Saturday, April 14, 2012

ഒരു നോമ്പ് തുറയും കുറെ തറകളും . . .

                  ഹോസ്റ്റല്‍ ജീവിതം ആരുടേയും ജീവിതത്തിലെ മറക്കാനാകാത്ത ഓര്‍മയായിരിക്കും. അത്തരമൊരു സുന്ദര കാലത്തിലെ ഒരു അനുഭവമാണ് പറയുന്നത്. കോളേജ് ഹോസ്റ്റെല്‍ ഒക്കെ ഉപേക്ഷിച്ച് കോളേജില്‍ നിന്നും ദൂരെ ഫാറൂക്ക് കോളേജിനു അടുത്തായി ഒരു വീടൊക്കെ എടുത്താണ് താമസം.

അടുത്തുള്ളതെല്ലാം ഫാറൂക്ക് കോളേജ് അദ്ധ്യാപകരുടെ വീടുകളും ക്വാട്ടേഴ്സ്കളുമാണ്. ആകെ മൊത്തം ശാലീന കുലീനമായൊരു പ്രദേശത്ത് രണ്ടു നില കെട്ടിടത്തില്‍ എട്ടു അലംബന്മാര്‍!!!!!!!!!!!!!!..... ... .. !!!
 എന്നാലും പാതിരാത്രി ഒച്ചയും ബഹളവും ഉണ്ടാക്കി നാട്ടുകാരുടെ ഉറക്കം കെടുത്തും എന്നല്ലാതെ മറ്റു പ്രശ്നം ഒന്നും ഞാങ്ങളായിട്ട് ഉണ്ടാക്കിയിട്ടില്ല കേട്ടോ.

                അതൊരു നോമ്പ് കാലം ആയിരുന്നു. ഞങ്ങളെ സംബന്ധിടത്തോളം നോമ്പ്തുറക്കാലം. ക്ലാസ്സിലെ നല്ലവരായ മുസ്ലിം സുഹൃത്തുക്കള്‍ വീട്ടിലേക്കു ക്ഷണിച്ചു മ്രിഷ്ട്ടാന്ന ഭോജനം ഒരുക്കിത്തരുന്ന നല്ല കാലം. എന്നാല്‍ ആ വര്‍ഷം പരീക്ഷ സമയമായതുകൊണ്ടാണോ അതോ മുന്‍ വര്‍ഷത്തെ ഭീതിതമായ ഓര്‍മ്മകള്‍  കൊണ്ടാണോ എന്നറിയില്ല, അധികം നോമ്പ് തുറ പരിപാടികള്‍ ഒന്നും ഒത്തുകിട്ടിയിരുന്നില്ല. അതിന്‍റെ ഒരു നഷ്ടബോധവും പിന്നെ റൂമിലെ ഏക നോമ്പുകാരനായവന്‍ വീട്ടിലേക്ക് വിളിക്കുന്നത് പോയിട്ട് നോമ്പിന്‍റെ വകയായി ഒരു കപ്പലണ്ടി മിട്ടായിപോലും വാങ്ങി തരാത്തതിന്‍റെ തീരാത്ത കലിപ്പും കൊണ്ടിരിക്കുകയാണ് ഞങ്ങള്‍... ...
.
  
                   സാധാരണ പരീക്ഷാകാലത്ത് വിദ്യാര്‍ഥികളില്‍ വിശപ്പില്ലായ്മ കാണപ്പെടാറുണ്ട് എന്നാണു ശാസ്ത്രം. എന്നാല്‍ ഇവിടെ നേരെ മറിച്ചായിരുന്നു. പരീക്ഷ അടുത്ത ദിവസങ്ങളില്‍ ഒടുക്കത്തെ വിശപ്പാണ്. കൃത്യ സമയത്ത് ഭക്ഷണത്തിനായി ഹോട്ടെലിലേക്ക് ഓടും. പറ്റ് ബുക്ക്‌ നിറഞ്ഞു കവിയുന്നത് കാണുമ്പോള്‍ ഹോട്ടെലുടമ തലയിലെ വിഗ്ഗ് ഊരി വിയര്‍പ്പു തുടയ്ക്കും.

                        അങ്ങനെ പരീക്ഷാ വിശപ്പ്‌ പുര നിറഞ്ഞു നില്‍ക്കുന്ന നേരത്താണ് കഥാനായകനായ അയല്‍പ്പക്കത്തെ അടുക്കള കൊതിപ്പിക്കുന്ന മണവുമായി രംഗപ്രവേശനം ചെയ്യുന്നത്. അയലത്തെ അടുക്കളക്ക് ഒരു പ്രത്യേക ആകര്‍ഷണീയതയുണ്ട്. സ്വന്തം വീട്ടിലെ ചിക്കന്‍ ബിരിയാണിയേക്കാള്‍ അടുത്ത വീട്ടിലെ ഉള്ളിചമ്മന്തിയുടെ   മണമായിരിക്കും നാവില്‍ വെള്ളമൂറ്റുന്നത്. അപ്പൊ പിന്നെ ഹോട്ടെല്‍ ഭക്ഷണം മടുത്തിരിക്കുന്ന ഞങ്ങളുടെ കാര്യം പറയാനുണ്ടോ?

                     ബന്ധുക്കളെയും സ്വന്തക്കാരെയും വിളിച്ചുകൂട്ടിയുള്ള നോമ്പ് തുറപരിപാടി ആണോ അതോ സാധാരണ നോമ്പ് തുറ ഒന്ന് കൊഴുപ്പിച്ചതാണോ എന്നറിയില്ല അടുത്ത വീട്ടിലെ അടുക്കളയില്‍ വിഭവങ്ങള്‍ ഏറെയുണ്ട് എന്നുറപ്പ്!!!! സ്വാഭാവികമായും അതെങ്ങനെയെകിലും പങ്കുപറ്റാന്‍ ഉള്ള വഴിയെന്ത് എന്നാ ചിന്ത എല്ലാരുടെയും മനസ്സില്‍ ഒരുമിച്ചുണര്‍ന്നു. ആരും പരസ്പരം ഒന്നും പറഞ്ഞില്ലെങ്കിലും. . .

                      പഠിക്കാനെന്നും പറഞ്ഞു വരാന്തയില്‍ ഇരിപ്പാണ് എന്നതിനാല്‍ ഞങ്ങളും അടുക്കളയും തമ്മില്‍ മൂന്നു മീറ്റര്‍ ദൂരം കഷ്ടിയാണ്‌........ അത് കൊണ്ട് തന്നെ ഞങ്ങള്‍ പറയുന്നതെല്ലാം അവിടെ കേള്‍ക്കും എന്നുറപ്പ്. (ഞങ്ങള്‍ക്ക് വേണ്ടതും അതാണല്ലോ!)

                        നോമ്പ് തുറക്ക് വിളിക്കാത്ത കൂട്ടുകാരനോടുള്ള കലിപ്പ് തീരത്തെ ഇരിക്കുന്നതിനാല്‍ തുടക്കം അതില്‍ തന്നെ ആകട്ടെ എന്ന് കരുതിയാകും , ചാലക്കുടിക്കാരന്‍ സുഹൃത്ത്  ആദ്യത്തെ വെടി പൊട്ടിച്ചു 
"എന്നാലും മച്ചാ അവന്‍ നമ്മളെ നോമ്പ് തുറക്കാന്‍ വിളിചില്ലല്ലോടാ!!" എന്ന ഒരു നിരുപദ്രവകരമായ ആത്മഗതം. (ആത്മഗതം പക്ഷെ അപ്പുറത്തെ കവല വരെ കേട്ടുകാണും എന്നുറപ്പ് !!) 

ഏതു സിക്സ്‌ത് സെന്‍സ് ആണെന്നറിയില്ല, സഹമുറിയന്മാര്‍ എട്ടു പേരും ജാഗരൂകരായി. 


"അതെ, ഇത്ര അടുത്ത വീടായിട്ടും അവന്‍ നമ്മളെ വിളിക്കാത്തത് മോശമായി" ആരോ ഏറ്റുപിടിച്ചു. . . 

"നമ്മളെ വിളിക്കും എന്ന് തന്നെ ഞാനും കരുതി. ഒന്നുമില്ലേലും ഒരു കുടുംബം പോലെ കഴിയുന്നതല്ലേ?" ഒരുത്തന്‍ ഇപ്പം കരയും എന്ന മട്ടായി...

ഈ പ്രാകുന്ന കൂട്ടുകാരന്‍ ഞങ്ങളെ കൂട്ടാതെ വീട്ടില്‍ പോയെന്നേ കേള്‍ക്കുന്ന ആരും കരുതൂ, പക്ഷെ ആള് മുകളിലെ നിലയില്‍ നോമ്പിന്‍റെ ആലസ്യത്തില്‍ മയങ്ങുകയാണ് എന്ന സത്യം ഞങ്ങക്കല്ലേ അറിയൂ !!!

"അതിന്നു നിന്നെയൊക്കെ വീട്ടില്‍ കേറ്റാന്‍ കൊള്ളുമോടാ? അത്കൊണ്ടാകും വിളിക്കാത്തത്" ആരോ സെല്‍ഫ് ഗോളടിച്ചു !!!!

"വീട്ടില്‍ കേറ്റിയില്ലെങ്കില്‍  വേണ്ട, ഉണ്ടാക്കിയത് കുറച്ചു കൊണ്ട് വന്നു തന്നൂടെ?" ഞാന്‍ ആ ഗോളൊന്നു തടുക്കാന്‍ നോക്കി !!

ഓരോ പറച്ചിലുകളും അങ്ങാടി മുഴുവന്‍ കേള്‍ക്കുന്ന ശബ്ധത്തില്‍ ആയതുകൊണ്ട് കേള്‍ക്കേണ്ടവര്‍ കേള്‍ക്കുന്നുണ്ട് എന്നുറപ്പ്. പക്ഷെ അവിടുന്ന് വെള്ളപ്പുക ഉയരുന്ന ലക്ഷണം മാത്രം കാണുന്ന ലക്ഷണം ഇല്ല  !! 

പണി പാളുകയാണോ? വായില്‍ കപ്പലോടിക്കാന്‍ വെച്ച വെള്ളം തുപ്പിക്കളയെണ്ടി വരുമോ? എല്ലാര്‍ക്കും ഒരേ സമയം സംശയം മൊട്ടിട്ടു !!!

ഇനി പറഞ്ഞത് മനസ്സിലാകാത്തതാകുമോ? അതോ മനസ്സിലായിട്ടും കേട്ടില്ലെന്നു നടിക്കലോ?
പരസ്പരം ഒന്നും പറഞ്ഞില്ലെങ്കിലും എല്ലാരും മുഖത്തോട് മുഖം നോക്കി..

അപ്പോളാണ് പ്രതീക്ഷയുടെ വെള്ളിവെളിച്ചം പോലെ ആ കാഴ്ച എന്റെ കണ്ണില്‍ പെട്ടത്. പാതി തുറന്ന ജനല്‍ പാളികളില്‍ കൂടെ ഞങ്ങളെ നോക്കി ചിരിക്കുന്ന രണ്ടു ജോഡി കുസൃതിക്കണ്ണുകള്‍ !!!!


അയല്‍പ്പക്കത്തെ ഏറ്റവും ഇളയ സന്തതികള്‍ രണ്ടും ഞങ്ങളുടെ സംസാരം കേട്ട് വായ്‌ പൊത്തി ചിരിക്കുകയാണ് !!!


നഷ്ടപെട്ട ഞങ്ങളുടെ പ്രതീക്ഷകള്‍ക്ക് കരുത്തേകാന്‍ ആ കാഴ്ച ധാരാളമായിരുന്നു.

ഇനിയിപ്പോ നാണവും മാനവും നോക്കിയിട്ട് കാര്യമില്ല. (അല്ലെങ്കില്‍ തന്നെ ഇല്ലാത്ത കാര്യത്തെ പറ്റി എന്തിനാ ടെന്‍ഷന്‍ !!). രണ്ടും കല്‍പ്പിച്ചു തന്നെ ഇറങ്ങാന്‍ ഞങ്ങളും തീരുമാനിച്ചു..


"അവനെ മാത്രം പറഞ്ഞിട്ടെന്താ? ഇവിടെ തൊട്ടടുതുള്ളവര്‍ പോലും ഒന്ന് വിളിച്ചു ഒരു കട്ടന്‍ ചായ പോലും തന്നിട്ടില്ല, പിന്നെന്തിനാ അവനോട് ദേഷ്യപ്പെടുന്നത്?!!" ആരോ ഒരു ത്രൂ പാസ്‌ അടിച്ചു

"അതെ, ഒന്നുമില്ലേലും ഒരേ മാവിന്‍റെ തണലില്‍ കഴിയുന്നവരല്ലേ? ഒന്ന് വിളിച്ചു അന്വേഷിക്കാമായിരുന്നു, വല്ലതും വേണോ എന്ന്"!!!

"മാത്രമല്ല, ഈ മണം മുഴുവന്‍ സഹിക്കുന്നത് ഈ പാവങ്ങള്‍ അല്ലെ എന്ന് പോലും ആരും ഓര്‍ത്തില്ല"

"പ്രത്യേകിച്ചും ഇന്ന് ഞായറാഴ്ച, ഒറ്റ ഹോട്ടലും തുറന്നിട്ടില്ല. പഠിക്കുന്ന പിള്ളേരല്ലേ? വിശന്നു വലഞ്ഞു ഇരിക്യാണെന്ന വിചാരം ആര്‍ക്കുമില്ല"
പല്ലിന്റെ ഇടയില്‍ ടൂത്ത്പിക്ക് ഇട്ടു കുത്തികൊണ്ടിരുന്ന കൂട്ടുകാരന്‍റെ അടുത്ത   ആത്മഗതം  !!!!


