Friday, May 3, 2013

ഒരു മേശവണ്ടിയോടിച്ച കഥ !!!!

       
           ആദ്യത്തെ തവണ  പ്രായപൂർത്തി അയതിന്റെ പിറ്റേന്ന് തന്നെ ഓടിപ്പോയി ബൈക്ക് ലൈസൻസ് എടുത്തെങ്കിലും നാല് ചക്രത്തിന്റെ കാര്യം നീണ്ടു നീണ്ടു പോയി, ഒടുവിൽ ഒരുപാട് വൈകി ഈയടുത്താണ് കാർ ഡ്രൈവിംഗ് പഠിക്കാൻ തുടങ്ങിയത്. 

        പഴയ മോഡൽ ഗ്രിണ്ട്ലേയ്സ് കാർ ആയിരുന്നു കുട്ടിക്കാലത്ത് ഞാൻ ആദ്യം ഓടിച്ച കാർ. അതേതാ ഈ ഗ്രിണ്ട്ലേയ്സ് എന്നാരും സംശയിക്കേണ്ട. ബ്രിട്ടീഷുകാരുടെ കാലത്ത് ഗ്രിണ്ട്ലേയ്സ് ബാങ്കിൽ പ്യൂണ്‍ ആയി ജോലി ചെയ്ത എന്റെ അച്ചാച്ചൻ റിട്ടയർ ചെയ്തു പോരുമ്പോ കൊണ്ട് വന്നതെന്ന് പറയപ്പെടുന്ന ഒരു പഴയ മരമേശയാകുന്നു  ഗ്രിണ്ട്ലേയ്സ് കാർ. (അച്ഛമ്മയുടെ വക പുളു ആണോ എന്നറിയില്ല).  പിന്നീട് സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് ആയിമാറിയെങ്കിലും മരിക്കും വരെ അച്ചാച്ചൻ ബാങ്കിനെ ഗ്രിണ്ട്ലേയ്സ് എന്നാണു പറഞ്ഞുകൊണ്ടിരുന്നത്... 


               മേശ എന്ന് പറയുമ്പോ തറവാട് വീടിന്റെ ഉമ്മറത്ത് പിന്നീട് ടിവി വെക്കാൻ ഉപയോഗിക്കുകയും  അന്നൊക്കെ  റേഡിയോ വെയ്ക്കാനും  ഇസ്തിരിയിടാനും ഉപയോഗിക്കപ്പെട്ടിരുന്നതുമായ മേശ. അതിന്റെ അടിയിൽ ഇരുന്നാണ് ഞാൻ ആദ്യമായി "വളയം പിടിക്കുന്നത്". വളയം എന്ന് പറയുമ്പോ പഴയൊരു സ്റ്റീൽ പാത്രത്തിന്റെ പൊട്ടിപോന്ന വട്ടകഴുത്ത്!! ഒരിക്കൽ താമരശ്ശേരി ചുരം തിരിക്കുന്നതിന്റെ  ആവേശത്തിൽ ആണെന്ന് തോന്നുന്നു അതിന്റെ അറ്റം കൊണ്ടെന്റെ കൈ മുറിയുകയും ചെയ്തു!!!   
        
                       ഞങ്ങടെ നാട് മുഴുവൻ കുന്നും മലയും കയറ്റവും ഇറക്കവും ഒക്കെ ആയോണ്ട്    ഇടയ്ക്കിടെ ഗിയർ മാറ്റേണ്ടി വരും. അതിനും വഴിയുണ്ട്, മേശയുടെ ചവിട്ടു പലകയിൽ കെട്ടിവച്ച പ്ലാസ്റ്റിക്‌ ക്രിക്കറ്റ്‌ ബാറ്റ് നല്ല ഉഗ്രൻ ഗിയർ ആയിരുന്നു. അമ്മയുടെ വീട്ടിലേക്കു പോകാനുള്ള MR ബസ്സിലെ ഡ്രൈവറും എന്റെ വല്ല്യമ്മയുടെ പഴയ ക്ലാസ്സ്മേറ്റും അന്നത്തെ എന്റെ ആരാധനാ പാത്രവുമായിരുന്ന മണികണ്ടൻ ചേട്ടന്റെ സ്വാധീനമാകാം ഗിയർ പൊട്ടി കയ്യിൽ പോരുന്നത് നിത്യ സംഭവം ആയി. പഴയ ബസ്സിന്റെ ഒരു ഗിയർ കൊച്ചിയിലും മറ്റേത് കൊയിലാണ്ടിയിലും ആയിരിക്കുമല്ലോ? 

               ക്ലച്ചും ബ്രേക്കും ആക്സിലറേറ്ററുമൊക്കെ കിടിലൻ ഹവായ് ചപ്പലുകൾ ചരിച്ചു വച്ചിട്ടുണ്ടാകും ചവിട്ടുപലകയിൽ. അതിങ്ങനെ അമർത്തിച്ചവിട്ടിയാൽ വണ്ടി പറപറക്കും.  എന്നാലും ബ്രേക്ക് ഇടയ്ക്കിടെ ചവിട്ടി നോക്കും. വേറൊന്നും കൊണ്ടല്ല, ഒരിക്കൽ അമ്മവീട്ടിൽ പോകും  വഴി MR ബസ്‌ ബ്രേക്ക് പോയി കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ കൂട്ടിയിട്ടതിൽ ഇടിച്ചു നിന്നപ്പോ ഞാനും ഉണ്ടായിരുന്നല്ലോ ഫ്രെണ്ടിൽ തന്നെ!!!    

          വൈപ്പർ പണ്ടേ നമ്മുടെയൊരു വീക്നെസ് ആണ്!!!  കനത്ത മഴയോട് പൊരുതികൊണ്ട് ഡ്രൈവർക്ക് കാഴ്ചയോരുക്കാൻ ഈ കൊച്ചു കമ്പിനെങ്ങനെ കഴിയുന്നു എന്ന് ആശ്ചര്യപെട്ടിട്ടുണ്ടോരുപാട്!!! അതുകൊണ്ട് തന്നെ മേശയുടെ മുകളിൽ നിന്നും പഴയ മീറ്റെർ സ്കേൽ ഒരെണ്ണം  തൂക്കിയിടാൻ മറക്കാറില്ല  . . .

ലാസ്റ്റ് എഡിഷൻ : കാർ ആണെങ്കിലും ബസ്‌ ആണെങ്കിലും പള്ളിപ്പുറം പട്ടാമ്പി റൂട്ടിൽ ആണ് സ്ഥിരമായി ഓടാറ്. ആ റൂട്ടിലെ കുണ്ടും കുഴിയും വളവും തിരിവുമൊക്കെ നമുക്ക് മനപ്പാഠമാണല്ലോ!!! അങ്ങനെ ഓടിച്ചോടിച്ച്‌ ഒരു 4 C യിൽ ഒക്കെ എത്തിയപ്പോളാണ് നമ്മൾ ആ ഡ്രൈവിംഗ് നിർത്തുന്നത്. ഇപ്പൊ എന്തോ  ഒരിക്കൽ കൂടി ആ നാലാം ക്ലാസ്സുകാരൻ ആകാൻ സാധിച്ചിരുന്നെങ്കിൽ എന്ന് വെറുതെ മോഹിക്കുവാൻ ഒരു മോഹം . .  .!!!!!

