Saturday, April 23, 2011

എന്‍ഡോസള്‍ഫാന്‍: കേന്ദ്രീകൃത തെമ്മാടിത്തം

                           എന്‍ഡോസള്‍ഫാന്‍ എന്ന പേര് മരണത്തിന്റെയും ഭീകരതയുടെയും പ്രതീകമായി മാറിയിട്ട് ഏറെ നാളായി. കശുമാവിന്‍ തോട്ടങ്ങളെ ആക്രമിക്കുന്ന തേയിലകൊതുകുകളെ തുരത്താനായി 1980 മുതല്‍ കാസര്‍കോട് ജില്ലയില്‍ ഈ കീടനാശിനി ഉപയോഗിക്കപ്പെടുന്നു. വ്യാപകമായ ആരോഗ്യപ്രസ്നാങ്ങള്‍ക്ക് വഴിതെളിയിക്കുന്നതിനാല്‍  2002ല്‍  ഇതിന്റെ ഉപയോഗം സംസ്ഥാനവ്യാപകമായി നിരോധിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക...

                                 കാസര്‍കൊട്ടെയോ കര്‍ണാടകത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളേയോ മാത്രം ബാധിക്കുന്ന ഒരു വിപത്ത് അല്ല ഇതെന്ന് വ്യക്തമാണ്. ലോകമെമ്പാടും ഉപയോഗിച്ചിരുന്ന ഈ കീടനാശിനി അതിന്റെ ദൂരവ്യാപകമായ ദൂഷ്യ ഫലങ്ങള്‍ കൊണ്ട് കുപ്രസിദ്ധി നേടുകയും ഒടുവില്‍ ലോകവ്യാപകമായി പല രാജ്യങ്ങളിലും നിരോധിക്കപെടുകയും ചെയ്തതാണ്. എന്നിരുന്നാലും ഇന്ത്യ അടക്കമുള്ള ചില രാജ്യങ്ങളില്‍ വിലക്കുറവു പോലുള്ള നിസ്സാര കാരണങ്ങള്‍ പറഞ്ഞുകൊണ്ട് ഇന്നും എന്‍ഡോസള്‍ഫാന്‍ വിലസുന്നു. മരണത്തിന്റെ പതാക വാഹകനായി . . .
                                കാസര്‍കോട്ടെ ആയിരങ്ങള്‍ ആണ് ഇതിന്റെ ദുരിതം പേറുന്നത്. മനുഷ്യക്കൊലത്തിന്റെ ഏറ്റവും വികൃത മുഖം പേറുന്ന കുരുന്നുകള്‍,  ഹിരോഷിമയിലെയും നാഗസാക്കിയിലെയും പോലെ ജനിക്കുന്ന കുഞ്ഞിനു തലയും ഉടലും ഉണ്ടാകണേ എന്ന് പ്രാര്‍ഥിക്കുന്ന, ആ പേടി കാരണം ജനിക്കും മുന്പ് ആ കുഞ്ഞുങ്ങളെ ഇല്ലാതാക്കുന്ന അമ്മമാര്‍, ശിശു മരണത്തിനും ചാപ്പിള്ള ജനനത്തിനും വന്ധ്യതക്കും ബുദ്ധിമാന്ദ്യത്തിനും കാരണമാകാന്‍ വര്‍ഷങ്ങളോളം മനുഷ്യ രക്തത്തില്‍ ഒളിച്ചിരിക്കുന്ന   അദൃശ്യനായ കൊലയാളി വിതച്ച ദുരിതത്തിന്റെ വിളവെടുക്കുന്നത് ആരാണ്?  
ലോകം മുഴുവന്‍ വെറുക്കുന്ന ഈ കൊലയാളിയെ സംരക്ഷിച്ചു നിര്‍ത്തേണ്ട എന്ത് ബാധ്യതയാണ് ഇന്നാട്ടിലെ ഭരണാധികാരികള്‍ക്ക് ഉള്ളത്? 
     