അയല്‍പ്പക്കത്ത്‌ നിന്നും അടക്കിപ്പിടിച്ച പൊട്ടിച്ചിരികള്‍ ഉയര്‍ന്നു. തൊട്ടുപിന്നാലെ  നേരത്തെ പറഞ്ഞ രണ്ടു ജോഡി കുസൃതിക്കണ്ണുകള്‍ ആരോ പിടിച്ചു മാറ്റിയാലെന്ന പോലെ പുറകോട്ടു മറയുകയും ജനവാതില്‍ വലിച്ചടക്ക്പ്പെടുകയും ചെയ്തു..

ഇനി രക്ഷയില്ല. നോമ്പ്‌ തുറ മോഹം ഗോവിന്ദ!!!


ഇനിയിപ്പോ  അലമ്പാക്കുക തന്നെ.
നെടുമുടി വേണു ചേട്ടനെ മനസ്സില്‍ ധ്യാനിച്ച്‌ കൊണ്ട് എല്ലാരും സമൂഹ മിമിക്രി തുടങ്ങി.

"ഇവിടൊന്നും കിട്ടീല, ഇവിടൊന്നും  തന്നീല്ലാ"!!!
"ഇവിടൊന്നും കിട്ടീല,  ഇവിടൊന്നും  തന്നീല്ലാ"!!!
"ഇവിടൊന്നും കിട്ടീല,  ഇവിടൊന്നും  തന്നീല്ലാ"!!!

ആത്മഗതങ്ങള്‍ അശരീരി പോലെ മുഴങ്ങി ...

റോഡിലൂടെ വല്ല പിച്ചക്കാരും പോയിരുന്നെങ്കില്‍ അവര് പോലും നാണിച്ചുപോയേനെ !!!

അങ്ങനെ പവനായി ശവമായി !!!
ഉള്ള മാനവും പോയി, വായിലെ വെള്ളവും വറ്റി.  
ഇനിയിപ്പോ കവി പറഞ്ഞപോലെ "ഓണമുണ്ട വയറേ ചൂളം പാടിക്കിട" തന്നെ രക്ഷ     !!!

അടുക്കളയുടെ മണത്തെ വെല്ലാന്‍ ഓരോ കുന്തിരിക്കം "പുകയ്ക്കുക" തന്നെ . അത്ര നേരം പഠിച്ചതല്ലേ!!!! ക്ഷീണം മാറ്റാന്‍ ഒന്ന് കിടക്കാമെന്ന് ഞാനും കരുതി.

ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞു കാണും. കാളിംഗ് ബെല്‍   രണ്ടടിച്ചു. പട്ടാപ്പകല്‍ ഈ വീട്ടിലെ കാളിംഗ് ബെല്‍ മുഴങ്ങുകയോ? അതും പ്രൈവറ്റ് ബസ്സിന്‍റെ ഡോര്‍ പോലെ ഇതു നേരവും തുറന്നിരിക്കുന്ന മുന്‍വാതില്‍ ഉള്ളപ്പോ!!!

ആരപ്പാ ഇത് എന്നറിയാന്‍ അഴിഞ്ഞു പോയ ലുങ്കിയും വാരിച്ചുറ്റി ഒരുത്തന്‍ താഴേക്കിറങ്ങി പോയി. പോയതിനേക്കാള്‍ വേഗത്തില്‍ അവന്‍ തലയില്‍ കൈവച്ചു തിരിച്ചോടി വരുന്നതാണ് പിന്നെ കണ്ടത്!!!


"ഓരോന്ന് ഉണ്ടാക്കി വച്ചിട്ടിപ്പോ എന്തായി?  താഴെ പോയി നോക്കിനെടാ"
 അവന്‍ ശബ്ദം പുറത്തുവരാതെ അലറി !!!


എവിടുന്നു ഉണ്ടാക്കിയ അടിയാവോ തിരിച്ചു കിട്ടാന്‍ പോകുന്നത് എന്ന് അല്ഭുതപ്പെട്ടുകൊണ്ട് എല്ലാരും കൂടി താഴേക്ക് ഓടി ചെന്നു. ചെന്നവര്‍ ചെന്നവര്‍ ഒരു  വളിച്ച    ഉപചാര ചിരിചിരിച്ചു കൊണ്ട് നില്‍ക്കുന്നതാണ് പുറകെ ചെന്നവരെല്ലാം കണ്ടത്!!!

കൈയ്യില്‍ ഓരോ വലിയ പാത്രങ്ങളുമായി അയല്‍പ്പക്കത്തെ കുട്ടികള്‍ മുറ്റം നിറഞ്ഞു നില്‍ക്കുന്നു !!!!
മതിലിനു അപ്പുറത്തായി അവരുടെ ഉപ്പയും ഉമ്മയും ഞങ്ങളെ നോക്കി ചിരിക്കുന്നു !!!


"നിങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയതാ, പരീക്ഷ ആയോണ്ട് സമയം മെനക്കെടുത്തണ്ട എന്ന് കരുതിയാ ഇങ്ങോട്ട് കൊണ്ട്  വന്നത്. മുഴുവന്‍ കഴിക്കണം കേട്ടോ. പാത്രങ്ങള്‍ മതിലില്‍ വച്ചാല്‍ മതി, ഞാന്‍ പിന്നെ എടുത്തോളാം" ഉമ്മ പറഞ്ഞു !!!


"ഓ ഇതൊന്നും വേണ്ടായിരുന്നു" ഞാന്‍ ആ വളിച്ച ചിരിയെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചുകൊണ്ട് പറഞ്ഞു..

"ഹേ അതൊന്നും സാരമില്ല, ഞങ്ങടെ ഒരു സന്തോഷത്തിനാ എന്ന് കരുതിയാ മതി" ഉപ്പയും ഉപചാരം വിട്ടില്ല...


"പത്തിരീം കോയിക്കറീം ആണ്, ബിരിയാനീം ണ്ട്" കൂട്ടത്തില്‍ ചെറിയവന്‍ ചിരിച്ചോണ്ട് പറഞ്ഞു.


"ഓ ആയിക്കോട്ടെ" നമ്മള്‍ ഇതെത്ര കണ്ടതാ !!!


പാത്രങ്ങള്‍ ഒക്കെ മെല്ലെ എടുത്തു അകത്തു വച്ച്‌ വാതില്‍ അടച്ചു. എല്ലാരും മുഖത്തോട് മുഖം നോക്കി. 

സാധാരണ ഇങ്ങനെ ഭക്ഷണം കൈയ്യില്‍ കിട്ടിയാല്‍ കൂട്ടത്തല്ല് കൂടി പിടിച്ചു പറിച്ചു തിന്നാറാണ് പതിവ്. ഇന്ന് പക്ഷെ ആര്‍ക്കും ആ ആവേശം കാണുന്നില്ല.


"എന്താന്നറിയില്ല, തൊണ്ടയില്‍ ആരോ പിടിച്ച പോലെ, അങ്ങോട്ട് ഇറങ്ങുന്നില്ല" ഒരു പത്തിരി കഷ്ണം കയ്യില്‍ പിടിച്ചുകൊണ്ട് വീണ്ടും ആത്മഗതം !!!  

പിന്നെയൊരു കൂട്ട ചിരി ആയിരുന്നു. പൊട്ടിച്ചിരിച്ചും പരസ്പരം കളിയാക്കിയും ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നോമ്പ് തുറ ഞങ്ങള്‍ ആഘോഷമാക്കി  . .


ലാസ്റ്റ് എഡിഷന്‍ : കഴിച്ചു കഴിഞ്ഞ് പാത്രം തിരികെ കൊടുക്കുന്നതിനെ പറ്റി ആലോചിച്ചപ്പോ ഒരു സംശയം. ഭക്ഷണം നമുക്ക് വേണ്ടി ഉണ്ടാക്കിയതല്ലെന്നും ഇവിടുന്നു വിളിച്ചു പറഞ്ഞ ആത്മഗതങ്ങള്‍ കേട്ടിട്ട് സഹികെട്ട് തന്നതാണെന്നും ഉറപ്പ്. പക്ഷേ, നമ്മളെ അങ്ങോട്ട് വിളിക്കാതെ ഭക്ഷണം ഇവിടെ കൊണ്ട് വന്നു തന്നതും പാത്രം വീട്ടിലേക്ക് കൊണ്ട് വരാന്‍ പറയാതെ മതിലില്‍ വച്ചാ മതി എന്ന് പറഞ്ഞതും നമ്മുടെ പഠനം മുടക്കണ്ട എന്ന് കരുതി തന്നെ ആകുമല്ലേ?

ഇമ്മാതിരി അലമ്പന്മാരെ വീട്ടില്‍ കയറ്റാന്‍ ഉള്ള പേടി . .  ഹേയ് അതൊന്നും ആകില്ല അല്ലെ?????? 

Saturday, December 17, 2011

കോളേജ് മാഗസിനിലെ അയിലയും നഗ്നതയും ആവിഷ്കാര സ്വാതന്ത്ര്യവും. . .

                     ആവിഷ്കാരസ്വാതന്ത്ര്യം എന്നത് വല്ലാത്തൊരു സംഭവമാണ്, മനുഷ്യാവകാശവും ജനാധിപത്യവും പോലെ തന്നെ ഇതും ലംഘിക്കപ്പെടുമ്പോള്‍ അല്ലെങ്കില്‍ നിഷേധിക്കപ്പെടുമ്പോള്‍ ആണ് വാര്‍ത്തയാകുന്നത്. ഇവിടെയും സംഭവിച്ചിരിക്കുന്നത് അതാണ്‌. മുല്ലപ്പെരിയാറിനെ ആഘോഷമാക്കുന്ന പത്രത്താളുകളില്‍ ഈ വാര്‍ത്തകള്‍ ഏതോ മൂലയില്‍ ഒതുക്കപ്പെട്ടു.


                     നാട്ടികയിലെ വലപ്പാട്  ശ്രീരാമ പോളി ടെക്ക്‌നിക്കില്‍  കോളേജ് മാഗസിനില്‍ തൊടുപുഴയിലെ അധ്യാപകന്റെ  കൈവെട്ടു സംഭവത്തെ പറ്റി  ലേഖനം എഴുതിയ മാഗസിന്‍ എഡിറ്ററെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ മര്‍ദിച്ചത് ഈ ഡിസംബര്‍ 13 നു ആണ്. തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടി താലിബാനിസം നടപ്പിലാക്കിയ തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ ചെയ്തിയെ വിമര്‍ശിച്ചു "അക്രമത്തില്‍ കുരുത്തതുണ്ടോ  ജനാതിപത്യത്തില്‍ വാടുന്നു?" എന്ന പേരില്‍ തന്റെ കോളേജ് മാഗസിനില്‍ ലേഖനം എഴുതിയതിനാണ് സാദിക്ക്‌ സാലിഹ് എന്ന വിദ്യാര്‍ഥിയെ പോപ്പുലര്‍ ഫ്രണ്ട് സംഘം ആക്രമിച്ചത്.. തൊട്ടടുത്ത ദിവസം തന്നെ ഇതിന്റെ പേരില്‍  2 വ്യത്യസ്ത ആക്രമണങ്ങളിലായി മൂന്നു വിദ്യാര്‍ഥികള്‍ കൂടി ആക്രമിക്കപ്പെട്ടു. 
   
            "ഇന്ത്യന്‍ ഭരണഘടനയിലോ ജനാതിപത്യതിലോ വിശ്വാസമര്‍പ്പിക്കാത്ത ഭീകരവാദികള്‍ അവരുടെ കാട്ടുനീതി നടപ്പാക്കി. ഒരു പച്ച മനുഷ്യന്റെ കൈപ്പത്തി വെട്ടിമാറ്റാന്‍ അവര്‍ക്ക് നിഷ്കരുണം കഴിഞ്ഞു. മത നിരപേക്ഷതയിലൂന്നിയുള്ള ജനാധിപത്യ വ്യവസ്ഥയെ തകര്‍ക്കാനുള്ള ഏതൊരു പരിശ്രമത്തെയും നാം എതിര്‍ത്ത് പരാചയപ്പെടുത്തണം"     

    ഇതായിരുന്നു സാദിക്കിന്റെ വരികള്‍. ഇതിന്റെ പേരിലായിരുന്നു തൊടുപുഴ സംഭവം ആവര്‍ത്തിക്കനെന്നവണ്ണം വടിവാളും കോടാലിയുമായി പോപ്പുലര്‍ ഫ്രെണ്ടുകാര്‍ "ജിഹാദി"നിറങ്ങിയത്. രണ്ടു ദിവസങ്ങളിലായി പല സമയത്തായി മൂന്നു ആക്രമങ്ങളും നടത്തിയത് ഒരേ സംഘം തീവ്രവാദികള്‍ ആണെന്നതാണ് രസകരം. ആദ്യ ദിവസം ആക്രമിക്കപ്പെട്ട വിദ്യാര്‍ഥി ഇവരുടെ പേര് അടക്കം പറഞ്ഞിരുന്നു എങ്കിലും അവരെ പിടികൂടാതിരുന്ന പോലീസ്  പിറ്റേന്ന് രണ്ടു തവണ ഇതേ രീതിയില്‍ ആക്രമം നടത്താനുള്ള അവസരം ഒരുക്കിക്കൊടുക്കുകയാണ് ചെയ്തത്.

                 കോഴിക്കോട് ഗവര്‍മെന്റ് ആര്‍ട്സ് കോളേജില്‍ മാഗസിന് നേരെ രംഗത്തെത്തിയത് ABVP യാണ്. M.F ഹുസൈന്റെ പ്രശസ്തമായ ചിത്രം ഉള്‍പ്പെടുതിയത്തിനാണ് RSS, സംഘാദികളുടെ കുട്ടിസംഘം പോരിനിറങ്ങിയത്. പുറത്തിറങ്ങിയ മാഗസിനുകള്‍ അഗ്നിക്കിരയാക്കിയാണ് ABVP പ്രതിഷേധം തുടങ്ങിയത്. എന്നാല്‍ വിദ്യാര്‍ഥികളോന്നടങ്കം ഇതിനെതിരെ രംഗത്തെത്തുകയും പത്തു വോട്ടിനു വേണ്ടി നടത്തുന്ന കള്ളനാടകം തിരിച്ചറിയുകയും ചെയ്തതോടെ ആപ്പിലായത് ഹൈന്ദവസംരക്ഷകര്‍ തന്നെയാണ്..
            