Friday, April 19, 2013

ജീവൻ നില നിർത്താൻ ഒരു കൈ സഹായം . . .


സഹായ അഭ്യർഥനാ പോസ്റ്റുകൾ സാധാരണ അവഗണിക്കുകയോ വായിച്ച് വിടുകയോ ആണ് ചെയ്യാറ്. മനുഷ്യന്റെ നിസ്സഹായാവസ്ഥയിൽ പരിതപിക്കാരുമുണ്ട്. ഇതൊക്കെ സത്യം തന്നെയാണോ എന്ന് സംശയിക്കാറുമുണ്ട്. പക്ഷേ ആശുപത്രി വരാന്തയിൽ ഒറ്റപ്പെട്ടു പോകുന്നവരുടെ നിസ്സഹായാവസ്ഥക്ക് സ്വയം സാക്ഷിയാകുന്ന കഴിഞ്ഞ ദിവസം വരെ...

എറണാങ്കുളം ലൂർദ് ആശുപത്രിയിൽ ICU വിൽ കഴിയുന്ന വിനോദ് എന്ന ചെറുപ്പക്കാരനും അയാളുടെ ചുരുക്കം ബന്ധുക്കളും നമ്മുടെ സഹായംഅർഹിക്കുന്നുണ്ട്.

കേബിൾ ജോലിക്കാരൻ ആയ വിനോദ് ആഴമുള്ള കുഴിയിലേക്ക് വീഴുകയായിരുന്നു. നട്ടെല്ലിനും കഴുത്തിനും ഗുരുതരമായ പരിക്കേറ്റു. ആരാലും ശ്രദ്ധിക്കപ്പെടാതെ പോയതിനാൽ ഒരു രാത്രി മുഴുവൻ ആ അവസ്ഥയിൽ കിടന്നുപോയി. ഇത് പരിക്ക് കൂടുതൽ ഗുരുതരമാക്കി.

നിർധന കുടുംബത്തിന് നാട്ടുകാരുടെയും സുഹൃത്തുക്കളും തുണയായി. മൂന്ന് ശസ്ത്രക്രിയകളിലൂടെ ജീവൻ തിരിച്ചു പിടിച്ചു. ഇപ്പോൾ കഴുത്തിന് താഴേക്ക്‌ തളർന്നുപോയ അവസ്ഥയിൽ രണ്ടു മാസത്തോളമായി അത്യാസന്ന വിഭാഗത്തിൽ ചികിത്സയിലാണ് വിനോദ് .., വെൻടിലേറ്ററിലൂടെയല്ലാതെ ശ്വസിക്കാൻ സാധിക്കില്ല. ഇനി മറ്റൊന്നും ചെയ്യാനില്ലാത്ത ഈ അവസ്ഥയിൽ കുടുംബത്തിന്റെ ഏക അത്താണിയായ യുവാവിന്റെ ജീവൻ നിലനിർത്താൻ ഉള്ള മാർഗമാണ് കണ്ടെത്തേണ്ടത്‌.

ആശുപത്രിയിലെ വെൻടിലേറ്ററിൽ ഏറെ നാൾ തുടരാനുള്ള സാമ്പത്തിക ചിലവ് താങ്ങാൻ ഈ കുടുംബത്തിനു സാധിക്കില്ല.ഒരു മൊബൈൽ വെൻടിലേറ്റർ വാങ്ങി വിനോദ്നെ വീട്ടിലേക്ക് മാറ്റാനാണ് ഇവർ ശ്രമിക്കുന്നത്. അതിനു സാധിച്ചാൽ പതിയെ പതിയെ എങ്കിലും ജീവിതത്തിലേക്ക് തിരിച്ചു വരാൻ വിനോദന് നു കഴിയുമെന്നു ഇവർക്കുറപ്പുണ്ട്.

"മൊബൈൽ വെൻടിലേറ്റർ വാങ്ങുന്നതിന് ഏതാണ്ട് രണ്ടര ലക്ഷത്തോളം ചിലവുണ്ട്. വെൻടിലേറ്റർ വാടകയ്ക്ക് എടുക്കാൻ പോലും മാസം മുപ്പതിനായിരം രൂപ വേണം. നമ്മളാൽ ആകുന്ന സഹായം ഈ കുടുംബത്തിനു നൽകാനായാൽ മാത്രമേ ഇത് സാധ്യമാകൂ."

ഇനിയും അസ്തമിക്കാത്ത പ്രതീക്ഷകളുമായി ആശുപത്രി വരാന്തയിൽ പ്രാർഥനയോടെ കാത്തിരിക്കുന്ന വിനോദ്ന്റെ ഭാര്യ ബിൻസിക്ക് ഒറ്റ ആഗ്രഹമേയുള്ളൂ, "ഈ അവശേഷിക്കുന്ന ഒരിറ്റു ജീവനോടെ ആണെകിൽ പോലും വിനോദിനെ തിരിച്ചുകിട്ടിയാൽ മതി. നാല് വയസ്സായ കൃഷ്ണപ്രിയയെയും ഒന്നര വയസ്സുകാരൻ സൂര്യയെയും കൊണ്ട് ജീവിതത്തെ നേരിടാൻ ബിൻസി തയ്യാറാണ്, ഇല്ലെങ്കിൽ . . . "

ഈ കുടുംബത്തിനു ഒരു കൈത്താങ്ങ്‌ നൽകാൻ സാധിക്കുന്നവർ അത് ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു ....

വിനോദ്നെ സഹായിക്കാൻ പഞ്ചായത്ത്‌ അംഗം കെ കെ ശിവന്റെ നേതൃത്വത്തിൽ രൂപീകരിച്ച സമിതിയുടെ അക്കൗണ്ട്‌ നമ്പർ : IFSC CODE FDRL 0001291
(ഫെഡറൽ ബാങ്ക് കുറുപ്പംപടി ശാഖ)

വിനോദ്ന്റെ സഹോദരി ഭർത്താവ് സുരേഷ് : 9961533200
എറണാങ്കുളം ലൂർദ് ഹോസ്പിടൽ : 04844123456, lourdeshospital@vsnl.com
വിനോദ്നെ ചികിത്സിക്കുന്ന ഡോക്ടർ : ബിജു C.J

Tuesday, March 26, 2013

"ഹും ങ്ങളൊക്കെ എവടത്തെ മുസ്ലീമാ?


"ഇങ്ങള് മുസ്ലീമാ?"

"അതേ"

"ഹും ങ്ങളൊക്കെ എവടത്തെ മുസ്ലീമാ? ങ്ങക്ക് നാണല്ല്യേ മുസ്ലീമായിട്ടു ങ്ങനോക്കെ നടക്കാൻ?"

ചോദിക്കുന്നത് ഒരു എട്ടു വയസ്സുകാരനാണ്. ബാർസലോണയിൽ മെസ്സിയുടെ പത്താം നമ്പർ കുപ്പായമിട്ട്, കൂട്ടുകാരന്റെ തോളിൽ കയ്യിട്ട്, തീക്ഷ്ണമായ ഒരു നോട്ടത്തോടെ !!!!