                           ഈ വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് വാദപ്രതിവാധങ്ങള്‍ നടന്നു കഴിഞ്ഞതാണ്. എന്നാല്‍ ജെനീവാ കണ്‍വെന്‍ഷനുമായി ബന്ധപ്പെട്ടു ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും ഒരു ഏകീകൃത സ്വഭാവം കൈവന്നിരിക്കുന്നു. സമൂഹത്തിന്റെ നാനാതുറകളില്‍ ഉള്ളവര്‍ എല്ലാം ഏക സ്വരത്തോടെ കേന്ദ്ര സര്‍ക്കാരിനോട് ജെനീവ കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാടില്‍ നിന്നും പിന്മാറാനും രാജ്യവ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനും ആവശ്യപ്പെടുകയാണ്. രാഷ്ട്രീയ സാമൂഹ്യ കേരളത്തെ സംബന്ധിച്ചിടത്തോളം ഇന്നേ വരെ കാണാത്ത ഐക്യമാണ് ഈ വിഷയത്തില്‍ പ്രകടമാകുന്നത്. തീര്‍ച്ചയായും നല്ലൊരു ലക്ഷണമാണ് അത് കാണിക്കുന്നത്. 
എന്നാല്‍ ഇടയില്‍ കൂടി കേള്‍ക്കുന്ന ചില അപസ്വരങ്ങള്‍ കൂടി ഉയരുന്നുണ്ട് എന്നുറപ്പാണ്.

                         ജനാധിപത്യ സംവിധാനത്തിന്റെ എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ടാണ്  കേന്ദ്ര സര്‍ക്കാര്‍ ഈ പ്രശ്നത്തെ സമീപിക്കുന്നത്. ഒരു ദേശതിന്റെയാകെ മുറവിളിക്ക് ചെവികൊടുക്കാതെ സാങ്കേതികതയുടെ പേര് പറഞ്ഞു കൊണ്ട് കൈകഴുകാനുള്ള ശ്രമം ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. സ്റ്റോക്ക്‌ ഹോം കണ്‍വെന്‍ഷനില്‍ ഉണ്ട ചോറിനു നന്ദി കാണിച്ചു കൊണ്ട് എന്‍ഡോസള്‍ഫാന്‍നു കേന്ദ്രം ജയ് വിളിക്കുമ്പോള്‍ അവിടെ മറ്റൊരു ശബ്ദം കൂടി കേള്‍ക്കാം, കേരളത്തിന്റെ.. ലോകത്തെ വിവിധ യുണിവേര്‍സിറ്റികളും  നിക്ഷ്പക്ഷ ഏജന്‍സികളും നടത്തിയ, എന്‍ഡോസള്‍ഫാന്‍ന്റെ ദൂഷ്യ ഫലങ്ങള്‍ തെളിയിക്കുന്ന നൂറ്റിനാല്പതില്‍ പരം പഠനറിപ്പോര്‍ട്ടുകളും എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കരളലിയിക്കുന്ന ജീവിതയാഥാര്‍ത്യങ്ങളും കേരളത്തിന്റെ പ്രതിനിധി സ്റ്റോക്ക്‌ ഹോം പ്രതിനിധികള്‍ക്ക് മുന്‍പില്‍ തുറന്നു കാട്ടും. നട്ടെല്ലുള്ള ഒരു സംസ്ഥാന സര്‍ക്കാരിന് രാജ്യത്തെ ഫെഡറല്‍  സംവിധാനത്തെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിന്റെ തെളിവാകും അത്. ഇതിന്റെ പേരില്‍ നാട്ടില്‍ നടക്കുന്ന പൊല്ലാപ്പൊക്കെ എല്ലാര്‍ക്കും അറിയുന്ന സ്ഥിതിക് അതിലേക്ക് കടക്കുന്നില്ല.
    