                  ഇന്ത്യയുടെ ഭൂപടത്തെ നഗ്നയായ സ്ത്രീരൂപമാക്കി ചിത്രീകരിച്ച M F ഹുസൈന്റെ പെയിന്റിംഗ് പണ്ട് മുതലേ വിവാദമായതാണ്. ഭാരതാംബയെ(?) അപമാനിച്ചെന്നും പറഞ്ഞ് RSS ഉം സംഘപരിവാറും കൂടി ചില്ലറ പുകിലോന്നുമല്ല അതിന്റെ പേരില്‍ ഉണ്ടാക്കിയത്. ഹുസൈന്റെ വീടും  പ്രദര്‍ശനശാലകളും അദ്ദേഹം പോലും പല തവണ ആക്രമിക്കപ്പെടുകയും അദ്ധേഹത്തിന്റെ ജീവന്‍ പോലും അപകടത്തിലാകുന്ന സ്ഥിതിയും ഉണ്ടായി.
               
             ഒടുക്കം ഈ വര്‍ഗീയ ഭ്രാന്തന്മാര്‍ കാരണം രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയ അദ്ധേഹത്തെ പോലൊരു അനുഗ്രഹീത കലാകാരന്‍ ഈ മതേതര രാജ്യത്തെ പൌരത്വം പോലുമുപേക്ഷിച്ച് അറബ് രാജ്യത്ത് ഒരു അഭയാര്‍ഥിയായി കഴിയേണ്ടി വന്നു എന്നത് കടുത്ത നീതികേടായി. ഏതാനും മാസങ്ങള്‍ മുന്‍പ് ഈ ലോകത്തോട് വിട പറയുമ്പോളും ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു വാക്ക് പറഞ്ഞാല്‍ ഇന്ത്യയിലേക്ക് തിരിച്ചെത്താന്‍ ഞാന്‍ തയ്യാറാണെന്ന് അദ്ദേഹം നമ്മോട് കെഞ്ചിയിരുന്നു എന്നോര്‍ക്കണം.
       
                RSS നെ പ്രകോപിപ്പിച്ച ആ ചിത്രം ഇന്ന് ലോകപ്രശസ്തമാണ്. എത്രയോ സ്ഥലത്ത് പ്രദര്‍ശിപ്പിക്കപ്പെടുകയും അച്ചടിക്കപ്പെടുകയും ചെയ്തു കാണും. ഇന്റര്‍നെറ്റില്‍ അടക്കം കോടിക്കണക്കിനു പേര്‍ ആ ചിത്രം കണ്ടതാണ്. ആയിരമോ രണ്ടായിരമോ കോളേജ് വിദ്യാര്‍ഥികള്‍ കൂടി അത് കണ്ടാല്‍ എന്താണ് ഉണ്ടാകാന്‍ പോകുന്നത് എന്ന് ചോദിച്ചാല്‍ അറിയില്ല,,

                         കൈവെട്ടു കഥയിലെയും യാഥാര്‍ത്ഥ്യം മറിച്ചല്ല. അയില മുറിച്ചാല്‍ എത്ര കഷ്നമാണ് എന്ന്  ചോദിച്ചതിന് പടച്ചോനോട് പച്ചത്തെറി കേട്ട മുഹമ്മദിന്റെ കഥ ചോദ്യപേപ്പറില്‍ ഇട്ടതിനാണ് കോതമംഗലത്തെ അദ്യാപകന്റെ
കൈ വെട്ടാന്‍ NDF ഇറങ്ങിയത്‌. പോപ്പുലര്‍ ഫ്രണ്ടിന്റെ ചെയ്തികള്‍  സംസ്ഥാനമൊട്ടാകെ  ഒരുപാട് തവണ ചര്‍ച്ച ചെയ്യപ്പെടുകയും ഇതിനെ അപലപിച്ചുകൊണ്ട് നിലപാടെടുക്കുകയും ചെയ്തതാണ്. സംസ്ഥാനത്തെ സകലമാന പത്രങ്ങളും പ്രാസംഗികരും ആനുകാലികങ്ങളും ഈ വിഷയം എഴുതുകയും പറയുകയും ചെയ്തിട്ടുള്ളതാണ്‌. അവരോടൊന്നും തോന്നാത്ത അസഹിഷ്ണുത ഈ തീവ്രവാദികള്‍ക്ക് ഒരു കോളേജ് മാഗസിനോട് തോന്നിച്ചത് എന്തുകൊണ്ടാകാം എന്നതും അറിയില്ല.

                          അയിലയുടെ പേരില്‍ മുഹമ്മദ്‌ ദൈവത്തോട് തെറി കേട്ടതും ഭാരതംബക്ക് MF.ഹുസൈന്‍  മുല വരച്ചതും ക്യാമ്പസ്‌ എങ്ങനെ നോക്കിക്കാണുന്നു എന്നതല്ല ഇതില്‍ നിന്നും വിലയിരുത്തേണ്ടത്. സര്‍ഗാത്മക, പുരോഗമന ചര്‍ച്ചകള്‍ അന്യമായി കഴിഞ്ഞ കാമ്പസുകളില്‍ അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും എങ്ങനെയാണ് ബലാല്‍കാരം ചെയ്യപ്പെടുന്നതാണ് എന്നതാണ്. ഒരു ചെറു വിമര്‍ശനം പോലും ഉള്‍ക്കൊള്ളാനാകാത്ത ഇക്കൂട്ടര്‍ മതത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന തോന്നിവാസങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണായി  നമ്മുടെ കാമ്പസുകളെ മാറ്റിയെടുക്കുന്നു എന്നതാണ് നാം തിരിച്ചറിയേണ്ടത്... 


ലാസ്റ്റ് എഡിഷന്‍:  നായ് കാഷ്ടത്തിന്റെ രണ്ടു കഷണം തന്നിട്ട് "ഇതില്‍ ഇടത്തേ കഷ്നമാണോ വലത്തേ കഷ്നമാണോ  നല്ലത്?" എന്ന് ചോദിക്കും പോലാണ് RSS ന്റെയും NDF ന്റെയും കാര്യം. രണ്ടും ഒന്നിനൊന്നു മെച്ചം.  കഷ്ടകാലം എന്ന് പറയട്ടെ, ഈ പറഞ്ഞ ആവിഷ്കാര സ്വാതന്ത്ര്യം മിക്കപ്പോളും ഇക്കൂട്ടരുടെ നെഞ്ചത്തോട്ടാണ് പ്രയോഗിക്കപ്പെടാറ്. ഇതൊരു  സ്വാഭാവികതയല്ല മറിച്ച് തങ്ങളുടെ തീവ്രവാദം പരത്താനുള്ള ഉത്തമ ഉപായമായി അവര്‍ ഇതിനെ ഉപയോഗപ്പെടുത്തുന്നു എന്നതാണ് നാം ജാഗ്രത പുലര്‍ത്തേണ്ട വസ്തുത !! 

Sunday, November 13, 2011

"തിരുകേശ തട്ടിപ്പിനൊരു ഉത്തമ കേന്ദ്രം"!!!!!


       ഇസ്ലാം പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെതെന്നു പറയപ്പെടുന്ന മുടിയുടെ സൂക്ഷിപ്പിനായി "ശ അറെ മുബാറക് " എന്ന തിരുകേശ സൂക്ഷിപ്പ് കേന്ദ്രം കോഴിക്കോട് കാരന്തൂരില്‍ പണിതുയര്‍ത്താന്‍ പോകുകയാണ്.     തിരുകേശ സൂക്ഷിപ്പിനായി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പള്ളി സമുച്ചയമാണ്‌ പണിതുയര്‍ത്താന്‍ പോകുന്നത്. പള്ളിയെക്കാള്‍ വലിയ വിവാദങ്ങളും ഉയര്‍ന്നു കഴിഞ്ഞു. മുടി നബിയുടെ അല്ലെന്നും ഇനി ആണെങ്കില്‍ തന്നെ അതിനെ ആരാധിക്കുന്നത് ഇസ്ലാമിക വിരുദ്ധമാണ് എന്നുമൊക്കെയുള്ള ചൂടന്‍ ചര്‍ച്ചകള്‍ നടക്കുന്നു.  അതൊക്കെ അതിനെ കുറിച്ച് അറിവും വിവരവും ഉള്ളവര്‍ ചെയ്തോട്ടെ.

                        നബി ഇസ്ലാമിന്റെ അന്ത്യപ്രവാചകനാണ്‌. ഇനിയൊരു പ്രവാചകന്‍ വരാനില്ല. അതുകൊണ്ട് തന്നെ മുടിയെങ്കില്‍ മുടി, സൗകര്യം പോലെ ആരാധിക്കുകയോ ആദരിക്കുകയോ ചെയ്യുക തന്നെ വേണം. ദൈവത്തിന്റെ സ്വന്തം നാട്ടിലല്ലാതെ പിന്നെവിടെയാണ് തിരുകേശം സൂക്ഷിക്കേണ്ടത്?

                        എന്നാല്‍  "തിരുകേശ"ത്തിന്റെ വിശ്വാസ്യതയെ തലനാരിഴ കീറിയുള്ള പരിശോധനകള്‍ക്കും ചര്‍ച്ചകള്‍ക്കും വിധേയമാക്കുന്നതിനു പിന്നിലെ ചേതോ വികാരം വിശ്വാസപരം  മാത്രമാണോ  എന്നത് സംശയമാണ്.  ഈ മുടിപ്പള്ളി നിര്‍മാണത്തിന് പിന്നിലെ രാഷ്ട്രീയ, സാമ്പത്തിക വശങ്ങള്‍ കൂടി ചര്‍ച്ചിക്കെണ്ടിയിരിക്കുന്നു. കോടികളുടെ പണപിരിവാണ് ഇതിന്റെ പേരില്‍ നടക്കുന്നത്. കേരളത്തിന്റെ മുക്കിലും മൂലയിലും "തിരുകേശ"പള്ളിയുടെ കൂറ്റന്‍ പരസ്യ ബോര്‍ഡുകള്‍ ആണ്. ഇന്നാട്ടിലും മറുനാട്ടിലുമായി പിരിച്ചെടുക്കുന്ന കോടിക്കണക്കിനു രൂപ കൊണ്ടാണ് തിരുകേശപ്പള്ളിയുടെ നിര്‍മാണം. അങ്ങനെ AP മുസ്ല്യാര്‍ അതി വളവ് കാണിക്കുന്നതില്‍ ഉള്ള ക്രിമികടിയും ഇതിനെ എതിര്‍ക്കുന്നവര്‍ക്ക് ഉണ്ട് എന്നത് വ്യക്തം. തങ്ങള്‍ക്ക് ഈ ബുദ്ധി തോന്നാതെ പോയല്ലോ എന്ന കുണ്ടിതം. അതാണ്‌ പ്രശ്നം.

                      സാമ്പത്തികമായി മാത്രമല്ല, സാമുദായികമായും ഇതിന്റെ പേരില്‍ മുതലെടുപ്പ് നടക്കുന്നുണ്ട്. പൊതുവേ ന്യൂന പക്ഷമായ കാന്തപുരം AP വിഭാഗം മുടിപ്പള്ളിയുടെ വരവോടെ മറ്റു മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ മേല്‍ക്കോയ്മ നേടും എന്നുറപ്പാണ്. ഇന്ന് ബഹു ഭൂരിപക്ഷം  മുസ്ലിങ്ങളും  (ഞാന്‍ സംസാരിച്ച ഒരാള്‍ പോലും) മുടിപ്പള്ളിയെ അനുകൂലിക്കുന്നില്ല. എന്നിട്ടും കാന്തപുരം പണം എറിഞ്ഞ് പള്ളി പണിയുന്നു. അപ്പോള്‍ പുറമേ എതിര്‍ക്കുന്നവരും നിസംഗത പാലിക്കുന്നവരുമായ പലരും ശ അറെ മുബാറക്കിനെ അനുകൂലിക്കുന്നു, വിശ്വസിക്കുന്നു എന്ന് വേണം കാണാന്‍. !ഇന്ന് ഇതിനെ എതിര്‍ക്കുകയും അവിശ്വസിക്കുകയും ചെയ്യുന്നവരില്‍ നല്ലൊരു വിഭാഗം പള്ളിയുടെ പണി പൂര്‍ത്തിയായി പരിപാടി തുടങ്ങി കഴിഞ്ഞാല്‍ കാരന്തൂരിലേക്ക് ഒഴുകും എന്നുറപ്പ്.  കാരണം ഇത്രയും പേര്‍ വിശ്വസിക്കുകയും ആരാധിച്ചു ദര്‍ശന പുണ്യം നേടുകയും ചെയ്യുമ്പോ സ്വാഭാവികമായും മറ്റുള്ളവര്‍ക്കും ഒരു സംശയം വരും,  "അഥവാ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ"!!!!!

                        പൂത്ത കാശുള്ള വിശ്വാസിയെ സ്വര്‍ഗ്ഗ രാജ്യം കാട്ടി പ്രലോഭിപ്പിക്കാം, ജന ലക്ഷങ്ങള്‍ പട്ടിണി കിടക്കുന്ന നാട്ടില്‍ കോടികളുടെ പള്ളി പണിയുന്നതിന്റെ ഉദ്ധേശശുദ്ധിയെ ചോദ്യം ചെയ്യുന്നവനെ നരക തീ കാട്ടി വിരട്ടാം . അങ്ങനെ കോടികള്‍ പിരിച്ചു നമുക്ക് തിരുകേശത്തെ സൂക്ഷിക്കാം. കാരണം എന്തൊക്കെയായാലും  ഇസ്ലാം പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ ഒരു കഷ്ണം മുടി കേരളത്തില്‍ എത്തിയതില്‍ നമുക്ക് അഭിമാനിക്കാം. "ദൈവത്തിന്റെ സ്വന്തം നാട്" എന്ന പേര് അന്വര്‍ത്തമായത് ശരിക്കും ഇപ്പോളാണ്.