അപമാനിക്കപ്പെടുന്ന സ്ത്രീത്വത്തിന്റെ, അതിനെ നിർവികാരതയോടെ മാത്രം നോക്കികാണുന്ന സമൂഹത്തിന്റെ ,കഥ പറയുന്ന കലാജാഥയുമായി പട്ടാമ്പി ഗവ: സംസ്കൃത കോളേജിൽ എത്തിയ ഞങ്ങളുടെ കൂട്ടത്തിലെ കലാകാരിയോടാണ് ചോദ്യം....

മലപ്പുറവും കോഴിക്കൊടും വയനാടും പിന്നിട്ട് പാലക്കാട്‌ എത്തിയ ഞങ്ങള്ക്ക് ആദ്യമായി ആയിരുന്നു ഇങ്ങനെ ഒരു അനുഭവം.

 അതും എന്റെ നാടായ പട്ടാമ്പിയിൽ വച്ചായത് എനിക്കും വല്ലാത്ത ആഘാതമായി..
പക്ഷെ ആ ചോദ്യം പട്ടാമ്പിയുടേത് മാത്രമല്ലെന്ന് എനിക്കുറപ്പാണ് ...

ഈ കൊച്ച് കുഞ്ഞിന്റെ മനസ്സിൽ ഇത്രയും വിഷം കുത്തി വച്ചത് ആരാണ് ?
ആ നിമിഷം മുതൽ എന്റെ മനസ്സിലെ ചോദ്യം അതായിരുന്നു
ലാസ്റ്റ് എഡിഷൻ: അതിനുത്തരമാണോ എന്നറിയില്ല....
രാത്രി, മുസ്ല്യാരുടെ എട്ടുകട്ട ടോർച്ചിന്റെ വെളിച്ചത്തിൽ വരിവരിയായി വീട്ടിലേക്ക് മടങ്ങുന്ന പെൻഗ്വിൻ കൂട്ടങ്ങളും മുട്ടമുറികല്യാണത്തിൻറെ നോവുണങ്ങാത്ത കൊച്ചു മെസ്സിമാരും !!!!
ഈ നാടും, ഈ കൊച്ചു കുഞ്ഞുങ്ങളും എങ്ങോട്ടാണ് ?

Thursday, March 14, 2013

മാനം പോയി യുവര്‍ ഓണര്‍ !!!!!!


                    അങ്ങനെ അവരങ്ങ് പോയി.. ഇറ്റാലിയന്‍ നാവികര്‍......  കോണ്‍സ്റ്റബിള്‍ കുട്ടന്‍പിള്ളയ്ക്ക് സമന്‍സും കൊണ്ട് ചെല്ലാനാകുന്നതിലും ദൂരെക്ക്. എന്തൊക്കെ ബഹളമായിരുന്നു? കപ്പല്‍ പിടിച്ചെടുക്കുന്നു,നഷ്ടപരിഹാരം ആവശ്യപ്പെടുന്നു, നീ  കേസ് എടുക്ക്, വേണ്ട ഞാന്‍ കേസ് എടുക്കാം, നീയാരാടേ കേസ് എടുക്കാന്‍, പുതിയ കോടതി വേണോ ? പഴയ കോടതി മതിയോ? എന്നിട്ടിപ്പോ എന്തായി ?

                  കടല്‍ കൊല എന്ന് ഓമനപേരിട്ടു വിളിക്കുന്ന ഈ കേസില്‍ തുടക്കം മുതല്‍ നമുക്ക് പാളിയിട്ടുണ്ട്. കപ്പലില്‍ നിന്നുള്ള വെടിയേറ്റ്‌ മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട കേസ് ചുമത്തി കപ്പലിലെ 2 നാവികരെ  ചുമ്മാ പിടികൂടിയത് ആദ്യത്തെ തെറ്റ്. അറസ്റ്റ് ചെയ്യേണ്ടതും നടപടി എടുക്കേണ്ടതും കപ്പലിലെ ക്യാപ്റ്റനെയും  കപ്പല്‍ കമ്പനി അധികൃതരെയും ആയിരുന്നു. അത് ചെയ്യാതെ കമ്പനിയുടെയും ഇറ്റാലിയന്‍ അധികൃതരുടെയും വാക്ക് വിശ്വസിച്ച് രണ്ട് നാവികരെ അറസ്റ്റ് ചെയ്തു കേസ് ലഘൂകരിച്ചത് രണ്ടാമത്തെ തെറ്റ്.

                 സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ തലകുത്തി നിന്ന് വാദിച്ചാലും സുപ്രീം കോടതിയില്‍ പോയിട്ട് സാദാ മുന്‍സിഫ്‌ കോടതിയില്‍ പോലും  ആ നാവികര്‍ക്ക് എതിരായ കുറ്റം തെളിയിക്കാന്‍ ആകുമായിരുന്നില്ല എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.  വെടി വച്ചത് സല്ലുവും മസ്സിയുമാണെന്ന് (ഞങ്ങള്‍ അങ്ങനെയാ !!!) തെളിയിക്കുന്ന എന്തെങ്കിലും നമ്മുടെല്‍  ഉണ്ടെന്നു തോന്നുന്നില്ല. തെളിവുകളില്ല, സാക്ഷികളില്ല എന്തിന് കേസ് എടുക്കാനുള്ള അധികാരം ഉണ്ടെന്നുപോലും ഉറപ്പില്ല !!! പിന്നെങ്ങനെ ആ കേസ് കരയ്ക്കടുക്കും?

                     ഈ പറയുന്ന നാവികര്‍ തന്നെയാണ് കൊല നടത്തിയത് എങ്ങനെ ഉറപ്പിക്കാന്‍? പ്രശ്നം പെട്ടെന്ന് ഒതുക്കിതീര്‍ക്കാമെന്ന ഉറപ്പില്‍ കപ്പല്‍ അധികൃതര്‍ നമുക്കിട്ടു തന്ന ഡമ്മികളായിക്കൂടേ ഈ രണ്ടു നാവികര്‍? 
ഇറ്റാലിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ തിരക്കിട്ട് എത്തിച്ചേര്‍ന്നതും സര്‍ക്കാരുമായി ചര്‍ച്ചകള്‍ ആരംഭിച്ചതും ആ ഉറപ്പു പാലിക്കാന്‍ ആയിക്കൂടെ?

              രാജ്യാന്തര നയതന്ത്രബന്ധവും അന്താരാഷ്‌ട്ര നിയമങ്ങളുടെ നൂലാമാലകളും ഒക്കെ കണക്കിലെടുത്താല്‍ കപ്പലുടമകളില്‍ നിന്നും മതിയായ നഷ്ടപരിഹാരം വാങ്ങിച്ചെടുക്കുന്നതിലും  പ്രതികള്‍ക്കെതിരായ നിയമനടപടികളോട് അവരെ സഹകരിപ്പിക്കുന്നതിനും വേണ്ടി നമ്മുടെ കയ്യില്‍ ഉണ്ടായിരുന്ന തുരുപ്പു ചീട്ടായിരുന്നു Encrica Lexie എന്ന ചരക്ക് കപ്പല്‍.  കപ്പല്‍ വിട്ടുകൊടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ഇവിടെ ഗംഭീര ചര്‍ച്ചകളും നടന്നിരുന്നു. ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ ഇവിടെ ക്യാമ്പ്‌ ചെയ്ത് അതിനു വേണ്ടിയുള്ള ശ്രമങ്ങളും നടത്തി.