                           മറ്റു പലതിനെയും പോലെ ഈ വിഷയത്തെയും ബൂലോകം വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. തിരഞ്ഞെടുപ്പ് കോലാഹലം കഴിഞ്ഞതില്‍ പിന്നെ ഉറങ്ങിപ്പോയ മലയാളം ഫേസ്ബുക്ക്‌ ഗ്രൂപ്പുകള്‍ക്ക് ജീവന്‍ വച്ചത് എന്‍ഡോസള്‍ഫാന്‍ ന്റെ വരവോടെയാണ്. ഏകശ്രുതിയില്‍ പോകുകയായിരുന്ന കൂട്ടായ്മയില്‍ ചിലരെങ്കിലും ശ്രുതിതെറ്റിച്ചു എന്‍ഡോസള്‍ഫാന്‍നു ഓശാന പാടുന്നുണ്ട്. ബഷീര്‍ വള്ളിക്കുന്നിന്റെ  നാക്ക് പിഴച്ചത് ക്ഷമിച്ചു കൊടുക്കാമെങ്കിലും  വള്ളിക്കുന്നിന്റെ അടക്കമുള്ള എന്ടോഫുള്‍ഫാന്‍ പോസ്റ്റുകളുടെ കമന്റ്‌ ആയും ഫേസ് ബുക്ക്‌ ചര്‍ച്ചകളിലുമായി കെ പി സുകുമാരന്‍  അഞ്ചരകണ്ടി കാണിക്കുന്ന അതിസാമര്‍ത്ഥ്യം മറുപടി അര്‍ഹിക്കുന്നു.
                            
                           എന്‍ഡോസള്‍ഫാന്‍ന്റെ ഗുണബലങ്ങളെ  സംബന്ധിച്ച ചില ഭയങ്കര ശാസ്ത്രീയ, സാഹചര്യ തെളിവുകള്‍ തന്റെ കൈയ്യില്‍ ഉണ്ടെന്ന മൂഡ വിശ്വാസമാണ് അദ്ധേഹത്തെ നയിക്കുന്നത്. അതെന്തോ ആകട്ടെ, പഠന റിപ്പോര്‍ട്ടുകള്‍ക്ക് ഈ വിഷയത്തില്‍ ഒരു പഞ്ഞവുമില്ല. മുഴുവന്‍ ഇരകളെയും പുനരധിവസിപ്പിക്കാന്‍ ഉള്ളത്ര പണം ഇത്തരം പഠന മഹാമഹം കൊണ്ടാടാന്‍ നമ്മുടെ  സര്‍ക്കാര്‍ സംവിധാനഗല്‍ ഉപയോഗിച്ചിട്ടുണ്ട്. അവയുടെ മൊത്തം എണ്ണം പരിശോധിച്ചാല്‍ ഓരോ ഇരയുടെ ഒരു കൈയ്യില്‍ ഒരു അനുകൂല റിപ്പോര്‍ട്ടും മറുകയ്യില്‍ ഒരു പ്രതികൂല റിപ്പോട്ടും വച്ച് കൊടുത്താല്‍ പിന്നെയും എണ്ണം ബാക്കിയാകും. (അത് വേണേല്‍ പവാറിന്റെയും ജയറാം രമേഷിന്റെയും അണ്ണാക്കില്‍ തിരുകി കൊടുക്കാം).  ഇന്നാട്ടിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി ഈ ഭീകരതെക്കെതിരെ പോരാടുന്നത്  അത്തരം പഠന റിപ്പോര്‍ട്ടുകള്‍ കാണാതെ പഠിച്ചിട്ടോ ഒന്നുമല്ല. ശാസ്ത്രീയ വസ്തുതകള്‍ അല്ല, മറിച്ചു മനുഷ്യത്വമാണ്‌ അവരെ മുന്നോട്ട് നയിക്കുന്നത്. അമിതമായ രാഷ്ട്രീയ അന്ധത ബാധിച്ച അഞ്ചരകണ്ടിയുടെ കണ്ണുകള്‍ക്ക് കാണാനാകാതെ പോകുന്നത് കണ്ടു സഹതപിക്കാനേ നമുക്കാവൂ.. 
                   
