ക 4 കോടിയും അരവണ വില്പന 3.5 കോടിയും അപ്പ വിപണി 1.5 കോടിയും അടക്കം 12 കോടി രൂപ ആണ് ഇത് വരെ ഈ സീസണ്‍ നേടിയ വരുമാനം. ദിനം പ്രതി ഒരു കോടിയില്‍ അധികം വരുമാനം എന്ന നിലയില്‍ മുന്നേറുന്ന ശബരിമലക്കും അയ്യപ്പ ഭക്തര്‍ക്കും പത്രക്കാരന്റെ അഭിവാദ്യങ്ങള്‍.
                      മണ്ഡല കാലം അവസാനിക്കുമ്പോള്‍ ഇത് എത്ര കോടി കടക്കും എന്ന് പ്രവചിക്കാന്‍ ആര്‍കും ആകില്ല.(വിശേഷിച്ചും ഭക്തി കൂടുക അല്ലാതെ കുറയുന്ന ലക്ഷണം കാനുന്നില്ലാത്തത് കൊണ്ട്). കാനന വാസാ ഇതാണ് സമയം നന്നാവുക എന്ന് പറയുന്നത്. ഇനി ഇതൊന്നും അല്ല,യഥാര്‍ത്ഥ വരവ് കാണാന്‍ ഇരിക്കുന്നത്തെ ഉള്ളു. മകരവിളക്ക് എന്ന അത്ഭുത പ്രതിഭാസം ജന കോടികള്‍ കണ്‍ കുളിര്‍ക്കെ കാണുമ്പോള്‍ ഈ കിട്ടിയതിന്റെ ഇരട്ടി ഉണ്ടാക്കാം.
                   ഈ ഭക്തജന തിരക്കിന്റെയും കോടികളുടെ കണക്കുകളുടെയും ബഹളത്തിനിടയില്‍ നാം സൌകര്യപൂര്‍വ്വം മറന്നുപോയ കുറച്ചു യാഥാര്‍ത്യങ്ങള്‍ ഉണ്ട്.  അത് തെളിയിക്കുന്ന ചില  വീഡിയോ ദ്രിശ്യങ്ങള്‍ ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്..  ശബരിമലയിലെ വിശുദ്ധ പ്രതിഭാസം എന്ന് വിശ്വസിക്കപെടുന്ന മകര വിളക്, മകര ജ്യോതി എന്ന പൊന്‍ മുട്ട ഇടുന്ന രണ്ടു താറാവിന്‍ കുഞ്ഞുങ്ങളെ ഒറ്റ അടിക്ക് വെറും തട്ടിപ് എന്ന് തെളിയിച്ചത്  ഈ വിളക്കുകള്‍ തെളിയിക്കപെടുന്ന പൊന്നമ്പലമെട് എന്ന കുന്നിന്‍ പുറത്ത് എത്തിയ ചില മാധ്യമ പ്രവര്‍ത്തകര്‍ ആണ്.. മകര വിളക്ക് കൃത്രിമമായി കത്തിക്കുന്ന സ്ഥലവും അതിനു ഉപയോഗിക്കുന്ന സാധന സാമഗ്രികളും അതിലൂടെ നാം കണ്ടു. പിന്നീടും ഇത്തരം ശ്രമങ്ങള്‍ ഉണ്ടായി.കുറച്ചു നിരീശ്വര വാദികള്‍ അവിടെ പോയി രണ്ടാമത് ഒരു വിളക്ക് കൂടി കത്തിചതായും ആ വര്‍ഷം ഭക്തര്‍ക്ക് ഇരട്ടി പുണ്യം കിട്ടി എന്നോ  മറ്റോ കൂടി പറഞ്ഞു കേള്‍കുന്നു. അതിലൂടെ ഇതിനു പിന്നിലെ ഒരു പാട്  യാഥാര്‍ത്യങ്ങള്‍  പുറത്ത് വന്നു. . എന്നാല്‍ ഇതിനെ ഒക്കെ നേരെ  മുഖം തിരിക്കുകയാണ് സാക്ഷര സാംസ്കാരിക കേരളം ചെയ്തത്.