                      "തിരുകേശ തട്ടിപ്പിനൊരു ഉത്തമ കേന്ദ്ര"മായി കേരളം മാറിയത്  എങ്ങനെയാണ്?       എന്ത് കൊണ്ട് ഈ ഇതിനായി  കേരളത്തെ തിരഞ്ഞെടുത്തു എന്നത് നാം മറുപടി പറയേണ്ട  വിഷയമാണ്. ഇതെല്ലാം വിറ്റുപോകുന്ന ഒരു അന്തവിശ്വാസ മാര്‍ക്കറ്റ്‌ ഇവിടെ ഉണ്ട് എന്നല്ലേ അത് കാണിക്കുന്നത്?

              പൊന്നമ്പലമേട്ടിലെ തീപന്തം കത്തിക്കല്‍ കോടികള്‍ കൊയ്യുന്ന നാടാണിത്. മകര വിളക്ക് ശുദ്ധ തട്ടിപ്പാണ് എന്നതും വിശ്വാസികളെ പറ്റിച്ചു പത്തു പുത്തനുണ്ടാക്കാന്‍ സര്‍ക്കാര്‍ ചിലവില്‍ നടക്കുന്ന തോന്ന്യാസം ആണെന്നതും പകല്‍ പോലെ വ്യക്തമായിട്ടും അതിനു വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും പേരില്‍ സംരക്ഷണം ലഭിക്കുന്ന നാട്ടില്‍ ഇതല്ല ഇതിന്റെ അപ്പുറവും നടക്കും. ഈ സംരക്ഷണം നല്‍കുന്ന ആത്മവിശ്വാസം തന്നെയാണ് മുടിപ്പള്ളിയുമായി ഇറങ്ങാന്‍ AP മുസ്ല്യാര്‍ക്ക് ധൈര്യം നല്‍കിയത് എന്നുറപ്പ്.

                        ഉയര്‍ന്ന ഭൌതികജ്ഞാനവും മുടിഞ്ഞ പ്രബുബ്ധതയും ഉള്ളവരാണ് നമ്മള്‍ മലയാളീസ് എന്നൊരു വിചാരം പൊതുവേയുണ്ട്. കോപ്പാണ്. അങ്ങനെ ആയിരുന്നെങ്കില്‍ ഈ പറഞ്ഞ മുടിപ്പള്ളിയും പന്തം കൊളുത്തലുമെല്ലാം ഇന്നാട്ടില്‍ നടക്കുമായിരുന്നോ? അതോ ഈ പറഞ്ഞ സവിശേഷതകള്‍ മലയാളിക്ക് നഷ്ടപെടുകയാണോ?
         
              പട്ടിയും പൂച്ചയും നടക്കുന്ന വഴിയിലൂടെ മനുഷ്യന് നടക്കാന്‍ അധികാരമില്ലാതിരുന്ന നാടാണ് കേരളം.
മാറ് മറയ്ക്കാന്‍ ഉള്ള അവകാശത്തിനു വേണ്ടി സമരം നടന്ന കേരളം . . .
തൊട്ടു കൂടായ്മയും തീണ്ടലും  കൊടികുത്തി വാണ കേരളം. . .
ഇതൊക്കെ കണ്ടാണ്‌ സ്വാമി വിവേകാനന്ദന്‍ "കേരളം ഒരു ഭ്രാന്താലയം ആണ്" എന്ന് വിശേഷിപ്പിച്ചത്. അനവധി നിരവധി സാംസ്കാരിക മുന്നേറ്റങ്ങള്‍ക്കും നവോഥാന പ്രസ്ഥാനങ്ങള്‍ക്കും ശേഷമാണ് ആ ചീത്തപ്പെരിനു അല്പമെങ്കിലും മാറ്റം വന്നത്.

                 എന്നാല്‍ ഇന്ന് ദിനേനയെന്നോണം പത്രങ്ങളില്‍ നിറയുന്നത് സിദ്ധന്മാരുടെയും ആള്‍ ദൈവങ്ങളുടെയും കഥകളാണ്. അമ്പലത്തില്‍ ദൈവത്തെ കാണാഞ്ഞിട്ടാവാം ആളുകള്‍ ആശ്രമത്തില്‍ ദൈവത്തെ തേടി പോകുന്നത്.  പട്ടികജാതിക്കാരനായ പഞ്ചായത്ത് പ്രസിഡണ്ടോ വകുപ്പ് മേധാവിയോ ഇരുന്ന ഓഫീസില്‍ അയാള്‍ക്ക് ശേഷം വരുന്ന മേല്ജാതിക്കാര്‍ ശുദ്ധികലശം നടത്തുന്ന വാര്‍ത്തകളും കുറവല്ല. അതായത് നൂറ്റാണ്ടുകളുടെ ദുരിതങ്ങളെ പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടങ്ങളിലൂടെ തകര്‍ത്തെറിഞ്ഞ നാം അറിഞ്ഞോ അറിയാതെയോ അവയെ തിരിച്ചു കൊണ്ട് വരികയാണ്.


ലാസ്റ്റ് എഡിഷന്‍: കോടികളുടെ മുതല്‍ മുടക്കില്‍ സര്‍ക്കാരിന്റെയും മത മേധാവികളുടെയും അനുഗ്രഹാശിസുകളോടെ നടക്കുന്ന മുടിക്കച്ചവടവും പന്തം കൊളുത്തലുമെല്ലാം അങ്ങനെ എഴുതിതള്ളാന്‍ ആകില്ല. കാരണം ഒരു പക്ഷെ ഇനി ഇതിന്റെ പേരിലാകും നാളെ കേരളം അറിയപ്പെടാന്‍ പോകുന്നത്.അപ്പോള്‍  വിവേകാനന്ദന്‍ വീണ്ടും ജനിച്ചാല്‍ "കേരളം ഒന്നല്ല, ഒന്നൊന്നര ഭ്രാന്താലയം ആണ്" എന്ന് എഴുതി ഒപ്പിട്ടു തരുന്ന അവസ്ഥയിലേക്ക് പോകാതിരിക്കാന്‍ ഇതിനെയൊക്കെ മുളയിലെ നുള്ളേണ്ടതുണ്ട്...

Sunday, October 23, 2011

വെസ്റ്റ് ഹില്‍ സ്ക്വയറില്‍ ഒരു സമര കാലത്ത് . . . നിര്‍മല്‍ മാധവ ചരിതം - 2


                   ഒരു സമരം, അത് ചരിത്രമാകുന്നത് അതുയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യങ്ങളുടെ കരുത്തിലും അത് നേടിയെടുക്കുന്ന ബഹുജന പിന്തുണയിലും അതോടൊപ്പം അതിന്റെ അന്തിമ വിജയത്തിനെയും കണക്കിലെടുക്കുമ്പോള്‍ ആണ്. കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ സംഭവിച്ചതും അതായിരുന്നു. കോഴിക്കോട് ഗവന്മെന്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ നിയമവിരുദ്ധ വിദ്യാര്‍ഥി പ്രവേശനതിനെതിരെ, അതിനെതിരെ ഉയര്‍ന്ന പ്രതിഷേധ സ്വരങ്ങളെ ചോരയില്‍ മുക്കികൊല്ലാന്‍ ശ്രമിച്ച ഭരണകൂട ഭീകരതക്കെതിരെ, കേരളത്തിലെ യുവത്വവും വിദ്യാര്‍ഥി സമൂഹവും ഒന്നടങ്കം പൊരുതിയപ്പോള്‍ ലോകത്തിനു തന്നെ മാതൃകയാക്കാവുന്ന ഒരു ചരിത്രം അവിടെ കുറിക്കപ്പെട്ടു. നിറതോക്കിനെ നിശ്ചയദാര്‍ഡ്യം കൊണ്ട് കീഴടക്കിയ സമര ചരിത്രം. 

              ഭരണകൂടത്തിന്റെ പോലീസ് ഭീകരതക്കുള്ള ശക്തമായ താക്കീതായിരുന്നു വെസ്റ്റ് ഹില്‍ സമരം. കാക്കിയിട്ടാല്‍ പിന്നെ എന്തുമാകാം എന്ന അധികാരത്തിന്റെ ഹുങ്കിന് മുഖമടച്ചു കിട്ടിയ അടി കൂടിയായിരുന്നു  വെസ്റ്റ് ഹില്ലിലെ ഉപരോധ സമരം. വിദ്യാര്‍ഥി സമരത്തിനെതിരെ നിറയൊഴിച്ചു കൊണ്ട്  രാധാകൃഷ്ണപിള്ള എന്ന തെമ്മാടി പോലീസുകാരന്‍ ഇന്ത്യന്‍ ജനാതിപത്യത്തെ വ്യഭിചരിച്ച വെസ്റ്റ് ഹില്ലിലെ മണ്ണില്‍ ഇരുട്ടി വെളുക്കും മുന്‍പ്  യുവജന - വിദ്യാര്‍ഥി ഐക്യത്തിന്റെ കരുത്തു തെളിയിച്ചു കൊടുത്തു കോഴിക്കോട്ടുകാര്‍.  അത് കാണാന്‍ ഒറ്റ പോലീസുകാരന്‍ പോലും മൂന്നു ദിവസത്തേക്ക് ആ ഭാഗത്തേക് തിരിഞ്ഞു നോക്കാന്‍ പോലും ധൈര്യം കാണിച്ചില്ല എന്നത് ഈ സംഘശക്തിയുടെ കരുത്തിനു തെളിവാണ്. അതേ സമയം പിള്ള ചോരയില്‍ മുക്കി കൊല്ലാന്‍ ഒരുമ്പെട്ട സമരം ഒരു ചില്ല് പോലും തകര്‍ക്കാതെ, ഒരു തുള്ളി ചോര പോലും ഒഴുക്കാതെ, വിജയത്തിലെത്തിക്കാന്‍ സാധിച്ചത് ഈ സംഘടനകളുടെ സംയമനത്തിന്റെയും സ്വയം ശിക്ഷിത  അച്ചടക്കതിന്റെയ്ജം തെളിവാണ്. 
                                   രാവെന്നോ പകലെന്നോ നോക്കാതെ, മഞ്ഞെന്നോ മഴയെന്നോ നോക്കാതെ, കൊടും ചൂടിനെ വെല്ലുന്ന സമരാഗ്നി നെഞ്ചില്‍ സൂക്ഷിച്ചു കൊണ്ട് വെസ്റ്റ് ഹില്ലിലെ സമരപന്തലില്‍ സമര സഖാക്കള്‍ക്കൊപ്പം കഴിഞ്ഞ അറുപതു മണിക്കൂറുകള്‍ ജീവിതത്തിലെ മറക്കാനാകാത്ത ഓര്‍മയാണ്. മൂന്നു ദിവസങ്ങളായി  ആയിരങ്ങളാണ് സമരത്തില്‍ പങ്കെടുത്തത്. ബാബാ രാംദേവിന്റെ  പഞ്ച നക്ഷത്ര സമരമായിരുന്നില്ല അത്. നടു റോഡില്‍ ടാര്‍ പായ വിരിച്ച  നിലത്ത് ഒരു മനസ്സോടെ ഒരേ ലക്ഷ്യത്തോടെ . . .
"പിള്ളേ നിന്നുടെ തോക്കിനു മുന്നില്‍ തോറ്റു മടങ്ങാന്‍ തയ്യാറല്ല " എന്നാ പ്രക്യാപനത്തോടെ . . . 

പോരാട്ട ഭൂവില്‍ നമ്മള്‍ ഒന്നിച്ചാണ് എന്നുറപ്പിച്ചു കൊണ്ട് DYFI സഖാക്കള്‍ സമരപന്തലിലേക്ക് ഒഴുകി. . . 

ഇന്നലെകളുടെ പോരാട്ടത്തിന്റെ കനല്‍ വഴികള്‍ താണ്ടിയെത്തിയവര്‍ യുവതയുടെ സമരത്തിന്‌ താങ്ങും തണലുമായി . . . 

വര്‍ഗ ബോധത്തെക്കാള്‍ വലുതൊന്നില്ല എന്ന തിരിച്ചറിവായി, സമര പന്തലിലേക്ക് ഒന്നിന് പുറകെ ഒന്നായി ഐക്യധാര്‍ട്യ പ്രകടനങ്ങള്‍ ഒഴുകിയെത്തി . . . 

 അങ്ങനെ  സമരം ചരിത്രമായി . . . 
നിറതോക്കിനെ നിശ്ചയദാര്‍ഡ്യം കൊണ്ട് കീഴടക്കിയ സമര ചരിത്രം. ....

                        ഈ സമരവുമായി ബന്ധപ്പെട്ടു വലിയതോതിലുള്ള പ്രചാരങ്ങങ്ങള്‍ ആണ് SFI എന്ന സംഘടനക്ക് നേരെ ഉയര്‍ന്നത്. കേവലം വ്യക്തി വിരോധം തീര്‍ക്കാനാണ് SFI ശ്രമിക്കുന്നത് എന്നതായിരുന്നു പ്രധാന ആരോപണം. നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിക്ക് അനധികൃതമായി പ്രവേശനം നല്‍കിയതിനു എതിരായിരുന്നു സമരം. അതൊരിക്കലും നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിക്ക് എതിരായിരുന്നില്ല. അങ്ങനെ വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചത് മനോരമ അടക്കമുള്ള മാധ്യമങ്ങള്‍ ആണ്. നൂറു ശതമാനവും ന്യായമായ ഒരു ആവശ്യത്തിനു വേണ്ടി നടത്തിയ ഐതിഹാസിക സമരത്തെ വില കുറച്ചു കാണാനുള്ള ശ്രമത്തിന്റെ ഭാഗമായേ അതിനെ കാണാനാകൂ. നിര്‍മലിനു മാത്രമല്ല അര്‍ഹതയുള്ള ഏതൊരാള്‍ക്കും മെറിറ്റ്‌ അനുസരിച്ചുള്ള വിദ്യാഭ്യാസത്തിനു SFI എതിരല്ല. നിര്‍മലിനു തന്നെ യോഗ്യതയ്ക്ക് അനുസരിച്ച് കേരളത്തിലെ ഏതൊരു സ്വാശ്രയ സ്ഥാപനത്തിലും പ്രവേശനം  നല്‍കി പഠനം തുടരുന്നതിനെ SFI സ്വാഗതം ചെയ്തിട്ടേ ഉള്ളൂ.