                         ഈ വിഷയത്തില്‍ രാഷ്ട്രീയം കൊണ്ട് വരരുത് എന്ന് പലരും പറയുന്നുണ്ട്. ശരിയാണ്, ഇതിലേക് ഇനി രാഷ്ട്രീയത്തെ കൊണ്ട് വരേണ്ട കാര്യമില്ല. കാരണം ഇതില്‍ രാഷ്ട്രീയം ആദ്യമേ ഉണ്ട്. അത്‌ കക്ഷി രാഷ്ട്രീയമോ മുന്നണി രാഷ്ട്രീയമോ അല്ല, ഇരകളുടെയും വേട്ടക്കാരന്റെയും രാഷ്ട്രീയമാണ്. ഇതില്‍ ഇരയേതു വേട്ടക്കാരനേതു എന്ന തിരിച്ചറിവാണ്  ഇതില്‍ രാഷ്ട്രീയം കാണരുത് എന്ന് പറയുന്നവരെ നയിക്കുന്ന വികാരം. അത്‌ തിരിച്ചറിയുബോളാണ് നാം ആരുടെ പക്ഷത്ത് നില്‍ക്കണം എന്ന് സ്വയം വിലയിരുതാനാകുക. കാസര്‍കോട്ടെ അടക്കം എന്‍ഡോസള്‍ഫാന്‍ വിതച്ച ദുരിതത്തിന്റെ തീരാ വേദനയേറുന്ന സാധാരണക്കാരായ ഇരകള്‍ക്കൊപ്പമോ അതോ എല്ലാമറിഞ്ഞിട്ടും ഉറക്കം നടിക്കുന്ന അധികാരി വര്‍ഗ്ഗത്തിന്റെ ധാര്ഷ്ട്യതിനോപ്പമോ?  
  
                       ലോകവ്യാപകമായി 80ല്‍ പരം രാജ്യങ്ങള്‍ ഇതിന്റെ ഭവിഷ്യത്തുകള്‍ തിരിച്ചറിഞ്ഞു ഇതിന്റെ ഉപയോഗം നിരോധിച്ചതാണ്. ഓസ്ട്രേലിയ അടക്കമുള്ള ചില രാജ്യങ്ങള്‍ ഇത് നിരോധിക്കാനുള്ള കാരണം കാസര്‍കോട്ടെ ഭീതിപ്പെടുത്തുന്ന ദുരന്തചിത്രങ്ങള്‍ കണ്ടത് മൂലമാണെന്നും കേള്‍ക്കുന്നു. എന്നിട്ടും സ്വന്തം രാജ്യത്ത് ആയിരങ്ങള്‍ ജീവച്ഛവം പോലെ കിടക്കുന്നത് കണ്ടിട്ടും  എന്തെ നമ്മുടെ സര്‍ക്കാരിന് മാത്രം നേരം വെളുത്തില്ല? 
ഏതു കഠിന ഹൃദയന്റെയും കണ്ണ് നനയ്ക്കുന്ന ദ്രിശ്യങ്ങളും വസ്തുതകളുമല്ലേ പുറത്തു വരുന്നത്? 
ഇതൊന്നും കണ്ടില്ലെന്നു നടിച്ചിട്ടു മുന്നോട്ടു പോകാന്‍ പവാറിനും ജയറാം രമേഷിനും ചിലവിനു കൊടുക്കുന്നത് എന്‍ഡോസള്‍ഫാന്‍ മുതലാളിയുടെ അച്ചി വീട്ടില്‍ നിന്നൊന്നും അല്ലല്ലോ ?

                         ജനപ്രതിനിധികള്‍ നിലകൊള്ളേണ്ടത് ജനങ്ങള്‍ക്ക് വേണ്ടിയാകണം. ജനങ്ങളുടെ അവകാശസംരക്ഷനതിനാകണം അവര്‍ മുന്‍തൂക്കം കൊടുക്കേണ്ടത്. ഒരു സര്‍ക്കാരിന് വൈകാരികമായി കാര്യങ്ങളെ സമീപിക്കാനാകില്ല,  ശാസ്ത്രീയമായ പഠന രീതികളും അതിന്റെ റിപ്പോര്‍ട്ടുകളും അടിസ്ഥാനപ്പെടുതിയെ അവര്‍ക്ക് നടപടികള്‍ കൈക്കൊള്ളാനാകൂ. സമ്മതിക്കുന്നു. എന്‍ഡോസള്‍ഫാന്‍ അപകടകാരിയല്ലെങ്കില്‍ അത് തെളിയിക്കേണ്ടത് എന്‍ഡോസള്‍ഫാന്‍ നിര്മിക്കുന്നവന്റെയും വില്‍ക്കുന്നവന്റെയും ഉപയോഗിക്കുന്നവന്റെയും ആവശ്യമാണ്‌. നിയമപരമായി അവര്‍ക്ക് അതിനുള്ള അവകാശത്തെയും അനുവദിച്ചു കൊടുക്കാം. പക്ഷെ അതിനൊക്കെ മുന്‍പേ  ഓര്‍ക്കുക,  ഇത്തരം നടപടിക്രമങ്ങള്‍ ഒക്കെ ഉണ്ടാക്കിയിരിക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണ്. ജനനന്മക്കു വേണ്ടിയാണ്. അതിനുപകരിച്ചില്ല എങ്കില്‍ എന്തിനാണ് ഈ ഭരണസംവിധാനങ്ങളും ഭരണാധികാരികളും?