                  ഈ അടുത്ത് മകര വിളക്  സര്‍ക്കാര്‍ കത്തിക്കുന്നതാണ് എന്ന് അന്നത്തെ ദേവസ്വം മന്ത്രി ജി. സുധാകരന്‍ വെളിപെടുതിയതുമായി വിവാദങ്ങള്‍ ഉണ്ടായപോഴും വേണ്ടത്ര ചര്‍ച്ചയോ പഠന റിപ്പോര്‍ട്ടുകളോ ഉണ്ടായില്ല. ദേശീയ മാധ്യമങ്ങള്‍ പോലും അതീവ പ്രാധാന്യത്തോടെ ഈ വാര്‍ത്ത‍ പുറത്തു വിടുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. എന്നാല്‍ തന്ത്രി കുടുംബത്തിലെ ഇളമുറ തമ്പുരാന്‍ എന്ന് സ്വയം വിശ്വസിക്കുന്ന ഒരു വിദ്വാന്‍ ( വിദ്യാഭ്യാസം കൂടിപോയ പ്രശ്നം ഉള്ള ഈ ചെറിയ തിരുമേനിക്ക് പേരിന്റെ  കൂടെ ഈശ്വരന്‍ എന്ന് ചേര്‍ക്കുന്ന ശീലവും  ഉണ്ട് )  പെട്ടെന്ന് മകര ജ്യോതി  പോലെ പൊട്ടി വീഴുകയും മലയാളം ഇംഗ്ലീഷില്‍ സംസാരിച്ചു കൊണ്ട് അതി വിദഗ്ധമായി ഈ പ്രശ്നത്തില്‍ ഒരു വഴി തിരിവ് ഉണ്ടാക്കുകയും ചെയ്തു.  "മകര വിളക്കിന്റെ  യാഥാര്‍ത്ഥ്യം മാത്രമേ പുറത്തു വന്നുള്ളൂ, മകര ജ്യോതി ബാക്കി ഉണ്ട്, അതാണ്‌ ദൈവീകം" എന്നാണു അദ്ധേഹത്തിന്റെ വാദം. (ഇങ്ങനെ ഒരു വിവാദം വന്നപ്പോള്‍ അതില്‍ വിദഗ്ധ ഉപദേശം നല്‍കാന്‍  ഈ മാന്യനെ ആരാണാവോ ചുമതല പെടുത്തിയത് !!!!.)
                    എന്നാല്‍ അതാണോ യാഥാര്‍ത്ഥ്യം? മകരവിളക്ക് തട്ടിപ്പാണ് എന്ന വസ്തുത പകല്‍ പോലെ തെളിഞ്ഞ സ്ഥിതിക് മകര വിളക്കിന്റെ കാര്യത്തില്‍ കൂടി ശാശ്ത്രീയമായ ഒരു വിലയിരുത്തല്‍ അനിവാര്യമല്ലേ?
                      മകര ജ്യോതി എന്ന നക്ഷത്രം  ഒരു സ്വാഭാവിക പ്രതിഭാസം (മറ്റു ഏതു നക്ഷത്രം പോലെയും) ആണെന്നും അത് ആ സമയത്ത് അവിടെ പ്രത്യക്ഷപെടുന്നതല്ല മറിച്ച്‌ പൊന്നമ്പലമേട് എന്ന ഉയരമുള്ള പര്‍വതത്തിന്റെ മറവില്‍ നിന്നും പുറത്തു വരുന്നതാണ്  എന്നും ശാസ്ത്രിയമായ  തെളിയിക്കപെട്ട വസ്തുത ആണ്. ഈ സമയം കണക്കാകി ആണ് ദേവസ്വം നിയോഗിക്കുന്ന ആളുകള്‍ പൊന്നമ്പലമെട് എന്ന കുന്നില്‍ മുകളിലെ തറയില്‍ ആ വിളക് കത്തിക്കുന്നതും , ചാക്ക് ഇട്ടു മൂടി അത് മൂന്നു തവണ അണക്കുന്നതും എന്നത്  അധികൃതര്‍ സമ്മതിക്കുന്നതും തെളിയിക്കപെട്ടതും  ആണ് .. ഭൂമിയുടെ കറക്കത്തിന്‌ സമാനമായി നക്ഷത്രങ്ങളും നീങ്ങുന്നു  എന്ന വസ്തുത കണക്കില്‍ എടുക്കുക.അങ്ങനെ നോക്കുമ്പോള്‍ വീഡിയോ യില്‍ കാണുന്നത് പോലെ കുന്നിന്‍ മറവില്‍ നിന്നും പുറത്തു വരുന്ന ഈ നക്ഷത്രത്തെ പെട്ടെന്ന് ആകാശത്ത് പ്രത്യക്ഷപെട്ടതായെ ആര്‍കും തോന്നു. അതിനെ ദൈവീകമായി കണ്ട നമ്മുടെ പൂര്‍വികരെ കുറ്റം പറയാന്‍ പറ്റില്ല.