                          ഇവിടെ ഈ വിഷയത്തില്‍ നടന്നിരിക്കുന്നത് വ്യക്തമായ നിയമ ലംഘനവും സ്വജന പക്ഷപാതവുമാണ്. ഭരണ കക്ഷിയിലെ രാഷ്ട്രീയ നേതാവിന്റെ വേണ്ടപ്പെട്ടവന്‍ എന്നൊരോറ്റ കാരണത്താല്‍ തീര്‍ത്തും അനര്‍ഹമായ ഒരു പാട് പരിഗണനകള്‍ നിര്‍മലിനു ലഭിച്ചു. 
രാഷ്ട്രീയ സ്വാധീനം ഉണ്ടെങ്കില്‍ ആര്‍ക്കും എന്തും നേടാം എന്ന അപകടകരമായ അവസ്ഥയാണ് ഇതിലൂടെ വ്യക്തമാകുന്നത്. 

                        താന്‍ പീഡിപ്പിക്കപ്പെട്ടു എന്നും പറഞ്ഞ് നിര്‍മല്‍ പരാതി നല്‍കിയത് അന്നത്തെ മുഖ്യമന്ത്രിയായ വിഎസ് അച്ചുതാനന്തനാണ്. ഒരു പരാതി ലഭിച്ചാല്‍ ഏതൊരു മുഖ്യമന്ത്രിയും ചെയ്യുന്ന പോലെ അത്  ബന്ധപ്പെട്ട വകുപ്പിന് അന്വേഷണത്തിനായി കൈമാറുക എന്നതേ വിഎസ്സും ചെയ്തുള്ളൂ. അല്ലാതെ ഇരുട്ടുകൊണ്ട് ഓട്ട അടക്കാന്‍ ശ്രമിക്കുന്ന പലരും പറഞ്ഞ് നടക്കും പോലെ മാനുഷിക പരിഗണന എന്ന വാക്ക് പോലും വി എസ് നല്‍കിയ കത്തില്‍ ഇല്ല. 

                        കേരളത്തില്‍ ഭരണ മാറ്റം കഴിഞ്ഞ ശേഷമാണ് യൂണിവേര്‍സിറ്റി അധികൃതര്‍ നിര്‍മലിനു വേണ്ടി കച്ച കെട്ടി ഇറങ്ങുന്നത്. അത് പ്രകാരം വൈസ് ചാന്‍സിലറും ഹയര്‍ എജുകേഷനാല്‍ ഡയറക്ടര്‍ഉം  നിര്‍മലിനു അനുകൂലമായി നിലപാട് എടുക്കുകയും 4/7/11 നു നിര്‍മലിനു GEC യില്‍ പ്രവേശനം നല്‍കാനും പരീക്ഷകള്‍ നടത്തിക്കൊടുക്കാനും ഒക്കെ പറഞ്ഞ് കൊണ്ടുള്ള വിചിത്രമായ ഉത്തരവ് അസിസ്റ്റന്റ്‌ രേജിസ്ട്രാര്‍ പുറപ്പെടുവിപ്പികുകയും ചെയ്തത്. 


                 ഇവിടെ ആരും സമ്മതിക്കുന്ന വസ്തുത എഞ്ചിനീയറിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ വിധ മാനദണ്ടങ്ങളും ലംഘിക്കപ്പെട്ടു എന്നതാണ്. ഒരു ശതമാനത്തിനും അര ശതമാനത്തിനും ഇയര്‍ ഔട്ട്‌ ആയിപോകുന്ന എത്രയോ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ ഉണ്ട് കാലിക്കറ്റ്‌ യൂണിവേര്‍സിറ്റിയില്‍. അവരോട് കാണിക്കാത്ത മാനുഷിക പരിഗണന നിര്‍മലിനു കിട്ടിയെങ്കില്‍ അതിനു പിന്നിലെ രാഷ്ട്രീയ ഇടപെടല്‍ പുറത്തു വരിക തന്നെ വേണം. 

                മുഖ്യമന്ത്രിയും PT തോമസ്‌ MP യും വൈസ് ചാന്‍സ്ലറും ഹയര്‍ എജുകേഷനല്‍ ഡയറക്ടര്‍ഉം അസിസ്റ്റന്റ്‌ രേജിസ്ട്രാരും നടത്തിയ ഇടപാടുകള്‍ അന്വേഷണ വിധേയമാക്കണം. ഇതിനു അനുമതി നല്‍കിയതില്‍ സിന്റിക്കെറ്റിനു പങ്കുണ്ടെങ്കില്‍ അതും അന്വേഷിക്കപെടനം. കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടിയും വേണം. 

                      സമരങ്ങള്‍ ഉയര്‍ന്നു തുടങ്ങിയപ്പോള്‍ ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തുകൊണ്ട് സര്‍വ കക്ഷിയോഗങ്ങള്‍ നടക്കുകയും ഒരു അന്വേഷണ കമ്മീഷന്‍നെ നിയോഗിക്കുവാന്‍ കളക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ചര്‍ച്ചയില്‍ തീരുമാനിച്ചതില്‍ നിന്നും മാറി തനിക്ക് തോന്നിയ പോലത്തെ ഒരു കമ്മിറ്റി ആണ് കളക്ടര്‍ ഉണ്ടാക്കിയത്. SFI അടക്കമുള്ളവര്‍ മാറ്റി നിര്‍ത്തണം എന്നാവശ്യപ്പെട്ടവരെ തന്നെ കമ്മിറ്റിയില്‍ തിരുകികയറ്റി. ഒരു ഉത്തരവ് പരിശോധിക്കുന്ന കമ്മിറ്റിയില്‍ ആ  ഉത്തരവിട്ടവരും അതില്‍ ഒപ്പ് വച്ചവരും അത് നടപ്പാക്കിയവരും അതിന്റെ ഫോട്ടോസ്ടാറ്റ് എടുക്കാന്‍ പോയ പ്യൂണ്‍ വരെ അംഗങ്ങള്‍ ആകുന്ന സ്ഥിതിയായി !!!   കളക്ടര്‍ നിയോഗിച്ച അന്വേഷണ കമ്മിറ്റികള്‍ വാളകത്തെ അധ്യാപകനെ നാണിപ്പിക്കും വിധം പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ ആണ് നല്‍കിയത്. ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലുകള്‍ തന്നെ കാരണം. PT തോമസ്‌ MP അടക്കം കമ്മിറ്റി അംഗങ്ങളെ ഭീഷണിപ്പെടുത്തി റിപ്പോര്‍ട്ട്‌ തിരുത്തി എഴുതിച്ചു എന്ന് പരാതി ഉയര്‍ന്നു. മുഖ്യമന്ത്രിയുടെ വെറും ചട്ടുകമായി കളക്ടര്‍ മാറിയതോടെ അന്വേഷണ പരിപാടി പ്രഹസനമായി..  

                         ഒരു തെറ്റ്, അത് തെറ്റാണെന്നും ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു എന്നും പറഞ്ഞ മുഖ്യന്‍ വീണ്ടു വീണ്ടും ആ തെറ്റിനെ ന്യായീകരിക്കാനും അതിന്റെ ഭാഗമായവരെ സംരക്ഷിക്കാനും ശ്രമിക്കുന്നത് എന്തടിസ്ഥാനത്തിലാണ്? മുഖ്യമന്ത്രി മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുത്തത് കൊണ്ട് ഇവിടെ പ്രത്യേകിച്ചൊന്നും സംഭവിക്കാനില്ല. അങ്ങനെ ചെയ്യുന്നതിലൂടെ ആരെയാണ് രക്ഷിക്കാന്‍ ശ്രമിക്കുന്നത് എന്നത് കൂടി അറിയേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രിയെ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ തെറ്റിധരിപ്പിചിരിക്കാം എന്ന് പറഞ്ഞത് UDF കണ്‍വീനര്‍ PP തങ്കച്ചന്‍ ആണ്. കൂടെയുള്ളവര്‍ക്ക് തന്നെ എതിരഭിപ്രായം ഉണ്ടെന്നത് ഇതില്‍ നിന്ന് തന്നെ വ്യക്തം. പിന്നെ ആരുടെ താല്പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഉമ്മന്‍ ചാണ്ടി ഇതൊക്കെ ചെയ്യുന്നത്?  ആരെയാണ് കേരളത്തിന്റെ മുഖ്യമന്ത്രി ഭയപ്പെടുന്നത് ?കള്ളന്മാരുടെ മുഖ്യമന്ത്രി ആയ ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ കള്ളം പറയുന്ന മുഖ്യമന്ത്രി ആയി മാറിയിരിക്കുന്നു. അത് ആര്‍ക്കു വേണ്ടിയാണ്? 

.                        ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിന്റെ അഭിമാനമായ പൊതു മേഖല പ്രൊഫഷണല്‍ സ്ഥാപനങ്ങളുടെ നിലവാരത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വേണം ഇതിനെ വിലയിരുത്താന്‍. കേവലം ഒരു നിര്‍മല്‍ മാധവിനെ മുന്‍നിര്‍ത്തിയല്ല ഇങ്ങനെ പറയുന്നത്. ഇന്നൊരു നിര്‍മല്‍ മാധാവിനു നേരെ കണ്ണടച്ചാല്‍ നാളെ നൂറു നിര്‍മല്‍ മാധവുമാര്‍ ഉണ്ടാകും.  മികവിന്റെ കേന്ദ്രങ്ങള്‍ ആകേണ്ട പൊതു മേഖല സ്ഥാപനങ്ങളുടെ മെറിറ്റ്‌ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ മുളയിലെ നുള്ളേണ്ടതുണ്ട്. അല്ലെങ്കില്‍ കാലം നമ്മളോട് കണക്ക്  ചോദിക്കും. . .

ലാസ്റ്റ് എഡിഷന്‍:  കഴിഞ്ഞ പോസ്റ്റില്‍ നിര്‍മല്‍ മാധവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പറയുന്നതിനിടയിലെ പരാമര്‍ശങ്ങള്‍ മനപ്പൂര്‍വം തന്നെ ആണെങ്കിലും വ്യക്തിപരമായി ആക്ഷേപിക്കാന്‍ പറഞ്ഞതല്ല.  SFI യുടെ മഹാ പീഡനം  ഏറ്റു വാങ്ങിയ പാവം പുണ്യാളനാക്കി മനോരമ വരച്ച ചിത്രത്തിന്റെ പൊള്ളത്തരത്തെ തുറന്നു കാട്ടാന്‍ വേണ്ടിയാണ് അത്രയും പറഞ്ഞ് വച്ചത്.  ഈ ഒരു സംഭവം ഉയര്‍ത്തിക്കാട്ടി SFI എന്ന സംഘടനയെ മൃഗീയമായി ആക്രമിക്കുന്നത് കണ്ടപ്പോള്‍ അത്രയെങ്കിലും പറയണ്ടേ? 
അനോണികളോട്  :  തന്തക്ക് പിറക്കാത്തത് എന്ന പ്രയോഗം ബെര്‍ളിയില്‍ നിന്നും കടമെടുത്തതാണ്. അത് പോസ്റ്റിന്റെ തുടക്കത്തില്‍ തന്നെ പറയുന്നുണ്ട്. അത് കൊണ്ട്  അതിന്റെ ന്യായാന്യായങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പറ്റിയ ഇടം അവിടെയാണ്. അത് പത്രക്കാരന്റെ ചിലവില്‍ വേണ്ട. അനോണിയായി വന്നു തെറിവിളി നടത്തുന്ന പിസി ജോര്‍ജ്ന്‍റെ പൂഞാറ്റിലെ ശിഷ്യന്മാര്‍ക്ക് വാക്കുകള്‍ കൊണ്ട് മറുപടി നല്‍കാന്‍ ആകില്ല . . .

Sunday, October 16, 2011

നിര്‍മല്‍ മാധവ ചരിതം : ഒറ്റ തന്തക്ക് പിറന്ന ബെര്‍ളിമാര്‍ വായിച്ചറിയുവാന്‍ . .

           
കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ SFI സമരത്തിന്‌ നേരെ അസിസ്റ്റന്റ്‌ കമ്മിഷനര്‍ രാധാകൃഷ്ണപിള്ള സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തത് വലിയ വിവാദങ്ങള്‍ ഉയര്‍ത്തുന്ന സമയമാണിത്. GEC ലെ നിയമ വിരുദ്ധ വിദ്യാര്‍ഥി പ്രവേശനതിനെതിരെ അവിടത്തെ വിദ്യാര്‍ഥികള്‍ തുടങ്ങി വച്ച സമരം അതിനാല്‍ വലിയ ചര്‍ച്ച ആകുകയും ഒടുവില്‍ വിദ്യാര്‍ഥികളുടെ ഇച്ചാശക്തിക്ക് മുന്നില്‍ ഭരണകൂടം തലകുനിക്കെണ്ടിയും വന്നു. വെടിവെപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം വലിയ ചര്‍ച്ചകള്‍ നടക്കുന്നു.     
  
                   ഉണ്ട ചോറിനു നന്ദി കാണിക്കാന്‍ വേണ്ടി ഒരു വെടിയുണ്ടയെ ന്യായീകരിക്കുന്ന ആളുകളോട് ചില വസ്തുതകള്‍ പറയാതെ വയ്യ. രാഷ്ട്രീയ തിമിരം കാരണം കണ്ട വെടി വീരന്മാരെയൊക്കെ താങ്ങാന്‍ നാണമില്ലേ സുഹൃത്തുക്കളെ? ജനാധിപത്യ രാജ്യത്തെ ഏതു നിയമമാണ് ഇങ്ങനെ ഒരു തോന്നിവാസം കാണിക്കാന്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് ധൈര്യം നല്‍കുന്നത്? 