                             കൃത്യമായ തെളിവുകള്‍ ഇല്ലാതെ എന്ടോസുള്‍ഫാന്‍ നിരോധിച്ചാല്‍ ഒരു പക്ഷെ അതിന്റെ നിര്‍മാതാക്കള്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞെക്കാം. തിരഞ്ഞെടുപ്പ് ഫണ്ടിലേക്കും മന്ത്രി മന്ദിരങ്ങളിലേക്കും അവര്‍ ഒഴുക്കിയ കോടികള്‍ക്ക് കണക്ക് പറയേണ്ടി വന്നേക്കാം..
 എന്ന് കരുതി ആളെക്കൊല്ലിയായ കീടനാശിനി മാഫിയയുടെ കുഴലൂത്തുകാരായി തുടരാനാണ് ഭാവമെങ്കില്‍, ഒരു ദേശത്തിന്റെയാകെ പ്രതിഷേധത്തെ തൃണവല്ക്കരിച്ചുകൊണ്ട്,  തലമുറകളെ മാറാവ്യാധികള്‍ക്കും മരണത്തിനും വിട്ടുകൊടുത്താല്‍, നിങ്ങള്‍ ഒരു പക്ഷെ നേരിടേണ്ടി വരുന്നത് ജനകീയ വിചാരണയെ ആകും.  

 ലാസ്റ്റ് എഡിഷന്‍ : ഈ പോസ്റ്റിലെ പല പ്രസ്താവനകളും ജനാധിപത്യ വിരുദ്ധമാണെന്നറിയാം. പക്ഷെ എന്താ ചെയ്യാ?  ഞാന്‍ ഈ പോളിടെക്നിക്ക് ഒന്നും പഠിച്ചിട്ടില്ല, അത് കൊണ്ട് തന്നെ യന്ത്രങ്ങളുടെ പ്രവര്‍ത്തനവും പഠന റിപ്പോര്‍ട്ടുകളുടെ കളികളും അറിയില്ല. പക്ഷെ ഒന്നറിയാം, കാസര്‍കോട്ടെ ഓരോ ദുരന്ത ബാധിതനും എന്റെ സഹോദരര്‍ ആണ്. അവരുടെ വേദന എന്റെതുമാണ്. അതിനാല്‍ എന്‍ഡോസല്ഫാനെതിരെ ആര് കൊടി പിടിച്ചാലും ഞാന്‍ അവര്‍ക്കൊപ്പം കൂടും. എന്നിട്ട് ഉറക്കെ വിളിച്ചു പറയും BAN ENDOSULFAN  

11 comments:

 1. അവസരോചിതമായ പോസ്റ്റ്. ഇത് പോലുള്ള വിഷയങ്ങളില്‍ പോലും കേവലം രാഷ്ട്രീയം മാത്രം നോക്കി പ്രതികരിക്കാതിരിക്കുന്ന ചാണ്ടിക്കും ചെന്നിക്കും കാസര്‍ഗോഡ്‌ കേരളത്തിന്റെ ഭാഗമല്ലെന്ന തോന്നലുണ്ടോ?