                     എന്നാല്‍ ഇപ്പോള്‍ സമയം അതിക്രമിച്ചിരിക്കുന്നു. ലോകവും ശാസ്ത്രവും ഇത്രയും വളര്‍ന്നു കഴിഞ്ഞ ഈ കാലഘട്ടത്തില്‍  കോടി  കണക്കിന് മനുഷ്യരെ അറിഞ്ഞു കൊണ്ട് വിഡ്ഢികള്‍ ആക്കുന്നതിനും ഒരു പരിധി ഇല്ലെ?  അവരുടെ വിശ്വാസം തകര്‍ക്കുന്നത് തെറ്റാണ് എന്ന ചിന്ത നമ്മെ എവിടെയും എത്തിക്കില്ല. മറിച്ച്‌ നമുക്ക് ചുറ്റും ഉള്ള ലോകം ശാസ്ത്രത്തിന്റെ വീഥിയില്‍ മുന്നേറുമ്പോള്‍ നാം നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് കാണിച്ചു കൊടുക്കുന്നത് ഇതാണോ? ഒരിക്കല്‍ അവര്‍ സത്യം മനസിലാക്കുമ്പോള്‍, വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് തിരിച്ചറിയുമ്പോള്‍ നമുക്ക് പറയാന്‍ മറുപടികള്‍ ഉണ്ടാകില്ല.മകര വിളക്കിന്റെ ദര്‍ശന  സൌഭാഗ്യം prime time സമയത്ത് ലൈവ് ആയി കാണിക്കുന്ന ചാനലുകള്‍ക്കും പിറ്റേന്നു എട്ടു കോളം വാര്‍ത്ത കൊടുക്കുന്ന പത്രങ്ങളും ഇതില്‍ കുറ്റവാളികള്‍ ആണ്.
                എല്ലാം അറിഞ്ഞു കൊണ്ട് ആളുകള്‍ ആരാധന നടത്തുന്നു എങ്കില്‍ അത് അവരുടെ ഇഷ്ടം. ലോകത്തെ ഇതൊരു ആരധനാലയവും പോലെ ശബരിമലയും നില നില്‍ക്കട്ടെ.ഈ മകര വിളക് കത്തിച്ചില്ല എങ്കില്‍, മകര ജ്യോതിയുടെ സത്യാവസ്ഥ തുറന്നു സമ്മതിച്ചു എങ്കില്‍ നമുക്ക് ഒന്നും നഷ്ടപെടാന്‍ ഇല്ല.മറിച്ച്‌ നാം ഭാവി തലമുറയോട് ചെയ്യുന്ന വലിയൊരു നന്മ ആകും അത്.

ഒരു കാര്യം കൂടി : എങ്ങനെ ഒക്കെ ആയാലും സര്‍ക്കാര്‍ ഗജനാവിനു ശബരിമല നല്‍കുന്ന സേവനം പ്രശംസനീയം തന്നെ ആണ്. ഇപ്പോള്‍ പറഞ്ഞു കേള്‍കുന്ന ശബരിമല ദര്‍ശനം വര്‍ഷം മുഴുവന്‍ ആക്കുക, സ്ത്രീകള്‍ക്ക് കൂടി ദര്‍ശനം അനുവദിക്കുക  എന്ന ആവശ്യങ്ങള്‍  കൂടി  പരിഗണിച്ചാല്‍ സ്പെക്ട്രം അഴിമതിയില്‍ രാജ്യത്തിന് നഷ്ടപെട്ട തുക പുഷ്പം പോലെ ഉണ്ടാക്കാം . .
Related Posts Plugin for WordPress, Blogger...