ഇവനെന്താ അതിനിത്ര ദെണ്ണം എന്ന് ചോദിക്കരുത്. കാരണം പിള്ള വെടി വച്ച 'വിവരമില്ലാത്ത സമരക്കാരുടെ' കൂട്ടത്തില്‍ ഈ ഞാനും ഉണ്ടായിരുന്നു. പിള്ള കാഞ്ചി വലിച്ചത് എന്റെ കൂടി നെഞ്ചിനു നേരെയാണ്. ആ വെടി എങ്ങാന്‍ മേലോട്ട് പോയില്ലായിരുന്നെങ്കില്‍ "ബ്ലോഗര്‍ പത്രക്കാരന്‍ വെടി കൊണ്ട് ചത്തു" എന്ന് ന്യൂയോര്‍ക്ക്‌ ടൈംസ്‌ വെണ്ടയ്ക്ക നിരത്തിയേനെ.  അത് കൊണ്ട് എനിക്കിത്തിരി ദെണ്ണം ഉണ്ടെന്നു കൂട്ടിക്കോ. 


ബെര്‍ലിത്തരങ്ങള്‍ എന്ന ബ്ലോഗ്ഗില്‍ കണ്ട വാക്കുകള്‍ ആണ് താഴെ . . .


            " "നിങ്ങള്‍ ഒറ്റ തന്തയ്‍ക്കു പിറന്നതാണോ ? അക്കാര്യത്തില്‍ സംശയമുണ്ടോ ? എത്രയും വേഗം വീട്ടില്‍പ്പോയി അമ്മച്ചിയോട് അന്വേഷിച്ച ശേഷം ഒറ്റ തന്തയ്‍ക്കു പിറന്നതാണെങ്കില്‍ അക്കാര്യം ലോകത്തെ അറിയിക്കുന്നതിനായി എസ്എഫ്ഐയില്‍ അംഗമാവുക.ഒന്നിലേറെ തന്തമാരുള്ളവര്‍ക്ക് പുറത്ത് നിന്ന് എസ്എഫ്ഐയെ എതിര്‍ക്കുകയും മനോരമ വായിക്കുകയും ഉമ്മന്‍ ചാണ്ടിയെ അനുകൂലിക്കുകയും ചെയ്യാം." "

        
                     പ്രിയപ്പെട്ട ബെര്‍ലിച്ചായാ,    ബൂലോകത്തെ ബയങ്കര സംബവം ആയ താങ്കള്‍ SFI നടത്തിയ വെസ്റ്റ് ഹില്‍ സമരത്തെ കുറിച്ചെഴുതിയ പോസ്റ്റുകള്‍ വായിച്ചു ഞാന്‍ കോള്‍മയിര് കൊണ്ടു. ഞാന്‍ മാത്രമല്ല, ഒറ്റ തന്തക്ക് പിറന്ന സകല SFIകാരും അത് കൊണ്ടു കാണും എന്നുറപ്പ്.  രാധാകൃഷ്ണപ്പിള്ള തോക്ക് ജാമാകുന്നത് വരെ നാല് റൌണ്ട് വെടിയുണ്ടകള്‍ SFI കാര്‍ക്ക് നേരെ ഉതിര്‍ത്തപ്പോള്‍ അതുപോലത്തെ കുറെ പോസ്റ്റുകള്‍ താങ്കളും ഉതിര്‍ത്തു. പിള്ള പറഞ്ഞത് പോലെ ആകാശത്തെക്കല്ല, അവന്മാരുടെ നെഞ്ഞത്തേക്ക് തന്നെ. (പിന്നെന്തേ ബ്ലോഗ്‌ ജാമായിപോയോ? )
                     താങ്കളുടെ ഉയര്‍ന്ന പൌരബോധത്തെയും അതിലും ഉയര്‍ന്ന നിഷ്പക്ഷതയെയും ആദ്യം തന്നെ അഭിനന്ദിക്കട്ടെ. ഇക്കാര്യത്തില്‍ താങ്കളുടെ അന്നദാധാവായ മാത്തുക്കുട്ടിച്ചായന്റെ മഞ്ഞ പത്രത്തിന്റെ അതേ പാതയാണ് താങ്കളും പിന്‍ തുടരുന്നത് എന്ന് അഭിനന്ദനീയം തന്നെ. 
നമുക്ക് കാര്യത്തിലേക്ക് വരാം. 
ഒരു പാട് തെറ്റിധരിപ്പിക്കപ്പെടുകയും വളച്ചോടിക്കപ്പെടുകയും ചെയ്ത ഒരു പ്രശ്നമാണിത്. അതിന്റെ മേലാണ് ഒരു ഞായറാഴ്ച പതിപ്പ് ഉഴിഞ്ഞു വച്ചുകൊണ്ട് മനോരമ പത്രം നിര്‍മല്‍ മാധവന്റെ കഥന കഥ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് അവതരിപ്പിച്ചത്. മനോരമയുടെ തറ നിലവാരം കാത്തു സൂക്ഷിക്കുന്ന ഒരു പൈങ്കിളി കഥ. നിര്‍മല്‍ മാധവ് എന്ന കൊല്ലംകാരന്‍ വിദ്യാര്‍ഥിയെ ക്രൂരരായ SFIകാര്‍ പീഡിപ്പിക്കുന്നു എന്നതാണ് കഥയുടെ രത്നചുരുക്കം. കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ഥി സംഘടനപുറകെ നടന്നു പീഡിപ്പിക്കാന്‍  ഇത്തിരിപോന്ന ഈ ചെക്കനാര് എന്ന് ചോദിക്കരുത്. മനോരമക്ക് എന്തുമാകാം.  

പ്രധാനമായും രണ്ടു ചോദ്യങ്ങള്‍ക്കാണ്‌ ഉത്തരം വേണ്ടത്. 

1) ആരാണീ നിര്‍മല്‍ മാധവ്, എന്താണവന്റെ പ്രശ്നം?

                          നിര്‍മല്‍ മാധവിനെ തന്നെ ആദ്യമൊന്നു പരിചയപ്പെടാം. മാത്തുക്കുട്ടിച്ചായന്റെയും ബെര്‍ലിചായന്റെയും മനോരമ പറയുന്ന പോലെ ഒരു പാവം കൊപ്രക്കച്ചവടക്കാരന്റെ മകന്‍. 
പറയുന്നത് മനോരമ ആയതുകൊണ്ട് വെള്ളം കൂട്ടാതെ വിഴുങ്ങും മുന്‍പ് ഈ കൊപ്രക്കച്ചവടക്കാരന്‍ ആരാണ് എന്നൊന്ന് നോക്കാം. KPCC പ്രസിഡന്റ്‌ എന്ന പറയാന്‍ പവര്‍ എങ്കിലും ഉള്ള ഒരു മേല്‍വിലാസം പോരാഞ്ഞ്  അതി വളവ് കാണിച്ചു ചീറ്റിപ്പോയി ഇപ്പൊ കേരള നിയമസഭയുടെ മൂലയില്‍ കുത്തിയിരിക്കുന്ന ഹരിപ്പാട് MLA യുടെ പേര്‍സണല്‍ സ്റ്റാഫില്‍ അംഗമായിരുന്നു നമ്മുടെ കൊപ്രക്കച്ചവടക്കാരന്‍. അതും പോരാഞ്ഞ് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിപ്പാട് മണ്ഡലത്തിലെ പ്രധാന തിരഞ്ഞെടുപ്പ് പ്രവര്‍ത്തകനും. പോരെ പൂരം? മുഖ്യമന്ത്രിയില്‍ തുടങ്ങി കളക്ടര്‍,വിസി പോലീസ് പട്ടാളം അങ്ങനെ എന്തിനെയും സ്വാധീനിക്കാന്‍ കഴിഞ്ഞെങ്കില്‍ അത്ഭുതപെടാനുണ്ടോ?   
(ട്വന്റി20 എന്ന ചിത്രത്തില്‍ ലാലേട്ടന്‍ പറയുന്നത് പോലെ ഞാനൊരു പാവം മലഞ്ചരക്ക് വ്യാപാരി, ദേവന്‍. ദേവ രാജന്‍, ദേവ രാജ പ്രതാപ വര്‍മ!!!)

                             അങ്ങനെ പാവം കൊപ്രകച്ചവടകാരന്റെ മുഖംമൂടി അവിടെ അഴിഞ്ഞു വീഴുന്നു. ഇനി എന്താണ് ഇദ്ദേഹത്തിന്റെ നിര്‍മല ചരിത്രം എന്ന് നോക്കാം. ഹരിപ്പാടുകാരനായ നിര്‍മലന്‍ +2 പഠിക്കുന്നത് കോഴിക്കോട് അമൃത വിദ്യാലയത്തിലാണ്. വളരെ നല്ല നടപ്പുകാരണം ആകാം നിര്‍മലന്‍ അവിടെ നിന്നും പുറതാക്കപെടുന്നു. (SFI കാര്‍ മുന്‍കൂട്ടി പണി നല്‍കിയതാണെന്നു പറഞ്ഞേക്കല്ലേ). അതിനു ശേഷം നിര്‍മലനെ നാം കാണുന്നത് 2009 ലെ ആദ്യ ഘട്ട എന്ട്രന്‍സ് അലോട്ട്മേന്റ്റിനു ശേഷം ത്രിക്കരിപൂരിലെ LBS കോളേജില്‍ ആണ്. അവിടെ നിന്നും ഹയര്‍ ഓപ്ഷന്‍  കൊടുത്ത് കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലേക്ക് മാറാനുള്ള ശ്രമിച്ചെങ്കിലും 22719 എന്ന ഉയര്‍ന്ന റാങ്ക് അതിനു തടസ്സമായി. (അതിനേക്കാള്‍ മികച്ച റാങ്ക് ഉള്ള 20000 ത്തില്‍ അധികം കുട്ടികള്‍ ഉണ്ടായി എന്നത് തന്നെ കാര്യം.) അങ്ങനെ നിര്‍മല്‍ കാലിക്കറ്റ്‌ യുണിവേര്സിടിക്ക് കീഴിലുള്ള സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജില്‍ പ്രവേശിക്കപ്പെടുന്നു. 

                       മനസ്സ് അപ്പോളും കോഴിക്കോട്ടെ കോളേജില്‍ തന്നെ ആണ് എന്നതിനാല്‍ ആകാം മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്ത് പഠിക്കുപോളും താമസം കോഴിക്കോട്ടെ കോളേജിനടുത്ത് !! 
തേഞ്ഞിപ്പലം കോളേജ് പരിസരത്ത് പൊലും വരുന്നത് വല്ലപ്പോഴും. സ്വാഭാവികമായും ആദ്യ വര്‍ഷം അവസാനിക്കുമ്പോള്‍ ആവശ്യമായ ഹാജര്‍ നില ഉണ്ടായിരുന്നില്ല. GEC യിലേക്ക് മാറാന്‍ ഉള്ള ശ്രമങ്ങള്‍ ഇതിനിടെ നിര്‍മല്‍ ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഒരു റാഗിങ്ങും ഒരു ആത്മഹത്യ ശ്രമവും നിര്‍മല്‍ ഒപ്പിച്ചെടുക്കുന്നത്.  സ്വാശ്രയ കോളേജ് ആയതിനാല്‍ പകുതിവച്ചു കോഴ്സ് അവസാനിപ്പിച്ചാല്‍ മുഴുവന്‍ ഫീസും നല്‍കേണ്ടി വരും. അതൊഴിവാക്കാനാണ് ഈ രണ്ടു നാടകങ്ങളും നടത്തിയതെന്ന് വ്യക്തം.
അതിന്റെ വസ്തുതകള്‍ എന്തൊക്കെ ആണെന്ന് നോക്കാം.

റാഗിങ്ങ്: തന്നെ കോളേജിലെ വിദ്യാര്‍ഥികളായ ഒന്‍പത്  SFI പ്രവര്‍ത്തകര്‍ അതി ക്രൂരമായി റാഗ് ചെയ്തു എന്ന് നിര്‍മല്‍ പരാതി നല്‍കി. എന്നാല്‍ പരാതി പ്രകാരം റാഗ്ഗിംഗ് നടന്നത് ഇക്കഴിഞ്ഞ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് ദിവസത്തിലാണ്. നിര്‍മല്‍ പറയുന്ന 9 പേരില്‍ 7 പേരും അന്നേ ദിവസം മറ്റു ജില്ലകളിലുള്ള തങ്ങളുടെ ബൂത്തുകളില്‍ വോട്ട് ചെയ്തവരാണ്. അതായത് റാഗ് ചെയ്തതായി പറയുന്ന ദിവസം അവര്‍ ആരും മലപ്പുറം ജില്ലയില്‍ പോലും ഇല്ലായിരുന്നു എന്നത് വ്യക്തം. അതിനാല്‍ പ്രാഥമിക അന്വേഷണത്തില്‍ തന്നെ ആ പരാതി  തള്ളിപ്പോയി. അങ്ങനെ ഏതെങ്കിലും കേസ് നിലവില്‍ ഉണ്ടോ എന്ന് ആര്‍ക്കും പരിശോധിച്ചാല്‍ മനസ്സിലാകും. പിന്നെന്തിനാണ് ഇല്ലാത്ത പരാതി പിന്‍വലിക്കാന്‍ വേണ്ടി SFI കാര്‍ നിര്‍മലിനെ ഭീഷണിപ്പെടുത്തുന്നത്?