  ReplyDelete
 2. പോസ്റ്റ്‌ അവസരോചിതവും കാലോചിതവും ആണ്.പക്ഷെ ഇതും ഇടതു വലതു പക്ഷങ്ങള്‍ക്ക്‌ വാണിയനും വാണിയത്തിയും കളിക്കാനുള്ള ഒരു ഉപകരണം ആകുന്നതില്‍ ആണ് എതിര്‍പ്പ്.ഭോപാല്‍ ദുരന്തത്തിലെ ഇരകള്‍ക്ക് ഇന്നും നീതി കിട്ടിയിട്ടില്ല.അത് കൊണ്ട് ഇതിലും അധികാരി വര്‍ഗം മുഖം തിരിഞ്ഞു നില്‍ക്കുകയേയുള്ളൂ.

  ReplyDelete
 3. ജനാധിപത്യ വിരുദ്ധമാണെന്നറിയാം. - ഇത്രയൊക്കെ ജനാധിപത്യബോധം മതി നമുക്കൊക്കെ, അത്ര പോക്കിരിത്തരമാണ് നടക്കുന്നത്. ശക്തമായ ലേഖനം.

  ReplyDelete
 4. പത്രക്കാരാ.. പോസ്റ്റ്‌ നന്നായിട്ടുണ്ട്..

  എന്റൊസള്‍ഫാനേ കുറിച്ച് കൂടുതല്‍ പഠനം നടത്താതെ അത് നിരോധിക്കാന്‍ ആവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. എന്റൊസല്ഫനെ കുറിച്ച് ഗവേഷണം നടത്തി ഡോക്ടറേറ്റ്‌ നേടാന്‍ ആണ് ഇവരുടെ ശ്രമം എന്ന് തോന്നുന്നു. കുറെ വര്‍ഷങ്ങള്‍കൊണ്ട് പഠിക്കുന്നതല്ലേ. ഇനിയും പഠിപ്പ് തീര്‍ന്നില്ലേ. ഡല്‍ഹിയിലെ എയര്‍കണ്ടിഷന്‍ റൂമുകളില്‍ ഇരുന്നു "പഠിക്കുന്ന" ഇക്കൂട്ടര്‍ ഭൂമിയിലേക്ക് ഇറങ്ങിവന്ന്, എന്റൊസള്‍ഫാന്‍ ഇരകളെ ഒന്ന് കാണാന്‍ മനസ്സ് കാണിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു. ഈ പഠിപ്പ് "പണം" ഉണ്ടാക്കാന്‍ ഉള്ളതാണ് എന്ന് ഉറപ്പ്. സ്റോക്ക്ഹോം കണ്‍വെന്ഷനില്‍ എന്റൊസള്‍ഫാന്‍ അനുകൂലനിലപാട് ഇന്ത്യ സ്വീകരിച്ചാല്‍ അല്‍ഭുതപ്പെടെണ്ട...!!!

  കേന്ദ്ര കൃഷിമന്ത്രാലയം എന്‍ഡോസള്‍ഫാന്‍ ലോബിയുടെ പിടിയിലാണ് എന്ന് കൊണ്ഗ്രെസ്സ് നേതാവ് വി.എം സുധീരന്‍. നിരോധത്തിനെതിരായി നിലപാടെടുക്കുന്ന കൃഷി മന്ത്രാലയത്തെ സംരക്ഷിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ ആണെന്നും അദ്ദേഹം പറഞ്ഞു..


  നശിച്ച കാസര്‍കോടിന്റെ അഭിപ്രായം കണക്കിലെടുത്തല്ല എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതെന്ന്
  കീടനാശിനി അനുകൂല സംഘടനയായ കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആന്ധ്ര ക്കാരന്‍ പി ചെംഗല്‍ റെഡ്ഡി രംഗത്ത്. കൃഷി മന്ത്രി ശരത് പവാറില്‍ നിന്ന് ഈ എന്റൊസള്‍ഫാന്‍ വിരുദ്ധ നിലപാട് ഒരിക്കലും എടുക്കുകില്ല എന്ന ഉറപ്പ്‌ തനിക്ക്‌ കിട്ടിയിട്ടുണ്ടെന്നും ചെങ്കല്‍ റെഡ്ഡി. ഇവരെയൊക്കെ എന്റൊസല്ഫാനില്‍ മുക്കി കൊല്ലുകയാണ് വേണ്ടത്..;

  ഇരകളെ നിങ്ങള്‍ പൊറുക്കുക... വേട്ടക്കാര്‍ ആണ് നിങ്ങളുടെ സംരക്ഷണ ചുമതല ഏറ്റെടുത്തിരിക്കുന്നത്.