                 കപ്പല്‍ തീരം വിട്ടുപോയാല്‍ എല്ലാരും കൂടി അതിനെ ചേസ്‌ ചെയ്ത് പിടിക്കും എന്ന സ്ഥിതിയായി. കപ്പലിവിടെ കിടന്നിരുന്നെങ്കില്‍ നാവികര്‍ വോട്ട് ചെയ്യാനല്ല, മൂത്രമൊഴിക്കാന്‍ പോലും എങ്ങും പൊകുമായിരുന്നില്ല. . എന്നാല്‍ പിണറായി വിജയനും പ്രകാശ്‌ കാരാട്ടും കൂടി തലയില്‍ മുണ്ടിട്ടുപോയി ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊന്നതിന്‍റെ പിറ്റേന്ന് വൈകീട്ട് കപ്പലങ്ങു പൊയി. വിപ്ലവകാരി വധകേസ് അന്വേഷണത്തിന്‍റെ  തിരക്കിലായിരുന്ന  പ്രതികരണതൊഴിലാളികള്‍ അറിഞ്ഞതുപോലുമില്ല!!!അതോടെ പകുതി യുദ്ധം ഇറ്റലി ജയിച്ചു.

.                 പിന്നീടങ്ങോട്ട് ഇറ്റലിയുടെ നയതന്ത്ര സാമര്‍ത്യവും ഇന്ത്യയുടെ നട്ടെല്ലില്ലായ്മയും തമ്മിലുള്ള മത്സരമായിരുന്നു. ആദ്യം ക്രിസ്ത്മസ്നും പിന്നീട്  വോട്ട് ചെയ്യാനും നാവികര്‍ക്ക് രാജ്യം വിടാന്‍ അനുമതി നല്‍കിയ സുപ്രീം കോടതിയുടെ നിലപാട് അസംബന്ധം എന്നേ പറയാനാകൂ. എന്നാല്‍ അത്തരത്തില്‍ വിധി പറയുന്നതിലേക്ക് കോടതിയെ എത്തിച്ച വസ്തുതകളും പരിശോധിക്കണം. കേന്ദ്ര സര്‍ക്കാരിന് വേണ്ടി പ്രോസിക്യൂഷന്‍ ശക്തമായി ഈ ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നെങ്കില്‍ ഒരുപക്ഷെ നാവികര്‍ക്ക് കോടതി ജാമ്യം അനുവധിക്കില്ലായിരുന്നു. അതിനു കേന്ദ്രം തയ്യാരായില്ല. അതിനുള്ള കാരണം ഇറ്റാലിയന്‍ അധികൃതരുമായി കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കിയ നയതന്ത്ര ധാരണയാണ്.  ആ ധാരണയാണ് അതി ദാരുണമായി അട്ടിമറിക്കപ്പെട്ടത്. (ചോറ് ഇവിടെയും കൂറ് അവിടെയുമുള്ളവര്‍ രാജ്യഭരണത്തെ നിയന്ത്രിക്കുമ്പോള്‍ അത് സ്വാഭാവികം മാത്രം.)  ഒരു രാജ്യം മറ്റൊരു രാജ്യത്തെ വഞ്ചിച്ചു!!! 

                ഈ രാജ്യത്തിനും അതിന്‍റെ നീതിന്യായ പീഠത്തിനും തീര്‍ത്താല്‍  തീരാത്ത നാണക്കേടായി മാറി ആ തോല്‍വി.  രാജ്യാന്തര സമൂഹത്തിനു മുന്നില്‍ ഇതിലും വലിയൊരു മാനക്കേട്‌ ഈ രാജ്യത്തിനു വരാനുണ്ടോ? ഒരു രാജ്യത്തോടും അതിലെ പരമോന്നത നീതി പീഠത്തോടും മറ്റൊരു രാജ്യം ഇത്ര വലിയ വിശ്വാസ വഞ്ചന കാണിച്ചിട്ട് ഇതുവരെ മറ്റൊരു രാജ്യവും പ്രതികരിച്ചു കാണാത്തത് എന്താണ്?

                 ഈ രാജ്യത്തിന്‍റെ അഭിമാനവും സ്വന്തം ഇമേജും സംരക്ഷിക്കാന്‍ ശ്രീമാന്‍ മന്‍മോഹന്‍ സിങ്ങിനുള്ള അവസാന അവസരമാണിത്. നട്ടെല്ല് എന്ന സാധനം മദാമ്മയും മക്കളും പുഴുങ്ങിതിന്നിട്ടില്ല എന്ന് പ്രധാനമന്ത്രിക്ക് സ്വയമെങ്കിലും വിശ്വസിക്കാന്‍ ഇതില്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ സാധിക്കേണ്ടതുണ്ട്. അത് വെറും പാര്‍ളിമെണ്ടിലെ വാചക കസര്‍ത്ത് മാത്രമാകരുത്.  അന്താരാഷ്‌ട്ര സമൂഹത്തിന്‍റെ അനുകൂല നിലപാട് നേടിയെടുക്കാന്‍ സര്‍ക്കാരിന് സാധിക്കനം. ഐക്യരാഷ്ട്ര സഭയിലും മറ്റു വേദികളിലും ഈ വിഷയം ഉയര്‍ത്തികൊണ്ട് വരാന്‍ നമുക്ക് സാധിക്കണം. അങ്ങനെയേ ഈ നാണക്കേടിന് മറുപടി നല്‍കാന്‍ നമുക്ക് സാധിക്കൂ.

           അതിനൊന്നും സര്‍ക്കാരിന് സാധിച്ചില്ലെങ്കില്‍ അതിന്‍റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടത് കോണ്‍ഗ്രസ്‌ തന്നെയാകും. വരുന്ന തിരഞ്ഞെടുപ്പില്‍ ഇതൊരു ദേശീയതാ പ്രശ്നമായി ഉയര്‍ത്തികൊണ്ട് വരാന്‍ ബിജെപി ഒട്ടും മടിക്കില്ലെന്നുറപ്പ്. രാജ്യത്തെ ഇത്രവലിയ നാണക്കെടിലേക്ക് തള്ളി വിട്ടിട്ട്  കയ്യുംകെട്ടി നോക്കി നിന്നാല്‍ സ്വാഭാവികമായും അത് ജനങ്ങളെ സ്വാധീനിക്കുകയും, സര്‍ക്കാരിന്‍റെ പാവകൂത്തിനു നിന്നുകൊടുക്കുന്ന "പരമോന്നത" നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം  നഷ്ടപ്പെടുത്തുകയും  ചെയ്യും.

ലാസ്റ്റ് എഡിഷന്‍ : "നമ്മളെ ഒരുമാതിരി ആസ്സാക്കിയിട്ട് നാവികരെ കൊണ്ട്പോയ  ഇറ്റാലിയന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തി രണ്ടെണ്ണം പൊട്ടിക്കുകയാണ് ആദ്യം വേണ്ടത്. അവന്‍റെ അമ്മേടെ,.... അല്ലാ, അവന്‍റെ അമ്മേടെ ഏടത്തി ഒന്നുമല്ലല്ലോ അവിടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇത്ര താല്പര്യമെടുത്ത് പിള്ളേരെ കൊണ്ടുപോയി വോട്ട് ചെയ്യിക്കാന്‍?"