ആത്മഹത്യ ശ്രമം: മുകളില്‍ പറഞ്ഞ പോലത്തെ അതി ഭീകരമായ റാഗിങ്ങില്‍ മനം നൊന്ത് നിര്‍മല്‍ ആത്മഹത്യക്ക് ശ്രമിച്ചത്രേ. വസ്തുത ഇങ്ങനെയാണ്. കോഴിക്കോട് താമസിക്കുന്ന നിര്‍മല്‍ ഒരു ദിവസം തേഞ്ഞിപ്പലത്തെ ഹോസ്റ്റലില്‍  മാസിന്‍ എന്ന സുഹൃത്തിന്റെ റൂമില്‍ എത്തി. മാസിന്‍ കുളിക്കാന്‍ പോയി തിരിച്ചെത്തിയപ്പോള്‍ കഴുത്തില്‍ പുതപ്പും കെട്ടി നിര്‍മല്‍ താഴെ വീണു കിടക്കുന്നു. ഞാന്‍ ആത്മഹത്യക്ക് ശ്രമിച്ചെന്നും എന്നെ ഉടന്‍ തന്നെ തിരൂരങ്ങാടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കണം എന്നും നിര്‍മല്‍ മാസിനോട് ആവശ്യപ്പെട്ടു. അതിനു വേണ്ടി രണ്ടു ജൂനിയര്‍ വിദ്യാര്‍ഥികളെ ഏര്‍പ്പാടാക്കിയ ശേഷം മാസിന്‍ SFI പീഡനം കാരണം നിര്‍മല്‍ ആത്മഹത്യക്ക് ശ്രമിച്ചെന്നും അതിഗുരുതരമായ അവസ്ഥയില്‍ ഉള്ള നിര്‍മലിനെ ആശുപത്രിയിലേക്ക് അയച്ചെന്നും മറ്റു കുട്ടികളെ അറിയിക്കാന്‍ ഓടിപ്പോയി. കഷ്ടകാലം എന്നല്ലാതെ എന്ത് പറയാന്‍? തിരൂരങ്ങാടിയിലെക്ക് പോകാന്‍ നിര്‍മലും സുഹൃത്തുക്കളും കൂടി കയറിയ ഓട്ടോറിക്ഷ വഴിക്ക് വച്ച്   ഒരു ബൈക്കില്‍ ഇടിച്ചു, കൂട്ടുകാര്‍ക്ക് രണ്ടു പേര്‍ക്കും നല്ല പരിക്കും പറ്റി, ഒരു പോറല്‍ പോലും ഏല്‍ക്കാതെ നിര്‍മല്‍ രക്ഷപ്പെടുകയും ചെയ്തു. അങ്ങനെ തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ കൂടെ വന്നവരേയും കൊണ്ട് നിര്‍മല്‍ രാമനാട്ടുകര ചുങ്കത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോയി. പരിക്കേറ്റവരെ അവിടെ എത്തിച്ചു അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നപ്പോള്‍ പണി പാളിയെന്ന് നിര്‍മലിനു ബോധ്യമായി. തിരൂരങ്ങാടി ആശുപത്രിയില്‍ എത്തി ഞാന്‍ ആത്മഹത്യക്ക് ശ്രമിച്ചു, എന്നെ അഡ്മിറ്റ്‌ ചെയ്യൂ എന്ന് പറഞ്ഞപ്പോ നിര്‍മലിനെ ആശുപത്രി അധികൃതര്‍ ഓടിച്ചു വിട്ടു എന്നല്ലാതെ എന്ത് പറയാന്‍ !!!! ഇന്ത്യന്‍ നിയമ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ് ആത്മഹത്യ ശ്രമം. എന്നാല്‍ ആത്മഹത്യക്ക് ശ്രമിച്ചു എന്ന് പറയുന്ന നിര്‍മലിന്റെ പേരില്‍ തേഞ്ഞിപ്പലം സ്റ്റേഷനില്‍ അത്തരം ഒരു കേസ് നിലവില്‍ ഉണ്ടോ എന്ന് ആര്‍ക്കും അന്വേഷിക്കാം.  

               നിര്‍മല്‍ നല്‍കിയ പരാതി പ്രകാരം യൂനിവേര്സിടിയിലെ SFI നേതാവ് നിര്‍മലില്‍ നിന്ന് 3500 രൂപ കടം വാങ്ങിയതായി പറയുന്നു. വേറെ കോളേജിലേക്ക് മാറ്റം വാങ്ങി തരാം എന്ന് വാഗ്ദാനം ചെയ്താണത്രേ പണം വാങ്ങിയത്.  അതായത് കോളേജ് മാറണം എന്ന ആഗ്രഹം നിര്‍മലിനു അന്നേ ഉണ്ടായിരുന്നു. അപ്പൊ SFI പീഡനം മൂലം ആണ് കോളേജ് മാറേണ്ടി വന്നത് എന്ന വാദം എന്തായി? മനോരമക്കാരന്റെ കുരുട്ടു ബുദ്ധിയില്‍ ഉയര്‍ന്ന ഈ കടം വാങ്ങല്‍ കഥ അങ്ങനെ നിര്‍മലിനു  തന്നെ പാരയായി. എന്നാല്‍ വസ്തുത എന്താണ്? നിര്‍മല്‍ പല കൂട്ടുകാര്‍ക്കും പണം തിരിച്ചു കൊടുക്കാന്‍ ഉണ്ടായിരുന്നു. ഈ കഥയും തിരക്കഥയും ഒക്കെക്കൂടി ആയതോടെ ആ പണം കിട്ടാതായി. ഒടുക്കം യൂസിറ്റി കോളേജില്‍ നിന്നും TC വാങ്ങാന്‍ വന്ന നിര്‍മലിന്റെ  അച്ഛനെ പണം കിട്ടാനുള്ളവര്‍ സമീപിക്കുകയും വേറെ വഴിയില്ലാതെ അദ്ദേഹം തേഞ്ഞിപ്പലം ATM ല്‍ നിന്നും പണം പിന്‍വലിച്ചു കടം വീട്ടുകയും ചെയ്തു.  

                    അങ്ങനെ യൂനിവേര്സിടി എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും മൂന്നാം സെമെസ്റ്റെറിനു മുന്‍പേ നിര്‍മല്‍ പടിയിറങ്ങി. കോളേജില്‍ ആ വര്‍ഷം അടുത്ത സെമെസ്റ്റെരില്‍ ഇരിക്കാന്‍ ആവശ്യമായ അറ്റെന്റന്‍സ് ശതമാനം ഇല്ലാത്ത ആറു പേരില്‍ ഒരാള്‍ നിര്‍മല്‍ ആയിരുന്നു എന്നത് മറ്റൊരു കാര്യം. അങ്ങനെയാണ് പുന്നപ്രയിലെ CAPE ന്റെ ഉടമസ്ഥതയിലുള്ള സ്വാശ്രയ കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായി നിര്‍മല്‍ പ്രവേശനം നേടുന്നത്. ആദ്യം പഠിച്ച മെക്കാനിക്കലിന് പകരം ഇത്തവണ സിവില്‍ എഞ്ചിനീയറിംഗ്!!! അവിടെ പഠിക്കുന്ന സമയത്താണ് താന്‍ അതി ഭീകരമായ അവകാശ നിഷേധനത്തിനു വിധേയനായെന്നും പറഞ്ഞു നിര്‍മല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്നത്. മുഖ്യമന്ത്രി പതിവുപോലെ അത് ബന്ധപ്പെട്ട വകുപ്പിന് കൈമാറി. അപ്പോളേക്കും ഭരണം മാറി. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. സാധാരണ ഒച്ചിഴയുന്നത്തിന്റെ പുറകെ ഇഴയുന്ന കാലിക്കറ്റ്‌ യൂനിവേര്സിടി സടകുടഞെണീറ്റു. ബന്ധപ്പെട്ട കടലാസുകള്‍ ഓഫീസില്‍ നിന്ന് ഓഫീസുകളിലേക്ക് പറ പറന്നു.

                   ഒറ്റ ചാന്ദ്രമാസം കൊണ്ട് വൈസ് ചാന്‍സ്ലര്‍, ഹയര്‍ എജുകേഷനല്‍ ഡയറക്ടര്‍ എല്ലാം റിപ്പോര്‍ട്ടുകള്‍ അന്ഗീകരിച്ചുകൊണ്ട് അസിസ്ടന്റ്റ് രേജിസ്ട്രാര്‍ ഉത്തരവായി. എഞ്ചിനീയറിംഗ് എന്ട്രന്സില്‍ 22719 റാങ്കുകാരനായ നിര്‍മല്‍ അങ്ങനെ 1300ല്‍ താഴെ റാങ്ക് ഉള്ളവര്‍ക്ക് മാത്രം പ്രവേശനം ലഭിക്കുന്ന കേരളത്തിലെ ഏറ്റവും മികച്ച ഒരു സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥിയായി.  അതും മൂന്നും നാലും സെമെസ്റെര്‍ പഠിക്കാത്ത ആള്‍ നേരിട്ട് അഞ്ചാം സെമെസ്റ്റെരില്‍!!. വേറൊരു യൂനിവേര്സിടിയില്‍ വേറൊരു കോളേജില്‍ വേറൊരു സെമെസ്റ്റെരില്‍ വേറൊരു ബ്രാഞ്ചില്‍ പഠിച്ചിരുന്ന കാലത്ത് നടന്ന മുഴുവന്‍ ഇന്റെര്‍ണല്‍, എക്സ്റ്റെണല്‍ പരീക്ഷകളും  നിര്‍മലിനു വേണ്ടി മാത്രം നടത്തി കൊടുക്കാനും ഉത്തരവായി. 2009 ബാച്ചിന്റെ നിയമ പ്രകാരം ഇത്തരത്തില്‍ ഇന്റെര്‍ണല്‍ മാര്‍ക്ക്‌ നല്‍കാന്‍ ആകില്ലെന്ന് പറഞ്ഞ ഡിപാര്‍ട്ട്‌മെന്റ് തലവന്‍ നേരം ഇരുട്ടി വെളുക്കും മുന്‍പ് മാനന്തവാടിയിലെക്ക് സ്ഥലം മാറ്റപ്പെട്ടതും കൊപ്രകച്ചവടക്കാരന്റെ മാന്ത്രികവിദ്യ തന്നെ ആയിരിക്കാം!!!

ലാസ്റ്റ് എഡിഷന്‍ : കോഴിക്കോട്ടെ കോളേജിലേക്ക് നിര്‍മലിനെ ആകര്‍ഷിക്കുന്ന ഒരു ഘടകം ഉണ്ടെന്നത് വ്യക്തം. അതെന്താണ് എന്നറിയണമെങ്കില്‍ കോഴിക്കോട് അമൃത വിദ്യാലയത്തിലെയും തൃക്കരിപ്പൂര്‍ LBS കോളേജിലെയും ഒടുവില്‍ കോഴിക്കോട് GEC യിലെയും വിദ്യാര്‍ഥി രജിസ്റ്റര്‍ പരിശോധിക്കേണ്ടി വരും. ഈ മൂന്നു സ്ഥലത്തും നിര്‍മല്‍ മാധവനൊപ്പം ഒരു വിദ്യാര്‍ഥിനി കൂടി ഉണ്ടായിരുന്നു എന്നത്  അപ്പോള്‍ മനസ്സിലാകും. പേരറിയാത്ത  ഒരു നിര്‍മല്‍ മാധവി !!!!
പ്രണയത്തിനു കണ്ണും മൂക്കും ഇല്ലെന്നു പണ്ടേ പൂര്‍വികര്‍ പറഞ്ഞു വച്ചിട്ടുള്ളതിനാല്‍ ഇക്കണ്ട പുകിലുകളുടെ എല്ലാം പുറകിലെ ചേതോവികാരം ഒരു മാധവ-മാധവി ബാന്ധവം ആണെന്നത് തിരിച്ചറിയുമ്പോള്‍ ആരും അമ്പരക്കേണ്ട!!!!

നിര്‍മല്‍ മാധവ് ആരാണെന്നതും എന്താണവന്റെ പ്രശ്നം എന്നതും മനസ്സിലായിക്കാണുമല്ലോ?

അടുത്ത ചോദ്യം: ആരാണീ എസ്എഫ്ഐക്കാര്‍, എന്താണവരുടെ പ്രശ്നം? 
അത് വിശദമായി അടുത്ത പോസ്റ്റില്‍ പറയാം..(വെടി കൊണ്ട് ചത്തില്ലെങ്കില്‍) 

Monday, September 19, 2011

കരുതിയിരുന്നോളൂ, സമരങ്ങള്‍ കലാപങ്ങളാകുന്ന കാലത്തിനെ !!!!


നിങ്ങള്‍ പറയുന്നു ഞങ്ങള്‍ അക്രമകാരികള്‍ ആണെന്ന്..

എന്തിനെ ആണ് നിങ്ങള്‍ അക്രമം എന്ന് വിളിക്കുന്നത്? 

അനീതിക്കെതിരെ പ്രതിഷേധിക്കുന്നതിനെയാണോ അക്രമം എന്ന് പറയുന്നത്?

അതോ നീതിക്ക് വേണ്ടി ശബ്ധമുയത്തുന്നതിനെയോ?

അങ്ങനെയെങ്കില്‍ ഞങ്ങള്‍ അക്രമകാരികള്‍ തന്നെയാണ്.. ഈ അക്രമം തുടരുകയും ചെയ്യും...
 
അപ്പോള്‍ നിങ്ങള്‍ ആരാണ്?

നിങ്ങള്‍ ചെയ്യുന്ന എന്തിനെയാണ് സമാധാന പ്രവര്‍ത്തനം എന്ന് പറയുന്നത്????


പതിനഞ്ചു മാസത്തിനിടെ 25 രൂപ പെട്രോളിന് വില വര്‍ധിപ്പിക്കുന്നതാണോ സമാധാനപ്രവര്‍ത്തനം? 

അതോ വില നിയന്ത്രണം അപ്പാടെ പെട്രോളിയം കുത്തകകള്‍ക്ക് തീറെഴുതികൊടുക്കുന്നതോ?

സ്പെക്ട്രവും കോമണ്‍വേല്തുമൊക്കെയായി 6 ലക്ഷം കോടിയുടെ അഴിമതി നടത്തിയതോ? 