  ReplyDelete
 5. എന്റൊസള്‍ഫാന്‍ വിരുദ്ധസമരങ്ങളെ അധിക്ഷേപിക്കുന്ന ആന്ധയിലെയും, കേരളത്തിലെയും "ചെങ്കല്‍ റെഡ്ഡിമാര്‍" പൊതുജനത്തിന് മുന്‍പില്‍ സ്വയം നാണം കെടുകയാണ്. ജനശ്രദ്ധ പിടിച്ചുപറ്റാനും, വേറിട്ട ശബ്ദം ആകാനും ഉള്ള ഇത്തരം ശ്രമങ്ങള്‍ അപഹാസ്യം തന്നെ...

  ReplyDelete
 6. ഒടുക്കത്തെ രാഷ്ട്രീയക്കളിയാണു ചെന്നിത്തലയും,ഉമ്മൻചാണ്ടിയും കളിക്കുന്നത്.എന്നിട്ട് കുറ്റം വി.എസ്സിനു മേൽ ചാരുന്നു.

  ReplyDelete
 7. ഏത് തരം കളിയാണെങ്കിലും , എൻഡോസൽഫാൻ രോഗബാധിതരെ കാണുമ്പോൾ കണ്ണ് കലങ്ങുന്നു …. ചങ്ക് പിടയുന്നു…. ,
  അപ്പോഴും അതിർത്തി വ്ഴി ഇപ്പോഴും കേരളത്തിലേക്ക് ഈ വിഷദ്രാവകം ഒഴുകുന്നു. അതെന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു.

  ReplyDelete
 8. നല്ല പോസ്റ്റ്‌. മന്ത്രി ശരത് പവാറിനെ പോലെയുള്ളവര്‍ ഇത് അപകടകരമാണെന്ന് സമ്മതിച്ചു ബാന്‍ ചെയ്യാന്‍ തയ്യാറല്ലെങ്കില്‍ അവരുടെ ഒക്കെ തലയിലൂടെ ഇത് കൊണ്ട് ഒഴിക്കുകയാണ് വേണ്ടത്. ആളുകള്‍ നക്സലെറ്റുകളായി പോകുന്നതില്‍ കുറ്റം പറയാന്‍ ആവില്ല.

  ReplyDelete
 9. പ്രസക്തമായ പോസ്റ്റ്‌.
  ആശംസകള്‍

  ReplyDelete
 10. പത്രക്കാരന്‍ ആളു പുലിയാണ് കെട്ടാ!

  ReplyDelete
 11. "കാസര്‍കോട്ടെ ഓരോ ദുരന്ത ബാധിതനും എന്റെ സഹോദരര്‍ ആണ്. അവരുടെ വേദന എന്റെതുമാണ്. അതിനാല്‍ എന്‍ഡോസല്ഫാനെതിരെ ആര് കൊടി പിടിച്ചാലും ഞാന്‍ അവര്‍ക്കൊപ്പം കൂടും. എന്നിട്ട് ഉറക്കെ വിളിച്ചു പറയും BAN ENDOSULFAN "

  കാസർഗോട് മാത്രമല്ല ലോകത്തുള്ള എല്ലാവരും ഈ മാരണത്തിനിരയായവർ നമ്മുടെ സഹോദരങ്ങൾ തന്നെ....
  ഉല്പാദനം നിർത്തി എന്ന് കേട്ടിരുന്നല്ലോ... അത് വീണ്ടും തുടങ്ങിയോ?? ഇവിടെ ഉള്ളത് ഉഗാണ്ടയിലേക്കൊ മറ്റോ കയറ്റിയയക്കുമെന്നും (തെറ്റിദ്ധരിക്കല്ലേ "ഉഗാണ്ട" എന്ന് ഒരു ഒഴുക്കിൽ പറഞ്ഞെന്നേ ഉള്ളൂ...) എന്തായാലും ഇത് നിരോധിക്കുക തന്നെ വേണം....

  ReplyDelete

Related Posts Plugin for WordPress, Blogger...