ലഡ്ഡു പൊട്ടിയത് മോഡിജിയുടെ മനസ്സിലാണ്. തിരഞ്ഞെടുപ്പിങ്ങു വന്നോട്ടെ, ഈ വകുപ്പില്‍ ബിജെപ്പി ഒരു കലക്ക് കലക്കും...

Wednesday, February 27, 2013

ഭൂമി കുലുക്കവും ഇല അനക്കവും !!!!


എവിടെ?

എന്ത്?

സ്റ്റേറ്റ് കാര്‍ ?

എനിക്ക് വിശക്കുണൂ !! ഏഴു ദിവസമായി ആഹാരം കഴിച്ചിട്ട് !!!

"മൂന്നാറിലെ എസ്റ്റെസ്റ്റില്‍ വേലക്കാര്‍ ഇല്ലായിരുന്നോ വെച്ച് വിളമ്പി തരാന്‍? "

"ശവത്തില്‍ കുത്തരുത് സഖാവേ .... "

"സഖാവേ എന്നല്ലല്ലോ അന്ന് വിളിച്ചത് ???"

"സാര്‍ എന്ന് വിളിക്കാറുണ്ട്, ഘടകകക്ഷി എന്ന് പറയാറുമുണ്ട് .. എന്താ അതൊരു തെറ്റാ?"

"അല്ലാ, മകനെ കേന്ദ്ര മന്ത്രി ആക്കാനും ആക്കാനും മിച്ചഭൂമി കയ്യേറാനും ഒക്കെ വേണ്ടി ഇവിടുന്നു ഇറങ്ങി പോകുമ്പോ വേറൊരു പേരാണല്ലോ വിളിച്ചത്?

"എന്നാ ഞാനൊരു സത്യം പറയട്ടെ? "

"ആ പറ . . . "

"എനിക്കതൊന്നും ഓര്‍മയില്ല" !!!!

"എനിക്കോര്‍മയുണ്ട്, അഴിമതിക്കാരാ എന്ന് വിളിച്ചില്ലേ?"

"തനിക്കിനിയും മതിയായിട്ടില്ലേ? ദേ  ഇയാളൊരുത്തനാ ഇതൊക്കെ വരുത്തി വച്ചത് ..  ഭൂമി കയ്യേറ്റം തടുക്കും എന്നും പറഞ്ഞെന്നെ പേടിപ്പിച്ചു. സ്വന്തമായി മന്ത്രിസഭ ഉണ്ടാക്കുമ്പോ ഇവിടത്തെ തല്ലിപ്പൊളി പണി കളഞ്ഞിട്ട് എന്‍റെ കൂടെ 
മുഖ്യമന്ത്രി ആകാമെന്നു പറഞ്ഞു. ദേ നോക്കണത് കണ്ടില്ലേ? ഹേ .... 


ഇനി കുറച്ചു ഫ്ലാഷ് ബാക്ക് 


"ഡോ"

"താന്‍ ഇതെവിടെക്കാ നോക്കണേ ? 
താന്‍ എന്താ പൊട്ടന്‍ കളിക്ക്യ?
ഞാന്‍ തന്ന്യാ വിളിച്ചത്"

"ഡോ ഖാദിയുടെ ഷര്‍ട്ടും ഇട്ട് ഒരു ചുവന്ന കൊടിയും കയ്യില്‍ പിടിച്ച് കാറ്റും വെളിച്ചവും കേറാത്ത എകെജി സെന്‍ററില് ഇങ്ങനെ ഞെളിഞ്ഞിരുന്നാ സഖാവാവില്ല". 
നിന്നെ ഇന്ന് ഞാന്‍ ശരിയാക്കി തരാടാ 

"എടാ മോരട്ടു തത്ത്വവാധീ,  പാര്‍ലമെണ്ടീന്ന് വിളിക്കാന്‍ തുടങ്ങിയതല്ലെടോ താന്‍ എന്നെ അവസരവാദീന്നു ? 
ഇത്രയും നാള്‍ ഞാനത് കേട്ടതേ എന്‍റെ ഗതികെടോണ്ടാ,  ഏതു പാര്‍ട്ടിക്കും ജനപിന്തുണ ഉണ്ടായാല്‍ ഏതു ഈര്‍ക്കില്‍ പാര്‍ട്ടീനേയും കയ്യേറ്റക്കാരനെനു  വിളിക്കാം "

"കാലം കുറെ താന്‍ എന്നെ തെറി വിളിച്ചില്ലേ? ആ തെറിയൊക്കെ ഞാനിപ്പോ തന്നെ വിളിച്ചെന്ന് കൂട്ടിക്കൊ. "

"ഡാ"

"എന്ത് ഡാ ന്നാ?"
"വലിച്ചു നിന്‍റെ മുന്നണിയെ ഞാന്‍ താഴെയിടും.. "

"താന്‍ എന്താ വിചാരിച്ചേ?

ജീവിതകാലം മുഴുവന്‍ ഞാന്‍ തന്‍റെ മുന്നണീടെ ചെരുപ്പ് നക്കി ഇവിടെ കഴിയുമെന്നൊ?"

"ഘടകകക്ഷികളോട് എങ്ങനെ പെരുമാറണം എന്നുള്ളത് ഞാന്‍   തനിക്ക് കാണിച്ചു തരാം. കുറച്ചു ഘടക കക്ഷികളെ ഞാന്‍ എന്റെ കൂടെ കൂട്ടുന്നുണ്ട്. 
എന്നിട്ട് ഞാന്‍ തന്നെ വന്നു വിളിച്ചു കാണിക്കാം "!!!
"ഡോ ഇങ്ങ്ഡു നോക്കടോ ദ ബ്ടെ, 
താനിപ്പോ വിയാരിക്കുന്നുണ്ടാകും മൂര്‍ക്കന്‍ പാമ്പിനെ ആണല്ലോ ഞാന്‍ ഈശ്വരാ പാല് കൊടുത്തു  വളര്‍ത്തീന്നു !!
അതേടാ മൂര്‍ക്കന്‍ പാമ്പിനെ തന്നെയാ താന്‍ പാല് കൊടുത്തു വളര്‍ത്തിയത്."!!!

"എത്ര പേരെ ആണെടോ താന്‍ അഴിമതി കേസില്‍ കുടുക്കിയത്?
അതിന്‍റെ പാപം ഒക്കെ അനുഭവിക്കാതെ ഇവിടുന്നു പോകാന്‍ പറ്റൊടോ?"

"ഞങ്ങള്‍ പോയി കഴിഞ്ഞാ ഉണ്ടല്ലോ താന്‍ പ്രതിപക്ഷത്തിരുന്നു മൂക്കൊണ്ട് ഇക്ഷ ഇഞ്ഞ ഇട്ട ഞ്ഞ ഞഞ്ഞ പിഞ്ഞ ഖ ക്ക ട്ടട്ട വരയ്ക്ക്യോടോ. അത് കാണാന്‍ഞങ്ങള്‍ ഞങ്ങടെ മക്കള്‍  കേന്ദ്ര മന്ത്രീടെ സ്വന്തം കാറില് വരും. ഞങ്ങള്‍ടെ  സ്വന്തം കാറില് വരും. "

"അഹങ്കാരം കൊണ്ട് പറയല്ലെടാ പട്ടീടെ മോനെ ,,,"

ഫാ നിര്‍ത്തെടാ റാസ്ക്കല്‍""

"നീ പോടാ മ മ മ അത്  വേണ്ട മത്തങ്ങാ തലയാ 
ധൈര്യണ്ടെങ്കില്‍ ഇങ്ങട് വാടാ പുറത്തേക്ക്,  ഇങ്ങടെ വാടാ .. . ആഹാ . . . . "

"മത്തങ്ങാ തലയാ കൊല്ലോടാ നിന്നെ " !!!!! 