രാജ്യത്തെ വ്യാപാര രംഗം വിദേശ കുത്തകള്‍ക്ക് മലര്‍ക്കെ തുറന്നിട്ട്‌ കൊടുക്കുന്നതോ?

രാജ്യ സുരക്ഷയെ തന്നെ അപകടത്തിലാക്കും വിധം കരാറുകള്‍ ഒപ്പിടുന്നതോ?

രാജ്യത്തെ പൊള്ളുന്ന വിലക്കയറ്റത്തിലേക്ക് തള്ളിവിടുന്നത് സമാധാന പ്രവര്‍ത്തനമാണോ?

മുക്കിലും മൂലയിലും വര്‍ഗീയ കക്ഷികളും മതമൌലീക വാദികളുമായി കൈ കോര്‍ക്കുന്നതോ?

പാര്‍ലമെന്റ് മുതല്‍ പൊതു നിരത്തുകള്‍ വരെ കുരുതിക്കളമാക്കാന്‍ ഭീകരവാദികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതോ?

അതോ ഓരോ മുപ്പതു മിനുട്ടിലും ഓരോ കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്ന, എഴുപതു ശതമാനം ആളുകളും ഇരുപതു രൂപയില്‍ താഴെ മാത്രം ദിവസ വരുമാനമുള്ള ഒരു രാജ്യത്ത് ഒറ്റ സാമ്പത്തിക വര്‍ഷത്തില്‍ വന്‍ കിട കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് നാല് ലക്ഷം കോടി രൂപ നികുതിയിളവ് കൊടുക്കുന്നതോ? 

അതോ ഇതിനെല്ലാമെതിരെ തെരുവിലിറങ്ങി  മുഷ്ടി ചുരുട്ടി ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുന്ന യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും തല തല്ലിപ്പൊട്ടിക്കുന്നതോ ?

ഇതൊക്കെ സമാധാനപ്രവര്‍ത്തനങ്ങള്‍ ആണെന്നാണോ നിങ്ങള്‍ പറയുന്നത്?
ഞങ്ങള്‍ പറയുന്നു ഇതൊക്കെയാണ് ഏറ്റവും വലിയ അക്രമ പ്രവര്‍ത്തനങ്ങള്‍. . .

നിങ്ങളാണ് ഈ രാജ്യത്തെ ഏറ്റവും വലിയ അക്രമകാരികള്‍ !!!!

അത് തിരിച്ചറിയുന്ന ഒരു തലമുറ ഇവിടെ വളര്‍ന്നു വരുന്നുണ്ട്. . .

നിങ്ങള്‍ അവരുടെ പോരാട്ടങ്ങളെ ചോരയില്‍ മുക്കിക്കോളൂ, അവരെ തുറുങ്കിലടച്ചോളൂ , അവര്‍ തളരുകില്ല.

കാരണം അവര്‍ വലിയ സ്വപ്നങ്ങള്‍ കാണുന്നവരാണ്. . .
വലിയ ലക്ഷ്യങ്ങള്‍ ഉള്ളവരാണ് . . . 
നിങ്ങള്‍ക്കെതിരെ അവര്‍  പ്രതികരിക്കും, കൂടുതല്‍ കരുത്തോടെ, കൂടുതല്‍ ശക്തമായി..

അതിനെ തടയിടാന്‍ നിങ്ങള്‍ക്കാവില്ല. ..
കാരണം  ചോരയൊഴുകുന്ന പോരാട്ട വീഥികളില്‍ അവര്‍ ഒറ്റക്കാവില്ല..

നീതിക്ക് വേണ്ടി, നില നില്‍പ്പിനു വേണ്ടി, തലമുറകള്‍ക്ക് വേണ്ടിയുള്ള ചരിത്രപോരാട്ടത്തില്‍ നിങ്ങളുടെ നിഴലുകള്‍ പോലും അവര്‍ക്കൊപ്പം ചേരും!!!!

കരുതിയിരുന്നോളൂ, സമരങ്ങള്‍ കലാപങ്ങളാകുന്ന കാലത്തിനെ  !!!!

ഈ പെട്രോള്‍ മുതലാളിമാരെ സമ്മതിക്കണം !!

                             കണ്ട സായിപ്പന്മാരുടെയും അറബികളുടെയും ഇടയില്‍ കിടന്നു കടിപിടികൂടി, അങ്ങ് ദുഫായിലെ പാടത്തോ അറബികടലിന്റെ അടിയിലോ നിന്നൊക്കെ കുഴിച്ചെടുത്ത കണകുണയോക്കെ  സംസ്കരിച്ച് പെട്രോളും ഡീസലുമൊക്കെയാക്കി നമുക്ക് എത്തിച്ചു തരുന്ന സാമൂഹ്യ സേവകരാണ് ഇന്നാട്ടിലെ  പെട്രോളിയം കമ്പനി ഉടമകള്‍.
                          
                            പക്ഷെ ഒരു കാര്യം നിങ്ങള്‍ ഓര്‍ക്കണം. ഈ ക്രൂഡോയില്‍ ഒക്കെ പൊന്നും വില കൊടുത്തു വാങ്ങി ആദായ വിലയ്ക്ക്  നമുക്ക് തരുമ്പോ ഇവര്‍ക്ക് വളരെ വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. ഓരോ ലിറ്റര്‍ പെട്രോളിനും രണ്ടും മൂന്നും രൂപ നഷ്ടം സഹിച്ചാണ് ഇപ്പോള്‍ വില്പന എന്ന് നിങ്ങള്‍ പത്രത്തില്‍ വായിക്കാറില്ലേ?  എന്നാല്‍ അവരെ ഒന്ന് സഹായിക്കാന്‍ നിങ്ങള്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ? എന്നാലും അവര്‍ അതൊക്കെ സഹിക്കുന്നു, ക്ഷമിക്കുന്നു..
                      
                         എന്നാല്‍ നിങ്ങള്‍ക്കറിയുമോ എന്ന് എനിക്കറിയില്ല,  പല പെട്രോള്‍ കമ്പനി മുതലാളിമാരുടെയും വീട്ടില്‍ അടുപ്പെരിയുന്നില്ല. അടിക്കടി ഉണ്ടാകുന്ന നഷ്ടങ്ങള്‍ അവരെ വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ആക്കുന്നു. അതേ, ഇന്ത്യ വേദനിക്കുന്ന കോടീശ്വരന്മാരുടെ നാടായി മാറുകയാണ്!!!

                     നമ്മള്‍ ഓരോരുത്തരും പെട്രോള്‍ അടിച്ച് കറങ്ങി അടിക്കുമ്പോള്‍ തനിക്കുണ്ടാകുന്ന വലിയ നഷ്ടങ്ങള്‍ ഓര്‍ത്ത് കടപ്പുറത്തുള്ള തന്റെ കുടിലിന്റെ മുപ്പത്തിനാലാം നിലയിലെ മട്ടുപ്പാവില്‍ ഇരുന്നു കണ്ണീര്‍ വാര്‍ക്കുന്ന ഒരു  പാവം മുതലാളിയുടെ മുഖം എന്റെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി . . .

                     തന്റെ മകന്‍ മുതലാളിക്ക് വീക്കെന്റ് സമ്മാനമായി ഒരു ലംബോര്‍ഗിനി കാര്‍ മാറ്റി രണ്ടു ഫെരാരി കാര്‍ വാങ്ങി നല്കാനാകാത്ത വിഷമത്തില്‍ സ്വന്തം എയര്‍ലൈന്‍സിലെ സുന്ദരിമാരുടെ മടിയില്‍ തല ചായ്ച്ചു കണ്ണീര്‍ വാര്‍ക്കുന്ന അച്ഛന്‍ മുതലാളിയും എന്റെ ദുസ്വപ്നങ്ങളിലെ പതിവുകാരന്‍ ആയിരിക്കുന്നു . . . 

                ഫോണ്‍ ചോരുമോ ചോരുമോ എന്ന പേടിയില്‍ ഇപ്പൊ മൊബൈല്‍ ഉപയോഗിക്കാതെ കോയിന്‍ ബോക്സ്‌ ഉപയോഗിച്ച് ഫോണ്‍ ചെയ്യുന്ന വലിയ മുതലാളിയും അങ്ങേയറ്റം വിഷമത്തില്‍ ആണ്..
                                ഇവരുടെ വേദന കാണാന്‍ ഒരു സര്‍ക്കാര്‍ ഈ രാജ്യത്തുണ്ട് എന്നത് മാത്രമാണ് ഒരു ആശ്വാസം. 
            
           കൈ വളരുന്നോ കാല്‍ വളരുന്നോ എന്ന് നോക്കി കുഞ്ഞിനെ വളര്‍ത്തുന്ന അമ്മമാരേ പോലെ ക്രൂഡോയില്‍ വില കൂടുന്നോ ഡോളര്‍ മൂല്ല്യം കൂടുന്നോ എന്ന് നോക്കി ഇവരെ സ്നേഹിക്കുന്ന ഒരു സര്‍ക്കാര്‍. 

              പെട്ടെന്ന് ഒരു ദിവസം ക്രൂഡോയില്‍ വില കൂടിയപ്പോള്‍, അറബിയുടെ ക്രൂഡോയില്‍ കടയുടെ  മുന്നില്‍ കൈയ്യിലെ  പൈസ തികയാതെ വിഷമിച്ചു നില്‍ക്കുന്ന  മുതലാളിമാര്‍ക്ക് കോടിക്കണക്കിനു രൂപ സബ്സിഡി നല്‍കാന്‍ ദൈവദൂതനെ പോലെ അവതരിച്ച സര്‍ക്കാര്‍!!!!

                രൂപയുടെ മൂല്ല്യം കുറഞ്ഞ് കൈയ്യിലുള്ള പണം തിരിച്ചുള്ള വണ്ടിക്കാശിനു പോലും തികയാതെ നിന്ന മുതലാളിക്കും കോടിക്കണക്കിനു ഡോളേഴ്സ് പുസ്പം പോലെ എറിഞ്ഞു കൊടുക്കാന്‍ മനസ്സുണ്ടായ സര്‍ക്കാര്‍ !!!!!

              ഒടുവില്‍ ഇനിയും ഈ ദുഃഖം സഹിക്കാനാകില്ല എന്ന് പറഞ്ഞു കൊണ്ട് നെഞ്ച് പൊട്ടി കരഞ്ഞ് കൊണ്ട് "എത്ര വേണേല്‍, എങ്ങനെ വേണേല്‍ വില കൂട്ടി വിറ്റോടാ മക്കളേ" എന്ന് പറഞ്ഞു പെട്രോളിന്റെ വില നിയന്ത്രണം അവരെ തന്നെ ഏല്‍പ്പിച്ച സര്‍ക്കാര്‍ !!!!

               പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ സമരം ചെയ്ത യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും  തലയടിച്ചു പൊട്ടിച്ചു ചോര കുടിച്ചു കിരാത നൃത്തമാടുന്ന സര്‍ക്കാര്‍....

            ശ്രീപത്മനാഭന്റെ "ഒന്നര ലച്ചം കോടി"യുടെ  നിധി കണ്ടു അന്താളിച്ചു കുന്തം വിഴുങ്ങി നില്‍ക്കുന്ന പുവര്‍ മലയാളീസേ, നിങ്ങള്‍ക്കറിയുമോ കഴിഞ്ഞ ഒരൊറ്റ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഈ മുതലാളിമാരുടെ കണ്ണീരൊപ്പാന്‍ അവരുടെ നികുതിയിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എഴുതി തള്ളി തിരുകി കൊടുത്തത് "നാല് ലക്ഷം കോടി" രൂപയാണെന്ന്????
                     
             അതുകൊണ്ട് പെട്രോള്‍ വില കൂടട്ടെ. കഴിഞ്ഞ പതിനഞ്ചു മാസത്തില്‍ കൂടിയത് ഇരുപത്തി അഞ്ചു രൂപയാണ്. ഇങ്ങനെ പോയാല്‍ അടുത്ത വര്‍ഷം ആകുംപോളെക്കും വില നൂറു കടക്കും.   എഴുപത് കൂടി നൂറോ ഇരുനൂറോ ആകട്ടെ. അതിനു അനുസൃതമായി അവശ്യ സാധനങ്ങള്‍ക്കും വില കൂടട്ടെ.  അഞ്ചു രൂപ കൂട്ടിയ ശേഷം അഞ്ചു പൈസ ഇളവു കിട്ടുമ്പോ ആഹ്ലാദപ്രകടനങ്ങള്‍ പ്രകമ്പനം കൊള്ളട്ടെ.  ഹര്‍ത്താലും  പണി മുടക്കും പ്രതിഷേധ പ്രകടനവും ഒക്കെ നടത്തുന്നവനോക്കെ മുടിഞ്ഞു പോട്ടെ. . .

ലാസ്റ്റ് എഡിഷന്‍ :  പെട്രോളിന് വില കൂട്ടി സാധാരണക്കാരന്റെ വയറ്റത്തടിച്ചാണെങ്കിലും  പെട്രോള്‍ കമ്പനി ഉടമകളുടെ വീടുകളിലെ പട്ടിണി മാറ്റി, ഇന്നാട്ടിലെ വേദനിക്കുന്ന കോടീശ്വരന്മാരുടെ കണ്ണീരൊപ്പുന്ന UPA സര്‍ക്കാരിന് ആയിരമായിരം അഭിവാദ്യങ്ങള്‍..
കോണ്‍ഗ്രസിന്‌ അഭിമാനിക്കാം തിരഞ്ഞെടുപ്പ് ഫണ്ടിലേക്കും എംപിമാരെ ചാക്കിട്ടു പിടിക്കാനും  കോടികള്‍ ഒഴുക്കുന്ന തങ്ങളുടെ  കോര്‍പ്പറേറ്റ്  യജമാനന്‍മാരോട് നന്ദി കാണിച്ചെന്ന്!!!!
Related Posts Plugin for WordPress, Blogger...