ലാസ്റ്റ് എഡിഷന്‍ : ഈ സംഭാഷണത്തിനു ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയി 'പാലാ' ബന്ധവും കാണും. അങ്ങനെ തോന്നിയാല്‍ അത് വെറും  'കയ്യേറ്റം'  മാത്രമാണ്.  അതില്‍ വല്ല പരാതിയും ഉള്ളവര്‍ രണ്ടിലയോ മോതിരമോ വാങ്ങി തലയില്‍ വച്ച് ഇങ്ങോട്ട് പോരെ. . .  ഹല്ലാ പിന്നെ !!!!

Thursday, February 21, 2013

പണിമുടക്കാന്‍ എല്ലാര്‍ക്കും ഓരോരോ കാരണങ്ങള്‍ !!!

               രാജ്യത്തിന്റെ ചരിത്രത്തിന്‍റെ തന്നെ ഭാഗമാകാന്‍ പോകുന്ന ദേശീയ പൊതു പണിമുടക്കിന് രാജ്യം സാക്ഷ്യം വഹിക്കുകയാണ്  വിലക്കയറ്റം തടഞ്ഞു നിര്‍ത്തുക, തൊഴിലവസരങ്ങള്‍ സൃഷ്ട്ടിക്കുക,പൊതുമേഖലാ സ്ഥാപനങ്ങള്‍ സംരക്ഷിക്കുക എന്നതുള്‍പ്പടെയുള്ള  പ്രസക്തവും അടിയന്തിര പ്രാധാന്യം അര്‌ഹിക്കുന്നവയുമായ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് നടക്കുന്ന 48  മണിക്കൂര്‍ നീണ്ടു  നില്‍ക്കുന്ന പണിമുടക്കില്‍ രാജ്യത്തെ പ്രധാന തൊഴിലാളി സംഘടനകള്‍ എല്ലാം  ഭാഗമാണ്.
 
  പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്ത സമയം ആയതിനാല്‍ രാവിലെ തൊട്ടേ ടിവിക്ക് മുന്നില്‍ കുത്തിയിരിപ്പായിരുന്നു.   പ്രാദേശികവും ദേശീയവുമായ ചാനെലുകളായ  ചാനെലുകളൊക്കെ  പണിമുടക്ക് ആഘോഷമാക്കുകയാണ്. മലയാളത്തിലെ പോലും മിക്കവാറും എല്ലാ  ചാനലുകളും തിരോന്തരം മുതല്‍ ഡല്‍ഹി വരെ ഏതാണ്ടെല്ലാ വന്‍ നഗരങ്ങളിലും  റിപ്പോര്‍ട്ടര്‍ കൊച്ചുങ്ങളെ നടുറോഡില്‍ നിര്‍ത്തി വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ട്.  ദോഷം പറയരുതല്ലോ, പണിമുടക്ക് കാരണം പച്ച വെള്ളം കിട്ടികാണാന്‍ വഴിയില്ലെങ്കിലും ഈ നേരം വരെ  നല്ല ആവേശത്തിലാണ് മാധ്യമ കുഞ്ഞുങ്ങളൊക്കെ!!!

              ഓരോ സ്ഥലങ്ങളിലും ഓരോ സ്ഥാപനങ്ങളിലും പണിമുടക്ക് എങ്ങനെയൊക്കെ ബാധിക്കുന്നു  തുടങ്ങി നഗരത്തില്‍ ഓടുന്ന വാഹനങ്ങളുടെ എണ്ണം വരെ പലരും കൃത്യമായിപറയുന്നു . പണിമുടക്ക് ദിവസം ആശുപത്രിയില്‍ പോകാന്‍ ഇറങ്ങിയവര്‍ മുതല്‍ ചുമ്മാ ടൂറിനു ഇറങ്ങിയവന്‍ വരെ പെരുവഴിയില്‍ ആയതിന്റെ  കദനകഥകള്‍  മുക്കിലും മൂലയിലും നിന്നും  ഒപ്പിയെടുത്ത് sensational ബത്ത ഒപ്പിക്കുന്നവരുമുണ്ട്.  

              പണിമുടക്ക്  തലേന്ന് ഒരു പ്രമുഘ മലയാളം ചാനല്‍ റിപ്പോര്‍ട്ടര്‍ പെട്രോള്‍ പമ്പില്‍ ക്യൂ നില്‍ക്കുന്ന  ആളുകള്‍ക്കരികിലേക്ക് മൈക്കുമായി ചെന്ന് നടത്തിയ അഭിമുഖം  തോന്നി.  പണിമുടക്ക്  പ്രമാണിച്ച് നാട്ടില്‍ പോകാനും മറ്റുമായി ഫുള്‍ ടാങ്ക് അടിക്കാന്‍ എത്തിയവരാണ് പലരും. "പണിമുടക്ക് ബുദ്ധിമുട്ടായോ ? പണിമുടക്കിന്റെ  കാരണം എന്താണെന്നറിയോ?" തുടങ്ങിയ ചോദ്യങ്ങളോടോക്കെ തന്നെ വളരെ പോസിറ്റിവ് ആയാണ് ജനം പ്രതികരിച്ചത്. ഒടുവില്‍ ചാനെല്‍ ചര്‍ച്ചയ്ക്ക് എരിവു കൂട്ടാനായി പരുങ്ങികളിച്ച റിപ്പോര്‍ട്ടര്‍ ഒരു പ്രമുഖ മോട്ടോര്‍ കമ്പനി തൊഴിലാളിയെ കണ്ടെത്തി ഇതേ ചോദ്യങ്ങള്‍  ചോതിചെങ്കിലും നിരാശയായിരുന്നു ഫലം. പണിമുടക്കിന്റെ കാരണങ്ങള്‍ ന്യായമാണെന്നും  അതോര്‍ത്തു ഇതിന്‍റെ ചെറിയ ബുദ്ധിമുട്ടുകള്‍ സഹിക്കാനും ഈ പ്രതിഷേധത്തില്‍ പങ്കെടുക്കാ തയ്യാറാണെന്ന്മണ് അയാളും പറഞ്ഞത്. ഇത്തരത്തില്‍ നല്ലൊരു വിഭാഗം ജനങ്ങള്‍ ഈ പണിമുടക്കിന്റെ സാഹചര്യം മനസ്സിലാക്കുകയും അത് വിജയിപ്പിക്കാന്‍ തയ്യാറായി മുന്നോട്ട് വരികയും  ചെയ്തിട്ടുണ്ടെന്ന് വേണം കരുതാന്‍.  
    
              പക്ഷെ പറയാന്‍  വന്ന കാര്യം അതല്ല. ഇത്രയൊക്കെ ആത്മാര്‍ഥതയോടെ പണിമുടക്ക്  വാര്‍ത്തകള്‍  ജനങ്ങളില്‍ എത്തിക്കാന്‍ കഠിന  ശ്രമം നടത്തികോണ്ടിരിക്കുന്ന  മാധ്യമങ്ങള്‍ ഒന്നുപോലും പണിമുടക്കിന് ആധാരമായ പ്രശ്നങ്ങളെ കുറിച്ച് കമാ എന്നൊരക്ഷരം മിണ്ടിയിട്ടില്ല !!!!   
പണിമുടക്കിന്റെ പ്രത്യേക ബുള്ളറ്റിനുകള്‍ പോലും വിലകയറ്റമെന്നോ തൊഴിലില്ലായ്മയെന്നോ ഒരു വാക്കുപോലും ഉച്ചരിക്കുന്നത്  കേള്‍ക്കാന്‍ സാധിച്ചില്ല.   പണിമുടക്കിന് ആധാരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാതെ പണിമുടക്ക് വാര്‍ത്തകള്‍ എങ്ങനെ പൂര്‍ണമാകും? 

                     പണിമുടക്കിന്റെ വാര്‍ത്തകള്‍ക്ക് നല്ല കവറേജ് നല്‍കാന്‍ മാധ്യമങ്ങള്‍  ശ്രമിക്കുന്നുണ്ട് എന്നതില്‍ തര്‍ക്കമില്ല. പക്ഷെ കക്ഷി രാഷ്ട്രീയ ഭേദമന്യേ രാജ്യത്തെ ഒട്ടുമിക്ക തൊഴിലാളി സംഘടനകളും ഭാഗമാകുന്ന  ഈ പണിമുടക്ക് എന്തിനാണെന്നും 10 കോടിയില്‍ പരം ആളുകള്‍ അംഗമായ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഈ പണിമുടക്കിന്റെ ചരിത്ര പ്രാധാന്യമെന്തെന്നും ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം രാജ്യത്തെ മാധ്യമങ്ങള്‍ക്കുണ്ട്.    


         പണിമുടക്ക് ഉണ്ടാക്കുന്ന നഷ്ടങ്ങളുടെ നിറം പിടിപ്പിച്ച കണക്കുകള്‍ കാണിച്ചു ജനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ വിലക്കയറ്റം അടക്കമുള്ള വിഷയങ്ങള്‍ മൂലം ജനങ്ങള്‍ക്ക്  ഉണ്ടാകുന്ന നഷ്ടങ്ങളുടെയും ദുരിതങ്ങളുടെയും കണക്കുകള്‍ സൌകര്യപൂര്‍വ്വം മറക്കുന്നു  

                പണിമുടക്കില്‍ പങ്കെടുത്തു കൊണ്ടിരിക്കുന്ന മുഴുവന്‍ തൊഴിലാളി വിഭാഗങ്ങള്‍ക്കും പണിമുടക്കിന് അനുഭാവം പ്രകടിപ്പിക്കുന്ന മുഴുവന്‍ ജന വിഭാഗങ്ങള്‍ക്കും ഈ സമരത്തിന്റെ  ഭാഗമാകുന്നതിന്  അവരുടെതായ കാരണങ്ങള്‍ഉണ്ട്.

രാജ്യം അഭിമുഘീകരിക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്നമായ വിലകയറ്റം തടഞ്ഞു നിര്‍ത്താന്‍ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യമാനുള്ളത്. അതിനെതിരായ താക്കീതാണ് ഈ സമരം. .... 


രാജ്യത്തെ ജനങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന പെട്രോള്‍, ഡീസല്‍ വില നിയന്ത്രിക്കുന്നതില്‍ ഉള്ള ഉത്തരവാധിതത്തെ സര്‍ക്കാര്‍ കയ്യൊഴിഞ്ഞിരിക്കുന്നു. പെട്രോള്‍,ഡീസല്‍, പാചകവാതക വിലകയറ്റം ഉടന്‍ തന്നെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഈ സമരം ആവശ്യപ്പെടുന്നു..... 

ലോകം വലിയ സാമ്പത്തിക  പ്രതിസന്ധിയില്‍ അകപ്പെട്ടപ്പോ അതിന്റെ കെടുതികളില്‍ നിന്നും ഒരു പരിധിവരെ എങ്കിലും രക്ഷപ്പെടാന്‍ രാജ്യത്തിന് കഴിഞ്ഞത് നമ്മുടെ പൊതുമെക്ഷലാ സ്ഥാപനഗല്‍ മൂലം ആണെന്നത് സര്‍ക്കാര്‍പോലും അംഗീകരിച്ച കാര്യമാണ്. എന്നിട്ടും പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കാനും സ്വകാര്യവല്‌ക്കാരിക്കാനുമുള്ള നടപടികള്‍ തുടരുന്ന സര്‍ക്കാര്‍ അതില്‍ നിന്നും പിന്മാറണം എന്ന് ഈ സമരം ആവശ്യപ്പെടുന്നു ... 

സാമ്പത്തിക മാന്ദ്യം ആദ്യം കീഴടക്കിയതും തകര്‍ത്ത്  കളഞ്ഞതും ഇന്‍ഷുറന്‍സ്,പെന്‍ഷന്‍ മേഖലകളെ ആണ്. എന്നിട്ടും ഈ മേഖലകളെ സ്വകാര്യവല്‍ക്കാരിക്കാനുള്ള സര്‍ക്കാര്‍ ശ്രമം അപകടത്തിലെക്കാന് എന്ന് സമരം ഓര്‍മപ്പെടുത്തുന്നു...... 

                  ഇത്തരത്തില്‍ പണിമുടക്കില്‍ പങ്കെടുക്കുന്നവരും അല്ലാത്തവരുമായ മുഴുവന്‍ ജനങ്ങളുടെയും ജീവിതത്തെ പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കുന്ന ഒട്ടനവധി വിഷയങ്ങളാണ് ഈ സമരത്തിനാധാരം. നേരിട്ട് ഇവര്‍ പണിമുടക്കിലേക്ക് എതുകയല്ല ചെയ്തത്. മറിച്ച് ഏറെ കാലം സര്‍ക്കാരിനെ നിവേദനം നല്‍കുകയും സൂചനാ സമരങ്ങള്‍ നടത്തുകയും പ്രതിഷേധ മാര്ച്ചുകളും പ്രതിഷേധ കൂട്ടായ്മകളും സംഘടിപ്പികയും ചെയ്ത ശേഷവും സര്‍ക്കാര്‍ ഇവര്‍ മുന്നോട്ട് വച്ച ആവശ്യങ്ങളോട് മുഖം തിരിച്ചു നിന്നപ്പോളാണ്  ഇത്തരത്തില്‍ ഒരു സമരവുമായി മുന്നോട്ട് പോകേണ്ടി വന്നത് എന്നതും  ശ്രദ്ധിക്കേണ്ടതാണ്.  

           ഇവര്‍ നടത്തിയ മുന്നൊരുക്കങ്ങള്‍ വഴി ഈ വിഷയങ്ങള്‍  ഒരു പരിധിവരെ ജനങ്ങളില്‍ എത്തിയിട്ടുണ്ട് വിശ്വസിക്കാം. ഈ സമരത്തെ കണ്ടില്ലെന്നു നടിക്കാന്‍ സര്‌ക്കാരിനാകില്ല. തങ്ങളുടെ നിലപാടുകള്‍ തിരുത്താന്‍ സര്‍ക്കാര്‍ തയ്യാരാകനം. അതിനവര്‍ തയ്യാറല്ലെങ്കില്‍ രാജ്യത്തെ തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ സംഘശക്തിക്ക് മുന്നില്‍ അവര്‍ക്ക് മുട്ട് കുത്തെണ്ടി വരും എന്ന കാര്യത്തില്‍ സംശയം വേണ്ട... 

ലാസ്റ്റ് എഡിഷന്‍ : പണിമുടക്ക് കൊണ്ടോ ഹര്‍ത്താലുകൊണ്ടോ വില കുറയുമോ എന്നുള്ള ചോദ്യത്തിന്  "ദണ്ഡിയാത്ര കൊണ്ടോ ഉപ്പ് കുറുക്കിയതുകൊണ്ടോ മാത്രമല്ല  ഇന്ത്യക്ക് സ്വാതന്ത്യ്രം ലഭിച്ചത്" എന്നേ മറുപടി പറയാന്‍ ആകൂ.  അനവധി നിരവധി പോരാട്ടങ്ങള്‍ക്കൊടുവിലായി  വൈദേശിക അക്രമികളില്‍ നിന്നും സ്വാതന്ത്ര്യം നേടിയെടുത്ത രാജ്യമാണ് നമ്മുടേത്‌..... . 
സാധാരണക്കാരന്‍റെ ജീവിതം ദുസ്സഹമാക്കികൊണ്ട് രാജ്യത്തെ മുച്ചൂടും നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഭരണവര്‍ഗത്തിന് എതിരായി സമീപ ഭാവിയില്‍ തന്നെ വരാനിരിക്കുന്ന വലിയ പോരാട്ടത്തിനായി തയ്യാറെടുക്കുന്ന അധ്വാനിക്കുന്ന തൊഴിലാളിവര്‍ഗത്തിന്‍റെ ഐക്യപ്പെടലാണ് ഈ പണിമുടക്ക്. ഇതില്‍ നിന്ന്നും പാഠം ഉള്‍ക്കൊണ്ടുകൊണ്ട് ജനദ്രോഹ നയങ്ങളില്‍ നിന്നും പിന്മാറാന്‍ സര്‍ക്കാര്‍ തയ്യാറാകുകയാണ് വേണ്ടത്...   

Monday, December 24, 2012

എന്നാലും എന്റെ നീബ്രൂ, കോപ്പിലെ എടപാടായിപോയി

                എന്നാലും എന്റെ നീബ്രൂ, ഇത് വല്ലാത്ത ചതിയായിപോയി. ഡിസംബര്‍ 21 പോട്ടെ, ലോകം  ഇന്നവസാനിക്കും നാളെ അവസാനിക്കും എന്ന് കരുതി രണ്ടു മൂന്നു ദിവസം കൂടി കാത്തു. രക്ഷയില്ല!!!

                 ഇല്ലാത്ത കാശും കൊടുത്തു ക്യൂ നിന്ന് ഇടിയും വാങ്ങി ആ കോപ്പിലെ പടം കണ്ടിറങ്ങിയപ്പോ  മുതലുള്ള പ്രതീക്ഷയോടുള്ള  കാത്തിരിപ്പാണ് ആവിയായിപോയത് .
അല്ലാ , എനിക്കിതു തന്നെ വരണം, ഉള്ളിലെ യുക്തിവാദി ആയിരം വട്ടം പറഞ്ഞതാ, ഇതെല്ലാം സായിപ്പിന്റെ ഉഡായിപ്പാണെന്നു, കേട്ടില്ല, എന്നിട്ടിപ്പോ എന്തായി? ലോകം അവസാനിക്കുന്നത് പോയിട്ട് ഇന്റെര്‍വെല്‍ പോലും ആയ മട്ടില്ല. ഒരു മെഗാ സീരിയല്‍ പോലെ നീണ്ടു നീണ്ടു പോകുന്നു.

           എന്തൊക്കെ ബഹളമായിരുന്നു? 2012 സിനിമ, മായന്മാരുടെ കലണ്ടര്‍, നീബ്രു ഗ്രഹം, ജ്യോതിഷ പ്രവചനം, ലോകാവസാനം, ഒലക്കേടെ മൂട്  !!!

             2012ല്‍ എല്ലാം കൂടി പണ്ടാരമടങ്ങും എന്ന് വിച്ചാരിച്ച്
 എത്ര ക്ലാസുകള്‍ ഞാന്‍ കട്ടാക്കി?,
എത്ര പരീക്ഷകള്‍ എഴുതാതിരുന്നു ?
എത്രയെത്ര പ്രണയാഭ്യര്‍ഥനകള്‍ ഞാന്‍ തട്ടിയെറിഞ്ഞു ?(അതും നല്ല കിളി പോലത്തെ കൊച്ചുങ്ങള്‍ ),
അഞ്ചക്ക ശമ്പളമുള്ള  എത്രയെത്ര ജോലികള്‍ വേണ്ടെന്നു വച്ചു?,
അവസാനം പവനായി ശവമായി!!!

വണ്ടിയുടെ ഇന്‍ഷുറന്‍സ്  അടച്ചില്ല,
ലൈസന്‍സ് പുതുക്കിയില്ല,
ബാങ്ക് ലോണിന്റെ തവണ അടച്ചില്ല,
സിം കാര്‍ഡ്‌ ലൈഫ് ടൈം ആക്കിയില്ല,
ആന്‍ന്ട്രോയിഡ് ഉള്ള മോവീല് വാങ്ങിയില്ല,
ജിമ്മില്‍ പോയില്ല(കത്തി ചാമ്പലാകാന്‍ പോകുമ്പോ എന്തിനാ 6 പായ്ക്ക്?),
എന്തിനേറെ പറയുന്നു, പല്ലിന്റെ റൂട്ട് കനാല്‍ പോലും ചെയ്തില്ല!!!

            ഇനി എനിക്കൊന്നും നോക്കാനില്ല. ലോകം അവസാനിക്കുകയോ അവസാനിക്കാതെ ഇരിക്കുകയോ ചെയ്യട്ടെ, ഞാനെന്റെ പാട് നോക്കാന്‍ പോവാ. രണ്ടിലൊന്ന് അറിഞ്ഞിട്ടു തന്നെ കാര്യം. ഹല്ല പിന്നെ !!!

ലാസ്റ്റ് എഡിഷന്‍ : പണ്ടേ തിലകന്‍ ചേട്ടന്‍ പറഞ്ഞതാ "കലണ്ടര്‍ മനോരമ തന്നെ" എന്ന്. കേട്ടില്ല . അവന്മാരുടെ ഒരു കലണ്ടെറും കോപ്പും. ഇപ്പൊ ഒരുത്തനെയും കാണുന്നില്ലല്ലോ ? മായന്മാര്‍ ആണത്രേ, മായന്മാര്‍!! ആരോ അറിഞ്ഞിട്ട  പേരാ, അക്ഷരം മാറിപോയോ എന്ന സംശയമേ ഉള്ളൂ !!! 
Related Posts Plugin for WordPress, Blogger...